Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകടല്‍ കടന്ന്...

കടല്‍ കടന്ന് ആകാശത്തേക്ക്

text_fields
bookmark_border
കടല്‍ കടന്ന് ആകാശത്തേക്ക്
cancel

ആലപ്പുഴ താമരക്കുളം വി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ലൈബ്രറിയില്‍ ഇന്നും ആ പുസ്തകമുണ്ട്. വിമാനം പറപ്പിക്കുന്നതിനെക്കുറിച്ചുള്ള പുസ്തകം. താമരക്കുളം തേവലശ്ശേരി ഇല്ലത്തെ ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന ഗാര്‍ഗി അന്തര്‍ജനം ഒമ്പതു കൊല്ലം മുമ്പുള്ളൊരു വൈകുന്നേരം വീട്ടിലെത്തിയത് ഈ പുസ്തകവുമായി. വായനക്കൊടുവില്‍ അവള്‍ ആഗ്രഹിച്ചു. തനിക്കൊരു പൈലറ്റാകണം. എന്നാല്‍, അതൊരു വെറും ആഗ്രഹമായിരുന്നില്ല. അതൊരു തീരുമാനമായി വളരുകയായിരുന്നു.

പ്ളസ്ടു പാസായപ്പോള്‍ പൈലറ്റ് പരിശീലനത്തിനൊഴികെ മറ്റൊന്നിനും പോകാന്‍ തയാറല്ളെന്ന് ഗാര്‍ഗി നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. വിമാനത്തിന്‍െറ ഇരമ്പല്‍ കേട്ടാല്‍ പോലും പേടിക്കുന്ന അമ്മ മകളെ പിന്തിരിപ്പിക്കാന്‍ തുനിഞ്ഞതും വൃഥാവിലായി. അനുജന്‍ ഋഷികേശ് ചേച്ചിയോട് പിന്തുണയറിയിച്ചു. ഒടുവില്‍ ക്ഷേത്രപൂജാരിയായ ഹരികൃഷ്ണന്‍ നമ്പൂതിരി മകളുടെ പഠനത്തിന് പണം കണ്ടെത്താനുള്ള മാര്‍ഗം സ്വീകരിച്ചു. കോടിയിലധികം വിപണിമൂല്യമുള്ള രണ്ടര ഏക്കര്‍ പുരയിടം കിട്ടിയ വിലയ്ക്ക് വിറ്റു. ഗാര്‍ഗിക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശം സാധ്യമായി.

ഹൈദരാബാദില്‍ 2008 ജൂലൈയിലാണ് ഗാര്‍ഗി പഠനത്തിന് ചേര്‍ന്നത്. 30 പേരുള്ളതില്‍ ഗാര്‍ഗിയൊഴികെ എല്ലാവരും മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ജനിച്ചുവളര്‍ന്ന് മുന്തിയ സ്കൂളുകളില്‍ പഠിച്ചവര്‍. പഠനമാധ്യമം ഇംഗ്ളീഷും ഹിന്ദിയും തെലുഗുവും. ആകപ്പാടെ ഒട്ടും സുഖകരമല്ലാത്ത അന്തരീക്ഷം. സഹപാഠികള്‍ ഈ മലയാളിക്കുട്ടിയെ വിചിത്രജീവിയെപ്പോലെ കണ്ടു. അവരുടെ ആഡംബര വേഷങ്ങള്‍ക്കു മുന്നില്‍ കേവലമൊരു കാഴ്ചവസ്തു മാത്രമായി ഗാര്‍ഗി. ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഗാര്‍ഗി തോല്‍ക്കുകയും ചെയ്തു. എന്നാല്‍, പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. രണ്ടാം തവണ അവള്‍ വിജയിക്കുക തന്നെ ചെയ്തു.

ഒടുവില്‍ പരീക്ഷ വരുന്നു. ഒറ്റക്ക് വിമാനം പറത്തുന്ന, സോളോ, ഫൈ്ളങ് ആണ് ചെയ്യേണ്ടത്. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാവുന്ന, സെസ്ന സി 150 വിമാനമാണ്. കോക്പിറ്റില്‍ കയറിയപ്പോള്‍ ആകെയൊരു ശൂന്യത. പാനലിലെ സ്വിച്ചുകളും യന്ത്രഭാഗങ്ങളും അപരിചിതത്വം കാട്ടുന്നു. എപ്പോഴോ നിരാശയോടെ ഗാര്‍ഗി പുറത്തിറങ്ങി. പൈലറ്റ് ആകാനുള്ള എന്‍െറ ആഗ്രഹം തെറ്റായിപ്പോയി എന്ന് കരുതിയ നിമിഷങ്ങളായിരുന്നു അതെന്ന് ഗാര്‍ഗി ഓര്‍ക്കുന്നു. അന്ന് ഹോസ്റ്റല്‍ മുറിയിലെത്തി ഒരേയിരിപ്പിരുന്നു. അച്ഛനെ വിളിച്ച്, തനിക്കിതിന് കഴിയില്ളെന്നും നാട്ടിലേക്ക് വരുകയാണെന്നും പറഞ്ഞു. അങ്ങനെ, ഒന്നരവര്‍ഷത്തെ പഠനത്തിനുശേഷം 2009 ഡിസംബറിലെ പുലര്‍ച്ചയില്‍ ഗാര്‍ഗി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ശബരി എക്സ്പ്രസില്‍ കയറി.

തീവണ്ടിമുറി നിറയെ ഹൈദരാബാദിലെ പെണ്‍കുട്ടികളാണ്. അവര്‍ കോട്ടയത്തെ ഒരു കൃസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്ക് പോകുകയാണെന്ന് പിന്നീടറിഞ്ഞു. ഒരു കന്യാസ്ത്രീയാണ് അവരെ നയിക്കുന്നത്. നിന്ന് കാലു തളര്‍ന്നപ്പോള്‍ ഇരിക്കാന്‍ അല്‍പം ഇടം ചോദിച്ചു. തല്‍ക്കാലം ഇരുന്നോളൂ, സന്ധ്യയാകുമ്പോള്‍ മറ്റെവിടേക്കെങ്കിലും മാറിക്കൊള്ളണമെന്ന് സിസ്റ്റര്‍. ഗാര്‍ഗി ഫോണില്‍ സംസാരിക്കുന്നത് കേട്ട് മലയാളിയാണെന്ന് സിസ്റ്റര്‍ മനസ്സിലാക്കി. അവരൊക്കെയും ഉച്ചഭക്ഷണം കഴിച്ചുതുടങ്ങി. ഗാര്‍ഗിയുടെ കൈയില്‍ പൈസ ഇല്ളെന്ന് അവര്‍ക്ക് തോന്നിയിരിക്കണം. സിസ്റ്റര്‍ പുറത്തിറങ്ങി കുറെ പഴങ്ങള്‍ വാങ്ങികൊടുത്തു. സന്ധ്യയായപ്പോള്‍ സിസ്റ്റര്‍ തങ്ങളുടെ ഒരു ബര്‍ത്ത് ഒഴിവുണ്ടെന്നും അതില്‍ കിടന്നോളാനും പറഞ്ഞു. ഗാര്‍ഗിയുടെ അവസ്ഥ മനസിലായെന്നപോലെ അവര്‍ പ്രശ്നം എന്താണെന്ന് ആരാഞ്ഞു. അനുഭവം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ കന്യാസ്ത്രീയെ കെട്ടിപ്പിടിച്ചു. പിന്നെ അല്‍പനേരം മൗനിയായി പ്രാര്‍ഥിച്ചശേഷം പറഞ്ഞു.

‘30 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെനിക്ക്. ഇന്നുവരെ ഒരു വിദ്യാര്‍ഥിയും പൈലറ്റാകണമെന്ന് എന്നോട് പറഞ്ഞിട്ടില്ല. പരമാവധി പറഞ്ഞത് ഡോക്ടര്‍. മോള്‍ തെരഞ്ഞെടുത്ത വഴി തീര്‍ച്ചയായും മഹത്തരമാണ്. പതറാതെ പഠനം തുടരുക. എന്‍െറ പ്രാര്‍ഥനകളില്‍ മോളും ഉണ്ടായിരിക്കും’ -മനസില്‍ നിന്നൊരു മഹാപര്‍വതം ഉരുകി ജലകണങ്ങളായി തീര്‍ന്ന പ്രതീതി ആയിരുന്നു തനിക്കെന്ന് ഗാര്‍ഗി ഓര്‍ക്കുന്നു. കോട്ടയത്ത് കുട്ടികള്‍ക്കൊപ്പം ആ ദൈവദൂത ഇറങ്ങിപ്പോയി.

വീട്ടിലെത്തിയ ഗാര്‍ഗി റിലാക്സ്ഡ് ആയി. താന്‍ ലക്ഷ്യത്തില്‍ എത്തുമെന്ന് ഗാര്‍ഗി പ്രതിഞ്ജ ചെയ്തു. മനസ്സില്‍ കന്യാസ്ത്രീ പറഞ്ഞ വാക്കുകളായിരുന്നു. അങ്ങനെയിരിക്കെ, ഹൈദരാബാദ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ ഷെഹിന്‍ ഷാ ഗാര്‍ഗിയെ വിളിച്ച് മാലദ്വീപില്‍ തുടങ്ങിയ ഏഷ്യന്‍ അക്കാദമി ഓഫ് ഏവിയേഷനെക്കുറിച്ച് പറഞ്ഞു. കോവളം സ്വദേശിയാണ് ക്യാപ്റ്റന്‍ ഷെഹിന്‍ ഷാ. ശ്രീലങ്കന്‍ സര്‍ക്കാറാണ് ഈ സ്ഥാപനം നടത്തുന്നത്. ശ്രീലങ്കന്‍ സ്വദേശിയായ അലി അക്ബറാണ് അക്കാദമി മാനേജിങ് ഡയറക്ടര്‍. ഗാര്‍ഗി ക്ഷണം സ്വീകരിച്ച് അവിടെ ചേര്‍ന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 30 വിദ്യാര്‍ഥികള്‍. ശ്രീലങ്കന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുരഞ്ജന്‍ ഡിസെല്‍വ ആയിരുന്നു ചീഫ് ഇന്‍സ്ട്രക്ടര്‍. ആദ്യത്തെ ആറു മാസം ഗ്രൗണ്ട് ക്ളാസ്. എഴുത്തു പരീക്ഷയുടെ ഫലം വന്നപ്പോള്‍ 95 ശതമാനം മാര്‍ക്കുമായി ഗാര്‍ഗി ഒന്നാമതെത്തി.

ഏതാണ്ട് ഈ സമയത്താണ് അക്കാദമി മാനേജിങ് ഡയറക്ടര്‍ അലി അക്ബര്‍ അവിടം സന്ദര്‍ശിച്ചത്. ഗാര്‍ഗിയുടെ മാര്‍ക്ക് ഷീറ്റ് കണ്ട അദ്ദേഹം സന്തുഷ്ടനായി. സാമ്പത്തികമായി ഞെരുക്കമുള്ള കാര്യം സൂചിപ്പിച്ച മാത്രയില്‍തന്നെ ഒരനുഗ്രഹ വര്‍ഷം പോലെ അദ്ദേഹം മുഴുവന്‍ ഹോസ്റ്റല്‍ ഫീസും ഒഴിവാക്കി കൊടുത്തു. 30,000 രൂപയിലും അധികമാണ് പ്രതിമാസ ഹോസ്റ്റല്‍ ഫീസ് എന്നോര്‍ക്കണം.

ഒറ്റക്ക് വിമാനം പറത്താനുള്ള ഊഴമായി. ആത്മ വിശ്വാസത്തോടെ ഗാര്‍ഗി അതിനായി ഒരുങ്ങി. സെസ്ന സി 150ല്‍ പറന്നു തുടങ്ങി. 20 മിനിറ്റാണ് സമയം. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എ.ടി.സി) നിന്ന് ലാന്‍ഡിങ് അനുമതി കിട്ടി. ഈ സമയം തന്നെ 50ലധികം യാത്രക്കാരുമായി ഐലന്‍ഡ് ഏവിയേഷന്‍െറ വലിയ വിമാനം ഇറക്കേണ്ട ഗ്യാന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് മുകളില്‍ എ.ടി.സി അനുമതി കാത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ആ വിമാനത്തെ ആകാശത്ത് ഹോള്‍ഡ് ചെയ്ത് നിര്‍ത്തിയിട്ടാണ് അനുമതി ലഭിച്ചത്. തുടര്‍ന്ന് ഗാര്‍ഗി വിമാനം ലാന്‍ഡ് ചെയ്തു. ഗാര്‍ഗി പറയുന്നു: ഗ്യാന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണ് എന്‍െറ ബേസ്. ഫോര്‍മുല എയര്‍പോര്‍ട്ട് വഴി കാടത്തേുവിലേക്കാണ് ഒറ്റക്കുള്ള ക്രോസ് കണ്‍ട്രി പറക്കല്‍. ഏതാണ്ട് 300 കിലോമീറ്റര്‍ അകലമുണ്ട്. കടല്‍ നടുവിലെ മൂന്നു ദ്വീപുകളിലെ എയര്‍പോര്‍ട്ടുകളാണ് ഗ്യാന്‍, ഫോര്‍മുല, കാടേത്തു എന്നിവ. ഗ്യാനില്‍ നിന്ന് ഫോര്‍മുല വഴി കാടത്തേുവിലെ ത്തി. ഇറങ്ങി ഒരു ജ്യൂസ് കുടിച്ച് 10 മിനിറ്റ് വിശ്രമിച്ചശേഷം മടക്കയാത്ര തുടങ്ങി.

10,000 അടി ഉയരത്തിലാണ് വിമാനം പറക്കുന്നത്. മാലദ്വീപിലെ കാലാവസ്ഥ പ്രത്യേകതയുള്ളതാണ്. തെളിഞ്ഞ കാലാവസ്ഥ കണ്ട് പറക്കാന്‍ ഒരുങ്ങുമ്പോഴാകും ചറപറാ മഴ പെയ്യുക. മടക്കയാത്ര തുടങ്ങുമ്പോള്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഫോര്‍മുലക്കു മുകളില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍െറ നിര്‍ദേശം വന്നു. കഴിയുമെങ്കില്‍, അവിടെ ലാന്‍ഡ് ചെയ്യാന്‍. ഗ്യാനില്‍ വലിയ ഇടിയും മഴയും. അവിടെ ലാന്‍ഡിങ് പ്രയാസകരമാകും.

ഫോര്‍മുലയില്‍ എ.ടി.സി സംവിധാനം ഇല്ല. അഥവാ, ഇറക്കിയാല്‍ തന്നെ തുടര്‍യാത്രക്ക് ഇന്ധനം തികയാതെ വരും. വിമാനം ആകാശത്ത് ഓര്‍ബിറ്റ് ചെയ്ത് നിര്‍ത്തി. ഇന്ധനനില താഴുന്നതിനെപ്പറ്റി ക്യാപ്റ്റനെ വിളിച്ച് ധരിപ്പിച്ചപ്പോള്‍ ഗ്യാനിലേക്ക് പോന്നോളാന്‍ അനുമതി തന്നു. ഈ സമയം ഐലന്‍ഡ് ഏവിയേഷന്‍െറ വലിയൊരു യാത്രാവിമാനം ഗ്യാനില്‍ ഇറങ്ങാന്‍ ഊഴംകാത്ത് ആകാശത്തുണ്ടായിരുന്നു. എന്‍െറ വിമാനത്തിന്‍െറ ദിശയും അകലവും ഉയരവും വേഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാപ്റ്റന്‍െറ നിര്‍ദേശം വന്നു. സെസ്നയില്‍ ഇതൊക്കെ മാന്വല്‍ ആയി വേണം ചെയ്യാന്‍. മാപ് കൈയിലെടുത്ത് കണക്കുകൂട്ടുന്നതിനിടെയാണ് അത് സംഭവിച്ചത്. ഒരു നിമിഷത്തിന്‍െറ പത്തിലൊരംശം സമയംകൊണ്ട് ഒരു മേഘക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ വിമാനം 200 അടിയോളം താഴേക്ക് പതിച്ചിരിക്കുന്നു. നെഞ്ചില്‍ കൊള്ളിയാനുകള്‍ മാത്രം. ഈശ്വരനെ മനസ്സില്‍ വിളിച്ചുകൊണ്ട് പരമാവധി പവര്‍ കൊടുത്തു. അതാ വിമാനം മേലേക്ക് ഉയരുന്നു. മഴയത്തുതന്നെ ഞാന്‍ വിമാനം നിലത്തിറക്കി. അങ്ങേയറ്റം വൈദഗ്ധ്യമുള്ള ലാന്‍ഡിങ് എന്നാണ് ക്യാപ്റ്റന്‍ അതിനെ വിശേഷിപ്പിച്ചത്.

മാലദ്വീപ് വിമാനക്കമ്പനിയായ ഐലന്‍ഡ് ഏവിയേഷനില്‍ കോ പൈലറ്റ് ആണ് ഗാര്‍ഗി ഇപ്പോള്‍. 110 മണിക്കൂറിലധികം ഒറ്റക്ക് വിമാനം പറപ്പിച്ചതിന്‍െറ അനുഭവസമ്പത്തുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ കയറാനുള്ള, ടൈപ്പ് റൈറ്റര്‍ ടെസ്റ്റിനായി അവധിയില്‍ എത്തിയതാണ്.
മാലദ്വീപ് സര്‍ക്കാര്‍വക വിമാനക്കമ്പനിയായ ഐലന്‍ഡ് എയര്‍വെയ്സില്‍ കോ പൈലറ്റായി ജോലി നോക്കുന്ന ഗാര്‍ഗി നാട്ടിലെത്തിയത് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ കയറാനുള്ള പ്രത്യേക പരിശീലനത്തിനുവേണ്ടിയാണ്. 30ലക്ഷം ചെലവു വരുന്നതും 15 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളതുമായ, ടൈപ്പ്റൈറ്റര്‍, സാങ്കേതിക പരിശീലനമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ വമ്പന്‍ യാത്രാവിമാനങ്ങളും ഗാര്‍ഗി എന്ന 23കാരിയും തമ്മിലുള്ള അകലം. താമരക്കുളം ചത്തിയറ ശക്തികുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് ഇപ്പോള്‍ ഈ തുക സങ്കല്‍പിക്കാവുന്നതിലും വലുതാണ്. ഒരു ദൈവദൂതന്‍ എത്തുമെന്നും കടപ്പാടുകള്‍ ജോലി ചെയ്ത് വീട്ടാനാവുമെന്നും ഗാര്‍ഗി വിശ്വസിക്കുന്നു.

ഇത് വിജയിച്ചാലേ ഇന്ത്യന്‍ വിമാനങ്ങള്‍ പറത്താനാവൂ. മകളെ പഠിപ്പിക്കാന്‍ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ച ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് മുന്നില്‍ പണം പ്രതിബന്ധമാവുകയാണ്. 15 മണിക്കൂര്‍ പരിശീലനത്തിന് 30 ലക്ഷം രൂപ കണ്ടെത്തണം. എല്ലാ മാര്‍ഗവും അടഞ്ഞ നിലയിലാണ്. മകളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ മഹാത്യാഗങ്ങള്‍ അനുഷ്ഠിച്ചൊരു പിതാവ് നിസ്സഹായനാവുകയാണ്.

ആകാശത്തോളം സ്വപ്നം കാണാന്‍ കൊതിക്കുന്നവര്‍ അറിയുക. ആലപ്പുഴ താമരക്കുളം വി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ലൈബ്രറിയില്‍ ഇന്നും ആ പുസ്തകമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story