Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightലാളിത്യത്തോടെ, ...

ലാളിത്യത്തോടെ, ജനസേവനത്തിന്

text_fields
bookmark_border
ലാളിത്യത്തോടെ,  ജനസേവനത്തിന്
cancel

കുട്ടിക്കാലത്ത് മനസ്സില്‍ മുളച്ച ആഗ്രഹം, അത് നേടിയെടുക്കാനുള്ള ദൃഢനിശ്ചയം, ഒടുവില്‍ അത് നേടിയെടുത്തതിന്‍െറ ആത്മസംതൃപ്തി. ചെറുപുഞ്ചിരിയുമായി തൈക്കാട് ‘സായി സിന്ദൂര’ത്തിന്‍െറ പൂമുഖത്ത് നില്‍ക്കുന്ന ഹരിത വി. കുമാറില്‍ അത് പ്രകടം. 22 വര്‍ഷത്തിനുശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ മലയാളി, അതും മലയാളത്തിന്‍െറ അല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി. മലയാളത്തെ എന്നും സ്നേഹിക്കുന്ന ദൈവത്തിന്‍െറ സ്വന്തം നാടിനെക്കുറിച്ച് വാചാലയായി ഇന്‍റര്‍വ്യൂ ബോര്‍ഡിലെ അധികൃതരെ പോലും ആശ്ചര്യം കൊള്ളിച്ച മലയാളത്തിന്‍െറ സ്വന്തം ഹരിത. കഴിഞ്ഞ കുറച്ചുദിവസമായി ഹരിതയുടെ വീട്ടില്‍ ഉത്സവാന്തരീക്ഷമാണ്. അഭിനന്ദനപ്രവാഹവുമായി ഓടിയെത്തുന്ന നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയക്കാരും സാമൂഹിക-സാംസ്കാരിക നേതാക്കളും. എല്ലാവര്‍ക്കും മുന്നില്‍ തികഞ്ഞ ലാളിത്യത്തോടെ നില്‍ക്കുന്ന ഹരിതയും. നീണ്ട 22വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ആ റാങ്ക് മലയാളക്കരയാകെ ആഘോഷമാക്കുകയാണ്. എന്നാല്‍, ആ അഭിനന്ദന പ്രവാഹമൊന്നും ഹരിതയുടെ ലാളിത്യത്തിന് മാറ്റം വരുത്തുന്നില്ല. എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് കുട്ടിക്കാലം മുതല്‍ മനസ്സിലുദിച്ച ആഗ്രഹം സാര്‍ഥകമായതില്‍ നന്ദിപറയുകയാണ് ഹരിത. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് അവര്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കണം. അതിനുള്ള പ്രാര്‍ഥനമാത്രമേ തനിക്കുള്ളൂ. അത് പറയുമ്പോള്‍ ഹരിതയില്‍ തികഞ്ഞ ആത്മവിശ്വാസം.

സ്വപ്നസാഫല്യം
സിവില്‍സര്‍വീസ് എന്നോ ഐ.എ.എസ് എന്നോ എന്താണെന്നു പോലും അറിയാത്ത പ്രായത്തിലാണ് ഹരിതയില്‍ ആദ്യമായി ഈ മോഹം തളിരിടുന്നത്. സ്കൂള്‍ വിദ്യാഭ്യാസം മുന്നോട്ടുപോകുംതോറും അധ്യാപകരുടെ പ്രേരണ കൂടിയായപ്പോള്‍ ആ സ്വപ്നം സഫലമാക്കാനുള്ള ശ്രമമായിരുന്നു മനസ്സില്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ളാസ് തലത്തില്‍ ഒന്നാംറാങ്ക് നേടിയ ഹരിതക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അത് ഏഴാം റാങ്കിലേക്ക് മാറിയപ്പോള്‍ വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം കേരളത്തിന്‍െറ അഭിമാനമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ ഹരിത ആ ദു$ഖമെല്ലാം വിസ്മൃതിയിലാക്കി.
ഹരിതയുടെ സ്വപ്നതുല്യനേട്ടത്തില്‍ കേരളവും മലയാളവും ഒരുപോലെ അഭിമാനിക്കുകയാണ്. മലയാളത്തെയും കേരളത്തെയും സ്നേഹിക്കുന്ന ഹരിതയുടെ സ്വപ്നം ഐ.എ.എസ് കേരള കേഡറായിരുന്നു. അതിനാലാണ് ഐ.പി.എസ് ലഭിക്കുമായിരുന്നിട്ടും അത് വേണ്ടെന്നുവെച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസിന് (ഐ.ആര്‍.എസ്) ചേര്‍ന്നത്. ഒപ്പം ഐ.എ.എസിനായുള്ള പരിശീലനവും തുടര്‍ന്നു. ആദ്യ മൂന്നു ശ്രമങ്ങളിലും കൈവിട്ട ഐ.എ.എസ് ഇക്കുറി ഹരിതയെ തേടിയെത്തി. അതും ഒന്നാം റാങ്കോടെ. അങ്ങനെ രാജുനാരായണസ്വാമിക്ക് ശേഷം ഒന്നാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന മലയാളിയായി ഈ തിരുവനന്തപുരത്തുകാരി മാറി. കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഹരിത പറയുന്നു.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്ത് തീര്‍ക്കുക -ഐ.എ.എസ് സ്വപ്നം കാണുന്നവര്‍ക്ക് ഹരിതയുടെ ഉപദേശം ഇതാണ്. നാലു പ്രാവശ്യമാണ് ഹരിത സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ആദ്യം 2008ലാണ് പരീക്ഷയെഴുതിയത്. പരീക്ഷയുടെ രീതിയും മറ്റും മനസ്സിലാക്കാന്‍. തൊട്ടടുത്ത വര്‍ഷം ഐ.പി.എസ് സെലക്ഷന്‍ കിട്ടിയെങ്കിലും വേണ്ടെന്നു വെച്ചു. മൂന്നാം തവണയാണ് 179ാം റാങ്കോടെ ഐ.ആര്‍.എസ് ലഭിച്ചത്. പക്ഷേ, അതിലൊന്നും തൃപ്തിപ്പെടാന്‍ ഹരിത ഒരുക്കമായിരുന്നില്ല. കേരള കേഡറില്‍ സിവില്‍ സര്‍വീസ് -ഇതായിരുന്നു ഹരിതയുടെ സ്വപ്നം. ഇന്ത്യന്‍ റവന്യൂ സര്‍വീസിന്‍െറ 18 മാസത്തെ പരിശീലനത്തിനിടെ അടിയന്തര അവധിയെടുത്താണ് ഹരിത ഇക്കുറി ഒന്നാംറാങ്കിന് വേണ്ടി പരിശ്രമിച്ചത്. എസ്.എസ്.
എല്‍.സിക്ക് 580 മാര്‍ക്കോടെ ഏഴാം റാങ്ക് നേടി. നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടു പഠനം. തുടര്‍ന്ന് തിരുവനന്തപുരം ബാട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ ഡിസ്റ്റിങ്ഷനോടെ ബിരുദമെടുത്തു. എന്നാല്‍, ആ പ്രഫഷനിലേക്ക് തിരിയാതെ തന്‍െറ സ്വപ്നമായ സിവില്‍ സര്‍വീസായിരുന്നു മനസ്സില്‍.
അതിന്‍െറ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിലേക്ക് തിരിഞ്ഞു. ഇക്കണോമിക്സും മലയാളവും ഓപ്ഷനലായി തെരഞ്ഞെടുത്ത ഹരിത ഇക്കണോമിക്സിന് തിരുവനന്തപുരത്തുള്ള നാരായണന്‍ സാറില്‍നിന്നും മലയാളത്തിന് കോട്ടയം പാലായിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും പരിശീലനം നേടി. മാതൃഭാഷയോടുള്ള സ്നേഹമാണ് മലയാളം തെരഞ്ഞെടുക്കാന്‍ കാരണമായതും. രാജ്യംനേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണവും പരിഹാരമാര്‍ഗവുമെല്ലാം സാമ്പത്തികശാസ്ത്രത്തിലധിഷ്ഠിതമാണ്. ഓപ്ഷനലായി സാമ്പത്തികശാസ്ത്രം തെരഞ്ഞെടുക്കാന്‍ ഹരിതക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മെയിന്‍ പരീക്ഷ നന്നായി എഴുതിയെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പി.കെ. മിശ്ര അധ്യക്ഷനായ ബോര്‍ഡായിരുന്നു ഇന്‍റര്‍വ്യൂ ചെയ്തത്. കാര്യമായ ഇടപെടല്‍ നടത്താതെ,സംസാരിക്കാന്‍ പരമാവധി അവസരം ലഭിച്ചു. എന്‍ജിനീയറിങ് മേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കാനാകുമോയെന്നായിരുന്നു ഒരു ചോദ്യം. അത്തരത്തില്‍ എന്തെങ്കിലുമൊന്ന് എടുത്തുപറയുന്നതിന് പകരം രാജ്യത്തെ 70 ശതമാനം പേരിലേക്കും എത്തിയ മൊബൈല്‍ കണക്ടിവിറ്റിയെക്കുറിച്ചായിരുന്നു ഹരിത സംസാരിച്ചത്. പിന്നീടൊരു ചോദ്യം അന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍വന്ന ഒരു വാര്‍ത്തയെക്കുറിച്ചായിരുന്നു. ഗവേണന്‍സും അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യം. എല്ലാറ്റിനും കൃത്യവും ആധികാരികവുമായ മറുപടി. ഇന്ത്യന്‍ റവന്യൂസര്‍വീസില്‍നിന്ന് ഐ.എ.എസിലേക്ക് മാറണമെന്ന ആഗ്രഹത്തിന്‍െറ കാരണം,
ഒഡിഷയിലെ വളരെ പിന്നാക്കം നില്‍ക്കുന്ന കാലാഹണ്ടിയില്‍ കലക്ടറായി പോസ്റ്റ് ചെയ്താല്‍ എന്തുചെയ്യും, അണ്ണാ ഹസാരെ, നിര്‍ഭയ സംഭവങ്ങളില്‍ ദല്‍ഹിയില്‍ ഉയര്‍ന്നുവന്ന ജനങ്ങളുടെ പ്രതിഷേധം എന്നിവയെക്കുറിച്ചെല്ലാം ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യ നേരിടുന്ന നാലു പ്രശ്നങ്ങള്‍ എന്തെന്ന ചോദ്യത്തിന് അഴിമതി, ദാരിദ്ര്യം, സ്ത്രീസുരക്ഷ, തൊഴിലില്ലായ്മ എന്നായിരുന്നു മറുപടി. കേരളം എന്ന ഗോഡ്സ് ഓണ്‍ കണ്‍ട്രിയെക്കുറിച്ചായിരുന്നു അവസാനചോദ്യം. അതുവരെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയ താന്‍ അവസാനചോദ്യം കേട്ടപ്പോള്‍ ശരിക്കും എക്സൈറ്റഡായി. അത് തന്‍െറ മുഖത്ത് പ്രതിഫലിക്കുകയും ചെയ്തു. അതു കണ്ടിട്ടാവണം ബോര്‍ഡിലെ എല്ലാ അംഗങ്ങളും ആസ്വദിച്ചു. ടൂറിസം വകുപ്പിന്‍െറ ടാഗ് ലൈനാണതെന്ന് പറഞ്ഞുതുടങ്ങിയശേഷം, ഇവിടത്തെ പച്ചപ്പിനെയും ഗ്രാമീണഭംഗിയെക്കുറിച്ചുമെല്ലാം വിശദീകരിച്ചു. വളരെ ആസ്വദിച്ച് ഉത്തരം പറയാനായി. സുഹൃദ്വലയവുമായുണ്ടാക്കിയ പരസ്പര ചര്‍ച്ചകള്‍ ഇന്‍റര്‍വ്യൂവും ലളിതമാക്കി. വളരെ പ്രതീക്ഷയോടെയാണ് ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങിയത്. ആദ്യ പത്ത് സ്ഥാനങ്ങളിലൊന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അത് ഒന്നാം റാങ്കാകുമെന്ന് കരുതിയില്ല- ഹരിത പറഞ്ഞു.

പഠനവും തയാറെടുപ്പും ഉപദേശവും
സിവില്‍ സര്‍വീസ് പരീക്ഷക്കായി കൃത്യമായ തയാറെടുപ്പും ചിട്ടയായ പരിശീലനവുമാണ് ഹരിതക്കുണ്ടായിരുന്നത്. തന്‍െറ പഠനരീതിയെക്കുറിച്ച്, പരീക്ഷക്കായി തയാറെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഉപദേശമിതാണ്. സിലബസില്‍നിന്നും പഴയ ചോദ്യപേപ്പറില്‍നിന്നുമായിരിക്കണം പഠിച്ചുതുടങ്ങേണ്ടത്. നമ്മളില്‍നിന്ന് എന്താണ് ഡിമാന്‍ഡ് ചെയ്യുന്നതെന്ന് മനസ്സിലാക്കി പഠിക്കുക. മെയ്ന്‍ പരീക്ഷക്കായി നന്നായി എഴുതി പരിശീലിക്കുക. ഇന്‍റര്‍വ്യൂ സ്റ്റേജില്‍ പരമാവധി സുഹൃദ് സംഗമങ്ങളുണ്ടാക്കി അവരുമായി സംസാരിച്ച് ആത്മവിശ്വാസമുണ്ടാക്കിയെടുക്കുക. സിവില്‍ സര്‍വീസ് ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത കാര്യമല്ല. കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസ്സുണ്ടെങ്കില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നാണിത്. തന്‍െറ ജീവിതം കൊണ്ട് ഹരിത ഇത് തെളിയിച്ചതുമാണ്. ഏത് മാധ്യമത്തില്‍ പഠിക്കുന്നു എന്നതിനെക്കാള്‍ എത്രത്തോളം ആ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് പ്രധാനം. ഇംഗ്ളീഷില്‍ നന്നായി സംസാരിച്ച് ശീലിക്കണം. കൂടുതല്‍പേരിലേക്ക് സിവില്‍സര്‍വീസ് എന്ന സ്വപ്നം എത്തിക്കാന്‍ കഴിഞ്ഞതിലാണ് താന്‍ സന്തോഷിക്കുന്നതെന്ന് ഹരിത പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ആദ്യറാങ്ക് നേടിയവരുടെയെല്ലാം ഫോട്ടോകള്‍ പത്രത്തില്‍നിന്നും വെട്ടിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട് ഹരിത. ആ ഫോട്ടോകള്‍ ഹരിതക്ക് ഏറെ പ്രചോദനമായിരുന്നു. എത്രനേരം പഠിക്കുന്നുവെന്നതിലല്ല, എത്രത്തോളം മനസ്സിലാക്കി പഠിക്കുന്നുവെന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു.

ആ സന്തോഷവാര്‍ത്ത
ഫരീദാബാദിലെ നാസെന്‍ അക്കാദമിയില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ട്രെയ്നിങ്ങിന്‍െറ തിരക്കിലായിരിക്കുമ്പോഴാണ് റാങ്ക് വിവരം അറിയുന്നത്. ഒന്നാംറാങ്ക് തനിക്കാണെന്ന വിവരം ആദ്യം കേട്ടപ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയതായിരിക്കാമെന്ന് കരുതി. യു.പി.എസ്.സിയുടെ വെബ്സൈറ്റില്‍നിന്ന് റാങ്ക് ലിസ്റ്റ് എടുത്തശേഷം ഫേക് ലിസ്റ്റുണ്ടാക്കി തന്‍െറ പേര് ഒന്നാമതായി എഴുതിച്ചേര്‍ത്തതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സുഹൃത്തുക്കള്‍ യു.പി.എസ്.സിയുടെ വെബ്സൈറ്റില്‍നിന്ന് റാങ്ക് ലിസ്റ്റെടുത്ത് കാണിച്ചപ്പോഴാണ് വിശ്വാസമായത്. അപ്പോള്‍തന്നെ പിതാവ് വിജയകുമാറിനെയും മാതാവ് ചിത്രയെയും വിളിച്ചുപറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷവും സിവില്‍സര്‍വീസ് പരീക്ഷാഫലം വരുന്ന ദിവസം രാവിലെ മുതല്‍ തന്നെ കമ്പ്യൂട്ടറിന് മുന്നിലായിരിക്കും ഹരിത. യു.പി.എസ്.സിയുടെ വെബ്സൈറ്റ് റിഫ്രഷ് ചെയ്ത് റിസല്‍ട്ടിനായി കാത്തിരിക്കും. ഒപ്പം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ കമന്‍ഡുകള്‍ വായിച്ചാണ് അപ്പോഴത്തെ ടെന്‍ഷനില്‍നിന്ന് മോചനം നേടാറ്. റാങ്ക് ലിസ്റ്റ് പുറത്തുവന്നാല്‍ ആദ്യ റാങ്കുമുതല്‍ താഴോട്ടു സ്ക്രോള്‍ ചെയ്തുനോക്കും. ആദ്യ നൂറു റാങ്കിലുള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാകുന്നതോടെ ഹരിതയുടെ ആദ്യ കമന്‍ഡ് ഇതായിരിക്കും. ‘അമ്മേ വീണ്ടും എഴുതേണ്ടിവരുമല്ലോ...’ രണ്ടാംതവണ റാങ്ക് 179 ആയിരുന്നു. മൂന്നാം തവണ റാങ്ക് 290ലേക്ക് താഴ്ന്നു. അപ്പോള്‍ ശരിക്കും നിരാശയായി. എന്നാല്‍, അവിടെവെച്ച് ആഗ്രഹം അവസാനിപ്പിക്കാന്‍ ഒരുക്കമായിരുന്നില്ല ഹരിത. വീണ്ടും എഴുതാന്‍തന്നെ തീരുമാനിച്ചു. അവസാനത്തെ ചാന്‍സാണ്. മാതാവ് ചിത്രയുമായി ഒരു കരാര്‍ വെച്ചു, ഇത്തവണ പരീക്ഷാഫലം ഹരിത നോക്കില്ല. രാവിലെ മുതല്‍ കമ്പ്യൂട്ടറിനു മുന്നിലിരിക്കുകയുമില്ല. ഫലംപ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അമ്മ ഫലംനോക്കി പറയണമെന്നായിരുന്നു കരാര്‍. എന്നാല്‍, കൂട്ടുകാര്‍തന്നെ ആദ്യം ഫലം അറിയിച്ചു. ഫരീദാബാദിലെ നാസെന്‍ അക്കാദമിയിലെ പരിശീലനം ഇന്‍റര്‍വ്യൂവിന് സഹായകരമായിരുന്നു. നാലുമാസമായി അക്കാദമിയില്‍ പരിശീലനത്തിലാണ് ഹരിത. മികച്ച അനുഭവങ്ങളാണ് നാസെന്‍ അക്കാദമി തനിക്ക് സമ്മാനിച്ചതെന്ന് ഹരിത പറയുന്നു. കേരളത്തില്‍നിന്ന് ആദ്യമായി വിട്ടുനില്‍ക്കുകയാണ്. ഇതുവരെ മലയാളികളെ മാത്രമാണ് അടുത്തറിയാന്‍ കഴിഞ്ഞിരുന്നതെങ്കില്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയവരുടെ കൂട്ടായ്മയായിരുന്നു നാസെനില്‍.

മറക്കാനാകാത്ത സ്കൂള്‍ ജീവിതം
നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് സ്കൂളില്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോഴാണ് ഹരിതയുടെ മനസ്സില്‍ ഒന്നാം റാങ്ക് എന്ന സ്വപ്നത്തിന്‍െറ വിത്തുമുളച്ചത്. 2001ല്‍ പരീക്ഷാഫലത്തിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ഹരിത തനിക്ക് ഒന്നാംറാങ്ക് കിട്ടുമെന്ന് പറഞ്ഞു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്ല പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ മൂന്നു റാങ്കിലൊന്ന് ഹരിതക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. എല്‍.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ളാസ് ടീച്ചറായിരുന്ന സിസ്റ്റര്‍ ജാസ്മിന്‍ ക്ളാസിലെ കുട്ടികളോടെല്ലാം വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് ആരാകണമെന്ന് ചോദിച്ചു. കലക്ടറാകണമെന്നായിരുന്നു ഹരിതയുടെ മറുപടി. അങ്ങനെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഓരോ ക്ളാസ് കഴിഞ്ഞപ്പോഴും ദൃഢമായി. നെയ്യാറ്റിന്‍കരയിലെ സ്കൂളിലെ ടീച്ചര്‍മാരുടെ പ്രോത്സാഹനം ഹരിതക്ക് കരുത്തായിരുന്നു. പിന്നിട്ട വഴികള്‍ നോക്കുമ്പോള്‍ തന്‍െറ ഏറ്റവും മധുരതരമായ കാലഘട്ടമായിരുന്നു സ്കൂള്‍ ജീവിതം. ഇന്നത്തെ ഈ വലിയനേട്ടത്തിന്‍െറ പ്രധാനകാരണം സ്കൂള്‍ കാലഘട്ടത്തിലെ എന്‍െറ അധ്യാപകരും സിസ്റ്റേഴ്സും സുഹൃത്തുക്കളുമാണ്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കണ്ണുനിറഞ്ഞ് സന്തോഷിക്കുന്നത് സ്കൂള്‍ കാലത്തെ എന്‍െറ അധ്യാപകരാണ്. ശരിക്കും ഐ.എ.എസ് എന്ന മോഹം ഉള്ളിലുദിക്കുന്നത് വീട്ടില്‍നിന്നാണെങ്കിലും അതിന് വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിച്ചത് സ്കൂളിലെ ടീച്ചര്‍മാരായിരുന്നു. അതുമാത്രമല്ല, സ്കൂള്‍ കാലത്തെ ഏറ്റവും വലിയ നീക്കിയിരിപ്പ് എന്നു പറയുന്നത് അക്കാലത്തെ സുഹൃത്തുക്കളാണ്. വേനലിലും മഴയിലും എല്ലാം കൂടെയുള്ള പ്രിയ സുഹൃത്ത് ഗായത്രിയെ ഓര്‍ക്കാതിരിക്കാനാവില്ല. സിവില്‍ സര്‍വീസ് പരീക്ഷയുടെ എല്ലാ ഘട്ടത്തിലും മാനസികമായ പിന്തുണ വലിയതോതില്‍ ലഭിച്ചത് ഗായത്രിയിലൂടെയായിരുന്നു.
ചെറുപ്പത്തില്‍ ഞാന്‍ വലിയ വികൃതിക്കാരിയായിരുന്നുവെന്ന് അമ്മയും ടീച്ചര്‍മാരും പറയും. തൊട്ടടുത്തിരിക്കുന്ന കുട്ടികളോടൊക്കെ കുറുമ്പ് കാണിക്കും. ശരിക്കുമൊരു വികൃതിക്കുട്ടി. എന്‍െറ ശല്യം സഹിക്കവയ്യാതെ അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ചു. ടീച്ചറായിരുന്ന സിസ്റ്റര്‍ ഡോറസ് അമ്മയോടു പറഞ്ഞത്: പഠിക്കാന്‍ കഴിവും മികവും പ്രതീക്ഷയുമുള്ള കുട്ടിയാണ് ഹരിത. അവളെ വികൃതിക്കുട്ടിയാക്കി കഴിവ് നഷ്ടപ്പെടുത്തരുതെന്നായിരുന്നു. അത് തന്‍െറ മനസ്സില്‍ വല്ലാതെ തറച്ചു. എന്നില്‍ എന്തെങ്കിലും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് സിസ്റ്റര്‍ ഡോറസ് ഉള്‍പ്പെടെയുള്ള അക്കാലത്തെ ടീച്ചര്‍മാരായിരുന്നു. അവരാണ് മികച്ചരീതിയില്‍ പഠിക്കണമെന്ന ആഗ്രഹം എന്നിലുണര്‍ത്തിയത്. റാങ്ക് വിവരം അറിഞ്ഞ് സിസ്റ്റര്‍ ഡോറസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സിസ്റ്റര്‍ ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല. സിസ്റ്റര്‍ ബ്ളോസി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അവര്‍ മാത്രമല്ല,അക്കാലത്തെ ടീച്ചര്‍മാരായ ഗ്രേയ്സ്,ലതിക,നിര്‍മല, ഹെയ്സല്‍ എന്നിവരുടെയെല്ലാം ക്ളാസുകള്‍ ഇന്നലെയെന്നതു പോലെ മനസ്സില്‍ നിറയുന്നു.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ഓരോ ശിശുദിനത്തിലും കുട്ടികളുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന ചടങ്ങുണ്ട്. മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നയാളായിരിക്കും ആ ദിവസം കുട്ടികളുടെ പ്രധാനമന്ത്രി. അങ്ങനെ സ്കൂള്‍ കാലത്ത് കുട്ടികളുടെ പ്രധാനമന്ത്രിയായിരിക്കാന്‍ കഴിഞ്ഞതും മറക്കാനാവില്ല.
നെയ്യാറ്റിന്‍കരയിലെ നാടിനെയും നാട്ടുകാരെയും ഏറെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് ഹരിത. അവിടത്തെ പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായിരുന്നു. 21വര്‍ഷത്തെ നെയ്യാറ്റിന്‍കര ജീവിതത്തിനുശേഷം തുടര്‍പഠനത്തിനായി തിരുവനന്തപുരം നഗരത്തിലെ സായിസിന്ദൂരമെന്ന വാടകവീട്ടിലേക്ക് മാറിയെങ്കിലും ഹരിതയുടെ മനസ്സിലെ നാടിനോടുള്ള സ്നേഹത്തില്‍ ഒട്ടും കുറവുവന്നിട്ടില്ല. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ നാട്ടിലേക്ക് പോകും. നെയ്യാറ്റിന്‍കരയിലെ കുടുംബവീടായ പുളിമൂട്ടിലെ ആദ്യ റാങ്കുകാരിയൊന്നുമല്ല ഹരിത. 1980ല്‍ കേരള സര്‍വകലാശാലയില്‍ ബി.എസ്സി ബോട്ടണിയില്‍ ഒന്നാം റാങ്ക് ഹരിതയുടെ മാതാവ് വി.സി. ചിത്രക്കായിരുന്നു. എല്‍.കെ.ജി മുതല്‍ പ്ളസ്ടു വരെ ട്യൂഷനില്ലാതെ പഠിച്ച ഹരിതക്ക് അമ്മ ചിത്രയായിരുന്നു ട്യൂഷന്‍ ടീച്ചര്‍.

കലയും വായനയും
കുട്ടിക്കാലത്ത് സംഗീതവും നൃത്തവും അഭ്യസിച്ച ഹരിതക്ക് സംഗീതത്തോട് ഇന്നും വല്ലാത്ത ഇഷ്ടമാണുള്ളത്. വെറുതെയിരിക്കുമ്പോള്‍ കേള്‍ക്കാനാഗ്രഹിക്കുന്നതും പാട്ടുകളാണ്. രവീന്ദ്രന്‍, ജോണ്‍സണ്‍, രമേശ് നാരായണന്‍ എന്നിവരെയെല്ലാം ഇഷ്ടപ്പെടുന്ന ഹരിതക്ക് പുതുതലമുറയില്‍ ബിജിപാലിന്‍െറ സംഗീതത്തോടാണ് പ്രിയം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഗാനങ്ങളോടാണ് ഏറെ താല്‍പര്യം. ഗാനരചയിതാക്കളില്‍ ഒ.എന്‍.വി, വയലാര്‍, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി മലയാളത്തില്‍ എഴുതുന്ന എല്ലാവരെയും ഇഷ്ടമാണ്. ലളിതമായ ജീവിതശൈലി പിന്തുടരാനാണ് ഹരിതക്ക് താല്‍പര്യം. ആഭരണങ്ങളോടു ഭ്രമമില്ല. സാരിയുടുക്കാനാണ് ഏറെയിഷ്ടം. നമുക്ക് എന്തുചേരും, എന്തു ധരിച്ചാല്‍ കംഫര്‍ട്ടബ്ളാകും എന്നതിന്‍െറ അടിസ്ഥാനത്തിലായിരിക്കണം ഫാഷന്‍. തനിക്ക് ഇഷ്ടം സാരിയാണ്. ഭക്ഷണകാര്യത്തില്‍ തനി കേരളീയ ഭക്ഷണത്തോടാണ് ഏറെ താല്‍പര്യം. നോണ്‍ വെജിറ്റേറിയനും ഇഷ്ടമാണ്. പാചകത്തിന്‍െറ കാര്യത്തിലും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുണ്ട് ഹരിത. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളിലാണ് പരീക്ഷണം നടത്തിയത്. സിനിമകള്‍ കാണാനും ഏറെയിഷ്ടമാണ്. പരീക്ഷയും പരിശീലനവുമൊക്കെയായതിനാല്‍ തിയറ്ററില്‍ പോയി സിനിമ കാണാന്‍ സമയം കിട്ടുന്നില്ല. അവസാനം തിയറ്ററില്‍പോയി കണ്ടത് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയായിരുന്നു. തിലകനാണ് ഏറെ ഇഷ്ടമുള്ള നടനും
പുസ്തകവായനയോട് ഹരിതക്ക് വല്ലാത്ത താല്‍പര്യമാണ്. ആറ്റൂരിന്‍െറ കവിത വായിച്ചുകഴിഞ്ഞു. സന്തോഷ് എച്ചിക്കാനത്തിന്‍െറ ചെറുകഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ഖലീല്‍ ജിബ്രാന്‍െറ പ്രവാചകനാണ് ഏറെയിഷ്ടം. സ്കൂള്‍ കാലത്ത് വായിച്ച അഗ്നിസാക്ഷിയാണ് വായനയോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചത്. എം.ടിയുടെ സാഹിത്യസൃഷ്ടികളോടും താല്‍പര്യമുണ്ട്. പ്രത്യേകിച്ചും മഞ്ഞ്,രണ്ടാമൂഴം എന്നീ രചനകള്‍. പഠനത്തിനോടൊപ്പം നൃത്തവും സംഗീതവും ഇഷ്ടമാണ്. കൈവെച്ച മേഖലകളിലെല്ലാം ഹരിത മികവു തെളിയിച്ചു. പഠനത്തില്‍ മാത്രമല്ല, കലക്കും പ്രാധാന്യം നല്‍കി. ഭരതനാട്യം,മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, ശാസ്ത്രീയ സംഗീതം, ലളിതഗാനം അങ്ങനെ പോകുന്നു പഠിച്ച കലാ ഇനങ്ങള്‍. പഠനത്തിനൊപ്പം ഹരിത ഇവയെല്ലാം കൂടെക്കൊണ്ടു നടന്നു. 15 വര്‍ഷം ശാസ്ത്രീയസംഗീതം പഠിച്ചു. സ്കൂള്‍ തലങ്ങളില്‍ മത്സരിച്ച് പലതവണ കിരീടം നേടി. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി ഹരിത പാട്ടിനും ഡാന്‍സിനുമെല്ലാം ഇടവേളനല്‍കുകയായിരുന്നു.

ഭാവിയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍
ഭാവിയെക്കുറിച്ച് സങ്കല്‍പങ്ങളില്ലെന്ന ഒറ്റവരി മറുപടിയാണ് ഹരിതക്കുള്ളത്. എങ്ങനെ വരുന്നു എന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഇടതും വലതുമില്ലാതെ എല്ലാവര്‍ക്കും നന്നായി ജീവിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടാകണം. സ്ത്രീസുരക്ഷയാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നം. നഗരങ്ങളിലും മെട്രൊപൊളിറ്റന്‍ സങ്കേതങ്ങളിലും സ്ത്രീസുരക്ഷ ആശങ്കാകുലമാണ്. അതിന് ഒരു ബുള്ളറ്റ് പോയന്‍റ് സൊലൂഷനൊന്നും പറയാന്‍ കഴിയില്ല.നിയമങ്ങളും നടപ്പാക്കുന്ന സംവിധാനങ്ങളും കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക. കേരളത്തിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റെല്ലാം സ്ത്രീയെ ഉള്ളില്‍നിന്നും ശാക്തീകരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഹരിത ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യസംവിധാനത്തില്‍ നിയമനിര്‍മാണസഭക്ക് തന്നെയാണ് കരുത്ത്. അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന എക്സിക്യൂട്ടിവിന്‍െറ ഭാഗമാണ് ബ്യൂറോക്രാറ്റുകള്‍. അതിന്‍െറ ഭാഗമായിനിന്നുകൊണ്ട് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ നേതാക്കള്‍ തെറ്റായ തീരുമാനമെടുക്കുമ്പോള്‍ അതിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ ശ്രമിക്കും. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുമുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ഭാവി ജീവിതത്തെക്കുറിച്ചും വരുംപോലെ വരട്ടെയെന്ന മറുപടിയാണ് ഹരിതക്കുള്ളത്. ഇരട്ടസഹോദരന്മാരായ സാദിര്‍ശും സതീര്‍ഥുമാണ് ഹരിതയുടെ അനുജന്മാര്‍. സാദിര്‍ശും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിലാണ്. സതീര്‍ഥ് ചെന്നൈയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ജ്യേഷ്ഠന്മാരെപ്പോലെ തനിക്ക് മാര്‍ഗനിര്‍ദേശം നല്‍കാറുണ്ടെന്നും ഹരിത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story