Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightചിത്ര കുടുംബം

ചിത്ര കുടുംബം

text_fields
bookmark_border
ചിത്ര കുടുംബം
cancel

ചിത്രകാരനും ശില്‍പിയുമായ ഉപ്പയെ അതിശയിക്കുന്ന രചനാവൈഭവമാണ് മൂത്തമകള്‍ക്ക്. ഇരുവരെയും ബ്രഷ് കൊണ്ട് മാത്രമല്ല, മൗസ് കൊണ്ടും വരയില്‍ തോല്‍പിക്കുന്ന ഇളയവള്‍. മൂന്നുപേരുടെയും വര സപര്യക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി സ്വന്തം ചിത്രകലാ താല്‍പര്യം മാറ്റിവെച്ച് ഉമ്മ. സ്കൂളിന്‍െറ തിണ്ണപോലും കാണാതെ പ്ളസ്ടു വരെ വിദ്യാഭ്യാസം തുടരുന്ന കുട്ടികള്‍. ഇതാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖിന്‍െറയും കുടുംബത്തിന്‍െറയും വിശേഷങ്ങള്‍.

മൂന്നു പതിറ്റാണ്ട് മുമ്പ് പ്രവാസത്തിന്‍െറ കാന്‍വാസില്‍ സ്വന്തം ജീവിതചിത്രം വരക്കാന്‍ തുടങ്ങിയ ഇസ്ഹാഖിന്‍െറ ഫ്ളാറ്റിലേക്ക് കടന്നുചെന്നാല്‍ ചിത്രവരയുടെ പാഠശാലയിലേക്കോ ഗാലറിയിലേക്കോ പ്രവേശിച്ച അനുഭവമാണ് സ്വാഗതം ചെയ്യുക. റിയാദ് നഗരത്തിലെ  ആ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം കാന്‍വാസ് സ്റ്റാന്‍ഡുകള്‍. വര പൂര്‍ത്തിയായതും പകുതി വരച്ചതും പെന്‍സില്‍ സ്കെച്ചിട്ടതുമായ കാന്‍വാസുകള്‍. വര്‍ണക്കൂട്ടുകള്‍ ചാലിച്ച പാലറ്റുകള്‍, ചായമിട്ട് തോര്‍ന്നതോ നിറക്കൂട്ടില്‍ മുങ്ങിയതോ വര്‍ണം ചാലിക്കാന്‍ ദാഹിക്കുന്നതോ ആയ ബ്രഷുകള്‍. ഭിത്തികളിലെല്ലാം ചിത്രങ്ങള്‍. വരക്ക് ഊര്‍ജമേകുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ബുക് സ്റ്റാന്‍ഡുകളിലും മേശമേലും സോഫയിലും ചിതറിക്കിടക്കുന്നു. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തില്‍ ഇത്തരമൊരു കാഴ്ച വിസ്മയം മാത്രമല്ല, ഒരിറ്റ് നൊസ്റ്റാള്‍ജിയയും സമ്മാനിക്കും.

പൂക്കോട്ടുംപാടത്തെ വട്ടപ്പറമ്പില്‍ കുടുംബാംഗമായ ഇസ്ഹാഖ് സൗദി അറേബ്യയിലെ പ്രമുഖ അറബ് ദിനപത്രങ്ങളിലൊന്നായ അല്‍യൗമിന്‍െറ സഹോദര പ്രസിദ്ധീകരണമായ ‘അല്‍മുബവ്വബ’യുടെ റിയാദ് എഡിഷനില്‍ സീനിയര്‍ ഡിസൈനറാണ്. മൂത്ത മകള്‍ രിസാമ ആരിഫ കേരള സിലബസില്‍ വീട്ടിലിരുന്ന് പ്ളസ്ടുവിന് പഠിക്കുമ്പോള്‍ ഇളയവള്‍ ജുമാന ഇതേ വഴിയില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയും. കുടുംബാംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ വര വിശേഷങ്ങള്‍ മാത്രം. കുട്ടികള്‍ സ്കൂളില്‍ പോകാത്തതിനാല്‍ വീട്ടകത്തിലൊതുങ്ങുന്ന സൗഹൃദ ലോകമേ അവര്‍ക്കുള്ളൂ എന്ന പരിമിതി പക്ഷേ, ലോകത്തെ അറിയാന്‍ അവര്‍ക്ക് തടസ്സമാകുന്നില്ല. പുസ്തകങ്ങള്‍, സകുടുംബം യാത്രകള്‍, പ്രവാസി സാംസ്കാരിക കൂട്ടായ്മകളുടെ കുടുംബ സംഗമങ്ങള്‍, ഫേസ്ബുക്, ബ്ളോഗ് തുടങ്ങി ലോകത്തെ പരിചയപ്പെടാനും സൗഹൃദത്തിലാകാനുമുള്ള ജാലകങ്ങള്‍ ഏറെയുണ്ട് അവരുടെ മുന്നില്‍.  

കഥയിലെ ഇസ്ഹാഖ്
ഓര്‍മയെ ചുട്ടുപൊള്ളിക്കുന്നൊരു ചതിയുടെ കഥ ഏതൊരു പ്രവാസിക്കും പറയാനുണ്ടാവും. ചിത്രകാരന്‍െറ വിസയെന്ന് മോഹിപ്പിച്ച് അറബിയുടെ ഡ്രൈവര്‍ പണിക്ക് കയറ്റിവിട്ട ഏജന്‍റിന്‍െറ ചതിയില്‍ നിന്നാണ് ഈ ചിത്രകാരനും തന്‍െറ പ്രവാസ ചരിത്രം പറഞ്ഞുതുടങ്ങിയത്. ജന്മസഹജമായ കഴിവ് സ്വന്തം പരിശ്രമത്തിലൂടെ വികസിപ്പിച്ച ചിത്രകലാ പാടവവുമായി 1984ല്‍ 18ാമത്തെ വയസ്സിലാണ് റിയാദില്‍ പറന്നിറങ്ങിയത്. കുടുംബത്തിന് ചിത്രകലാ പാരമ്പര്യമുണ്ടായിരുന്നു. അമ്മാവനും രണ്ട് എളാപ്പമാരും നാട്ടില്‍ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു. ഉമ്മ ബീയുമ്മയും ചിത്രം വരക്കുമായിരുന്നു. ജീവിത സഖിയായ നജ്മ ബീവിക്കും യാദൃച്ഛികമായിട്ടാണെങ്കിലും ചിത്രകലയില്‍ താല്‍പര്യമുണ്ടായിരുന്നു. അവരും വരക്കാന്‍ തുടങ്ങി.

വിസ ഏജന്‍റിന്‍െറ വാക്കില്‍ വിശ്വസിച്ച് പിറന്ന നാട് വിട്ടുപോരാന്‍ തയാറായെങ്കിലും ചതിയുടെ മരുച്ചൂടേറ്റ് വാടി രണ്ടുമാസത്തിനുള്ളില്‍ മടങ്ങേണ്ടിവന്നു. അറബിക്ക് ഒരു സ്റ്റുഡിയോ ഉണ്ടെന്നും അവിടെ ചിത്രം വരയാണ് പണിയെന്നുമായിരുന്നു ഏജന്‍റിന്‍െറ വാഗ്ദാനം. ലഭിച്ചത് ഡ്രൈവര്‍ പണി. തിരിച്ചോടാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കു ശേഷം പുതിയ വിസയില്‍ വീണ്ടും സൗദിയിലേക്ക്. ഇത്തവണ ഹഫര്‍ ബാത്വിന്‍ എന്ന സ്ഥലത്തായിരുന്നു. അപ്പോഴും ചതി പറ്റി. ആര്‍ട്ടിസ്റ്റിന്‍െറ ജോലി എന്നുതന്നെയായിരുന്നു വിസയില്‍. പക്ഷേ, തൊഴിലുടമയുടെ കെട്ടിടങ്ങള്‍ക്ക് പെയിന്‍റടിയായിരുന്നു പണി. പണിയൊക്കെ തീര്‍ന്നപ്പോള്‍ തൊഴിലുടമയുടെ അനുമതിയോടെ പുറത്ത് പരസ്യ കമ്പനികളില്‍ ആര്‍ട്ടിസ്റ്റിന്‍െറ യഥാര്‍ഥ പണി ചെയ്യാന്‍ തുടങ്ങി. ആറര വര്‍ഷം അങ്ങനെ കഴിഞ്ഞു. പിന്നീട് വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങി. വിവാഹം കഴിഞ്ഞ് മൂത്ത മകള്‍ ആരിഫക്ക് ഒമ്പതു മാസം പ്രായമുള്ളപ്പോള്‍ മൂന്നാമത്തെ വിസയില്‍ വീണ്ടും സൗദിയിലേക്ക്.

പരസ്യ കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി. വൈകാതെ കുടുംബത്തെയും റിയാദില്‍ കൊണ്ടുവന്നു. ഇളയ മകള്‍ ജുമാനക്ക് മൂന്നു വയസ്സ്. കുടുംബം വന്നപ്പോള്‍ ചെലവു കൂടി. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ചാണ് സ്വന്തമായി പരസ്യ കമ്പനി തുടങ്ങിയത്. അപ്രതീക്ഷിതമായി എല്ലാം കുഴഞ്ഞുമറിഞ്ഞു. കമ്പനി നഷ്ടത്തിലായി. വിസ പുതുക്കാന്‍ കഴിയാതെ നിയമപ്രശ്നങ്ങള്‍ വന്നുമൂടി. അക്ഷരാര്‍ഥത്തില്‍ നിയമലംഘകരായുള്ള ജീവിതം. രേഖകളൊന്നും ശരിയല്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയാതായി. ആരിഫ നാട്ടിലെ സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന കാലത്താണ് റിയാദിലേക്ക് വന്നത്. അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകുന്ന നിയമക്കുരുക്കുകള്‍. കമ്പനി തകര്‍ച്ചയിലായതിനാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍. എന്നാല്‍, അതുകൊണ്ടൊന്നും തളരാന്‍ ഒരുക്കമായിരുന്നില്ല. പഠനം മുടങ്ങിയ മൂത്ത മകളെയും സ്കൂളില്‍ ചേരാന്‍ പ്രായമത്തെിയ ഇളയവളെയും വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു. അധ്യാപകരെ വീട്ടില്‍ വരുത്തി  കേരള പാഠ്യപദ്ധതി പ്രകാരം കുട്ടികള്‍ പഠിച്ചുതുടങ്ങി.

പരസ്യ കമ്പനിക്ക് താഴിട്ട്, വീണ്ടും ജോലി തേടാന്‍ ശ്രമം തുടങ്ങി. നിയമക്കുരുക്കുകള്‍ അഴിഞ്ഞു. എട്ടുവര്‍ഷം മുമ്പ് അല്‍യൗം പത്രത്തില്‍ ലേ ഒൗട്ട് ആര്‍ട്ടിസ്റ്റായി ജോലിക്കു ചേര്‍ന്നു. പതിയെ ജീവിതം പ്രതിസന്ധികളില്‍ നിന്ന് കരകയറി. അപ്പോഴേക്കും കുട്ടികളിലെ ചിത്രകലാ വാസന വെളിപ്പെടുകയും അവര്‍ മികച്ച ചിത്രകാരികളായി വളരുകയും ചെയ്തു. വീട്ടിലിരുന്നുള്ള വിദ്യാഭ്യാസത്തിലും അവര്‍ ഏറെ മുന്നേറി. മികച്ച നിലയില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തോന്നിയതിനാല്‍ സ്കൂളില്‍ ചേര്‍ക്കുന്ന കാര്യം പിന്നീട് ആലോചിച്ചതുമില്ല. ആരിഫ ഈ വര്‍ഷം പ്ളസ്ടു പരീക്ഷയെഴുതും.

രിസാമ ആരിഫ
ചിത്രകാരി എന്ന് അര്‍ഥമുള്ള രിസാമ എന്ന അറബി പദം മകള്‍ക്ക് പേരായി ഇടുമ്പോള്‍ തന്നെ ഇസ്ഹാഖിന് ഉറപ്പുണ്ടായിരുന്നു മകള്‍ ഒരു ചിത്രകാരിയായി തീരുമെന്ന്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവള്‍ വരച്ചു തുടങ്ങി. കാമറക്കാഴ്ചകള്‍ അതിനെക്കാള്‍ മിഴിവോടെ വരക്കുന്നതിലാണ് അവളുടെ മിടുക്ക്. ഫോട്ടോയെ അതിശയിക്കുന്ന ചിത്രരചനാരീതിയില്‍ ഈ 20കാരി ആരെയും ഞെട്ടിക്കും. മരുഭൂമിയിലെ വരണ്ട കാഴ്ചകളല്ല, കേരളത്തിന്‍െറ ശാദ്വല പ്രകൃതിയുടെ അഴകാണ് ചിത്രങ്ങള്‍ക്ക്. ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും കാന്‍വാസിലേക്ക് പകര്‍ത്താന്‍ മനംനിറയെ കേരളത്തിന്‍െറ കാഴ്ചകളുണ്ടാവും.

സ്വന്തം ഛായാചിത്രവും ഗ്രാമീണ ജീവിതവും പാടശേഖരങ്ങളും പുഴയും ഉള്‍പ്പെടെ ഏതുകാഴ്ചയും കാമറയെക്കാള്‍ മിടുക്കോടെ അവളുടെ ബ്രഷുകള്‍ വരയും. പെന്‍സില്‍, പേന സ്കെച്ചുകള്‍ വരക്കുന്നതിലും അസാമാന്യ വൈഭവമുണ്ട്. പുസ്തക വായന ശീലമാക്കിയ ആരിഫ അവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവനാസമ്പന്നമായ നിരവധി പെയിന്‍റിങ്ങുകള്‍ ഇതിനകം രചിച്ചു. പ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ അഡോള്‍ഫ് വില്യം ബോഗേറോയാണ് ആരിഫയുടെ റോള്‍ മോഡല്‍. അദ്ദേഹത്തിന്‍െറ പ്രശസ്തമായ ഒരു രചനയുടെ പുനരാവിഷ്കാരം ആരിഫ നിര്‍വഹിച്ചിട്ടുണ്ട്. സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിന്‍െറയും രാജകുടുംബാംഗങ്ങളുടെയും ഛായാചിത്രങ്ങള്‍ വരച്ചത് അറബ് മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടി. സൗദി അറേബ്യയുടെ ദേശീയോത്സവമായ റിയാദിലെ ജനാദ്രിയ പൈതൃകോത്സവത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവസരം ലഭിച്ചു.

ഗ്രാഫിക് ജുമാന
ജ്യേഷ്ഠത്തിയുടെ ചിത്രരചനാ കമ്പത്തില്‍ പങ്കുചേര്‍ന്നാണ് ജുമാനയും നൈസര്‍ഗികമായ കഴിവ് പ്രകടിപ്പിച്ചു തുടങ്ങിയത്. തനതായ ശൈലിയില്‍ വിസ്മയിപ്പിക്കുന്ന വേഗത്തില്‍ വരയെ കൈപ്പിടിയിലൊതുക്കി. ഉപ്പയുടെ രേഖാചിത്രരചനാ രീതിയും കൂടപ്പിറപ്പിന്‍െറ പെയിന്‍റിങ് പാടവവും മികവാര്‍ന്ന നിലയില്‍ സമ്മേളിച്ചതായിരുന്നു ജുമാനയുടെ സിദ്ധി. കൂടാതെ, ഡിജിറ്റല്‍ ഗ്രാഫിക്സിലും സ്വന്തം പരിശ്രമത്തിലൂടെ വൈദഗ്ധ്യം നേടി. ബ്രഷും പെന്‍സിലും പോലെ മൗസും ഫോട്ടോഷോപ് ടൂളുകളും ഒരുപോലെ വഴങ്ങി. ബ്രഷുകൊണ്ട് എണ്ണച്ചായത്തിലും ജലച്ചായത്തിലും സൃഷ്ടിക്കുന്ന മായാജാലം അവള്‍ ഫോട്ടോഷോപ്പിലും സാധ്യമാക്കി. ആരിഫയെ പോലെ ജുമാനയും പരന്ന വായന ശീലമാക്കിയതിനാല്‍ രചനകളില്‍ സര്‍ഗാത്മകതയുടെ തിളക്കവുമുണ്ടായി. കാരിക്കേച്ചര്‍ വരയിലും അസാമാന്യ വൈദഗ്ധ്യമുണ്ട്. നിരവധി പ്രശസ്തരുടെ കാരിക്കേച്ചറുകള്‍ വരച്ചിട്ടുള്ള ജുമാന രേഖാചിത്ര രചനയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മധുര ശബ്ദത്തിന്‍െറ ഉടമകൂടിയായ ജുമാന മനോഹരമായി പാടുകയും ചെയ്യും.
ബ്ളോഗിങ്ങിന്‍െറ തുടക്ക കാലത്തുതന്നെ ഇസ്ഹാഖും പിന്നീട് ആരിഫയും ജുമാനയും ഡിജിറ്റലിലേക്കും സൈബര്‍ ലോകത്തേക്കും കടന്നിരുന്നു. മൂവരും ബ്ളോഗുകള്‍ സ്വയം രൂപകല്‍പന ചെയ്ത് തങ്ങളുടെ രചനകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇസ്ഹാഖ് വരക്കുപുറമെ കുറിപ്പുകളും ഇടാറുണ്ട്. ആരിഫയും ജുമാനയും ചിത്രങ്ങളോടൊപ്പം വരയുടെ ഓരോ ഘട്ടവും വിവരണവും പോസ്റ്റ് ചെയ്യാറുണ്ട്. ചിത്രകല പരിശീലിക്കുന്നവര്‍ക്ക് പ്രയോജനപ്രദമാണ് അത്. ഇസ്ഹാഖിന്‍െറ ബ്ളോഗിന്‍െറ പേര് ‘വരയിടം’ എന്നാണ്. വിലാസം: www.ishaqh.blogspot.com. ആരിഫ സ്വന്തം പേരിലാണ് ബ്ളോഗ് ആരംഭിച്ചത്: www.risamaarifa.blogspot.in. സ്വന്തം പേരും മനസ്സും കൂട്ടിച്ചേര്‍ത്ത് ‘ജുമാനസം’ എന്ന ഹൃദ്യമായ പേരാണ് ജുമാന തന്‍െറ ബ്ളോഗിന് നല്‍കിയിരിക്കുന്നത്: www.jumanasam.blogspot.in. ഉപ്പയും മക്കളും മാഗസിന്‍ ഡിസൈന്‍ ആന്‍ഡ് ലേ ഒൗട്ടിലും ഒരു കൈ നോക്കാറുണ്ട്. ഓണ്‍ലൈന്‍, പ്രിന്‍റ് മാഗസിനുകളടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇവര്‍ വരക്കാറുമുണ്ട്.

ഇസ്ഹാഖിന്‍െറ ദിനവര
സൈബര്‍ സൗഹൃദങ്ങളുടെ മുഖപുസ്തകത്തില്‍ ‘കാണിക്ക’പോലെ ദിവസവും ഓരോ ചിത്രം വരച്ചിടുന്ന പതിവ് ഇസ്ഹാഖ് തുടങ്ങിയത് രണ്ടാണ്ട് മുമ്പാണ്. ഫേസ്ബുക്കിന്‍െറ ചുവരില്‍ എല്ലാവരും മനോവിചാരങ്ങള്‍ വാങ്മയ ചിത്രങ്ങളാക്കുമ്പോള്‍ ഇസ്ഹാഖ് അത് രേഖാചിത്രങ്ങളാക്കുന്നു. രാവിലെയോ വൈകുന്നേരമോ ഒരു അനുഷ്ഠാനം പോലെയാണ് ദിനവര. ലോകമൊട്ടാകെ പരന്നുകിടന്ന ‘വരപ്രേമികളു’ടെ സൗഹൃദവും ഇഷ്ടവും അങ്ങനെ ഈ വരകളിലൂടെ ഇസ്ഹാഖിനെ തേടിയത്തെുന്നു. ദിനവരശീലം തുടങ്ങാന്‍ നിമിത്തമായത് പുകവലിയെന്ന ദുശ്ശീലമായിരുന്നു. പടംവരക്കാന്‍ ചുണ്ടില്‍ പുകവേണം എന്ന നിര്‍ബന്ധം ആരോഗ്യത്തെ തകര്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ പുകയെ ഒഴിവാക്കാന്‍ വരയും അവസാനിപ്പിച്ചു. ഇഷ്ടപ്രേയസിയില്‍നിന്ന് അകന്നുനിന്നതുപോലൊരു വിരഹവേദന വരയിലേക്ക് വലിച്ചടുപ്പിച്ചു.

ഒരു പ്രായശ്ചിത്തംപോലെ തുടങ്ങിയതാണ് ദിനവര. മക്കളുടെ നിര്‍ബന്ധവും ഒരു പ്രേരണയായിരുന്നു. ഒരു ദിവസംപോലും മുടങ്ങാതെ വരക്കാന്‍ തുടങ്ങി. തന്‍െറ പ്രിയപ്പെട്ട ഹീറോപേനകൊണ്ട് കടലാസില്‍ വരച്ചശേഷം സ്കാന്‍ ചെയ്താണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത്. നിത്യജീവിതത്തിലെ കാഴ്ചകള്‍, വ്യക്തികള്‍, സംഭവങ്ങള്‍, പഴയകാല ഓര്‍മകള്‍, നാട്ടോര്‍മകള്‍ എല്ലാം അങ്ങനെ രേഖകളായി മാറുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story