'ദില്‍ജിത്ത്' കാറോട്ടതാരമായ കഥ
text_fieldsമൈക്കല്‍ ഷൂമാക്കറും ഫെര്‍ണാഡോ അലോന്‍സോയും ലൂയിസ് ഹാമില്‍ട്ടണും സെബാസ്റ്റ്യന്‍ വെറ്റലുമെല്ലാം താരങ്ങളായ കാറോട്ടമത്സരങ്ങളില്‍ മലയാളത്തിന്‍െറ പ്രതീക്ഷയാവുകയാണ് ദില്‍ജിത്ത് എന്ന 21കാരന്. സ്വന്തമായി ഒരു പ്രഫഷനല്‍ കാറോട്ടക്കാരനെ സ്വപ്നം കാണാനാകുന്നതിനുമുമ്പേ, മലയാളത്തെ വേഗത്തിന്‍െറ ഭൂപടത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു ഇന്നീ യുവാവ്. തൃശൂര്‍ പഴയന്നൂര്‍ തടത്തില്‍ ഷാജിയുടെയും ശിവകുമാരിയുടെയും മകനായ ടി.എസ്. ദില്‍ജിത്തിന് ചെറുപ്പം മുതലേ ചങ്ങാത്തം കാറുകളോടായിരുന്നു. കളിപ്പാട്ടങ്ങള്‍ക്ക് പകരം കൊച്ചു ദില്‍ജിത്തിന്‍െറ കൈകളിലൊതുങ്ങിയത് സ്റ്റിയറിങ്ങായിരുന്നു.
ഏഴാം വയസ്സിലെ ദൂരത്തെയും സമയത്തെയും വേഗം കൊണ്ട് കൈയിലൊതുക്കാന്‍ ദില്‍ജിത്ത് പഠിച്ചു. ദില്‍ജിത്ത് 2014ല്‍ ഫോര്‍മുല ഫോര്‍ ദേശീയ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി മലയാളി സാന്നിധ്യമായി. ദേശീയതല കാറോട്ട മത്സരമായ ജെ.കെ ടയേഴ്സ് ^എല്‍.ജി.ബി ഫോര്‍മുല ഫോര്‍ റേസിങ്ങില്‍ ദില്‍ജിത്ത് ചാമ്പ്യനായത് 98 പോയന്‍േറാടെ. രാജ്യത്തെ ഏക ഫോര്‍മുല വണ്‍ മത്സരവേദിയായ ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ സര്‍ക്യൂട്ടില്‍ ദൂരത്തെ വേഗം കൊണ്ടു മറികടന്നാണ് ദില്‍ജിത്ത് സീസണിലെ കീരിടം തന്‍െറ പേരില്‍ കുറിച്ചത്. ഫോര്‍മുല ഫോറിന്‍െറ 17 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കേരളത്തെ അടയാളപ്പെടുത്തിയ മലയാളിയായി അങ്ങനെ ദില്‍ജിത്ത്.
.jpg)
അവന്‍െറ കുഞ്ഞുമനസ്സിലെ റേസിങ് ഹരം മനസ്സിലാക്കി അമ്മയാണ് ആദ്യമായി ഒരു ടൂര്ണമെന്റിലേക്ക് ദില്‍ജിത്തിനെ നയിച്ചത്. പത്രത്തില്‍ വന്ന പരസ്യം കണ്ട് അമ്മ വിളിച്ചന്വേഷിച്ചു. എന്നാല്‍, അതൊരു ബൈക്ക് റേസ് മത്സരമായിരുന്നു. തങ്ങള്‍ കാര്‍ റേസിങ് മത്സരം നടത്താറുണ്ടെന്നും ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. അങ്ങനെ 2006ല്‍ ദില്‍ജിത്ത് ആദ്യമായി കാര്‍ റേസിങ് മത്സരത്തില്‍ പങ്കെടുത്തു. ആദ്യ മത്സരത്തിലെ പ്രകടനം ദില്ജിത്തിലെ ‘കാറോട്ടക്കാരനെ’ തെളിയിക്കുന്നതായിരുന്നു. അന്ന് തുടങ്ങിയ ദില്‍ജിത്തിന്‍െറ ജൈത്രയാത്ര പതിനെട്ടോളം കിരീടങ്ങള്‍, നൂറിലധികം പോരാട്ട മികവുകള്‍, വീടിന്‍െറ ഷെല്‍ഫില്‍ ഒതുങ്ങാത്ത എണ്ണം ട്രോഫികള്‍ എന്നിങ്ങനെ എത്തിനില്‍ക്കുന്നു.
കേരളത്തില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ റേസിങ്ങില്‍ പരിശീലനം നേടുന്നതിന് ദില്‍ജിത്ത് പഠനം ഓപണ്‍ സ്കൂള്‍ വഴിയാക്കി ചെന്നൈയിലേക്ക് കുതിച്ചു. ഇന്ത്യന്‍ റേസിങ് ഗുരു അക്ബര്‍ ഇബ്രാഹിമിന് കീഴിലുള്ള ടീമില്‍ ദില്‍ജിത്തും ഇടംപിടിച്ചു. അദ്ദേഹത്തിന്‍െറ കീഴില്‍ ഫോര്‍മുല എല്‍.ജി.ബി സ്വിഫ്റ്റ് നാഷനല്‍ റേസിങ്, ഫോര്‍മുല റോളന് ഇന്‍ ജെ.കെ ടയര്‍ നാഷനല്‍ റേസിങ് എന്നിവയില്‍ ചാമ്പ്യനായി. 14ാം വയസ്സില്‍ ബംഗളൂരുവില്‍ നടന്ന ആമറോണ്‍ കാര്‍ട്ടിങ് ചലഞ്ചില്‍ ദില്‍ജിത്ത് മൂന്നാം സ്ഥാനം നേടി. 2009ല്‍ റോട്ടക്സ് മാക്സ് ചലഞ്ച് നാഷനല്‍ ചാമ്പ്യന്‍ഷിപ്, നാഷനല്‍ ഫോര്‍സ്ട്രോക് കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്, ഫോര്‍മുല റോളന് ഇന്‍ ജെ.കെ ടയര്‍ നാഷനല്‍ റേസിങ്, ഇന്ത്യ ജൂനിയര്‍ ടൂറിങ് കാര്‍ ചാമ്പ്യന്‍ഷിപ് എന്നിവയില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തി.
2009ലെ മികച്ച റൂക്കി ഡ്രൈവര്‍ അവാര്‍ഡും 2011ലെ ഫോര്‍മുല റോളോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും, 2012 ഇന്ത്യന്‍ ജൂനിയര്‍ ടൂറിങ് കാര്‍ ചാമ്പ്യന്‍ഷിപ് കിരീടവും 2013 ടൊയോട്ടോ എറ്റിയോസ് മോട്ടോര്‍ റേസിങ് ചാമ്പ്യന്‍ഷിപ്, മേഴ്സിഡസ് ബെന്‍സ് യങ് സ്റ്റാര്‍ കിരീടവും ചെറുപ്രായത്തില്‍ ദില്‍ജിത്ത് നേടിയ റേസിങ് നേട്ടത്തിന്‍െറ പട്ടികയാണ്. 2013ല്‍ തായ്ലന്ഡില് നടന്ന വിയോസ് വണ്മേക്ക് റേസിങ്ങില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കിയാണ് ദില്‍ജിത്ത് കന്നി അന്താരാഷ്ട്ര മത്സരവേദി വിട്ടത്. ചെന്നൈയില്‍ അക്ബര്‍ ഇബ്രാഹിമിന്‍െറ പരിശീലനത്തിനുകീഴിലുള്ള മീകോ എന്ന ടീമില്‍ ഏഴംഗങ്ങളാണ്. ഇപ്പോള്‍ ബി.ബി.എ പൂര്‍ത്തിയാക്കി.

ദില്‍ജിത്തിന്‍െറ അഭിപ്രായത്തില്‍ റേസിങ് കാറുകളുടെ കംഫര്ട്ടബിലിറ്റി പൂജ്യമാണെന്നു തന്നെ പറയാം. 250 മുതല്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ പായുമ്പോള്‍ അസൗകര്യങ്ങള്‍ തടസ്സമാകരുത്. കാറില്‍ എ.സി ഉണ്ടാവില്ല. ഒരാള്‍ക്കിരിക്കാന്‍ സൗകര്യമാണുണ്ടാവുക. സീറ്റിങ് ഇന്ധന ടാങ്കിന് മുകളിലായാണ് വരിക. കൈക്കുള്ളില്‍ ഒതുങ്ങുന്ന ചെറിയ സ്റ്റിയറിങ്, പിറകില്‍ എന്‍ജിനും. മുന്നിലെ പായുന്ന കാറല്ല, ട്രാക്കിലെ ഫിനിഷിങ് പോയന്റ് മാത്രമാകണം കണ്മുന്നില്. അവിടെയാണ് റേസറുടെ വിജയം.
ഒരു എസ് വളവില്‍ തട്ടാതെ മുന്നോട്ടു പോവുകയെന്നത് ഡ്രൈവറുടെ മിടുക്കാണെങ്കില്, ആ എസിനെ ഒരു നേര്‍രേഖയാക്കി മുന്നോട്ടു കുതിക്കുന്നതിലാണ് യഥാര്‍ഥ റേസറുടെ മികവ്. മുന്നിലുള്ള കാറിനു സമാനമായി പോയി അതിനെ മറികടക്കുന്ന സാമര്‍ഥ്യം ഡ്രൈവറുടേതാണ്. എന്നാല്‍ വായു സമ്മര്‍ദത്തെ മറികടന്ന് പോകുന്ന കാറിനു പിറകില്‍ പിടിയിട്ട് നിഷ്പ്രയാസം അതിനെ മറികടക്കുകയാണ് റേസര്‍ ചെയ്യേണ്ടത്. സൂക്ഷ്മതയും തന്ത്രങ്ങളുമാണ് ട്രാക്കില്‍ കാണിക്കേണ്ടത്. പരിശീലന മികവിന് രണ്ടാം സ്ഥാനമേയുള്ളൂ. നിമിഷാര്ധങ്ങളില് റേസര്‍ എടുക്കുന്ന തീരുമാനമാണ് ജയപരാജയങ്ങള്‍ പ്രഖ്യാപിക്കുക ^ദില്‍ജിത്ത് പറയുന്നു.
തന്നെ ലോകമറിഞ്ഞ റേസറാക്കിയത് കോച്ച് അക്ബര്‍ ഇബ്രാഹിം തന്നെയാണ്. പരിശീലനത്തിനൊപ്പം അദ്ദേഹത്തിന്‍െറയും ടീമിന്‍െറയും മാനസിക പിന്തുണയും വലുതാണ്. അതുപോലെ സാമ്പത്തിക പിന്തുണ മുഴുവനായും ലഭിക്കുന്നത് അച്ഛനില്‍നിന്നാണ്. തൃശൂരില്‍ ബിസിനസ് നടത്തുകയാണ് അച്ഛന് ഷാജി. കഥയിലെ യഥാര്‍ഥതാരം ദില്‍ജിത്തിന്‍െറ അമ്മയാണ്. പ്രാദേശിക റേസിങ് തൊട്ട് ദേശീയ ^അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ വരെ മകനെ കൈപിടിച്ചുയര്‍ത്തിയത് അമ്മ ശിവകുമാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
