Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപെണ്‍പട്ടണം

പെണ്‍പട്ടണം

text_fields
bookmark_border
പെണ്‍പട്ടണം
cancel

കോഴിക്കോട് കലക്ടറേറ്റില്‍ ഒന്നാം നമ്പര്‍ മുറി. ആറു മണികഴിഞ്ഞിട്ടും സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ആളൊഴിഞ്ഞിട്ടില്ല. കാത്തിരിക്കുന്നവരില്‍ ഏറെയും സ്ത്രീകള്‍. ‘നമ്മളുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് പെട്ടെന്ന് മനസ്സിലാകും. കാര്യങ്ങളൊന്നും വൈകിക്കുന്നില്ല’ കലക്ടറെ കണ്ട് പുറത്തുവന്ന ചെറുപ്പക്കാരി പറഞ്ഞു. ഭര്‍ത്താവിന്‍െറ ഹൃദയ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ലഭിക്കാനുള്ള രേഖകള്‍ ശരിയാക്കാന്‍ വന്നതായിരുന്നു അവര്‍. അതേ ആവശ്യത്തിനായി വന്ന ഒരു മധ്യവയസ്കയുടെ മുഖത്ത് തെളിച്ചം. നേരം ഇരുള്‍ വീഴുമ്പോഴും സ്ത്രീകള്‍ കാത്തിരിക്കുന്നു. കലക്ടറെ അവര്‍ക്ക് കാണാനാവും. കാരണം, അവരും ഒരു സ്ത്രീയാണ്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടത്തെിയ കലക്ടര്‍ സി.എ. ലതക്ക് പെണ്‍മനസ്സിന്‍െറ സങ്കടങ്ങള്‍ എളുപ്പമറിയാന്‍ കഴിയുന്നു.
നാടിന് സാന്ത്വനവും വഴികാട്ടികളുമായി ഇനിയുമുണ്ട് സ്ത്രീകള്‍. പെണ്ണരശുനാട് എന്നൊക്കെ പറയാനാവും വിധം കോഴിക്കോടിന്‍െറ ഭരണസിരാകേന്ദ്രങ്ങളില്‍ നിറഞ്ഞ സ്ത്രീ സാന്നിധ്യം. ജില്ലാ കലക്ടര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലയിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നീ പ്രധാന പദവികളെല്ലാം സ്ത്രീകളാണ് വഹിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ ഡെപ്യൂട്ടി കലക്ടറും വനിതയായിരുന്നു.

സ്ത്രീകള്‍ക്ക് മികച്ച മാനേജ്മെന്‍റ് വൈദഗ്ധ്യം
‘കോഴിക്കോട് ഈ പദവിയില്‍ മുമ്പുണ്ടായിരുന്നവരെല്ലാം പ്രഗല്ഭരാണെന്ന് അറിയാം. അവരെ പിന്തുടര്‍ന്ന് അവര്‍ ബാക്കിവെച്ചത് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാനും നിലവിലുള്ള പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനും കഴിയുന്നു’കലക്ടര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
‘ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരെല്ലാം സ്ത്രീകളായതിനാല്‍ ഏതാശയവും എളുപ്പത്തില്‍ കൈമാറാനും ഗൗരവത്തോടെ ചര്‍ച്ചചെയ്യാനും സഹായകരമാണ്. പുരുഷന്മാരായ സഹപ്രവര്‍ത്തകരുടെ കൂടെ ജോലി ചെയ്യുമ്പോഴും അകല്‍ച്ചയോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ല. എന്നാല്‍, പലപ്പോഴും അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നമ്മുടെ തീരുമാനങ്ങള്‍ വളച്ചൊടിക്കപ്പെടും. അത്തരം സംഭവങ്ങള്‍ ഒൗദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, പിന്‍സീറ്റ് ഡ്രൈവിങ് ആഗ്രഹിക്കുന്നില്ളെന്ന ആത്മവിശ്വാസം അവര്‍ തുറന്നുപറഞ്ഞു.
‘ അഴിമതിയും സ്ത്രീയുമായുള്ള ദൂരം കൂടുതലാണ്. അവര്‍ അത്തരത്തില്‍ സ്വാധീനിക്കപ്പെടാനുള്ള സാഹചര്യവും കുറവാണ്. സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള ശക്തിയാണ് ഒരു സ്ത്രീക്ക് അടിസ്ഥാനമായി വേണ്ടത്. സ്ത്രീയെന്ന പരിമിതിയില്‍നിന്നുതന്നെ ഒൗദ്യോഗിക ജീവിതത്തില്‍ എത്രത്തോളം നല്ലകാര്യങ്ങള്‍ ചെയ്യാമെന്നതിലാണ് അവരുടെ വിജയം. കുടുംബവും ഒൗദ്യോഗിക ജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന സ്ത്രീകള്‍ യഥാര്‍ഥത്തില്‍ വലിയ മാനേജ്മെന്‍റ് വിദഗ്ധരാണ്’ എന്നാണ് സി. എ. ലതയുടെ അഭിപ്രായം.
ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറിയുടെ ചുമതലയിലിരുന്ന കാലം ദുരന്തങ്ങളുടേതായിരുന്നെന്ന് അവര്‍ ഓര്‍മിക്കുന്നു. മംഗലാപുരം വിമാന ദുരന്തം, ശബരിമല പുല്ലുമേട് ദുരന്തം, കനത്ത മഴക്കെടുതി എന്നിങ്ങനെ ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങള്‍. എന്നാല്‍, പെണ്ണിന്‍െറ സഹജമായ പ്രായോഗിക ബുദ്ധിയോടെ സമ്മര്‍ദങ്ങളില്ലാതെ വെല്ലുവിളികളെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ട്രൈബല്‍ അഫയേഴ്സ് ഡിപാര്‍ട്മെന്‍റ് ഡയറക്ടറായിരുന്നപ്പോള്‍ നാടിന്‍െറ ആദിമ നിവാസികളുടെ ജീവിതം തൊട്ടറിയാനായി, സാന്ത്വനമാകാനും. പിന്നീട് ഫിഷറീസ് വകുപ്പില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. സാധാരണ മനുഷ്യജീവിതങ്ങളുമായുള്ള നീണ്ട സഹവാസത്തിനൊടുവിലാണ് സി.എ. ലത കോഴിക്കോടിന്‍െറ കലക്ടറായി എത്തുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് എ. ഡി.എം ആയി വിരമിച്ച കെ.പി. രമാദേവി എന്ന മലപ്പുറത്തുകാരി ഒരു സാധാരണ എല്‍.ഡി ക്ളര്‍ക്കായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. ഒടുവില്‍ ജില്ലാ ഭരണകൂടത്തിന്‍െറ രണ്ടാം സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ മലരും പതിരും കലര്‍ന്ന 36 വര്‍ഷങ്ങളുടെ ഓര്‍മകളാണ് ബാക്കിപത്രം. ജനങ്ങള്‍ക്കുവേണ്ടി അവരില്‍ ഒരാളായി ജീവിച്ചുവെന്ന കൃതാര്‍ഥത.
സ്ത്രീകള്‍ ഭരണകൂടത്തിന്‍െറ ഭാഗമാകുമ്പോള്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്നങ്ങളുമായി മുന്നോട്ടുവരാന്‍ കൂടുതല്‍ ഊര്‍ജംലഭിക്കും. ഇന്നത്തെ സ്ത്രീസമൂഹം അതിന് ആര്‍ജവമുള്ളവരാണ്. തങ്ങളുടെ പ്രശ്നങ്ങളില്‍ നടപടിയുണ്ടാകാന്‍ സ്ത്രീയുടെ മുഴുവന്‍ സ്വാതന്ത്യത്തോടെയുംതന്നെ സമീപിക്കാറുണ്ടായിരുന്നു. മറ്റെന്തും മാറ്റിവെച്ച് അതുകേള്‍ക്കാനും നടപടിയെടുക്കാനും കഴിഞ്ഞത് ഒരു സ്ത്രീയായതുകൊണ്ടാണെന്ന് രമാദേവി പറയുന്നു.

അംഗീകരിക്കാന്‍ മടി

സ്ത്രീകള്‍ക്കുകൂടി പങ്കാളിത്തമുള്ള ഭരണ സംവിധാനത്തിന് മാത്രമേ ജനതയെ മൊത്തത്തില്‍ ഉള്‍ക്കൊള്ളാനാവൂ. സാധാരണ സാമൂഹിക അവസ്ഥയില്‍നിന്ന് സ്ത്രീകള്‍ ഉയര്‍ന്നുവരുന്നതിനായി വാദിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത കോഴിക്കോട് മേയര്‍ പ്രഫ. എ.കെ. പ്രേമജം പറഞ്ഞു. ഒരു സ്ത്രീ ഉന്നതസ്ഥാനങ്ങളിലത്തെുന്നത് അത്രവേഗത്തില്‍ അംഗീകരിക്കപ്പെടുന്ന വിഷയമല്ല. കലക്ടര്‍, പൊലീസ് കമീഷണര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് മതിയായ അംഗീകാരം ലഭിക്കുന്നുണ്ട്. എന്നാല്‍, ഒരു ജനപ്രതിനിധിയായി സ്ത്രീ വരുമ്പോള്‍ പൊതുസമൂഹത്തിന് ചെറിയതോതില്‍ അസഹിഷ്ണുത തോന്നാറുണ്ട്. പ്രത്യേകിച്ചും വെറുമൊരു ജനപ്രതിനിധിയില്‍നിന്നു മാറി അവര്‍ കുറച്ചുകൂടി അധികാരം ലഭിക്കുന്ന ഒരു സ്ഥാനത്തേക്കു മാറുമ്പോള്‍ സമൂഹത്തിന് അംഗീകരിക്കാന്‍ മടിയുണ്ട്. പുറത്തു കാണിച്ചില്ളെങ്കിലും പ്രകടമാകുന്ന ഇത്തരം പ്രശ്നങ്ങള്‍ അറിഞ്ഞില്ളെന്ന് നടിച്ച് വെല്ലുവിളികളെ നേരിട്ട് മുന്നേറുകയാണ് ഒരു സ്ത്രീ എന്നനിലയില്‍ താന്‍ ഇതുവരെ ചെയ്തുവന്നതെന്ന് മേയര്‍ പറയുന്നു.
1964ല്‍ മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥാപിച്ചതു മുതല്‍ വിരമിക്കുന്നതുവരെ അവിടെ അധ്യാപികയായിരുന്നു എ.കെ. പ്രേമജം. പൊതുരാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ഊര്‍ജം പകര്‍ന്നത് നീണ്ടകാലത്തെ അധ്യാപക ജീവിതമാണെന്ന് അവര്‍ പറയുന്നു. 1994ല്‍ വന്‍ ജന പിന്തുണയോടെ പ്രഫസര്‍ കോഴിക്കോടിന്‍െറ ആദ്യ വനിതാ മേയറായി. തുടര്‍ന്ന്, വടകര മണ്ഡലത്തില്‍നിന്ന് എം.പിയായി. പൊതുരാഷ്ട്രീയ രംഗത്ത് ജീവിതത്തിന്‍െറ അവസാനം വരെ പ്രവര്‍ത്തിക്കണമെന്നതാണ് ആഗ്രഹമെന്നും പ്രഫ. കൂട്ടിച്ചേര്‍ത്തു.

വേദിയുടെ മൂലയില്‍ കസേരയിട്ട് ഇരുത്തിയെങ്കിലും

പലതരത്തിലുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ടാണ് കാനത്തില്‍ ജമീല അടുക്കളയില്‍നിന്ന് ഭരണരംഗത്തത്തെിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി. സ്ത്രീയെന്ന നിലയില്‍ സമൂഹത്തില്‍നിന്നും സമുദായത്തില്‍ നിന്നും ഉയര്‍ന്ന നിരവധി പ്രശ്നങ്ങളെ നേരിട്ടാണ് കാനത്തില്‍ ജമീല പൊതുരാഷ്ട്രീയ രംഗത്ത് 18 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

‘സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ആത്മാര്‍ഥതയോടെ ഭരണകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നത് പലപ്പോഴും പരിഗണിക്കാതെ പോകുന്ന വിഷയമാണ്. സ്ത്രീയായതുകൊണ്ട് വേദിയുടെ ഒരരികില്‍ കസേരയിട്ട് ഇരുത്തിയ സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതിലൊന്നും പതറാതെ മുന്നോട്ടുപോവുകയെന്നതിലാണ് വിജയം’ ആ വിജയം കൈവരിക്കാന്‍ കഴിഞ്ഞതിന്‍െറ ആത്മവിശ്വാസത്തോടെ ജമീല പറയുന്നു.

സമ്മര്‍ദമെന്ന വാക്കില്ലാത്ത നിഘണ്ടു
മോര്‍ച്ചറിയിലെ തണുപ്പില്‍ മരണങ്ങളുടെ സത്യം തേടുന്ന ഡോ. ഷെര്‍ലി വാസു കോഴിക്കോട്ട് 22 വര്‍ഷം പിന്നിടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ വകുപ്പ് മേധാവിയാണ് അവര്‍.
‘ഫോറന്‍സിക് വിഭാഗം മേധാവി എന്ന നിലയില്‍ മാനസികമായി സംഘര്‍ഷങ്ങളുണ്ടാവുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ്. ചികിത്സ പിഴവുമൂലമുള്ള മരണം, കസ്റ്റഡി മരണങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ നമ്മള്‍ സമ്മര്‍ദത്തിലാകുന്നു. രോഗി മരിച്ചതിന്‍െറ കാരണം തിരിച്ചറിയാന്‍ കാത്തിരിക്കുന്ന ഡോക്ടര്‍ ഒരിക്കലും റിപ്പോര്‍ട്ടിനെ സ്വാധീനിക്കാന്‍ ശ്രമിക്കാറില്ല. അതുപോലെതന്നെ പൊലീസും. സര്‍ക്കാര്‍ ഉള്‍പ്പെടെ മരണകാരണം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് കാത്തിരിക്കുമ്പോള്‍, ഫോറന്‍സിക് മേധാവി എന്ന നിലയില്‍ നിഷ്പക്ഷവും സത്യസന്ധവുമായ റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. എന്നാല്‍, ഒരു രോഗിയുടെ മരണത്തിനു കാരണമാകുന്ന പിഴവു വരുത്തുന്ന ഡോക്ടറും കസ്റ്റഡിയിലെടുത്ത പ്രതിയുടെ അപ്രതീക്ഷിത മരണത്തിന് കാരണമാകുന്ന പൊലീസും തന്‍െറ സഹപ്രവര്‍ത്തകര്‍ ആയിരിക്കെ പക്ഷം ചേരാതെയുള്ള റിപ്പോര്‍ട്ട് എഴുതുകയെന്നത് വെല്ലുവിളിയാണ്. ഫോറന്‍സിക് മേധാവിയെന്ന നിലയില്‍ സത്യം പുറത്തുകൊണ്ടുവരുക എന്ന ചുമതല ആത്മാര്‍ഥതയോടെ ചെയ്തു തീര്‍ക്കുമ്പോള്‍ ഒരിക്കലും സ്ത്രീയെന്ന രീതിയില്‍ ഒരു പരിമിതിയും ഉണ്ടായിട്ടില്ല. പൊതുവായി സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിമിതിയുണ്ടെന്ന് തോന്നിയിട്ടില്ല. ഏതു വെല്ലുവിളിയും സമ്മര്‍ദവും നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും നല്‍കിയത് ഫോറന്‍സിക് മെഡിസിനില്‍ ലഭിച്ച അടിസ്ഥാന പരിശീലനവും ഡോ. എ. രാമചന്ദ്രന്‍െറ കീഴിലുള്ള ശിക്ഷണവുമായിരുന്നു. സമ്മര്‍ദങ്ങള്‍ക്കടിപ്പെടാതെ ജോലിചെയ്താല്‍ മാത്രമേ നൂറുശതമാനം ഫലം ലഭിക്കുകയുള്ളൂ. അതിനാല്‍, എന്‍െറ നിഘണ്ടുവില്‍നിന്ന് സമ്മര്‍ദമെന്ന വാക്ക് പണ്ടേ എടുത്തുമാറ്റിയിരുന്നു.’ഡോക്ടര്‍ ചിരിക്കുന്നു.
‘സ്ത്രീകള്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുമ്പോള്‍ അവര്‍ ഒരുപക്ഷേ ക്വാളിറ്റി കുറഞ്ഞ ഭാര്യയോ അമ്മയോ ആയേക്കാം, എങ്കിലും സത്യസന്ധമായ കൃത്യനിര്‍വഹണത്തില്‍ അവര്‍ക്ക് പുരുഷനേക്കാള്‍ മികവുതെളിയിക്കാന്‍ കഴിയും. പൂക്കിപ്പറമ്പ്, കടലുണ്ടി , മാറാട് ദുരന്തങ്ങളുണ്ടായ സമയത്ത് 36 മണിക്കൂറിലധികം പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാതെ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ട്. പുരുഷനാണെങ്കില്‍ ഒരുപക്ഷേ, ഇത്രത്തോളം സമയം തുടര്‍ച്ചയായി നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.’ ആരോഗ്യവകുപ്പിന്‍െറയും പൊലീസിന്‍െറയും ഭാഗമായി, രണ്ടു വകുപ്പിലും വീഴ്ചകള്‍ വരുത്താതെ പ്രവര്‍ത്തിക്കാനും കോടതിക്കു മുന്നില്‍ ഒരു പിഴവും വരുത്താതെ മുന്നോട്ടുപോകാനും കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു ഷെര്‍ലി വാസു. അടുക്കളയും അരങ്ങും ഭരണചക്രവും സ്വയം തിരിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകളെന്ന് ഈ പെണ്‍ പട്ടണം ലോകത്തോട് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story