Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഅറബകങ്ങളിലേക്ക് തുറന്ന...

അറബകങ്ങളിലേക്ക് തുറന്ന കണ്ണുകള്‍

text_fields
bookmark_border
അറബകങ്ങളിലേക്ക് തുറന്ന കണ്ണുകള്‍
cancel

അറേബ്യന്‍ മണ്ണും മനസും ഊഷരമാണെന്ന പൊതുധാരണയില്‍ സൗദിയില്‍ വന്നിറങ്ങുന്ന പലര്‍ക്കും വിമാനത്താവളത്തില്‍ ലഭിക്കുന്ന സ്വീകരണം തന്നെ കല്ലുകടിയാകുന്നതോടെ കേട്ട പാതിയുടെ ബാക്കിയും അങ്ങനെയങ്ങ് പൂരിപ്പിക്കാനേ കഴിയൂ. പ്രശസ്ത സാമൂഹിക വിമര്‍ശകന്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ ‘ഡസ്പറേറ്റ്ലി സീകിങ് പാരഡൈസി’ല്‍ അത് സരസമായി വിവരിച്ചിട്ടുണ്ട്. ലണ്ടനിലെ ‘ഗാര്‍ഡിയന്‍’ പത്രത്തില്‍ മതകാര്യ ലേഖികയും ഇപ്പോള്‍ അല്‍ജസീറ കറസ്പോണ്ടന്‍റുമായ റിയാസത്ത് ബട്ട് ഹജ്ജിനു വേണ്ടി ജിദ്ദയില്‍ വിമാനമിറങ്ങിയതും ഈ ധാരണപ്പുറത്തു തന്നെയായിരുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തുകടക്കാന്‍ കാത്തിരിക്കേണ്ടിവന്ന ഏഴു മണിക്കൂര്‍ പടിഞ്ഞാറന്‍ മാധ്യമപ്രവര്‍ത്തകയായ റിയാസത്തിന് ആതിഥ്യ രാജ്യത്തെക്കുറിച്ച് ഏകദേശചിത്രം മനസില്‍ പതിപ്പിക്കാന്‍ ധാരാളമായിരുന്നു. അതുകൊണ്ട് ഇനിയിങ്ങോട്ടില്ല എന്നുറപ്പിച്ചാണ് അവര്‍ രാജ്യം വിട്ടത്. എന്നാല്‍, അധികം താമസിയാതെ സൗദിയില്‍ നിന്നു ക്ഷണം വന്നു, മുസ്ലിം വേള്‍ഡ് ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍. മനമില്ലാ മനസ്സോടെ അത് സ്വീകരിക്കുമ്പോള്‍ റിയാസത്ത് സ്വയം സമാധാനിച്ചത്, ‘സ്വാതന്ത്ര്യത്തിന്‍െറ പടിഞ്ഞാറു’നിന്നു ചെല്ലുന്ന പെണ്ണായതു കൊണ്ടാവാം സൗദിയില്‍ തനിക്ക് ശ്വാസംമുട്ടുന്നത് എന്നായിരുന്നു. ഈ സ്വകാര്യ അഹങ്കാരവുമായത്തെിയ റിയാസത്ത് പക്ഷേ, രണ്ടാമൂഴത്തില്‍ കഥ മാറുന്നതാണ് കണ്ടത്. തന്‍െറ നാട്ടുകാരായ ‘റോയിട്ടേഴ്സി’നു വേണ്ടി സമ്മേളനത്തിന്‍െറ പടമെടുക്കാനത്തെിയ പര്‍ദക്കാരി സൗദി പെണ്ണിനെ കണ്ടപ്പോള്‍ അവര്‍ക്കു കൗതുകമായി. ആണുങ്ങള്‍ക്കൊപ്പം സൗദിക്കാരി പെണ്ണ് ജോലിചെയ്യുകയോ, അതും പ്രസ് ഫോട്ടോഗ്രാഫറായി?!

അടുത്തു പരിചയപ്പെട്ടപ്പോള്‍ അദ്ഭുതം കൂടിവന്നു. ജനിച്ചുവളര്‍ന്നത് സൗദിയില്‍, പഠിച്ചത് അമേരിക്കയില്‍. സൗദിയുടെ മുക്കുമൂലകളില്‍ സഞ്ചരിച്ച് ജനജീവിതം ഒപ്പിയെടുത്ത് ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഫോട്ടോഗ്രാഫര്‍. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്വന്തമായി പ്രദര്‍ശനങ്ങള്‍ നടത്തുന്ന, സൗദിയില്‍ ആദ്യമായി പ്രഫഷനല്‍ സ്റ്റുഡിയോ തുറന്ന് പുതുതലമുറക്ക് പരിശീലനം നല്‍കുന്ന വനിതാ സംരംഭക. ഇതൊക്കെയെങ്ങനെയെന്ന് അദ്ഭുതം കൂറിയപ്പോള്‍ സൗദിയുടെ ആദ്യത്തെ പ്രഫഷനല്‍ വനിതാ ഫോട്ടോഗ്രാഫര്‍ സൂസന്‍ ബാ അഖീല്‍ എന്ന സൂസന്‍ ബാഗിലിന്‍െറ മറുപടി ചാട്ടുളിപോലെ വന്നു: ‘പടിഞ്ഞാറുള്ളോരുടെ വിചാരം ഞങ്ങള്‍ സൗദിപ്പെണ്ണുങ്ങളെ ഒട്ടകത്തിന്‍െറ കൂടെ വീട്ടില്‍ കെട്ടിയിട്ടിരിക്കുകയാണെന്നാണ്. ഞങ്ങളൊക്കെ അടിച്ചമര്‍ത്തപ്പെടുന്നു എന്നാണ് അവരുടെ ധാരണ. ജീവിതത്തില്‍ സന്തുഷ്ടയായിരിക്കാന്‍ ഞാന്‍ പടിഞ്ഞാറന്‍ പെണ്ണിനെപ്പോലെ ആകണമെന്നുണ്ടോ? ഞാന്‍ ഒരു അറബിപ്പെണ്ണ് എന്തിനു ബികിനി ധരിക്കണം?’ സ്വാതന്ത്ര്യത്തെയും പടിഞ്ഞാറിനെയും കുറിച്ച തന്‍െറ ധാരണകളെ തിരുത്തിക്കുറിക്കുകയായിരുന്നു ആ കൂടിക്കാഴ്ചയെന്ന് റിയാസത്ത് പിന്നീട് ‘ഗാര്‍ഡിയനി’ല്‍ തുറന്നെഴുതി.

കഴിഞ്ഞ ഹജ്ജ് വേളയില്‍ സൗദി വാര്‍ത്താവിതരണ സാംസ്കാരിക മന്ത്രാലയത്തിന്‍െറ മിനായിലെ മീഡിയ സെന്‍ററില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ സൂസന്‍ പരിചയപ്പെടുത്തിയതുതന്നെ റിയാസത്ത് ബട്ടിന്‍െറ കുറ്റസമ്മത മൊഴി വായിപ്പിച്ചാണ്. ഹജ്ജിനിടയിലെ ഭക്തജീവിതം ചികഞ്ഞും സൗദി വ്യോമസേനയുടെ ഹെലികോപ്ടറില്‍ തീര്‍ഥാടനത്തിന്‍െറ ആകാശക്കാഴ്ച പകര്‍ത്തിയും അറഫാ സംഗമത്തിന്‍െറയും ജംറകളിലേക്കുള്ള അണമുറിയാ പ്രയാണത്തിന്‍െറയും സൗന്ദര്യം ഒപ്പിയെടുത്തും ഞങ്ങളുടെ മാധ്യമസംഘത്തിലെ സജീവ സ്ത്രീ സാന്നിധ്യങ്ങളില്‍ സൂസന്‍ മുന്നില്‍ നടന്നു. ഹജ്ജിന്‍െറ സമാപനനാളിലെ വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലിന്‍െറ കൂടെ ഫോട്ടോസെഷന് അണിനിരക്കുമ്പോള്‍ എല്ലാവരെയും പിറകിലാക്കി ഗവര്‍ണറുടെ തൊട്ടടുത്തു കയറിനിന്ന സൂസന്‍ അദ്ദേഹത്തിന്‍െറ മുഖത്തേക്ക് ഫ്ളാഷുകള്‍ മിന്നിച്ചു. കണ്ടവരെല്ലാം ഒന്നമ്പരന്നപ്പോള്‍ ‘ഇത്രയടുത്തായാല്‍ ഫ്രെയിമിലൊതുങ്ങുമോ’ എന്ന തമാശയോടെ സൂസന്‍െറ കുസൃതി ആസ്വദിക്കുകയായിരുന്നു കവിയും ചിത്രകാരനുമായ അമീര്‍ ഖാലിദ്.

ഇതാണ് സൂസന്‍ ബാ അഖീല്‍. അറബ് പെണ്‍ജീവിതത്തെക്കുറിച്ച പുറമെക്കാരുടെ ഇരുണ്ട ധാരണകളിലേക്ക് സ്വന്തം കാമറകൊണ്ട് നേരിന്‍െറ മിന്നായം പായിച്ച പടമെടുപ്പുകാരി. തന്‍െറ കാമറ ഒപ്പുന്ന ഓരോ ചിത്രവും സ്വന്തം ദേശത്തേക്ക്, വംശത്തിലേക്ക് തുറന്നുപിടിക്കുന്ന നേര്‍ക്കണ്ണാടിയായി മാറണം എന്ന ശാഠ്യക്കാരി. അറബ് ഇസ്ലാമിക പൈതൃകത്തെക്കുറിച്ച് അതൃപ്തിയും അത്യുക്തിയും പുലര്‍ത്തുന്നവരുടെ വിവരക്കേടിലേക്ക് കാമറ വെളിച്ചത്തിലൂടെ വിരല്‍ചൂണ്ടുന്ന സൂസന്‍ പറയുന്നു: ‘പടങ്ങള്‍ക്ക് ഭാഷയുടെ പരിമിതിയില്ല. പച്ചയായ വസ്തുത ബ്ളാക് ആന്‍ഡ് വൈറ്റിലും ചായങ്ങളിലും തെളിയുമ്പോള്‍ കാണുന്നവര്‍ക്ക് സ്വന്തം ദൃഷ്ടിദോഷം സമ്മതിക്കാതെ തരമുണ്ടാവാറില്ളെന്ന് കിഴക്കും പടിഞ്ഞാറും എക്സിബിഷനുകള്‍ സംഘടിപ്പിച്ചപ്പോള്‍ വ്യക്തമായി.’ സ്വന്തം സമൂഹത്തിനകത്ത് ഇനിയും കാറ്റും വെളിച്ചവും കടന്നുചെല്ളേണ്ട ഇടങ്ങളിലേക്കും അവര്‍ കാമറഫ്ളാഷുകളുടെ കൊള്ളിമീനുകളെറിയുന്നുണ്ട്. ആ കൊള്ളിയാനുകള്‍കൊണ്ട് അകത്തും പുറത്തും തിരുത്ത് കുറിച്ചിട്ടുമുണ്ട്. ജിദ്ദ കോര്‍ണിഷ് പരിസരത്തെ സമ്പന്നമായ റെഡ് സീ മാളിലെ സാമാന്യം വിശാലവും കലാ സമൃദ്ധവുമായ സ്വന്തം സ്റ്റുഡിയോയിലിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ കടന്നുവന്ന വഴികളെക്കുറിച്ചു പറയുമ്പോള്‍ അവയിലധികവും സ്വയം വെട്ടിത്തെളിച്ചതായിരുന്നുവെന്ന് സൂസന്‍ ചാരിതാര്‍ഥ്യത്തോടെ പറയുന്നു:

‘കാമറ കണ്ടാല്‍ നെറ്റി ചുളിയുന്ന പൊതുസമൂഹത്തില്‍ പെണ്ണ് കാമറയും പിടിച്ചിറങ്ങിയതും പോരാ, സ്റ്റുഡിയോ തന്നെ തുടങ്ങുകയാണ്. ആദ്യമാദ്യം അതിശയിച്ചവര്‍ക്കും പിന്നീട് കാര്യം ബോധിച്ചു. പടമെടുപ്പ് കല്യാണത്തിന് നിര്‍ബന്ധമാണ്. എന്നാല്‍, സൗദി പെണ്ണുങ്ങളുടെ ലോകം ആ ഫ്രെയിമിനു പുറത്തായിരുന്നു. മണവാളനും പാര്‍ട്ടിയും മാത്രമായിരുന്നു ആല്‍ബങ്ങളില്‍. അവിടെ കാമറക്കണ്ണുകള്‍ മണവാട്ടിയുടെ മജ്ലിസിലേക്ക്, മൈലാഞ്ചിക്കല്യാണത്തിലേക്ക്, പെണ്ണുങ്ങളുടെ കൈകൊട്ടിപ്പാട്ടിലേക്ക് എത്തിനോക്കിത്തുടങ്ങി. അതോടെ ഹിജാസി കല്യാണങ്ങളില്‍ പെണ്ണുങ്ങള്‍ക്കും പടങ്ങള്‍ ഒഴിച്ചുകൂടാനാവാതെയായി.’ സൂസന് സ്റ്റുഡിയോ വികസിപ്പിക്കേണ്ടിവന്നു. ഇന്ന് 10 യുവതികള്‍ക്കും അത്രത്തോളം പാര്‍ട്ട് ടൈമുകാര്‍ക്കും തൊഴിലൊരുക്കുന്ന സംരംഭക കൂടിയായി അവര്‍ വളര്‍ന്നു.

അമേരിക്കയില്‍ ഫ്ളോറിഡയിലെ മിയാമി കമ്യൂണിറ്റി കോളജില്‍ നിന്നാണ് പ്രഫഷനല്‍ ഫോട്ടോഗ്രഫിയുടെ പാഠങ്ങള്‍ അഭ്യസിക്കുന്നത്. 1983ല്‍ ബിരുദമെടുത്തു പുറത്തുവന്നയുടനെ, പഠിച്ചത് പകര്‍ത്താനായി ശ്രമം. അങ്ങനെയാണ് ജിദ്ദയില്‍ സ്റ്റുഡിയോ ഇടുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ളെന്നതിന് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ അനുഭവം സാക്ഷി. സൗദി രാജാവ് മുതല്‍ യു.എന്‍ വരെ സമ്മാനിച്ച 30 അവാര്‍ഡുകള്‍, യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലുമായി 150ലേറെ പ്രദര്‍ശനങ്ങള്‍, കാനഡയിലെ ക്യുബിക് ഗാലറി, ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം തുടങ്ങിയ വിശ്വോത്തര കലാ പ്രദര്‍ശനാലയങ്ങളിലെ സാന്നിധ്യം എന്നിങ്ങനെ അംഗീകാരം കൊണ്ട് സമ്പന്നമാണ് ആ ജൈത്രയാത്ര. ഹജ്ജ് കാലത്ത് സൗദി വ്യോമസേനയുടെ ഹെലികോപ്ടറില്‍ കയറി പടമെടുത്ത ആദ്യ വനിത, റുബ്ഉല്‍ ഖാലി എന്ന അറബ് മണലാരണ്യത്തിന്‍െറ വന്യമായ ശൂന്യചത്വരം മുതല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനൊപ്പമുള്ള വിദേശയാത്രകള്‍ വരെ പകര്‍ത്തിയ വനിത... ഇങ്ങനെ വിശേഷണങ്ങള്‍ ഒരു നൂറു ചൊല്ലാനുണ്ട് സൂസന്.

‘കാമറയോട് കമ്പം കയറിയത് എപ്പോഴാണെന്നു തിട്ടമില്ല. മുപ്പതാണ്ടു നീണ്ട പ്രണയമാണത്. ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശം സദാ പിന്തുടര്‍ന്നിരുന്നു. പിന്നെപ്പിന്നെ അതു വെറുമൊരു ഹോബിയല്ളെന്നു മനസ്സിലാക്കി. അതിരുകളില്ലാത്ത, പരിഭാഷ വേണ്ടാത്ത ആഗോള ഭാഷയാണ് ചിത്രങ്ങള്‍ക്ക് എന്നു മനസ്സിലാക്കിയതോടെ കാമറ എന്‍െറ കണ്ണുകളായി. ലോകവീക്ഷണം ലെന്‍സുകളില്‍നിന്നു കരുപ്പിടിപ്പിച്ചു. അതുവഴി ഞാന്‍ പുതിയൊരു ഭാഷ വികസിപ്പിച്ചു. നിമിഷങ്ങളുടെ നേര്‍ക്കാഴ്ച ചൊല്ലുന്ന സത്യത്തിന്‍െറ ഭാഷ. സൗന്ദര്യത്തിന്‍െറ, സമാധാനത്തിന്‍െറ ഭാഷയാണ് എന്‍െറ ഫോട്ടോകള്‍ സംസാരിക്കുന്നത്. സര്‍വസ്വീകാര്യമായ മാനവികതയുടെ ഭാഷ.’ അതുകൊണ്ടുതന്നെയാവണം ലോകത്തിന്‍െറ തലങ്ങും വിലങ്ങും പ്രദര്‍ശനങ്ങള്‍ക്ക് ക്ഷണം ലഭിക്കുന്നത്. ജൂണില്‍ ബ്രസീലിലെ അറേബ്യന്‍ വാരാഘോഷത്തില്‍. തിരിച്ചത്തെിയത് കിഴക്കോട്ടു പറക്കാന്‍. മലേഷ്യയിലെ സാരാവാക്കില്‍ രണ്ടു പ്രദര്‍ശനങ്ങള്‍. അതു കഴിഞ്ഞ് കഴിഞ്ഞയാഴ്ച മൊറോക്കോയില്‍. 1982ല്‍ ഫ്ളോറിഡയിലെ മിയാമിയില്‍ തുടങ്ങിവെച്ച പ്രദര്‍ശനത്തിന് ഇപ്പോള്‍ തിരക്കേറിയിരിക്കുന്നു. ന്യൂഡല്‍ഹിയിലും ഒരു പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.

എന്തിനാണ് ഇത്രയും പ്രദര്‍ശനങ്ങള്‍?
‘ഈ പ്രദര്‍ശനത്തിലൂടെ അറബ് പൈതൃകത്തിന്‍െറയും ഇസ്ലാമിക സംസ്കൃതിയുടെയും അംബാസഡറായി സ്വയം പ്രഖ്യാപിക്കുകയാണ്. പടിഞ്ഞാറ് പഠിച്ചുവളര്‍ന്ന തനിക്ക് അറബ് ഇസ്ലാമിക സംസ്കൃതിയെ പുറത്തുള്ളവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നു മനസ്സിലാക്കാനായി. ഹജ്ജിന്‍െറ ചിത്രം നോക്കി വത്തിക്കാനിലേതിലും വലിയ മതസംഗമമോ എന്നു കുതുകംകൊണ്ടവരെ റോമില്‍ കണ്ടു. ഫോട്ടോകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പില്ല. വസ്തുതകളുടെ നേര്‍ചിത്രങ്ങള്‍ക്കു മുന്നില്‍ വിവാദങ്ങള്‍ക്ക് ഇടമില്ല. സ്വന്തം ചിത്രങ്ങളിലൂടെ, തന്‍െറ സാന്നിധ്യത്തിലൂടെ അറേബ്യയെയും അതിന്‍െറ വിശ്വാസത്തെയും സംസ്കൃതിയെയും കുറിച്ച മൂടുറച്ച പല മുന്‍ധാരണകളും മാറ്റാന്‍ കഴിഞ്ഞതുതന്നെയാണ് ഏറ്റവും വലിയ ബഹുമതി’ -2007ല്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജിയോ നെപോളിറ്റാനോയില്‍ നിന്ന് ഷെവലിയര്‍ ബഹുമതി നേടിയ കലാകാരി പറയുന്നു. പര്‍ദക്കാരി പടം പിടിക്കുന്നത് പകച്ചുനോക്കുന്ന പടിഞ്ഞാറുകാരുടെ പടം ഫേസ്ബുക് പേജിന്‍െറ കവര്‍ ചിത്രമാക്കിയ അവര്‍ പടിഞ്ഞാറു നിന്നു കിട്ടിയ പ്രശസ്തമായ ദശക്കണക്കിന് അംഗീകാരങ്ങളെ, കാമറയുമായി ഇറങ്ങിയ ഒന്നാംനാള്‍ മനസില്‍ കുറിച്ചിട്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമായി കാണുന്നു. ആയിരക്കണക്കിനു ഡോളറുകള്‍ക്ക് സൂസന്‍െറ പടങ്ങള്‍ വിവിധ മാര്‍ക്കറ്റുകളില്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ മാത്രമല്ല, ദുരിതാശ്വാസപ്രവര്‍ത്തനത്തിനായും അവര്‍ ചിത്രലേലങ്ങളില്‍ പങ്കുകൊള്ളുന്നു.

‘അറേബ്യയെന്നാല്‍ ഊഷരമായ മരുഭൂമിയും അതിലെ കുറെ ഈന്തപ്പനത്തോട്ടവും ഒട്ടകക്കൂട്ടവും മാത്രമല്ല. വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ നിരവധി സംസ്കാരങ്ങളുടെ വര്‍ണപ്രപഞ്ചമാണത്. കലയും കരവിരുതും നിറഞ്ഞ സൗദിയുടെ മുക്കും മൂലയും ഒപ്പിയെടുത്ത് ലോകത്തിനു സമര്‍പ്പിക്കുന്നത് ഒരു കാര്യം അടിവരയിടാന്‍ മാത്രം -ചുട്ടുപഴുത്ത ഈ മണലാരണ്യം ഉര്‍വരമായ സഹൃദയത്വം ഉള്ളില്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്. വേഷഭൂഷാദികളില്‍, ആടയാഭരണങ്ങളില്‍, വീട്ടുപകരണങ്ങളില്‍, ജീവിതായോധനത്തിനുള്ള സാധനസാമഗ്രികളില്‍ എല്ലാം ക്രിയേറ്റിവിറ്റിയുടെ ഒരു സൗദി ടച്ചുണ്ടെന്ന്. ഈ സഹൃദയത്വത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദി പെണ്ണുങ്ങളാണെന്ന്.’ സൗദിയുടെ മുഴുവന്‍ പ്രവിശ്യകളും സന്ദര്‍ശിച്ച് ഓരോ സ്ഥലത്തെയും കരകൗശല വിദ്യകളെക്കുറിച്ച് തയാറാക്കിയ ‘ക്രാഫ്റ്റ്സ് ഫ്രം ദി അറേബ്യന്‍ പെനിന്‍സുല’ എന്ന സചിത്രഗ്രന്ഥം സൂസന്‍ സമര്‍പ്പിക്കുന്നത് അറേബ്യന്‍ ഗ്രാമീണ പെണ്‍കരുത്തിനാണ്.

ഈ തന്‍േറടത്തിന്‍െറ ഊര്‍ജ സ്രോതസ്സ് എന്താവാം എന്ന അന്വേഷണത്തിനു മുന്നില്‍ സൂസന്‍ ഒരു നിമിഷം മൗനിയായി. പിന്നെ, പഠനകാലം മുതല്‍ നീണ്ട 23 വര്‍ഷം തന്നോടൊപ്പം നിന്ന് സിദ്ധിയുടെ സമ്പൂര്‍ണപ്രകാശനത്തിനു കരുത്തേകിയ ഭര്‍ത്താവ് മുഹമ്മദ് മുബാറക് ബാഅര്‍മാഇന്‍െറ സ്മരണയില്‍ തരളിതയായി. ദൈവാധീനം കഴിച്ചാല്‍ മുഹമ്മദ് ആയിരുന്നു തന്‍െറ ശക്തി സ്രോതസ്സ്. ആകസ്മികമായ ആ മരണം കനത്ത ആഘാതംതന്നെയായിരുന്നു. എന്നാല്‍, ഇന്നും ദൗത്യ പൂര്‍ത്തീകരണത്തിന് വെളിച്ചവും കരുത്തും പകര്‍ന്ന് അദൃശ്യ സാന്നിധ്യമായി അദ്ദേഹമുണ്ടെന്ന് പറയുമ്പോള്‍ നിറയുന്ന ആ കണ്ണിലും ആത്മ വിശ്വാസത്തിന്‍െറയും ഇച്ഛാശക്തിയുടെയും ഒരു നൂറു ഫ്ളാഷുകള്‍ മിന്നിമറയുന്നുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story