ജീവിതം എടുത്തുയര്‍ത്തിയ ഗ്ലാസ്‌ഗോവിലെ ഹീറോ
text_fieldsവിധിയെ തോല്‍പിച്ച് വിജയം കൈവരിക്കുന്നവരാണ് യഥാര്‍ഥ പോരാളികള്‍. 20മത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് മുതല്‍ക്കൂട്ടായി ആരുമറിയാതെ പോയ ഒരു ഹീറോയുണ്ടായിരുന്നു. പോളിയോ രോഗത്തോടും ദാരിദ്ര്യത്തോടും പൊരുതി നേടിയ മനക്കരുത്തുമായി ഗ്ലാസ്‌ഗോവിലെത്തിയ അവള്‍ ഇന്ത്യയുടെ പട്ടികയില്‍ ഒരു വെങ്കല മെഡല്‍ സമ്മാനിച്ചാണ് മടങ്ങിയത്.
കുടുംബത്തിന്‍െറയും നാടിന്‍െറയും മുഴുവന്‍ പ്രതീക്ഷകളും അഭിലാഷങ്ങളും തോളിലേറ്റി മത്സരിക്കാനെത്തിയ ബംഗാളിന്‍െറ പ്രിയപ്പെട്ട പവര്‍ ലിഫ്റ്റര്‍ സെക്കീന ഖാതുന്‍ എന്ന റിയല്‍ ഹീറോ അങ്ങനെ ആരെയും നിരാശപ്പെടുത്തിയില്ല. ഭാരോദ്വഹനത്തില്‍ വനിതകളുടെ ലൈറ്റ് വെയ്റ്റ് വിഭാഗത്തിലായിരുന്നു ഈ 28കാരി മെഡല്‍ നേടിയത്. അതുകൊണ്ടുതന്നെ ആ വിജയത്തിന് തിളക്കവും കൂടും. വര്‍ഷത്തിന്‍െറ തുടക്കത്തില്‍ ദുബൈയില്‍ നടന്ന ഐ.പി.സി ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍, ആ തോല്‍വി നല്‍കിയ പാഠം തന്‍െറ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയായിരുന്നു. ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ മൊത്തം 88.2 കി.ഗ്രാം ഉയര്‍ത്തിയാണ് സെക്കീന മൂന്നാംസ്ഥാനം നേടിയത്.
ദാരിദ്ര്യത്തെ തോല്‍പിച്ച്
കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള പര്‍ഗാനസ് ജില്ലയിലെ കൊരപാറ ഗ്രാമത്തിലാണ് സെക്കീന ജനിച്ചത്. കൂലിപ്പണിക്കാരനായിരുന്ന പിതാവ് സിറാജുല്‍ ഗസി പ്രായാധിക്യം കാരണം ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. തയ്യല്‍ തൊഴിലാളിയായ സഹോദരന്‍ നൂര്‍ ഇസ് ലാമിന്‍െറ തുച്ഛമായ വരുമാനമാണ് കുടുംബത്തിന് ഏക ആശ്രയം. വീട്ടുവേലക്കാരിയാണ് മാതാവ് നൂര്‍ജഹാന്‍. സെക്കീനയുടെ മൂത്ത സഹോദരിയും ഇളയ സഹോദരിയും വിവാഹിതരാണ്. പോളിയോ വേട്ടയാടുമ്പോഴും ചെറുപ്പത്തിലെ അത് ലറ്റിക്സിനോടുള്ള തന്‍െറ പ്രിയം മറച്ചുവെച്ചില്ല. നീന്തലും മറ്റു കായിക ഇനങ്ങളും താല്‍പര്യത്തോടെ പിന്തുടര്‍ന്നു. ഒരു പ്രാദേശിക ക്ളബിന്‍െറ നീന്തല്‍ പരിശീലനത്തിലൂടെയായിരുന്നു തുടക്കം. ഈ സമയത്തുതന്നെ വിവിധ ടൂര്‍ണമെന്‍റുകളിലും പങ്കെടുത്തു.
പെണ്‍കുട്ടിയുടെ താല്‍പര്യത്തില്‍ ആകൃഷ്ടരായ കാരപാറ ഫുട്ബാള്‍ കോച്ചിങ് സെന്‍റര്‍ സഹായ ഹസ്തവുമായി മുന്നോട്ടു വരുകയായിരുന്നു. സെക്കീനയുടെ കാലിന്‍െറ ശസ്ത്രക്രിയക്കായി ഒരു സ്പോണ്‍സറെ കണ്ടെത്തി ചികിത്സ നല്‍കി. തുടര്‍ന്നാണ് കാലിന് കുറച്ചെങ്കിലും ശേഷി നേടിയെടുക്കാനായത്. സാമൂഹിക പ്രവര്‍ത്തകനും വ്യാപാരിയുമായ ദിലീപ് മജുംദാറിന്‍െറ സഹായത്തോടെ കൊല്‍ക്കത്തയിലെ കോളജ് സ്ക്വയറിലുള്ള നീന്തല്‍ ക്ളബില്‍ പ്രവേശവും ലഭിച്ചു.
.png)
നീന്തലില്‍ നിന്ന് ഭാരോദ്വഹനത്തിലേക്ക്
ക്ളബിലെ പരിശീലകനാണ് സെക്കീനയുടെ ഭാരദ്വഹനത്തിലുള്ള കഴിവ് തിരിച്ചറിയുന്നത്. എന്നാല്‍, ഇവിടെ പരിശീലനത്തിനുള്ള സൗകര്യം പരിമിതമായിരുന്നു. സുമനസ്കനായ മജുംദാറിന്‍െറ സഹായത്തോടെ പഞ്ചാബിലും തുടര്‍ന്ന് ബംഗളൂരുവിലും മൂന്നുവര്‍ഷം മികച്ച പരിശീലനം ലഭിച്ചു. രാജ്യത്തെ മികച്ച പവര്‍ ലിഫ്റ്റര്‍ ഫര്‍മാന്‍ ബാഷയുടെ കീഴിലായിരുന്നു ഇവിടെ പരിശീലനം.
എന്ത് മത്സരത്തിലാണ് മകള്‍ പങ്കെടുക്കുന്നതെന്നോ ഏത് രാജ്യത്തേക്കാണ് പോയതെന്നോ അറിയാതെ കൊല്‍ക്കത്തയിലെ പര്‍ഗാനസ് ജില്ലയില്‍ നൂര്‍ജഹാന്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. മകള്‍ വെങ്കല മെഡല്‍ നേടിയെന്ന് മാത്രമേ അവര്‍ക്കറിയൂ. ഞങ്ങള്‍ ദരിദ്ര കുടുംബമാണ്, വീട്ടില്‍ ഒന്നുമില്ല, ഇത് ദൈവംതന്ന സമ്മാനമാണെന്നും നൂര്‍ജഹാന്‍ പറയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ദൈവത്തിന്‍െറ ഈദ് സമ്മാനം
സെക്കീനക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് പോളിയോ രോഗം ബാധിക്കുന്നത്. രണ്ടു വര്‍ഷത്തോളം കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു മക്കളില്‍ സെക്കീന മാത്രമാണ് സെക്കന്‍ഡറി പരീക്ഷ വിജയിച്ചത്. സഹോദരന്‍ നൂര്‍ ഇസ് ലാമും പിതാവ് സിറാജുല്‍ ഗസിയും സെക്കീനയുടെ കായിക താല്‍പര്യത്തെ അവഗണിക്കുകയായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഇവരുടെ എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതോടെ സെക്കീനയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഒഴുക്കാണ്. ഇവര്‍ക്ക് മുന്നില്‍ ആവേശത്തോടെയാണ് മകള്‍ നേടിയ മെഡലുകളും ട്രോഫികളും കുടുംബം പ്രദര്‍ശിപ്പിക്കുന്നത്.
ഒരു സര്‍ക്കാര്‍ ജോലി എന്ന ആഗ്രഹവുമായി മമത ബാനര്‍ജിയെ കാണാനുള്ള തയാറെടുപ്പിലാണ് അവര്‍. സംസ്ഥാന കായിക മന്ത്രി മദന്‍ മിത്ര സെക്കീനക്ക് ഒരുലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ശ്രമം നടത്തുമെന്നും അദ്ദേഹം വാക്കു നല്‍കി. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള തയാറെടുപ്പിന്‍െറ ഭാഗമായി ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കുകയാണ് അവര്‍. ദൈവത്തിന്‍െറ ഈദ് സമ്മാനമാണ് ഈ മെഡലെന്നാണ് സെക്കീന പ്രതികരിച്ചത്. സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷയില്‍ തന്നെയാണ് അവര്‍. ഏഷ്യന്‍ ഗെയിംസിലും ഈ ഹീറോ വിജയിക്കട്ടെ എന്നു നമുക്ക് ആശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
