പാട്ടിലെ 40 ആനന്ദ വര്‍ഷങ്ങള്‍
text_fieldsഎല്ലാ അര്‍ഥത്തിലും സംഗീതം ജീവിതം തന്നെയാണ് സിബെല്ല സദാനന്ദന്. സ്കൂള്‍കാലം മുതല്‍ കേട്ടുതുടങ്ങിയ ഈ ഗായികയുടെ നാദമാധുരി നാടകങ്ങളിലൂടെ വളര്‍ന്ന് സിനിമയിലുമെത്തി. പ്രസാദ് എബ്രഹാമുമായുള്ള വിവാഹത്തിലെ ത്തിയതും പാട്ടിലൂടത്തെന്നെ. ഗാനമേളകളിലും മാപ്പിളപ്പാട്ട് വേദികളിലും സജീവ സാന്നിധ്യമായ സിബെല്ലയുടെ സംഗീതയാത്ര നാലു പതിറ്റാണ്ട് പിന്നിടുന്നു.
നാടകം, സിനിമ
‘കണ്ണൂര്‍ കൂത്തുപറമ്പാണ് എന്‍െറ നാട്. ജോര്‍ജ് തിമൂത്തി-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍. സഹോദരന്‍ ലാംബര്‍ട്ട് ഗിത്താര്‍ വായിക്കുമായിരുന്നു. അതിനൊപ്പം കുട്ടിയായ സിബെല്ല പാടിക്കൊണ്ടിരിക്കും. സിബെല്ലയിലെ ഗായികയെ വളര്‍ത്തിയത് വീട്ടിലെ ഈ അന്തരീക്ഷമാണ് (ദുബൈയില്‍ ഗിത്താറിസ്റ്റാണ് ലാംബര്‍ട്ട് ഇപ്പോള്‍). പത്താം ക്ളാസ് പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് കണ്ണൂരില്‍ ഒരു പാട്ടുമത്സരം നടക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. മത്സരത്തില്‍ ഒന്നാമതായതോടെ കണ്ണൂരിലെ മ്യൂസിക് ക്ളബുകള്‍ ഗാനമേളകളിലേക്ക് വിളിച്ചുതുടങ്ങി. രാവുകളെ സംഗീതസാന്ദ്രമാക്കാന്‍ സിബെല്ലയെന്ന ഗായികയും അവിഭാജ്യഘടകമായി.
ഗാനമേളകളില്‍ പാടിത്തുടങ്ങിയതോടെ സംഗീതം പഠിക്കാന്‍ തീരുമാനിച്ചു. അതുവരെ അച്ഛന്‍ പാടുന്ന പാട്ടുകളായിരുന്നു സംഗീതപാഠങ്ങള്‍. വടകര കൃഷ്ണദാസായിരുന്നു ഗുരു. കര്‍ണാടക സംഗീത പഠനത്തിനു ശേഷം ആകാശവാണിയില്‍ ബി ഹൈ ആര്‍ട്ടിസ്റ്റായി. തുടര്‍ന്ന് കൃഷ്ണദാസ് മാഷ് തന്നെ നാടകങ്ങളില്‍ പാടിച്ചു. അദ്ദേഹം ട്യൂണ്‍ ചെയ്ത നിരവധി നാടകഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി. ലളിതഗാനങ്ങളും ധാരാളം പാടി. കെ. രാഘവന്‍ മാസ്റ്റര്‍, കെ.പി.എന്‍. പിള്ള, പാലാ സി.കെ. രാമചന്ദ്രന്‍, കടുത്തുരുത്തി രാധാകൃഷ്ണന്‍ തുടങ്ങിയ സംഗീത സംവിധായകരുടെ കീഴിലും ലളിതഗാനങ്ങള്‍ പാടി. കെ.പി.എ.സി, ചിരന്തന, സ്റ്റേജ് ഇന്ത്യ, സംഗമം തിയറ്റേഴ്സ്, മലബാര്‍ തിയറ്റേഴ്സ് തുടങ്ങിയ നാടകസംഘങ്ങള്‍ക്ക് വേണ്ടിയും പാടി.’
‘നാടകത്തിലെ പാട്ടുകള്‍ വല്ലാത്ത അനുഭവമായിരുന്നു. ‘സമുദായം’ എന്ന നാടകത്തിലാണ് ആദ്യമായി പാടുന്നത്.
‘വരുമോ വസന്തം
എന്‍ മലര്‍വാടിയില്‍
തരുമോ സുരഭില സുമഹാരം...’
എന്ന ഗാനം. പിന്നീട് ധാരാളം ട്രൂപ്പുകള്‍ക്കുവേണ്ടി പാടി. ടേപ് റെക്കോഡറൊന്നും പ്രചാരത്തിലുണ്ടായിരുന്നില്ല അന്ന്. ഒരുദിവസം മുഴുവന്‍ റിഹേഴ്സലുണ്ടാകും. ചിലപ്പോള്‍ അതില്‍ കൂടുതലും. പുലര്‍ച്ചെ മൂന്നുമണിക്കാണ് നാടകത്തിലെ ഗായിക പാടുന്നതെങ്കില്‍ നമ്മളപ്പോള്‍ എഴുന്നേറ്റ് പാടണം. നാടകം എവിടെയെല്ലാം കളിക്കുന്നുണ്ടോ അവിടെയെല്ലാം പോകണം. എഴുപതുകളുടെ അവസാനത്തിലായിരുന്നു ഇത്. നാടകം അവതരിപ്പിക്കാന്‍ രണ്ടോ മൂന്നോ ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ചിലപ്പോള്‍ പാട്ടുപഠിപ്പിക്കുക. ഒരു ദിവസംകൊണ്ട് പഠിച്ച് പാടേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ എന്‍െറ പാട്ടിനൊത്ത് നായിക സ്റ്റേജില്‍ പാടി അഭിനയിക്കുകയാണ്. പല്ലവി മനോഹരമായി പാടിയ ഞാന്‍ അനുപല്ലവിയുടെ ഈണം മറന്നുപോയി. എനിക്ക് പാടാനായില്ല. നായിക സ്റ്റേജിലുണ്ടെന്ന് ഓര്‍ക്കണം. ഹാര്‍മോണിയം വായിക്കുന്ന ആള്‍ക്ക് കാര്യം മനസ്സിലായി. അദ്ദേഹം അനുപല്ലവി വായിച്ചു. അങ്ങനെ സദസ്സറിയാതെ ആ പിഴവ് പരിഹരിച്ചു. നാടകവും ലളിതഗാനവുമാണ് എന്നിലെ ഗായികയെ വളര്‍ത്തിയത്’ -സിബെല്ല പറഞ്ഞു.
ഗാനഗന്ധര്‍വന്‍ യേശുദാസ് ഗാനമേളയിലേക്ക് പാടാന്‍ ക്ഷണിച്ച നിമിഷം സിബെല്ലയുടെ മനസ്സിലിപ്പോഴുമുണ്ട്. ‘ദാസേട്ടന്‍ പാടാന്‍ വിളിച്ചത് വലിയൊരനുഭവമായിരുന്നു. പേടിച്ചാണ് ആദ്യത്തെ ഗാനമേളയില്‍ അദ്ദേഹത്തോടൊപ്പം പാടിയത്. ദാസേട്ടന്‍ മറ്റെവിടെയോ പ്രോഗ്രാം കഴിഞ്ഞ് വരുന്നതിനാല്‍ റിഹേഴ്സലിനുപോലും സമയം കിട്ടിയില്ല. തലശ്ശേരി എക്സിബിഷനില്‍ റിഹേഴ്സല്‍പോലുമില്ലാതെ പാടേണ്ടിവന്നു. മോശമല്ലാതെ പാടിയപ്പോള്‍ ദാസേട്ടനും ഇഷ്ടമായി. മുഹമ്മദ് അസ്ലമിന്‍െറ കൂടെയും ധാരാളം വേദികളില്‍ പാടി.
’94ലാണ് അസ്ലം ആദ്യമായി കോഴിക്കോട്ട് വരുന്നത്. അന്നും റിഹേഴ്സല്‍പോലുമെടുക്കാതെയാണ് അസ്ലം കൂടെ പാടിച്ചത്. പിന്നീട് ധാരാളം വേദികളില്‍ ഒരുമിച്ചു. ദുബൈ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും അസ്ലം പാടാന്‍ ക്ഷണിച്ചത് എന്നെയായിരുന്നു. മലബാര്‍ മഹോത്സവത്തിലും അസ്ലമിന്‍െറകൂടെ പാടിയത് ഞാനാണ്...’
പാട്ടിലൂടെ വിവാഹം
‘അമ്മയുടെ നാട് തിരൂരാണ്. ആന്‍റി (അമ്മയുടെ ചേച്ചി) താമസിക്കുന്നത് അവിടെയാണ്. അവിടത്തെ കൊടക്കല്‍ പള്ളിയിലെ ഫെസ്റ്റിവലിന് പാടാനത്തെിയതായിരുന്നു പ്രസാദ് എബ്രഹാം. പാട്ട് ആന്‍റിക്ക് ഇഷ്ടമായി, പാടുന്ന ആളെയും. എനിക്കന്ന് വിവാഹാലോചന നടക്കുന്ന സമയമായിരുന്നു. അപ്പോള്‍ ആന്‍റിയാണ് പ്രസാദിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞത്. പാട്ടും പാട്ടുകാരനെയും എനിക്കും വീട്ടുകാര്‍ക്കും ബോധിച്ചതോടെ ഞങ്ങളുടെ വിവാഹം നടന്നു. പ്രസാദ് പള്ളിപ്പെരുന്നാളിന് പാടിയില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും കണ്ടുമുട്ടുമായിരുന്നില്ളെന്ന് തോന്നുന്നു, വിവാഹവും നടക്കാനിടയില്ല. പാട്ടായിരുന്നു ഞങ്ങളെ കൂട്ടിച്ചേര്‍ത്തത്. ആ അര്‍ഥത്തിലും സംഗീതം എന്‍െറ ജീവിതമായി.
കോഴിക്കോട്ട് താമസമാക്കിയ ശേഷമാണ് സിനിമയില്‍ പാടുന്നത്. ‘ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ എന്ന സിനിമയില്‍ ഞാനും സതീഷ് ബാബുവും പാടി. രഘുകുമാറായിരുന്നു സംഗീതം. ചുനക്കര രാമന്‍കുട്ടിയുടെ രചന. എം.ജി. ശ്രീകുമാറിന്‍െറ കൂടെയും യുഗ്മഗാനം ഉണ്ടായിരുന്നു. അതിനുമുമ്പ് വടകര കൃഷ്ണദാസ് സംഗീത സംവിധാനം നിര്‍വഹിച്ച ‘കണ്ണാടിക്കൂടി’ന് വേണ്ടി പാടിയിരുന്നു. പക്ഷേ, ആ പടം ഇറങ്ങിയില്ല. പിന്നീട് ഒന്നുരണ്ട് ട്രാക് പാടിയതല്ലാതെ വേറെ അവസരങ്ങളുണ്ടായില്ല. അവസരം ചോദിച്ച് ആരുടെ അടുത്തേക്കും പോയില്ല. അന്ന് അങ്ങോട്ട് പോയി ചോദിച്ചാല്‍ കിട്ടുമായിരുന്നു. ചെയ്തില്ല. എന്നാലും സിനിമയില്‍ അധികം പാടാന്‍ കഴിയാത്തതില്‍ യാതൊരു വിഷമവുമില്ല.’
മാപ്പിളപ്പാട്ടിന്‍െറ മുന്‍നിരയില്‍
സിബെല്ലക്ക് ഏറെ ആരാധകരെ ഉണ്ടാക്കിക്കൊടുത്തത് മാപ്പിളപ്പാട്ടാണ്. എണ്‍പതുകളിലുണ്ടായ കാസറ്റ് വിപ്ളവത്തില്‍ മാപ്പിളപ്പാട്ട് കൂടുതല്‍ ജനകീയമായിത്തുടങ്ങി. കെ.ജി. മാര്‍ക്കോസും സിബെല്ലയുമായിരുന്നു അന്ന് മുന്‍നിരയിലെ പാട്ടുകാര്‍. എല്ലാ കാസറ്റിലും ഒരു പാട്ടു വീതമെങ്കിലും അവര്‍ പാടണമെന്ന് ഓരോ കാസറ്റുകമ്പനിയും ആഗ്രഹിച്ചിരുന്നു. മാര്‍ക്കോസിന്‍െറയും സിബെല്ലയുടെയും വരവോടെ മറ്റു സമുദായത്തിലുള്ളവരും മാപ്പിളപ്പാട്ട് കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങി. ‘ആദ്യ കാലത്ത് മുസ്ലിം പാരമ്പര്യത്തില്‍തന്നെയാണ് മാപ്പിളപ്പാട്ടുകളുണ്ടായിരുന്നത്. പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, എസ്.എം. കോയ... പാട്ടുകാര്‍ എല്ലാവരും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരായിരുന്നു. ആ സമയത്ത് വേറൊരു സമുദായത്തില്‍നിന്നുള്ള ഗായിക ഞാന്‍ മാത്രമായിരുന്നു. അമ്പിളിച്ചേച്ചിയെപ്പോലെയുള്ളവര്‍ ഏതാനും പാട്ടുകള്‍ മാത്രം പാടി രംഗംവിട്ടു. ഞങ്ങള്‍ പാടാന്‍ തുടങ്ങിയതോടെയാണ് മാപ്പിളപ്പാട്ട് ജനകീയമായത്. മലബാറില്‍ മാത്രം ഒതുങ്ങിയ ഈ സംഗീതശാഖക്ക് കേരളമൊട്ടുക്കും പ്രചാരമുണ്ടാക്കിയതില്‍ എനിക്കും മാര്‍ക്കോസിനും വലിയൊരു പങ്കുണ്ട്’ -സിബെല്ല പറയുന്നു.
മീഡിയവണ്‍ പതിനാലാം രാവ്, അമൃത ടി.വിയുടെ കസവുതട്ടം തുടങ്ങിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലും വിധികര്‍ത്താവായിരുന്നു സിബെല്ല. പാട്ടിന്‍െറ ലോകത്ത് ഇപ്പോഴും സജീവമാണ് സിബെല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
