Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകഥ പറയുമ്പോള്‍

കഥ പറയുമ്പോള്‍

text_fields
bookmark_border
കഥ പറയുമ്പോള്‍
cancel

മാന്യമഹാ ജനങ്ങളേ... ബ്രിട്ടീഷ് ആധിപത്യത്തിന്‍െറ അടിച്ചമര്‍ത്തലില്‍നിന്ന് സ്വാതന്ത്ര്യത്തിന്‍െറ ശുദ്ധവായുവിലേക്ക് ജീവിതം തുടങ്ങി രണ്ടു സംവത്സരങ്ങള്‍ക്കുശേഷമുള്ള ഒരു ഓണക്കാലത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്...
‘ഓണച്ചമയങ്ങളഴിഞ്ഞില്ല,
ഓണനിലാവൊളി മാഞ്ഞില്ല...’
അതെ, ഓണത്തിന്‍െറ തിക്കുംതിരക്കും ഒഴിയാത്ത 1949 ലെ ചതയം നാള്‍. സമയം രാത്രി എട്ടു മണി. കരുനാഗപ്പള്ളി ഗുഹാനന്ദപുരത്തെ ക്ഷേത്രമൈതാനം.  ഓലകൊണ്ടു മറച്ച സ്റ്റേജ്. മൈക്കില്ല, ട്യൂബ്ലൈറ്റുമില്ല. ഉത്സവത്തിന്‍െറ ആര്‍ഭാടമായി ഒരു പെട്രോമാക്സ് മാത്രം.

അതാ ആ സ്റ്റേജിലേക്കു നോക്കൂ... അവിടെ 20 വയസ്സുള്ള മീശമുളച്ചുവരുന്ന ഒരു നരുന്ത് പയ്യന്‍. മുറിക്കയ്യനുടുപ്പിട്ട് മുണ്ട് നിവര്‍ത്തിയിട്ട് കൂപ്പു കൈകളുമായി നില്‍ക്കുന്നു. അവന്‍ പാടുന്നു, ആടുന്നു, പുഞ്ചിരിക്കുന്നു, പൊട്ടിച്ചിരിക്കുന്നു, അട്ടഹസിക്കുന്നു, വിതുമ്പുന്നു, കരയുന്നു... ആ ചെറുപ്പക്കാരന്‍ ആരാണ്? കേരളത്തിന്‍െറ വളക്കൂറില്‍ തഴച്ചുവളര്‍ന്ന്, അതിരുകള്‍ഭേദിച്ച്  ലോകസഞ്ചാരം നടത്തിയ കഥാപ്രസംഗകലക്ക് പുതിയ ചരിത്രം രചിച്ച ചെറുപ്പക്കാരന്‍, കഥാപ്രസംഗലോകത്തെ നിത്യഹരിത വസന്തം- വി.സാംബശിവന്‍. സദസ്സിനെ വന്ദിച്ച് കാഥികന്‍ കഥ തുടങ്ങുന്നതിനുമുമ്പായി സദസ്യരോട് ഒരു അഭ്യര്‍ഥനയാണ് വെച്ചത്. ‘കലാശാലാ വിദ്യാഭ്യാസം ചെയ്യാന്‍ എനിക്ക് കലശലായ മോഹം. പക്ഷേ, പണമില്ല. ഞാനൊരു കഥപറയാം. പണംതന്ന് എന്നെ സഹായിക്കണം’. കേരള കഥാപ്രസംഗ ചരിത്രത്തിലെ നാഴികക്കല്ലായ കഥാപ്രസംഗ പ്രയാണത്തിന്‍െറ നാന്ദിയായിരുന്നു ആ സ്റ്റേജ്.  ചങ്ങമ്പുഴയുടെ ‘ദേവത’ എന്ന കഥയായിരുന്നു അവിടെ  അവതരിപ്പിക്കപ്പെട്ടത്. കഥ പറഞ്ഞുതീരുമ്പോള്‍ പെരുമഴപോലെ പുരുഷാരം കൈയടിച്ചു. പിന്നെയൊരു സാംബശിവന്‍ കാലം. എന്നാല്‍, അദ്ദേഹത്തിന്‍െറ നിര്യാണത്തോടെ ആ കല ഏതാണ്ട് മൃതാവസ്ഥയിലായിരുന്നു. എന്നാല്‍, അതിന് പുതുജീവന്‍ വീണിരിക്കുന്നു. അതെ, സാംബശിവന്‍ കാലം ഇനി പുനര്‍ജനിക്കില്ളെങ്കിലും പ്രതീക്ഷയേകുന്നു സാംബശിവന്‍െറ മകനും പ്രഫസറുമായ വസന്തകുമാര്‍ സാംബശിവനിലൂടെ.  

വസന്തകാലം
ആ നല്ലകാലം അസ്തമിച്ചിട്ടില്ളെന്ന് തെളിയിക്കുകയാണ് വസന്തകുമാര്‍. ക്ഷേത്രവേദികളിലും സാംസ്കാരിക വേദികളിലുമായി ഇന്ന് വസന്തകുമാറിനെ ശ്രവിക്കുന്നവര്‍ നിരവധിയാണ്. മാസത്തില്‍ ഏറെ ദിനങ്ങളിലും കേരളത്തിന്‍െറ വിവിധഭാഗങ്ങളിലെ വേദികളില്‍ കഥപറച്ചിലിലാണ് ഈ പ്രഫസര്‍. ‘1986ല്‍ കൂട്ടൂകാരുടെ സംഘത്തിലാണ് അരമണിക്കൂര്‍ കഥാപ്രസംഗം ആദ്യം അവതരിപ്പിച്ചത്. ‘ചന്ദനക്കട്ടില്‍’ എന്ന ജി.ങ്കരക്കുറുപ്പിന്‍െറ കഥ അവതരിപ്പിച്ചപ്പോള്‍ കിട്ടിയ അഭിനന്ദനവും പ്രോത്സാഹനവും ആത്മവിശ്വാസം പകര്‍ന്നെങ്കിലും കഥാപ്രസംഗരംഗത്തേക്കുമാറാന്‍ അത് കാരണമായില്ല. പിന്നീട്, ജോസഫ് കൈമാപ്പറമ്പനും അച്ഛനും ചേര്‍ന്ന് കഥാപ്രസംഗകലയെ പ്രോത്സാഹിപ്പിക്കാന്‍ കഥാപ്രസംഗ പഠനകേന്ദ്രം ആരംഭിച്ചു. ഇവിടെ അച്ഛന്‍ ക്ളാസെടുക്കാറുണ്ടായിരുന്നു.

ഉത്സവപ്പറമ്പുകളില്‍ കഥാപ്രസംഗം പിന്‍വാങ്ങുന്ന ലക്ഷണം കണ്ടപ്പോള്‍ ഇത് സജീവമായി നിലനിര്‍ത്തുന്നതിനെക്കുറിച്ച് അച്ഛന്‍ ചിന്തിച്ചിരുന്നു. കലാസാംസ്കാരിക രംഗത്ത് വന്ന മാറ്റങ്ങള്‍ അച്ഛനെ ഉത്കണ്ഠാകുലനാക്കി. ന്യൂമോണിയ ബാധയെ തുടര്‍ന്ന് വീട്ടിലത്തെിയ അദ്ദേഹം എന്നെവിളിച്ച് കഥാപ്രസംഗം പറയണം എന്നു പറയുകയായിരുന്നു. വീണ്ടും മാസങ്ങള്‍ക്കുശേഷം ആശുപത്രിക്കിടക്കയിലും ഇത് ആവര്‍ത്തിച്ചു. ലോകപ്രശസ്ത കഥകള്‍ മനോഹരമായി പറയുന്ന അച്ഛന്‍െറ പിന്‍ഗാമിയായി കഥപറയണമെന്നാവശ്യപ്പെട്ടത് സീസണ്‍ തുടങ്ങിയ സമയത്തായിരുന്നു. പുതിയ കഥ തയാറാക്കി അവതരിപ്പിക്കാന്‍ സമയവുമില്ലായിരുന്നു. അങ്ങനെയാണ് അച്ഛന്‍ അവതരിപ്പിച്ചിരുന്ന ‘ഒഥല്ളോ’ തെരഞ്ഞെടുത്തത്. ഉത്സവ കമ്മിറ്റിക്കാര്‍ വേദി നല്‍കാന്‍ മടിച്ചു. എന്നാല്‍, എന്‍.ജി.ഒ യൂനിയന്‍ വേദി നല്‍കി. 1993 ജനുവരി 13ന് ഒഥല്ളോ അവതരിപ്പിച്ചു.

എല്ലാവരും നല്ല അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ കഥാപ്രസംഗ വേദിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ‘അച്ഛന്‍െറ ശബ്ദവും അഭിനയവും മനസ്സില്‍ തറച്ചുപോയ കേരളീയനുമുന്നില്‍ വ്യത്യസ്തനാകാതെ ഉയരാന്‍ കഴിയില്ളെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനെ അനുകരിക്കാതെ പാട്ടിലും അഭിനയത്തിലും എന്‍േറതായ ശൈലി ഞാന്‍ രൂപപ്പെടുത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 26 കഥകള്‍ അരങ്ങിലത്തെിച്ചു. ഇനി നമ്മുടെ ക്ളാസിക്കുകള്‍ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്; ഭാസന്‍െറ ‘സ്വപ്നവാസവദത്തം’ ഉള്‍പ്പെടെ’ - വസന്തകുമാര്‍ പറഞ്ഞു.

ഇന്നും കഥാപ്രസംഗത്തെ ഉത്തമകലയായി ആസ്വാദക സമൂഹം അംഗീകരിക്കുന്നു എന്നതിന് ഉത്സവപ്പറമ്പുകളിലെ അനുഭവങ്ങള്‍ സാക്ഷ്യമാണ്. ഒരിക്കല്‍ പാലായില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. സിനിമാറ്റിക് ഡാന്‍സിനും മിമിക്സ് പരേഡിനും മധ്യേയായിരുന്നു കഥാപ്രസംഗം. കഥാപ്രസംഗത്തിന്‍െറ കൈ്ളമാക്സ് അവതരിപ്പിക്കുന്നതിനിടെ മിമിക്സ് പരേഡുകാരുടെ വാഹനം കഥ ആസ്വദിച്ചിരിക്കുന്നവരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി. കഥയുടെ രസച്ചരട് മുറിച്ചതിലെ ദേഷ്യംപ്രകടിപ്പിച്ച് വസന്തകുമാര്‍ വാഹനം നിര്‍ത്താനും പിന്നോട്ടെടുക്കാനും മൈക്കിലൂടെ കടുത്ത ഭാഷയില്‍ ആവശ്യപ്പെട്ടു. വാഹനം പിന്നെയും മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതോടെ പരിപാടി കാണാനത്തെിയവര്‍ കൂട്ടത്തോടെ എണീറ്റ് വാഹനം ബലമായി പിറകോട്ട് എടുപ്പിക്കുകയും കഥ സുഗമമായി പറഞ്ഞവസാനിപ്പിക്കുകയും ചെയ്തു.

മറ്റൊരിടത്ത് ഇബ്സന്‍െറ ‘നോറ’ അവതരിപ്പിച്ചപ്പോള്‍ അതില്‍ നോറ വാതില്‍ കൊട്ടിയടക്കുന്നതിന് ശ്രോതാക്കള്‍ക്ക് തന്‍െറതായ ഭാഷയില്‍ ന്യായീകരണം നല്‍കി. ഇതിന് ആസ്വാദക ലോകം നല്ല അംഗീകാരമാണ് നല്‍കിയത്. അച്ഛന്‍ മരിക്കുന്നതിനു തൊട്ടുമുമ്പെഴുതിയ ‘സീത’ എന്ന കഥ ‘സ്ത്രീ’ എന്ന പേരില്‍ അവസാന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി വേദിയില്‍ അവതരിപ്പിച്ചു. ‘ഐന്‍സ്റ്റീന്‍ ഇവിടെ ജീവിച്ചിരുന്നു’, ‘മേരിക്യൂറി’ തുടങ്ങിയ ശാസ്ത്രകഥാപ്രസംഗങ്ങളും ആസ്വാദകര്‍ സ്വീകരിച്ചു. അച്ഛന്‍െറ കാലത്തെപ്പോലെ കഥകള്‍ പരത്തിപ്പറയാനും, സമകാലിക രാഷ്ട്രീയത്തെയും അന്ധവിശ്വാസത്തെയും മറ്റും നേരിട്ട് ആക്രമിക്കാനും കഴിയാത്ത സാഹചര്യം ഉത്സവപ്പറമ്പുകളിലുണ്ടെന്നത് സത്യമാണ്. സാംബശിവന്‍െറ കാലഘട്ടത്തില്‍ ഉത്സവപ്പറമ്പുകളില്‍ രാഷ്ട്രീയവും പുരോഗമനാശയങ്ങളും യഥേഷ്ടം വിളമ്പാമായിരുന്നു. ഉത്സവപ്പറമ്പുകളിലത്തെുമ്പോള്‍ ‘സഖാവിന്‍െറ മകന്‍’ എന്ന വിളിപ്പേര് കിട്ടുന്നത് അഭിമാനമാണെന്നും വസന്തകുമാര്‍ പറയുന്നു. ഇപ്പോള്‍ നിറയെ പരിപാടികളുണ്ട്. ഉത്സവങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും കഥാപ്രസംഗം ബുക് ചെയ്യുന്നു.

കഥപറയും കാലം
ആടയാഭരണങ്ങളോ മുഖച്ചായങ്ങളോ രംഗപടമോ പ്രകാശവിന്യാസമോ ആള്‍ ബഹളമോ ഇല്ലാതെ ചുരുക്കം ചില സംഗീതോപകരണങ്ങളുടെ മാത്രം അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന ജനകീയ കലാരൂപമാണ് കഥാപ്രസംഗം. ബഹുമുഖപ്രതിഭയായ കലാകാരന് മാത്രം വിജയിപ്പിക്കാവുന്ന ഒരു കലയാണിത്. കഥപറച്ചിലുകാരന് അഭിനയത്തഴക്കവും വാക്ചാതുരിയും രസികത്വവും ഭാഷാ പ്രാവീണ്യവും സ്വരമാധുരിയും  സംഗീതബോധവും ആലാപന മികവും ഒത്തുവരണം. വാങ്മയചിത്രങ്ങളിലൂടെ പ്രേമവും കാമവും സ്നേഹവും മോഹവും വിരഹവും വേര്‍പാടും വിശ്വാസവും വഞ്ചനയും വാശിയും കടല്‍പരപ്പും കടലാഴവും തുടങ്ങി എല്ലാ വികാരവായ്പ്പുകളും വാക്കുകള്‍കൊണ്ട് തീര്‍ക്കുന്ന വിരുതാണ് കാഥാപ്രസംഗത്തെ വിജയിപ്പിക്കുന്നത്.  

20ാം നൂറ്റാണ്ടിന്‍െറ മധ്യത്തോടെ വില്ലടിച്ചാന്‍പാട്ടിന്‍െറയും ഹരികഥകളുടെയും ചാക്യാര്‍കൂത്തിന്‍െറയും പുരാണേതിഹാസ കഥാവേദിയില്‍നിന്ന് പച്ചമനുഷ്യരുടെ സുഖങ്ങളും ദു$ഖങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പ്രതികാരങ്ങളും കോര്‍ത്തിണക്കിയ മനുഷ്യരുടെ കഥപറച്ചിലായി കഥാപ്രസംഗ കല ചുവടുമാറ്റി. കൊച്ചു സീത , മഗ്ദലനമറിയം, വാഴക്കുല, ആയിഷ, പുത്തന്‍കലവും അരിവാളും, റാണി തുടങ്ങിയ കഥകളിലൂടെ ജനതയത്തെന്നെ കൈയിലെടുത്ത സാംബശിവന്‍െറ കഥാപ്രസംഗം 1963ല്‍ ബോധപൂര്‍വം പാശ്ചാത്യ സാഹിത്യത്തിലേക്ക് കണ്ണുപായിച്ചു. ടോള്‍സ്റ്റോയിയുടെ ‘ദ പവര്‍ ഓഫ് ഡാര്‍ക്ക്നെസ്’ എന്ന നാടകം ‘അനീസ്യ’ എന്ന ശീര്‍ഷകത്തില്‍  കഥാപ്രസംഗമാക്കിയതോടെ ഉത്സവപ്പറമ്പുകളില്‍ വിശ്വസാഹിത്യം പരിമളം പരത്തി. തുടര്‍ന്ന് ഒഥല്ളോ, അന്നാ കരീനിന, റോമിയോ ആന്‍ഡ് ജൂലിയറ്റ്, ഡോണ്‍ ശാന്തമായൊഴുകുന്നു, ആന്‍റണിയും ക്ളിയോപാട്രയും, കാരമസോവ് സഹോദരന്മാര്‍  തുടങ്ങിയ വിശ്വസാഹിത്യത്തിലെ മുത്തുകളൊക്കെയും മലയാളിക്ക് കഥാപ്രസംഗത്തിന്‍െറ പാലാഴിയായി.

80കളുടെ മധ്യകാലംവരെ ഈ ജനകീയ കല ഉത്സവപ്പറമ്പുകളെയും ഫൈന്‍ആര്‍ട്ട്സ് സൊസൈറ്റി വേദികളെയും സാംസ്കാരിക സംഘടനയുടെ അരങ്ങുകളെയും ആരോഗ്യകരമായ സംവാദചിന്തകളുടെ ഉറവിടങ്ങളായി മാറ്റി. ആഗോളീകരണത്തിന്‍െറ തത്ത്വശാസ്ത്രങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ സമൂഹത്തിലേക്ക് ഒളിച്ചുകടത്തിയതോടെ ജനകീയ കലകളുടെ സ്ഥാനം അടിച്ചുപൊളി കോപ്രായങ്ങള്‍ക്കു വഴിമാറി. നവ പരീക്ഷണങ്ങള്‍ക്കും അവതരണമികവുകളിലൂടെ ആസ്വാദനവൃന്ദത്തെ ഒപ്പം നിര്‍ത്താന്‍ കഴിയാതെപോയതും, അരങ്ങിന്‍െറ രൂപ-സ്വഭാവ-സാംസ്കാരിക മാറ്റങ്ങളും കഥാപ്രസംഗകല മരണമടഞ്ഞുവോ എന്ന് സംശയിക്കുംവിധം തകര്‍ച്ചയിലായി. ഈ സന്ദര്‍ഭത്തിലാണ് സാംബശിവന്‍െറ ഒരു തുടര്‍ച്ച വീണ്ടും കേരളത്തില്‍ പ്രതീക്ഷയാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story