മൂന്നു തലമുറയെ അന്നമൂട്ടിയ അമ്മക്കനിവ്
text_fieldsമൂന്നു തലമുറയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് വെച്ചുവിളമ്പാനായതിന്‍െറ ചാരിതാര്‍ഥ്യം നുകരുകയാണ് കൊടകര സ്വദേശിനി 71കാരി കാര്‍ത്യായനിയമ്മ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്കൂളില്‍നിന്ന് പഠിച്ചുപോയവരാരും കാര്‍ത്യായനിയമ്മയെ മറന്നിട്ടുണ്ടാവില്ല. ഒരമ്മയുടെ വാത്സല്യത്തോടെ ഇവര്‍ വിളമ്പിയ ഭക്ഷണം എന്നും പൂര്‍വവിദ്യാര്‍ഥികളുടെ മനസില്‍ അമ്മക്കനിവിന്‍െറ മധുരമാകും. അമ്മൂമ്മയെന്ന് കുട്ടികളും അമ്മയെന്ന് അധ്യാപകരും വിളിക്കുന്ന കാര്‍ത്യായനിയമ്മ 70ാം വയസിലും ചുറുചുറുക്കോടെ ഭക്ഷണം വെച്ചുവിളമ്പുന്നു. ജോലി എന്നതിലുപരി ഭക്ഷണമൊരുക്കുന്നത് ഒരു നിയോഗം പോലെയാണ് ഇവര്‍ കാണുന്നത്. ഭക്ഷണത്തോടൊപ്പം കാര്‍ത്യായനിയമ്മ വിളമ്പിയ നിറഞ്ഞ സ്നേഹവാത്സല്യവും ഇവരെ തലമുറകള്‍ക്ക് പ്രിയങ്കരിയാക്കുന്നു.
പേരക്കുട്ടികളെ സ്കൂളില്‍ കൊണ്ടുവരുന്ന ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും കാര്‍ത്യായനിയമ്മയെ കാണുമ്പോള്‍ ചെറുപ്പത്തില്‍ അവര്‍ വിളമ്പിയ ഉപ്പുമാവിന്‍െറ രുചി നാവിലൂറും. കാര്‍ത്യായനിയമ്മയുടെ സ്കൂളിനു സമീപത്തുതന്നെ താമസിച്ചിരുന്ന കാര്‍ത്യായനിയുടെ അച്ഛന്‍ കൃഷ്ണക്കുറുപ്പും അമ്മ ലക്ഷ്മിയമ്മയുമായിരുന്നു ആദ്യകാലത്ത് ഈ സ്കൂളിലെ പാചകക്കാര്‍. സ്കൂള്‍ സ്ഥാപകനായ പരമേശ്വരമേനോന്‍ ആദ്യകാലത്ത് മനക്കുളങ്ങരയില്‍ വഴിയമ്പലം തുറന്ന് യാത്രക്കാര്‍ക്ക് ദാഹമകറ്റാനായി സംഭാരം നല്‍കിയിരുന്നു. കൃഷ്ണക്കുറുപ്പിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. 1948ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ സംഭാരവിതരണം വിദ്യാര്‍ഥികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. സ്കൂളില്‍ കുട്ടികള്‍ക്ക് ഉപ്പുമാവും പാലും നല്‍കാന്‍ ആരംഭിച്ചതോടെ കൃഷ്ണക്കുറുപ്പും ഭാര്യ ലക്ഷ്മിയമ്മയും ഇവിടത്തെ പാചകപ്പുരയുടെ ചുമതലക്കാരായി. പ്രൈമറി ക്ളാസില്‍ പഠിപ്പു നിര്‍ത്തിയപ്പോള്‍ കാര്‍ത്യായനി സ്കൂളിലത്തെി അച്ഛനമ്മമാരെ പാചകത്തില്‍ സഹായിക്കാന്‍ തുടങ്ങി. അച്ഛന്‍ മരിക്കുകയും അമ്മ ലക്ഷ്മിയമ്മക്ക് വയ്യാതാവുകയും ചെയ്തതോടെ പാചകച്ചുമതല കാര്‍ത്യായനിക്ക് കൈമാറി.

അന്ന് ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത ജോലി നാല്‍പതിലേറെ വര്‍ഷമായി ഇവര്‍ തുടര്‍ന്നുപോരുന്നു. 26ാം വയസില്‍ വിവാഹിതയായി കൊടകരയിലേക്ക് പോയെങ്കിലും സ്കൂളിലെ ജോലി ഉപേക്ഷിച്ചില്ല. ഇക്കാലമത്രയും കൈപ്പിഴയൊന്നും വരാതെ കുരുന്നുകള്‍ക്ക് വെച്ചുവിളമ്പി ഊട്ടാന്‍ കഴിഞ്ഞത് സൗഭാഗ്യമായിട്ടാണ് കാര്‍ത്യായനിയമ്മ കരുതുന്നത്. ആദ്യ കാലത്ത് ഉപ്പുമാവും പാലുമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്ന് കാര്‍ത്യായനിയമ്മ ഓര്‍ക്കുന്നു. പിന്നീട് ഇത് കഞ്ഞിയും പയറുമായി. ഇപ്പോള്‍ ചോറും കറികളുമാണ്. ചോറിനൊപ്പം സാമ്പാറും മോരുകറിയും അച്ചാറും ഉപ്പേരിയുമാണ് ഉച്ചഭക്ഷണ വിഭവങ്ങള്‍. സ്കൂള്‍ മുറ്റത്തെ പച്ചക്കറി തോട്ടത്തില്‍ കുട്ടികള്‍ നട്ടുണ്ടാക്കിയ കാബേജും പയറും കായയും വെണ്ടക്കയും ഓരോ ദിവസവും മാറിമാറി ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
സ്കൂളിലെ എല്ലാ കാര്യങ്ങളും വീട്ടമ്മയെപ്പോലെ കണ്ടറിഞ്ഞ് ചെയ്യുന്ന കാര്‍ത്യായനിയമ്മ സ്കൂളിലെ എല്ലാവര്‍ക്കുമൊപ്പം രക്ഷിതാക്കള്‍ക്കും പ്രിയങ്കരിയാണ്. ദിവസേന രാവിലെ എട്ടേകാലോടെ സ്കൂളിലെത്തി ഗേറ്റ് തുറക്കുന്നത് കാര്‍ത്യായനിയമ്മയാണ്. അസംബ്ളി കഴിയുന്നതോടെ ഉച്ചഭക്ഷണത്തിനുള്ള പണികള്‍ ആരംഭിക്കും. 12 മണിക്ക് ചോറും കറികളും തയാറാകും. ഉച്ചയൂണിനായി ബെല്ലടിച്ചാല്‍ സ്കൂള്‍ ഹാളിലേക്കോടിയെത്തുന്ന കുട്ടികള്‍ക്ക് കാര്‍ത്യായനിയമ്മ തന്നെയാണ് ചോറ് വിളമ്പുക. സ്കൂളിലെ എല്ലാ കുട്ടികളെയും തന്‍െറ ചെറുമക്കളായി കാണുന്ന കാര്‍ത്യായനിയമ്മക്ക് ആവുന്നിടത്തോളം കാലം കുട്ടികളുടെ കളിചിരികള്‍ കണ്ട് അവര്‍ക്ക് വെച്ചുവിളമ്പിക്കൊടുക്കണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
