നാട്യവേദിയിലെ വസന്ത ചാരുത
text_fields
‘ആയിരം പേര്‍ കൂട്ടപ്രാര്‍ഥന നടത്തുന്നതിനേക്കാള്‍ ഫലമാണ് ഒരു നര്‍ത്തകി ശിരസ്സ് മുതല്‍ പാദം വരെ ദൈവത്തിന് സമര്‍പ്പിച്ച് നടത്തുന്ന നൃത്തത്തിന്’
കലയെ ഹൃദയത്തിലാവാഹിച്ചവര്‍ക്ക് അത ് ഉപാസനയാണ്. വിലക്കുകള്‍ക്കും ചങ്ങലകള്‍ക്കും ആ ലഹരിയില്‍ നിന്നും വിടുതല്‍ നല്‍കാനാകില്ല. ചിലങ്കയില്‍ ജീവിതത്തിന്‍െറ താളം തിരഞ്ഞപ്പോള്‍ റൂബിയക്കും മന്‍സിയക്കും പ്രതിബന്ധങ്ങളില്‍ കാലിടറിയില്ല. നൊമ്പരങ്ങളില്‍ ചുവടു പിഴക്കാതിരുന്നപ്പോള്‍ ഇതാണ് തങ്ങളുടെ ജീവിതദൗത്യമെന്നവര്‍ തിരിച്ചറിയുകയായിരുന്നു. കലയെപ്പോലും വര്‍ഗീയവത്കരിക്കുന്ന സമൂഹത്തിന്‍െറ എതിര്‍പ്പുകള്‍ക്കു മുന്നില്‍ പതറാതെയും ഈ സഹോദരിമാര്‍ സജീവമായി നൃത്തരംഗത്ത് തുടരുന്നത് അതുകൊണ്ടുതന്നെ. മലപ്പുറം ജില്ലയിലെ യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്നിട്ടും തങ്ങളുടെയുള്ളിലെ കലയുടെ നാമ്പുകളെ നിര്‍ദാക്ഷിണ്യം അറുത്തുകളയാന്‍ അവര്‍ക്കാകാത്തതും അതുകൊണ്ടുതന്നെ.
പഴയകാല നാടകപ്രവര്‍ത്തകനായ ഉപ്പ അലവിക്കുട്ടിയാണ് രണ്ടു പെണ്‍കുട്ടികളെയും നൃത്തത്തില്‍ കൈപിടിച്ചു നടത്തുന്നത്. ശാസ്ത്രീയനൃത്തത്തിന്‍െറ വേഷചാരുത ടെലിവിഷനില്‍ കണ്ട് ഭ്രമിച്ച ഉമ്മ തന്‍െറ മക്കളെ ഈ ‘ചന്തമുള്ള കളി’ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. ഉമ്മയുടെ ആഗ്രഹങ്ങള്‍ക്ക് ഉപ്പ കൂട്ടുനടന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികളും നൃത്തവേദിയുടെ ചടുലതകളിലേക്ക് ചുവടുവെച്ചു.
കുറച്ച് വര്‍ഷംമുമ്പ് സംസ്ഥാന കാലോത്സവവേദിയില്‍ റൂബിയ താരമായപ്പോഴാണ് നൃത്തം പഠിച്ചതിന്‍െറ പേരില്‍ കുടുംബം അനുഭവിക്കുന്ന ഒറ്റപ്പെടല്‍ പുറത്തറിയുന്നത്. പണക്കൊഴുപ്പിന്‍െറ കലോത്സവവേദിയിലേക്ക് മലപ്പുറത്തെ സാധാരണ കുടുംബത്തില്‍നിന്നൊരു മുസ്ലിം പെണ്‍കുട്ടി ചിലങ്കയണിഞ്ഞ് ചുവടുവെച്ചതില്‍ അഭിമാനമല്ല, എതിര്‍പ്പും പകയുമാണ് ചുറ്റുമുള്ളവര്‍ക്ക് എന്നത് കലാകേരളത്തിന് അപമാനമായി. കലയെ ആദരിക്കുന്ന, കലാകാരന്മാരെ വാഴ്ത്തുന്ന സാംസ്കാരിക കേരളത്തിന് അതൊരു ഉണങ്ങാത്ത മുറിവായി.
നൃത്തം അഭ്യസിക്കുക എന്നത് മതത്തിനു ചേരാത്ത നടപടിയാണെന്ന് വിശ്വസിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും റൂബിയയും മന്‍സിയയും തളര്‍ന്നില്ല. കളങ്കമറിയാത്ത കുഞ്ഞുപ്രായത്തില്‍ കൂട്ടുകാര്‍ പോലും ഒറ്റപ്പെടുത്തിയിട്ടും നാട്ടുകാര്‍ അലിഖിത വിലക്കുകള്‍ നടപ്പാക്കിയിട്ടും ഉപ്പയുടെ പിന്തുണ നല്‍കിയ ധൈര്യത്തോടെ ഈ പെണ്‍കുട്ടികള്‍ കലയെ മുറുകെപ്പിടിച്ചു. നൃത്തച്ചുവടുകള്‍ ജീവിതത്തിന്‍െറ ചുവടുകളാക്കി. കാന്‍സര്‍ ബാധിച്ച് ഉമ്മ മരിച്ചപ്പോള്‍ അവരുടെ മൃതദേഹത്തിനോടുപോലും മതഭ്രാന്തര്‍ പക കാണിച്ചു. അവരുടെ മൃതദേഹം മറവുചെയ്യാനനുവദിക്കാത്തതിനാല്‍ സ്വന്തം നാടായ കൊണ്ടോട്ടിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു.
ഈ അപമാനവും സങ്കടങ്ങളുമെല്ലാം തങ്ങള്‍ക്കു ജീവിതത്തില്‍ കൂടുതല്‍ ധൈര്യം തന്നുവെന്ന് മന്‍സിയ പറയുന്നു: ‘ജീവിതത്തെ ഗൗരവത്തോടെ കാണാനും കൂടുതല്‍ ബോള്‍ഡ് ആയി സാഹചര്യങ്ങളെ നേരിടാനും കരുത്തേകിയത് നാട്ടുകാരുടെ ഒറ്റപ്പെടുത്തലും എതിര്‍പ്പുമായിരുന്നു.’
കൊണ്ടോട്ടിയില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനായ ഉപ്പ അലവിക്കുട്ടിയാണ് പ്രതിബന്ധങ്ങളില്‍ തളരാതെ മക്കളെ മുന്നോട്ടുനയിച്ചത്. തന്‍െറ നാടക പ്രവര്‍ത്തനം വേണ്ടെന്നുവെച്ച് ഉപ്പ മക്കളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുകാരനാകുകയായിരുന്നു.
മൂന്നാം വയസ്സില്‍ നൃത്തമഭ്യസിച്ചുതുടങ്ങിയതാണ് റൂബിയയും മന്‍സിയയും. ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റം കഴിഞ്ഞത്തെിയപ്പോള്‍ അമ്പലത്തില്‍ ഡാന്‍സ് കളിക്കാന്‍ പോയതാണെന്നു പറഞ്ഞ് മദ്റസയിലെ കൂട്ടുകാരും അധ്യാപകരും അവഹേളിച്ചു. പിന്നീടങ്ങോട്ട് പല പ്രതിസന്ധികളും ഇവരെ കാത്തിരുന്നു. ഹൈസ്കൂള്‍ ക്ളാസുകളിലത്തെിയതോടെ പുറത്ത് പരിപാടികള്‍ക്കായി പോയിത്തുടങ്ങിയപ്പോഴാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. ഉമ്മ കാന്‍സര്‍ ബാധിതയായപ്പോള്‍ ചികിത്സാസഹായത്തിനായി മഹല്ല് കമ്മിറ്റിയുടെ കത്തിനായി ചെന്നപ്പോള്‍ ‘നിങ്ങള്‍ മഹല്ലിലില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴാണ് യഥാര്‍ഥത്തില്‍ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴും കണ്ടാല്‍പ്പോലും മിണ്ടാത്ത നാട്ടുകാരുണ്ടെന്ന് പറഞ്ഞുകേള്‍ക്കുമ്പോഴാണ് പുരോഗമനത്തെക്കുറിച്ച് പതിവായി വാചാലരാകുന്ന നമ്മള്‍ യഥാര്‍ഥത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് തിരിച്ചറിയേണ്ടിവരുന്നത്.
പ്ളസ്ടു തലംവരെ കൂട്ടുകാര്‍പോലും തന്നെ ഒറ്റപ്പെടുത്തി നിര്‍ത്തിയിരുന്നെന്ന് മന്‍സിയ ഓര്‍ക്കുന്നു. ബിരുദപഠനത്തിനായി മഞ്ചേരി കോളജിലത്തെിയപ്പോഴാണ് കൂട്ടുകാരുടെ പിന്തുണയും സ്നേഹവും തിരിച്ചറിയുന്നതെന്ന് മന്‍സിയ പറയുന്നു. കാലിക്കറ്റ് സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലാതിലകമായത്തെിയപ്പോള്‍ കൂട്ടുകാരുടെ അംഗീകാരവും കോളജിലെ സപ്പോര്‍ട്ടും മന്‍സിയക്ക് പുത്തന്‍ അനുഭവമായി.
റൂബിയയും മന്‍സിയയും ചേര്‍ന്നാണ് കേരളത്തില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. ചിദംബരത്ത് ഭരതനാട്യത്തില്‍ ബിരുദാനന്തര പഠനം നടത്തുകയാണ് റൂബിയയിപ്പോള്‍. അവിടെ നൃത്തക്ളാസുകളും നടത്തുന്ന റൂബിയ നൃത്തം പ്രഫഷനായി സ്വീകരിച്ചുകഴിഞ്ഞു. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ ബി.എ ഫങ്ഷനല്‍ ഇംഗ്ളീഷ് വിദ്യാര്‍ഥിനിയായ മന്‍സിയക്കു പത്രപ്രവര്‍ത്തകയാകാനാണ് ആഗ്രഹം. എന്നാല്‍, കലയെ കൈവിടാന്‍ മന്‍സിയയും ഒരുക്കമില്ല. ചെറിയ തോതില്‍ കവിതയും ലേഖനങ്ങളുമെഴുതും മന്‍സിയ. റൂബിയ ഉപരിപഠനത്തിനു പോയതില്‍പ്പിന്നെ മന്‍സിയ തനിച്ച് നൃത്തപരിപാടികള്‍ ചെയ്യുന്നു. കേരളത്തിനകത്തും പുറത്തും ക്ഷേത്രങ്ങളില്‍ നൃത്തമവതരിപ്പിക്കുന്നു. വിദൂരപഠനം വഴി ബി.എ ഭരതനാട്യവും പഠിക്കുന്നു മന്‍സിയ. കലാജീവിതത്തിന് ഗുരുവായ പുത്തൂര്‍ പ്രമോദ്ദാസിനോടും ഏറെ കടപ്പാടുണ്ടെന്ന് മന്‍സിയ പറയുന്നു. എല്ലാ മതങ്ങളുടെയും സത്തയും സന്ദേശവും ഒന്നുതന്നെയാണെന്നും മതമൊരിക്കലും കലക്കെതിരല്ളെന്നും മന്‍സിയ വിശ്വസിക്കുന്നു. കലാപ്രവര്‍ത്തനംകൊണ്ട് ആരും ദൈവത്തിന്‍െറ അനഭിമതരാകുന്നില്ല. മതത്തിന്‍െറ പേരിലുള്ള അന്ധവിശ്വാസങ്ങളോട് പൊരുത്തപ്പെടാത്ത ഇവര്‍ മതത്തെ തള്ളിപ്പറയുന്നുമില്ല. നൃത്തമെന്ന പ്രാര്‍ഥനയിലൂടെ തങ്ങള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നുവെന്ന് മന്‍സിയ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
