സുവര്‍ണദീപിക
text_fieldsസ്ക്വാഷ്, ഒരു കായിക ഇനമെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതമല്ലാത്തതാണ്. കോമണ്‍വെല്‍ത്ത് മത്സരവേദിയില്‍ ആ കായിക ഇനത്തില്‍ ആദ്യമായൊരു സുവര്‍ണനേട്ടം രാജ്യം നേടിയത് ഒരു മലയാളിയിലൂടെയാണെന്നത് അഭിമാനിക്കാവുന്ന കാര്യമാകുന്നു. സ്ക്വാഷ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ സഖ്യത്തിലെ ഒരാളായ ദീപിക പള്ളിക്കല്‍ ജീവിതം കൊണ്ട് തമിഴ്നാട്ടുകാരിയെങ്കിലും ജന്മം കൊണ്ട് മലയാളിയാണ്. കേരളത്തിന്‍െറ പ്രതിനിധികളായി പോയ മലയാളി താരങ്ങളൊന്നും പേരിന് പോലും മികച്ച പ്രകടനം കാഴ്ചവെക്കാതെ പോയിടത്താണ് ദീപികയുടെ പേരില്‍ മലയാളം ഗ്ളാസ്ഗോയില്‍ അഭിമാനമായത്.
പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്വദേശികളായ സഞ്ജീവ് ജോര്‍ജ് പള്ളിക്കലിന്‍െറയും സൂസന്‍ ഇട്ടിച്ചെറിയയുടെയും മകളായി 1991 സെപ്റ്റംബറിലാണ് ദീപികയുടെ ജനനം. ദീപിക റബേക്ക പള്ളിക്കല്‍ എന്നാണ് മുഴുവന്‍ പേര്. ചെന്നൈ ഇത്തിരാജ് കോളജില്‍ ഇംഗ്ളീഷ് ബിരുദം പൂര്‍ത്തിയാക്കി. ഒരു സ്പോര്‍ട്സ് താരമാകുക എന്നത് ദീപികയെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമായിരുന്നില്ല. കായിക കുടുംബത്തിലെ മൂന്നാം തലമുറക്കാരിയായതിനാല്‍ തന്നെ തീര്‍ച്ചയായും താന്‍ സ്പോര്‍ട്സില്‍ തന്നെ എത്തുമായിരുന്നു എന്നാണ് ദീപികയെപ്പോഴും പറയാറ്. അച്ഛന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു. അമ്മ സൂസന്‍ മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം താരമായിരുന്നു. അമ്മയുടെ പിതാവ് കെ.കെ. ഇട്ടിച്ചെറിയ മുന്‍ ബാസ്കറ്റ് ബാള്‍ താരവും മാതാവ് ഗ്രേസി അത്ലറ്റുമായിരുന്ന പാരമ്പര്യവുമുണ്ട്. ദീപികയുടെ പ്രതിശ്രുത വരനും കായിക രംഗത്തുനിന്നു തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ദിനേശ് കാര്‍ത്തിക്കുമായുള്ള താരത്തിന്‍െറ വിവാഹനിശ്ചയം വലിയ വാര്‍ത്തയായിരുന്നു.
അഞ്ചു തവണ ലോക ചാമ്പ്യനായിരുന്നിട്ടുള്ള തന്‍െറ കോച്ച് സാറ ഫിറ്റ്സ് ജറാള്‍ഡിനെയാണ് ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനമായി ദീപിക കാണുന്നത്. 2006 ലാണ് പ്രഫഷനല്‍ സ്ക്വാഷ് താരമായി ദീപിക ചുവടുവെച്ചു തുടങ്ങിയത്. ആദ്യ കാലഘട്ടത്തില്‍ കയറിയും ഇറങ്ങിയും നിന്ന കരിയറില്‍ നിന്ന് വളര്‍ന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായി മാറുന്നതിന് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. യൂറോപ്യന്‍ ജൂനിയര്‍ സ്ക്വാഷ് സര്‍ക്യൂട്ടില്‍ ജര്‍മ്മന്‍ ഓപണ്‍, ഡച്ച് ഓപണ്‍, ഫ്രഞ്ച് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍, സ്കോട്ടിഷ് ഓപണ്‍ എന്നിവയില്‍ ജേതാവായിരുന്നു. എന്നാല്‍, ജൂനിയര്‍ ലെവലില്‍ ഒരു ലോക കിരീടം നേടാന്‍ കഴിയാതെപോയത് ഇന്നും ദീപികയുടെ സ്വകാര്യ ദു:ഖങ്ങളിലൊന്നാണ്. വിമന്‍സ് ഇന്‍റര്‍നാഷനല്‍ സ്ക്വാഷ് പ്ളെയേഴ്സ് അസോസിയേഷന്‍െറ മൂന്നു കിരീടങ്ങളാണ് ദീപിക ഈ കാലയളവില്‍ സ്വന്തമാക്കിയത്. 2011 ലോക ഓപണില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ പ്രകടനമാണ് ദീപികയെ ശ്രദ്ധേയയാക്കിയത്. ലോക റാങ്കിങ്ങില്‍ 20നുള്ളിലും പിന്നീട് 10 നുള്ളിലും എത്തിയ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം ഈ മലയാളിക്ക് സ്വന്തം. ഇപ്പോള്‍ ലോക പത്താം നമ്പറാണ് ദീപിക. ആകെ ഏഴു കിരീടങ്ങളാണ് കരിയറില്‍ ഇതുവരെയുള്ള നേട്ടം.
ഇന്ത്യന്‍ കായിക രംഗത്തിന് ലഭിക്കുന്ന പ്രമുഖ പുരസ്കാരമായ അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയ ആദ്യ സ്ക്വാഷ് താരവും മറ്റാരുമല്ല. ഈ വര്‍ഷം രാജ്യത്തെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും തേടിയെ ത്തിയതോടെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്നെ തന്‍േറതായൊരിടം ചേര്‍ത്തു കഴിഞ്ഞുവെന്ന് ദീപിക തെളിയിച്ചു. ഇപ്പോള്‍ കോമണ്‍വെല്‍ത്തില്‍ ജോഷ്ന ചിന്നപ്പക്കൊപ്പം സ്വര്‍ണ നേട്ടവുമായി തന്‍െറ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഈ മറുനാടന്‍ മലയാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
