Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഒരു നാടിനെ കഥയും...

ഒരു നാടിനെ കഥയും കവിതയുമാക്കിയവള്‍

text_fields
bookmark_border
ഒരു നാടിനെ കഥയും കവിതയുമാക്കിയവള്‍
cancel

‘‘ഒന്നര വയസ്സുള്ളപ്പോള്‍ വന്ന പനി ശരീരത്തെ തളര്‍ത്തി. ഒരുപാട് ചികിത്സ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒന്നര വയസ്സിനുമുമ്പ് ഞാന്‍ നടന്നിരുന്നു എന്നൊക്കെയാണ് ഉമ്മ പറയുന്നത്’’. -വീല്‍ ചെയര്‍ ഇരുകൈകള്‍കൊണ്ടും മെല്ലെ ചലിപ്പിച്ച്, ചുവരിലെ താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചുതരുന്നതിനിടയില്‍ ഈ വാക്കുകള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ യുവ കവയിത്രിയും കഥാകാരിയുമായ ഷബ്ന പൊന്നാടിന്‍െറ മുഖത്ത് പ്രകാശം പരത്തുന്ന ചെറുപുഞ്ചിരി. തനിക്ക് ദൈവം നിഷേധിച്ച പലതിനുമപ്പുറം വലിയ ഒരു ലോകം സാധ്യമാണെന്ന തിരിച്ചറിവായിരിക്കണം ഷബ്നയുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തുന്നത്. മലപ്പുറം ജില്ലയിലെ ഓമാനൂരിലെ പൊന്നാടില്‍ ജനിച്ചു വളര്‍ന്ന ഷബ്നക്ക് അരക്ക് താഴെക്ക് പൂര്‍ണമായും തളര്‍ന്ന ശരീരം ബാധ്യതയല്ല. കാരണം ആ ശരീരത്തിനുള്ളില്‍ ആത്മവിശ്വാസവും ഇച്ഛാശക്തിയുമുള്ള മനസുണ്ട്.

ആര്‍ദ്രത നിറഞ്ഞതാണ് ഷബ്നയുടെ കഥകള്‍. ആദ്യ പുസ്തകമായ ‘എന്നേക്കുമുള്ള ഒരോര്‍മ’ ഹൃദയസ്പര്‍ശിയായ പത്തു കഥകളുടെ സമാഹാരമാണ്. ലിപി പബ്ളിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കിയത്. ‘ആ രാവ് പുലരാതിരുന്നെങ്കില്‍’ എന്ന കഥാസമാഹാരം ഒലിവ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. തന്റെ തെരഞ്ഞെടുത്ത കവിതകള്‍ ഉള്‍പ്പെടുത്തി ‘കാലത്തിന്റെ കാലൊച്ച’ എന്ന കവിതാ സമാഹാരം വായനക്കാരിലേക്കെത്തിക്കാനും ഷബ്നക്ക് കഴിഞ്ഞു. ‘എന്നേക്കുമുള്ള ഒരോര്‍മ’ എന്ന സമാഹാരത്തിലെ ‘കൈമാറാവുന്ന സ്വത്ത്’ എന്ന കഥയെ അടിസ്ഥാനമാക്കി ടി.എ. റസാക്കിന്റെ സഹ സംവിധാനത്തോടെ ‘തളിര്‍നാമ്പുകള്‍’ എന്ന ഹ്രസ്വ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തതും ഷബ്ന തന്നെയാണ്.

ഫോണിലൂടെയും നേരിട്ടും ഒരുപാട് സുഹൃത്തുക്കളുണ്ട് ഷബ്നക്ക്. ഈ സുഹൃത്തുക്കള്‍ തന്നെയാണ് തന്‍െറ ഏറ്റവും വലിയ സമ്പാദ്യമെന്ന് ശബ്ന പറയുന്നു. എഴുത്തുകാരുമായും നല്ല ബന്ധമാണ്. ഏറ്റവുമിഷ്ടപ്പെട്ട എഴുത്തുകാരനായ എം.ടിയുടെ കഥകളും ഭാഷാശൈലിയും എല്ലാം വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ ഒരു ചടങ്ങില്‍ വെച്ചാണ് എം.ടിയെ ആദ്യമായി കണ്ടത്. പ്രിയ എഴുത്തുകാരനുമായി സംസാരിച്ചതും അദ്ദേഹം തന്നെ അനുഗ്രഹിച്ചതും എല്ലാം ഇപ്പോഴും സ്വപ്നം പോലെ ഷബ്ന ഓര്‍ക്കുന്നു. ബഷീറും ഷബ്നയുടെ പ്രിയ എഴുത്തുകാരനാണ്. ബഷീറിന്‍െറ ‘ജന്മദിനം’ മുകുന്ദന്‍െറ ‘കിളിവന്നു വിളിച്ചപ്പോള്‍’ എന്നിവയാണ് തന്‍െറ ജീവിതത്തില്‍ എഴുത്തിന്‍െറ പശ്ചാത്തലമൊരുക്കിയതെന്ന് ഷബ്ന വിശ്വസിക്കുന്നു.
‘ഒന്നിനെക്കുറിച്ചും സങ്കടപ്പെട്ടിട്ട് കാര്യമില്ല. ഇത്തിരിപ്പോന്ന ജീവിതത്തില്‍ സങ്കടപ്പെട്ടിരുന്ന് ആ സമയംകൂടി നഷ്ടപ്പെടുത്തുന്നതെന്തിന്? ഞാന്‍ സന്തോഷവതിയാണ്. സങ്കടം വരുമ്പോള്‍ ഞാന്‍ എന്നെക്കാള്‍ അവശത അനുഭവിക്കുന്നവരെയാണ് ഓര്‍ക്കാറുള്ളത്. എനിക്ക് ഇരിക്കാനെങ്കിലും പറ്റും. അതിനുപോലും കഴിയാത്ത എത്രയോ ആളുകളുണ്ട് ഈ ലോകത്ത്’ -ഷബ്ന പറയുന്നു.
എഴുത്തുകൂടാതെ ഗ്ളാസ് പെയ്ന്‍റിങ്ങിലും സാരി പെയ്ന്‍റിങ്ങിലും വിദഗ്ധയാണ് ശബ്ന. വീട്ടിലെ ഷോകേസുകളിലെ അതിമനോഹരങ്ങളായ ഗ്ളാസ് പെയ്ന്‍റിങ്ങുകള്‍ ഷബ്നയുടെ കരവിരുതില്‍ പിറന്നവയാണ്.
‘ജീവിതത്തില്‍ കഴിഞ്ഞുപോയ നാളുകളിലെല്ലാം കൂട്ടുനിന്നത് സുഹൃത്തുക്കളായിരുന്നു. അതില്‍ എടുത്തു പറയേണ്ടത് പാലിയേറ്റിവ് കെയര്‍ കൂട്ടായ്മയാണ്. പാലിയേറ്റിവ് കെയര്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ നല്‍കുന്ന സാന്ത്വനം വളരെ വലുതാണ്. ക്യാമ്പിലെ കലാപരിപാടികള്‍ ജീവിതത്തിന് ഉണര്‍വ് നല്‍കുന്നു. ഉള്ളിലെ കാര്‍മേഘങ്ങളെ മഴയായ് പെയ്യിക്കാനുള്ള കഴിവുണ്ടതിന്’ -ഷബ്ന കാവ്യാത്മകമായി ചിരിക്കുന്നു.

ആദ്യ കഥാസമാഹാരമായ ‘എന്നേക്കുമുള്ള ഒരോര്‍മ’യിലെ കഥകളിലുടനീളമുള്ള വിഷാദഭാവത്തിന്‍െറ കാരണം ചോദിച്ചപ്പോള്‍ കഥാകാരിയുടെ മറുപടി ഇതായിരുന്നു. ‘കഥയെഴുതാനിരിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് പതിക്കുക സങ്കടങ്ങളാണ്. എന്‍െറ സ്വന്തം സങ്കടങ്ങളല്ല. തെരുവില്‍ ഒരുപിടി ആഹാരത്തിനുവേണ്ടി കൈ നീട്ടുന്നവര്‍, ചില്ലറ കാശിനുവേണ്ടി അപരിചിതന്‍െറ മുന്നില്‍ ഇരക്കുന്നവര്‍, അവശതയില്‍ വാടിയുണങ്ങിയവര്‍... ഇവരുടെ നിലവിളികളാണ് എന്‍െറ ഹൃദയത്തെ മുറിവേല്‍പ്പിച്ചത്. ആ വിഷാദം എഴുത്തില്‍ ഞാനറിയാതെ അലിയുന്നതാണ്. പക്ഷേ, ‘ആ രാവ് പുലരാതിരുന്നെങ്കില്‍’ എന്ന കഥാ സമാഹാരത്തില്‍ പ്രത്യാശയാണ്. ജീവിക്കാനുള്ള പ്രത്യാശ’.
പതുക്കെ ഉരുളുന്ന വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു പോകുമ്പോഴും മടുപ്പ് തന്നിലേക്ക് എത്തി നോക്കിയില്ലെന്ന് ഷബ്ന. മറിച്ച് വായിക്കാനും എഴുതാനും മറ്റും വേണ്ടത്ര സമയം കിട്ടുന്നില്ലെന്നാണ് പരാതി.

ഒരു ഗവണ്‍മെന്‍റ് ജോലിക്കാരി ആവുക എന്നതാണ് ശബ്നയുടെ ഏറ്റവും വലിയ ആഗ്രഹം. പി.എസ്.സി പരീക്ഷകള്‍ എഴുതാറുണ്ട്. സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയുമുണ്ട്. തിരക്കുപിടിച്ച ഈ എഴുത്തുകാരി വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷനും എടുക്കുന്നു.

ഇരുപത്തേഴുവയസിനുള്ളില്‍ ശബ്ന എന്ന എഴുത്തുകാരിയെ തേടിയെത്തിയ അവാര്‍ഡുകള്‍ അനേകമാണ്. ‘എന്നേക്കുമുള്ള ഒരോര്‍മ’ എന്ന കഥാ സമാഹാരത്തിന് ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ്, ശബ്നാസ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കീഴിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സലഫി ടൈംസ് സഹൃദയ അവാര്‍ഡ്, യുവജന ക്ഷേമ വകുപ്പിന്‍െറ യങ് വുമണ്‍ യൂത്ത് ഫോറം അവാര്‍ഡ്, ജിദ്ദ ഐ.സി.സി അവാര്‍ഡ്, ഓള്‍ കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ്, മറ്റ് മുപ്പതോളം ഉപഹാരങ്ങളും. ദൈവം തന്നിട്ടുള്ള എഴുതാനുള്ള തന്‍െറ കഴിവാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഷബ്ന കാണുന്നത്. shabnaponnad.blogspot.com എന്ന ബ്ളോഗിലും ഷബ്നയെ വായിക്കാം.
വാഴക്കാട് സി.എച്ച് മെമ്മോറിയല്‍ സ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജിവിതത്തില്‍ എന്നും ഒരു കുളിര്‍മയോടെ ഓര്‍ക്കാനിഷ്ടപ്പെടുന്ന കാലമാണ് സി.എച്ചിലെ പഠനകാലമെന്ന് ഷബ്ന പറയുന്നു. നടക്കാന്‍ കഴിയാത്ത ഷബ്നയെ ഉമ്മ ലൈല എടുത്താണ് സ്കൂളില്‍ കൊണ്ടുപോയിരുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം ഉമ്മയുടെ നാടായ കിണാശ്ശേരിയില്‍. പിന്നീട് കമ്പ്യൂട്ടറില്‍ ഡി.സി.എ ബിരുദം, ബി.എ മലയാളത്തില്‍ വിദൂര വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി മലയാളം പി.ജി വിദൂര പഠനത്തിനും ചേര്‍ന്നിട്ടുണ്ട്.

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അനുഭവിക്കേണ്ടി വന്ന ഏകാന്തതയാണ് ഷബ്നയെ എഴുത്തിന്‍െറ ലോകത്തേക്ക് കൈ പിടിച്ചുകൊണ്ടുപോയത്. സുഹൃത്തുക്കളില്‍ നിന്നുള്ള പ്രവാസം മാനസികമായി തളര്‍ത്തിയെങ്കിലും എഴുത്തിന്‍െറ ലോകത്തില്‍ ഷബ്നക്ക് കൂട്ടായത് ഏകാന്തതയും മനസ്സിനെ തണുപ്പിക്കുന്ന സ്കൂള്‍ ജീവിതത്തിലെ ഓര്‍മകളുമാണ്.

എഴുത്തിന്റെ ലോകത്തേക്ക് പിടിച്ചുയര്‍ത്താന്‍ ഉമ്മ നല്‍കിയ പ്രോത്സാഹനം വളരെ വലുതാണ്. അംഗ വൈകല്യമുള്ള കുട്ടിയായതിനാല്‍ ഷബ്നയെ പഠിപ്പിക്കേണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോഴും പഠിപ്പിക്കാനുള്ള ധൈര്യം കാണിച്ച് കുടെ നിന്ന് അക്ഷരങ്ങളുടെ വെളിച്ചം തെളിച്ചുതന്നത് ഉമ്മ തന്നെ. ഉപ്പ മുഹമ്മദ് എന്ന കുഞ്ഞുട്ടി പൊന്നാട് പ്രവാസിയായിരുന്നു.
സെബിന മന്‍സില്‍ എന്ന വീട്ടില്‍ ഇന്ന് നിറയെ സന്തോഷമാണ്. ഉമ്മക്കും ഉപ്പക്കും എട്ടാം ക്ളാസുകാരിയായ കൊച്ചനുജത്തി മര്‍വാ റോഷിമിനും താന്‍ അഭിമാനമാണ്. ‘എനിക്കിനിയും പലതും ചെയ്യാനുണ്ട്. പിന്നെങ്ങനെ ജീവിതം മടുക്കും?’ -ഷബ്ന ചോദിക്കുന്നു.
എല്ലാം ഉള്ളവരെന്ന അഹങ്കാരവുമായി സഹതാപത്തിന്റെ നോട്ടങ്ങളുമായി ഇവര്‍ക്കരികിലെത്തുമ്പോള്‍ നമുക്ക് മനസിലാകും എത്രമാത്രം വില കുറഞ്ഞതാണ് നമ്മുടെ ജീവിതമെന്ന്. ജീവിതത്തിന്റെവില ഷബ്നയെ പോലുള്ളവര്‍ നമുക്ക് പഠിപ്പിച്ചുതരുന്നു. സാന്ത്വനിപ്പിക്കാനെത്തുന്നവര്‍ക്ക് സങ്കടങ്ങളില്‍ നല്ല കൂട്ടുകാരിയാകുന്നു.

ഷബ്നാസ് ചാരിറ്റബ്ള്‍ ട്രസ്റ്റ്

വശത അനുഭവിക്കുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാനായി 2010 മേയില്‍ രൂപംകൊണ്ട കൂട്ടായ്മയാണ് ഷബ്നാസ് ചാരിറ്റബ്ള്‍ ട്രസ്റ്റ്. ഷബ്നയുടെ വലിയ ഒരാഗ്രഹമായിരുന്നു ഇങ്ങനെയൊരു ട്രസ്റ്റ് രൂപവത്കരിക്കുക എന്നത്. എല്ലാ ആഗ്രഹങ്ങള്‍ക്കും താങ്ങായുള്ള ബാപ്പ ഷബ്നയുടെ ഈ ആഗ്രഹവും നടപ്പാക്കുകയായിരുന്നു. പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, നോമ്പുകാലത്ത് അരി വിതരണം, നിര്‍ധനരായ സ്കൂള്‍ കുട്ടികള്‍ക്ക് നോട്ട് ബുക് വിതരണം എന്നിവയാണ് ട്രസ്റ്റിന്‍െറ പ്രധാന പരിപാടി. ശബ്നയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തെരുവില്‍ അന്തിയുറങ്ങുന്ന, ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കൈനീട്ടുന്ന, ആരോരുമില്ലാത്തവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നത്. ആ സ്വപ്നവും സാക്ഷാത്കരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് ജേതാവായ എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ശിഹാബിനെ ട്രസ്റ്റ് ആദരിച്ചു.ഷബ്നയുടെ പുസ്തകങ്ങളില്‍ നിന്നുള്ള വരുമാനവും ജനകീയ കൂട്ടായ്മയും ബാപ്പ കുഞ്ഞുട്ടി പൊന്നാടിന്‍െറ സഹായവുമാണ് ട്രസ്റ്റിന്‍െറ പ്രധാന ഫണ്ട്. ഷബ്നയെയും ഉപ്പയെയും കൂടാതെ എം.സി. മൊയ്തീന്‍, ഗിരീഷ് പൊന്നാട്, മുഹമ്മദലി, അബ്ദുല്‍ അസീസ്, ഗഫൂര്‍, ബഷീര്‍, സമദ് പൊന്നാട്, ഷംസുദ്ദീന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അംഗങ്ങള്‍. നാല്‍പതിലധികം മറ്റു വളന്‍റിയര്‍മാരും ഉണ്ട് ട്രസ്റ്റിന്. വിധി തന്ന ചെറിയ പരാധീനതകള്‍ ശബ്നക്ക് ഉണര്‍ന്നിരിക്കാനും പോരാടാനുമുള്ള ശക്തിയാണ്. തനിക്ക് ക്രിയാത്മകമായി എന്തെല്ലാം ചെയ്യാനാകുമെന്ന് കാട്ടിക്കൊടുത്താണ് തനിക്ക് നേരെ സഹതാപമെറിയുന്നവര്‍ക്ക് നേരെ ഷബ്ന പുഞ്ചിരിക്കുന്നത്.
സ്നേഹവും സ്വപ്നങ്ങളും എഴുത്തും വരയുമെല്ലാം ചേര്‍ന്ന ഈ ജീവിതത്തിന് ഒരുപാട് ജീവിതങ്ങളിലെ ഇരുട്ടിനെ കീറിമുറിച്ച് പ്രകാശം പരത്താനുണ്ട്. ജീവിതം മുഴുവനായും പുഞ്ചിരിയാണെന്ന് ഷബ്ന ജീവിതം കൊണ്ടുതന്നെ പറഞ്ഞുവക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story