കുഴി ബോംബുകള്‍ തകര്‍ത്തെറിഞ്ഞ അതിര്‍ത്തി ജീവിതം
text_fieldsശത്രുവിനൊരുക്കിയ കെണിയുടെ ഇരകളായി ജീവിതം തള്ളിനീക്കുന്നവരുടെ ഗ്രാമമാണ് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ ബെഹ്റൂട്ടി. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ട സ്വന്തം സൈന്യം ബലഹീനരാക്കിയവര്‍. ഇവരില്‍ പുരുഷന്മാരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുണ്ട്. പക്ഷേ, ദുരന്തത്തിന്‍െറ അനന്തരഫലമെന്നോണം ശാരീരികമായും മാനസികമായും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ഇവരില്‍ സ്ത്രീകളാണ്. കുടുംബത്തിന്‍െറ ഉത്തരവാദിത്തം എന്നും നിറവേറ്റാന്‍ ബാധ്യസ്ഥര്‍ സ്ത്രീകളാണല്ളോ! വര്‍ധിച്ച വനനശീകരണവും ഇവരുടെ കാലിനടിയിലെ ഭൂപ്രകൃതിയെ അപ്പാടെ തകിടം മറിച്ചിരിക്കുകയാണിന്ന്.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ നിയന്ത്രണ രേഖക്ക് സമീപത്താണ് ജമ്മു-കശ്മീരിലെ ബെഹ്റൂട്ടി ഗ്രാമം. സൈന്യത്തിന്‍െറ സാന്നിധ്യത്താല്‍ വളയപ്പെട്ട സുന്ദരഗ്രാമം. അധികൃതരുടെ അനുമതിയില്ലാതെ ഗ്രാമത്തിലേക്ക് പ്രവേശിക്കാനാവില്ല. അനുമതി ലഭിക്കുന്നത് വളരെ സങ്കീര്‍ണവും. വലിയ വേലി കടന്ന് ഗ്രാമത്തിനകത്ത് പ്രവേശിച്ചാല്‍ റോഡിനിരുവശവുമുള്ള വികലാംഗരായ ആളുകളെയാകും ആദ്യം കണ്ണില്‍പ്പെടുക. ഇതില്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുണ്ടാകും. കുഴിബോംബുകള്‍ക്ക് ലിംഗവിവേചനമില്ലല്ളോ! ശരീരത്തില്‍നിന്ന് ഏതെങ്കിലും ഒരു അവയവം നഷ്ടപ്പെട്ടവര്‍, ഊന്നുവടിയുടെ സഹായത്തോടെ ജീവിതം തള്ളിനീക്കുന്നവര്‍ അങ്ങനെ പോകുന്നു...
അതിര്‍ത്തി ഗ്രാമങ്ങളില്‍ ശത്രുനീക്കം തടയുന്നതിന് സൈനികര്‍ സ്ഥാപിക്കുന്ന കുഴിബോംബുകളാണ് ഇവരുടെ ജീവിതം ഇത്തരത്തിലാക്കിയത്.
അഞ്ചുവര്‍ഷം മുമ്പ് കന്നുകാലികള്‍ക്ക് തീറ്റതേടിയിറങ്ങിയ നസിം അക്തറിന് നഷ്ടമായത് വലതു കാല്‍. കുഴിബോംബ് പൊട്ടി അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റുകയായിരുന്നു. അക്തറിന്‍െറ വരുമാനത്തിലായിരുന്നു മാതാവും സഹോദരനും സഹോദരിയുമടങ്ങിയ കുടുംബം അന്നത്തിന് വക കണ്ടെ ത്തിയിരുന്നത്. ഈ സംഭവത്തോടെ കുടുംബം കൂടുതല്‍ ദുരിതത്തിലായി. അതിര്‍ത്തി വെടിവെപ്പിനെ തുടര്‍ന്ന് എന്നും വാര്‍ത്തകളില്‍ നിറയുന്ന ഈ ഗ്രാമത്തില്‍ കുടുംബത്തിന്‍െറ അതിജീവനം എളുപ്പമായിരുന്നില്ല. ഒരുഭാഗത്ത് കുഴിച്ചിട്ട ബോംബുകളാണെങ്കില്‍ മറുവശത്ത് നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനുള്ള ഉപകരണത്തിന്‍െറ വയറുകളും മറ്റും ജീവിതം ദുസ്സഹമാക്കുന്നു. ഇതെല്ലാംകൂടി ദശാബ്ദങ്ങളായി ഇവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണ്.
കുഴിബോംബ് ജീവിതം തകര്‍ത്ത 19കാരി സഹീദ പര്‍വീണ്‍ തന്‍െറ ദുരിതകഥ പറയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. നസിം അക്തറിനെപ്പോലെ കന്നുകാലികളുമായി മേച്ചിലിനിറങ്ങിയ പര്‍വീണ്‍ കുഴി ബോംബില്‍ ചവിട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റി. ‘ഞാന്‍ ഒമ്പതാം ക്ളാസിലായിരുന്നു അന്ന്. ഒരു ടീച്ചറാകുന്നത് സ്വപ്നം കണ്ട് തുടങ്ങിയ കാലം. ഈ അപകടത്തിനു പിന്നാലെ പിതാവ് മരിച്ചു. ഇതോടെ, കുടുംബത്തെ നോക്കേണ്ടത് എന്‍െറ ചുമതലയായി’ -പര്‍വീണ്‍ പറയുന്നു. ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റുന്ന ഭാഗങ്ങളിലാണ് ഇത്തരം കുഴി ബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നുകാലി വളര്‍ത്തലാണ് ഇവിടങ്ങളില്‍ സ്ത്രീകളുടെ പ്രധാന തൊഴില്‍. അല്ളെങ്കിലും സ്ത്രീക്ക് അര്‍ഹതപ്പെട്ടത് ഇതൊക്കെയാണല്ളോ!
വര്‍ധിച്ച തോതിലുള്ള സൈനിക പ്രവൃത്തികളും ബോധവത്കരണത്തിന്‍െറ അഭാവവും സര്‍ക്കാര്‍ നിയന്ത്രണമില്ലായ്മയും കാരണം കഴിഞ്ഞ 50 വര്‍ഷത്തിനിടെ മേഖലയില്‍ വനനശീകരണം വര്‍ധിച്ചതായി കശ്മീര്‍ എന്‍വയണ്‍മെന്‍റല്‍ വാച്ച് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വനനശീകരണം വ്യാപകമായതോടെ മേഖലയില്‍ കുഴിബോംബ് അപകടങ്ങളും വര്‍ധിച്ചു. മരങ്ങളുടെ എണ്ണത്തില്‍ കുറവു വന്നതോടെ മണ്ണൊലിപ്പ് വര്‍ധിച്ചു. മേഖലയില്‍ മിന്നല്‍ പ്രളയങ്ങള്‍ പതിവായി. ശക്തമായ മഴയെ തുടര്‍ന്നുണ്ടാകുന്ന ഒഴുക്കില്‍ ഇവിടങ്ങളില്‍ സ്ഥാപിച്ച മൈനുകള്‍ സ്ഥാനചലനം സംഭവിച്ച് ഗ്രാമങ്ങള്‍ക്ക് സമീപത്തേക്കാണ് എത്തുന്നത്. കന്നുകാലി വളര്‍ത്തലിലും മറ്റും ഉപജീവനം കണ്ടെ ത്തുന്ന നിര്‍ധന സ്ത്രീകളാണ് പലപ്പോഴും ഇതിന് ഇരകളാകുന്നത്. ഇത്തരത്തിലുള്ള മൈനുകള്‍ നിര്‍വീര്യമാക്കുന്നത് ഏറെ ബുദ്ധിമുട്ടായതിനാല്‍ സൈനികരും ഇവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ല.
മൈനുകള്‍ക്ക് ഇരകളാകുന്ന സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. അപമാനം ഭയന്ന് വീട്ടകങ്ങളില്‍ത്തന്നെ ജീവിതം തള്ളിനീക്കുകയാണിവര്‍. അനുകമ്പയില്ലാത്ത സമൂഹത്തിന്‍െറ വേട്ടയാടലില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറുന്നു. വലിയൊരു ശതമാനം സ്ത്രീകളും വിവാഹമെന്ന സ്വപ്നത്തിന് പുറത്തു നില്‍ക്കുകയാണ്. വിവാഹിതരാകുന്നവര്‍ ഒരു വീടിന്‍െറ മുഴുവന്‍ രക്ഷാധികാരിയാകണം. ബലഹീനതകള്‍ക്കിടയിലും ഒരു കുടുംബത്തിന്‍െറ എല്ലാ ഉത്തരവാദിത്തങ്ങളും അവളുടെ ചുമതലായയാകുന്നു.
കടപ്പാട്: ഇന്ത്യ ടുഗെതര്‍ വെബ്സൈറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
