Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightതാജ്മഹല്‍...

താജ്മഹല്‍ അപ്രത്യക്ഷമാക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടി

text_fields
bookmark_border
താജ്മഹല്‍ അപ്രത്യക്ഷമാക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടി
cancel

കളിവീട് ഉണ്ടാക്കി, മണ്ണപ്പം ചുട്ട്, പാവക്കുട്ടികള്‍ക്ക് സദ്യവിളമ്പേണ്ട പ്രായത്തില്‍ മാന്ത്രിക ആയതുകൊണ്ടാണ് അമ്മു നാടിന്‍െറ താരമായത്. പുതിയവിള എല്‍.പി.എസില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന കാലം. ഹരിപ്പാട് മംഗല്യ ഓഡിറ്റോറിയത്തിലെ ക്ഷണിക്കപ്പെട്ട സദസ്. അമ്മുവിന്‍െറ കൈകാലുകള്‍ ഉള്‍പ്പെടെ ആ കുരുന്നുശരീരം 15 മീറ്റര്‍ നീളമുള്ള ചങ്ങലയില്‍ ബന്ധിച്ച് 12 താഴുകള്‍ ഉപയോഗിച്ച് സാക്ഷാല്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പൂട്ടുന്നു. വേദിയിലുള്ള പെട്ടിയില്‍ അമ്മുവിനെ കിടത്തി പെട്ടിപൂട്ടി. താക്കോല്‍ മേനോന്‍തന്നെ ഭദ്രമായി പോക്കറ്റില്‍ സൂക്ഷിച്ചു. പെട്ടിക്കുമുകളില്‍ വൈക്കോല്‍ വിതറി പെട്രോളൊഴിച്ച് തീ കൊടുത്തു. ആകാംക്ഷയുടെ നിമിഷങ്ങള്‍. ചെകിടടിപ്പിക്കുന്ന വെടിയൊച്ച മുഴങ്ങി. അദ്ഭുതം, സദസ്സിന്‍െറ പിന്നില്‍ നിന്ന് കൈമണിയും കിലുക്കി അമ്മു എന്ന കിലുക്കാംപെട്ടി സ്റ്റേജിലേക്ക് നടന്നുവരുന്നു. ഫയര്‍ എസ്കേപ് എന്ന അപകടകരമായ ഈ ഐറ്റം ചെയ്യുമ്പോള്‍ അമ്മുവിന് പ്രായം ഏഴ്.

മൂന്നു വയസുമുതല്‍ മാജിക്കുകള്‍ കാണിച്ചു തുടങ്ങിയ അമ്മു ഇന്ന് ആയിരത്തിലധികം വേദികള്‍ പിന്നിട്ടിരിക്കുന്നു. കശ്മീര്‍ ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് വെളിയിലും ജാലവിദ്യ അവതരിപ്പിച്ചു. ഇന്ന് കേരളത്തില്‍ പ്രഫഷനലായി മാജിക്കിനെ സ്വീകരിച്ചിട്ടുള്ള ഏക വനിതകൂടിയാണ് അമ്മു.

ഏഴാമത്തെ വയസ്സില്‍ ഫയര്‍ എസ്കേപ്, എട്ടാമത്തെ വയസ്സില്‍ വിഷ്വല്‍ വാനിഷിങ്, ഒമ്പതാമത്തെ വയസ്സില്‍ മിഡില്‍സ് ഗേള്‍, 11ാം വയസില്‍ ഇന്ത്യന്‍ ബാസ്കറ്റ്, 12ാം വയസ്സില്‍ ഫോട്ടോഗ്രാഫിക് മാജിക്കും കാര്‍ട്ടൂണ്‍ മാജിക്കും. 13ാം വയസ്സില്‍ കണ്ണുകള്‍ മൂടിക്കെട്ടി ദേശീയപാതയിലൂടെ വാഹനം ഓടിച്ചു. 14ാം വയസ്സില്‍ ജലഭേദന ജാലവിദ്യ, 16ാം വയസ്സില്‍ റെയില്‍വേ ട്രാക് എസ്കേപ്... അങ്ങനെ 22ാം വയസിലും ജൈത്രയാത്ര തുടരുകയാണ്.

മുതുകുളം തംബുരുവില്‍ പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ മുതുകുളം രാജശേഖരന്‍െറയും അധ്യാപിക ശ്രീലതയുടെയും ഏക മകളായ അമ്മുവിന് പ്രചോദനം തന്‍െറ അച്ഛനാണ്. സാഹിത്യത്തെയും കവിതയെയും ഏറെ ഇഷ്ടപ്പെടുന്ന അമ്മു കടമ്മനിട്ടയുടെ പ്രശസ്ത കവിതയായ ‘കുഞ്ഞേ മുലപ്പാല്‍ കുടിക്കരുതി’ന് ദൃശ്യഭാഷ്യം നല്‍കിക്കൊണ്ട് മലിനീകരണ വിപത്തിനെതിരെ ഇന്ദ്രജാലത്തെ സന്ദേശമാക്കി. അന്ന് കടമ്മനിട്ട പറഞ്ഞത് അമ്മു എന്‍െറ കവിതയെ മറ്റൊരു കാവ്യമാക്കി മാറ്റി എന്നാണ്. തീര്‍ന്നില്ല, കാവാലം നാരായണപ്പണിക്കരുടെ ‘കുഞ്ഞിച്ചിറകുകള്‍’ എന്ന നാടകം മന്ത്രപ്പക്ഷി എന്ന പേരില്‍ മാന്ത്രികാവിഷ്കാരം നടത്തി. സക്കറിയയുടെ കഥ കണ്ണടവാല്‍ എന്നിവക്കും ദൃശ്യാവിഷ്കാരം ഒരുക്കി. പി.വി. കൃഷ്ണന്‍െറ കാര്‍ട്ടൂണുകള്‍ക്ക് ജാലവിദ്യയിലൂടെ നവഭാഷ്യം ചമച്ചു. കണ്ണുമൂടിക്കെട്ടി ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ അമ്മു വാചാലയായി: ‘എനിക്ക് പ്രായം പതിമൂന്നാണ്. മുതുകാട് ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഹരിപ്പാട് ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡ് മുതല്‍ നങ്ങ്യാര്‍കുളങ്ങര കവല വരെയാണ് വണ്ടി ഓടിച്ചത്. എന്‍െറ കൂടെ ആയിരക്കണക്കിനാളുകള്‍ ആണ് അന്ന് അകമ്പടിയായി വാഹനമോടിച്ചു വന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും പ്രായംകുറഞ്ഞ ആള്‍ കണ്ണുകെട്ടി വാഹനം ഓടിക്കുന്നതെന്ന് മുതുകാട് അങ്കിള്‍ പറഞ്ഞു.

16ാമത്തെ വയസ്സില്‍ കണ്ണുകള്‍ മൂടിക്കെട്ടി കാറും ഓടിച്ചു. ഋഷിരാജ്സിങ് സാര്‍ അന്നുണ്ടായിരുന്നെങ്കില്‍ എന്‍െറ പേരില്‍ കേസെടുത്തേനേ, ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതിന്.’ അകമ്പടിയായി അമ്മുവിന്‍െറ പൊട്ടിച്ചിരി ഉയര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി പരിഭ്രമിച്ചുപോയ ഒരു സംഭവത്തെപ്പറ്റിയും അമ്മു പറഞ്ഞു. വായനദിനത്തില്‍, അമ്മുവിന് മാജിക് അറിയാം എന്ന് മുദ്രപ്പത്രത്തില്‍ അദ്ദേഹം എഴുതി ഒപ്പിട്ടുകൊടുത്തു. താഴെ രണ്ട് സാക്ഷികളും എഴുതി ഒപ്പിട്ടു. ഒപ്പിട്ട സാക്ഷികളില്‍ ഒരാള്‍ അതേ മുദ്രപ്പത്രംതന്നെ ഉറക്കെ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ‘അമ്മുവിന് സൗജന്യ വിദ്യാഭ്യാസവും വിദ്യാഭ്യാസം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒരു ജോലിയും നല്‍കുന്നതാണ്. അമ്മുവിന്‍െറ ആവശ്യപ്രകാരം അടുത്തവര്‍ഷം മുതല്‍ മാജിക്കിനെ സ്കൂള്‍ യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തുന്നതും ആണ്. എന്ന് എം.എ. ബേബി, വിദ്യാഭ്യാസമന്ത്രി, ഒപ്പ്.’ മന്ത്രി അന്ധാളിച്ചുപോകാതെ എന്തുചെയ്യും. മുദ്രപത്രം വലിച്ചുകീറിക്കളഞ്ഞപ്പോഴാണ് മന്ത്രിയുടെ ശ്വാസം നേരെവീണത്.

2012ലെ നിയമസഭാ ഇലക്ഷന്‍ കൃത്യമായി പ്രവചിച്ചുകൊണ്ട് അമ്മു അദ്ഭുതമായി. ഹരിപ്പാട് ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ഇലക്ഷന് രണ്ടുദിവസം മുമ്പ് അമ്മു റിസള്‍ട്ട് പ്രവചിച്ച പേപ്പറിന്‍െറ മറുഭാഗത്ത് ബാങ്ക് മാനേജര്‍ ശങ്കരനാരായണനും ഹരിപ്പാട് സി.ഐ സന്തോഷ്കുമാറും വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ എം.ജി. മനോജും ഒപ്പുവെച്ചു. കവര്‍ ഭദ്രമായി ലോക്കറില്‍ വെച്ച് പൂട്ടി. ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെയും വിശിഷ്ടാതിഥികളുടെയും പൊലീസ് മേധാവികളുടെയും സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ യു.ഡി.എഫ് 72, എല്‍.ഡി.എഫ് 68, ബി.ജെ.പി 0.

അമ്മുവിനെ ഏറ്റവും കൂടുതല്‍ ദു:ഖിപ്പിച്ച സംഭവമായിരുന്നു സമീപ ഗ്രാമമായ ചേപ്പാട് ലെവല്‍ക്രോസില്‍ നടന്നത്. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസില്‍ ട്രെയിനിടിച്ച് 38 പേരാണ് അന്ന് ദാരുണമായി കൊല്ലപ്പെട്ടത്. അതേ റെയില്‍വേ ട്രാക്കില്‍ കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ച് മറ്റൊരു ചങ്ങല കൊണ്ട് അമ്മുവിനെ ട്രാക്കിനോടും ബന്ധിപ്പിച്ച് താഴിട്ട് ലോക്കുചെയ്തു. ട്രെയിന്‍ ഇരമ്പിയത്തെുന്നതിന് ഏതാനും നിമിഷം മുമ്പ് മാത്രം അമ്മു ബന്ധനമുക്തയായി. ഇത് ഒരു ബോധവത്കരണം കൂടിയായിരുന്നു. അന്ന് അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ശ്രദ്ധാഞ്ജലി.

എന്താണ് അമ്മുവിന്‍െറ സ്വപ്നപദ്ധതി? പെട്ടെന്ന് ഉത്തരവും വന്നു. പ്രണയത്തിന്‍െറ നിത്യസ്മാരകമായ താജ്മഹല്‍ വാനിഷ് ചെയ്യണം. എന്‍െറ ആരാധ്യപുരുഷനായ ലോകപ്രശസ്ത മാന്ത്രികന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി വാനിഷ് ചെയ്തതുപോലെ. ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് എനിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു മെയില്‍ അയച്ചിരുന്നു. എന്‍െറ ജീവിതത്തിലെ വലിയൊരംഗീകാരമായാണ് ഞാനതിനെ കാണുന്നത്.

ബഹ്റൈനിലും ഇന്തോനേഷ്യയിലും അമ്മു മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ചങ്ങനാശേരി സെന്‍റ് ജോസഫ്സ് കോളജില്‍ സിനിമ ആന്‍ഡ് ടെലിവിഷനില്‍ എം.എ വിദ്യാര്‍ഥിനിയാണ്. ഈ ചെറുപ്രായത്തിനിടയില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ അമ്മുവിനെ തേടിയത്തെി. ഇന്തോനേഷ്യയില്‍ നിന്ന് 50,000 രൂപയും സ്വര്‍ണപ്പതക്കവുമുള്ള യൂത്ത് എക്സലന്‍റ് അവാര്‍ഡ്, മുതുകുളം രാഘവന്‍പിള്ളയുടെ പേരില്‍ കളിത്തട്ട് ഏര്‍പ്പെടുത്തിയ അവാര്‍ഡ്, സുലോചനയുടെ പേരില്‍ കെ.പി.എ.സി ഏര്‍പ്പെടുത്തിയ അവാര്‍ഡ്, ബഹ്റൈന്‍ മലയാളി അസോസിയേഷന്‍െറ 50,000 രൂപയുടെ കാഷ് അവാര്‍ഡ് -പട്ടിക അങ്ങനെ നീളുന്നു.

എം.ടി തന്‍െറ പ്രശസ്തമായ ഒരു ചെറുകഥയില്‍ മാന്ത്രികന്‍െറ കഥ പറയുന്നുണ്ട്. ചങ്ക് എടുത്തു കാണിച്ചിട്ടും ചെമ്പരത്തിപ്പൂവെന്ന് പറയുന്ന കേരളീയ സമൂഹത്തിനു മുന്നില്‍ ആ ജാലവിദ്യക്കാരന്‍ തന്‍െറ ജീവന്‍തന്നെ ഹോമിക്കുന്ന കഥ. അതെ, ചെപ്പടിവിദ്യകളൊന്നും ഇന്ന് മലയാളിക്ക് സ്വീകാര്യമല്ല. ഈ രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ പുതിയ ഐറ്റങ്ങളുമായി കാണികളെ വിസ്മയിപ്പിക്കേണ്ടതുണ്ട്. അമ്മു അതിന് തയാറായിക്കഴിഞ്ഞു. എന്താ, നിങ്ങളും തയാറല്ളേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story