ശാന്തകുമാരി ടീച്ചര്‍ യാത്രയിലാണ്....
text_fieldsപാലക്കാട് ജില്ലയുടെ കിഴക്കനതിര്‍ത്തി ഗ്രാമമായ കൊഴിഞ്ഞാമ്പാറ കണ്ണന്‍ മേട്ടിലാണ് ഫോട്ടോഗ്രാഫിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ശാന്തകുമാരി ടീച്ചറുടെ ജീവിതം. സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍, അപൂര്‍വ പക്ഷികള്‍, നീലാകാശ കാഴ്ചകള്‍, മൃഗങ്ങള്‍, ചെറുജീവികള്‍, മഴയുടെ ലോലഭാവങ്ങള്‍, പാമ്പുകളുടെ പ്രണയം അങ്ങനെ ഒരു സാധാരണ കാമറ കൊണ്ട് ശാന്തകുമാരി ടീച്ചര്‍ പകര്‍ത്തിയത് അപൂര്‍വങ്ങളായ ഇരുപതിനായിരത്തോളം ചിത്രങ്ങള്‍. ചിത്രങ്ങള്‍ തേടി ടീച്ചര്‍ ഇപ്പോഴും യാത്രകളിലാണ്. കാടും മലയും കുന്നും പുഴയും ഡാമുകളിലുമൊക്കെ ടീച്ചര്‍ ഫോട്ടോയെടുക്കാന്‍ ഓടി നടക്കുന്നു. ചെറുപ്പക്കാരുടെ ഊര്‍ജസ്വലതയോടെ..
മഴയെന്നോ വെയിലെന്നോ രാത്രിയെന്നോ പകലെന്നോ നോക്കാതെയുള്ള ടീച്ചറുടെ ഫോട്ടോയെടുക്കാനുള്ള ഓട്ടത്തിന് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. മഴക്കാലത്താണ് ഫോട്ടോയെടുക്കാന്‍ ടീച്ചര്‍ക്ക് ഏറെയിഷ്ടം. നല്ല ഫ്രെയിമുകള്‍ ലഭിക്കുമെന്നതാണ് ഇതിന്‍െറ പ്രത്യേകത. ലക്ഷങ്ങള്‍ വിലമതിക്കുന്ന വിവിധതരം കാമറകളും സൂംലെന്‍സും സര്‍വസജ്ജീകരണങ്ങളുമായി ഫോട്ടോയെടുക്കാന്‍ കാടുകയറുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ശാന്തകുമാരി ടീച്ചര്‍ വ്യത്യസ്തയാണ്. 20,000 രൂപയില്‍ താഴെ വരുന്ന കാനന്‍ കമ്പനിയുടെ ഒരു ചെറിയ കാമറയാണ് ടീച്ചറുടെ കൈവശമുള്ളത്.
പറമ്പിക്കുളം, വയനാട്, മൂന്നാര്‍, നെല്ലിയാമ്പതി, ഇടുക്കി, തമിഴ്നാട്ടിലെ വന്യജീവികേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെ അവര്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെന്ന പരിമിതിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ, സ്വന്തം സ്കൂട്ടറില്‍ ഫോട്ടോയെടുപ്പിനുള്ള അലച്ചിലുകള്‍.. ചില സമയത്ത് ടീച്ചറുടെ ഹോബിയുള്ള സുഹൃത്തുക്കളും കൂട്ടത്തില്‍ ചേരും. അപൂര്‍വമായ അനവധി ചിത്രങ്ങള്‍. താമരയിലയിലെ മഴത്തുള്ളി, കൊല്ലങ്കോട്ട് നിന്ന് പകര്‍ത്തിയ നീലക്കോഴി, വീട്ടുമുറ്റത്തു നിന്നെടുത്ത നീലശലഭം, നാമക്കോഴി, പേക്കുയില്‍, പുള്ളിമീന്‍കൊത്തി, തുണ്ടല, പ്രാപ്പിടിയന്‍, ഫെയറി ബ്ളൂബേര്‍ഡ്, എരണ്ട തുടങ്ങി അമ്പതിലധികം പക്ഷികളുടെ വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങള്‍. 55ഇനം ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍ അങ്ങനെ അപൂര്‍വ ചിത്രങ്ങളൊക്കെ ടീച്ചര്‍ കൊച്ചുകാമറയുടെ ഫ്രെയിമുകളില്‍ ഒതുക്കിയെടുത്തു. ഇതില്‍ പലതും വിദ്യാഭ്യാസ മാസികകളിലും പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
എടുക്കുന്ന ചിത്രങ്ങള്‍ ആല്‍ബമാക്കി സൂക്ഷിക്കുന്നത് ടീച്ചറുടെ ഹോബിയാണ്. എടുത്ത ചിത്രങ്ങളെല്ലാം ടീച്ചര്‍ കുട്ടികളുടെ പഠനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തുവന്നു. കുട്ടികള്‍ക്കായി സ്കൂളുകളിലും മറ്റുമായി ടീച്ചറുടെ ചിത്രങ്ങളുടെ അമ്പതിലധികം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുമുണ്ട്. തമിഴ് അധ്യാപികയായി ആദ്യ നിയമനം ലഭിച്ച് വയനാട്ടിലെ ഒരു ഉള്‍നാടന്‍ സ്കൂളിലെ ത്തിയപ്പോള്‍ മുതലാണ് ശാന്തകുമാരി ടീച്ചര്‍ക്ക് ഫോട്ടോഗ്രഫിയോട് താല്‍പര്യം മൂത്തത്. വയനാടിന്‍െറ അപൂര്‍വ സൗന്ദര്യം മനസ്സില്‍ വല്ലാതെ പതിഞ്ഞു. അപ്പോഴൊന്നും ഒരു കാമറ കരുതാത്തതിന്‍െറ സങ്കടം മനസിലുണ്ടായിരുന്നു. വയനാടിന്‍െറയും അട്ടപ്പാടിയുടേയും പ്രകൃതിദൃശ്യങ്ങള്‍ക്കപ്പുറം അവിടങ്ങളിലെ ആദിവാസി ജീവിതവും മനസ്സില്‍ ഒരുപാട് ഫ്രെയിമുകളൊരുക്കിയിരുന്നെന്നാണ് ശാന്തകുമാരി ടീച്ചര്‍ പറയുന്നത്. വയനാട്ടില്‍ നിന്നുള്ള മാറ്റം അട്ടപ്പാടിയിലേക്കായിരുന്നു. ഇവിടുന്ന് പിന്നീട് ടീച്ചറത്തെിയത് ചിറ്റൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ പിന്നാക്കമേഖലയായ കുന്നംകാട്ടുപതി എല്‍.പി സ്കൂളിലായിരുന്നു.
വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ സ്കൂളില്‍ പഠിക്കാനെ ത്തിയിരുന്നത്. ടീച്ചര്‍ ഇവിടെ എത്തിയതോടെ സ്കൂളിന്‍െറ അന്തരീക്ഷവും വ്യത്യസ്തമായി. ശാസ്ത്രമേളകളിലും കലാമേളകളിലുമൊക്കെ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികളെ ടീച്ചര്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു. ശാസ്ത്രമേളകളില്‍ ഈ സ്കൂളിലെ കൊച്ചുകുരുന്നുകള്‍ നേട്ടമുണ്ടാക്കി. ഫോട്ടോശേഖരം അതിനൊരു കരുത്ത് പകര്‍ന്നെന്നാണ് ടീച്ചര്‍ പറയുന്നത്. ഫോട്ടോഗ്രഫിക്ക് കുട്ടികള്‍ക്കിടയില്‍ പ്രകൃതി സ്നേഹത്തിന്‍െറ വിത്തുപാകാന്‍ കഴിഞ്ഞെന്ന് ടീച്ചര്‍ പറയുന്നു. കുന്നങ്ങാട്ടുപതി എല്‍.പി സ്കൂള്‍ ഒരു പരിസ്ഥിതി സൗഹൃദ സ്കൂളാക്കി മാറ്റിയെടുക്കാനായതിലും പ്രധാനാധ്യാപികയെന്ന നിലയില്‍ ടീച്ചര്‍ക്ക് ഏറെ അഭിമാനിക്കാനുള്ള വകയുണ്ട്. 2010ല്‍ സ്കൂളില്‍നിന്ന് വിരമിച്ചതോടെ ശാന്തകുമാരി ടീച്ചറുടെ ഫോട്ടോഗ്രാഫി മോഹത്തിന് വേഗമേറി.
ഫോട്ടോഗ്രഫിയില്‍ മാത്രം ശാന്തകുമാരി ടീച്ചറുടെ ജീവിതം ഒതുങ്ങുന്നില്ല. നല്ളൊരു എഴുത്തുകാരിയും സംഘാടകയും സാമൂഹിക പ്രവര്‍ത്തകയുമാണ്. അധ്യാപനവും ഫോട്ടോഗ്രഫിയുമൊക്കെ ജീവിതത്തിന്‍െറ ഭാഗമായി മാറിയതോടെ ടീച്ചര്‍ വിവാഹം പോലും മറന്നു. പാലക്കാട്ടെ സൃഷ്ടിയോന്മുഖ ഫോട്ടോഗ്രഫര്‍മാരുടെ സംഘടനയിലെ (ഇമേജ്) അംഗമാണ്. ഇമേജ് വര്‍ഷന്തോറും നടത്തുന്ന ഫോട്ടോപ്രദര്‍ശനത്തിലും ടീച്ചറെടുത്ത അപൂര്‍വ ചിത്രങ്ങളും ഇടംപിടിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
