ഒരു മകളും കുറേ അമ്മമാരും 

  • ആരോരുമില്ലാത്ത 24 അമ്മമാർക്ക് സ്​നേഹവും സംരക്ഷണവും സാന്ത്വനവുമാകുന്ന പാലക്കാട് സ്വദേശി റസിയ ബാനുവിനെയും ശാന്തിനികേതനെയും കുറിച്ച്...

rasiya-banu
ശാന്തിനികേതനത്തിലെ ഒരു അമ്മക്കൊപ്പം റസിയ

തങ്കമ്മക്ക്​ ഒരു കഥയുണ്ട്. അവര്‍ക്കു മാത്രമല്ല, വിമലക്കും രാജേശ്വരിയമ്മക്കുമെല്ലാം ഓരോ കഥകളുണ്ട്. വിട്ടുപോന്ന ഇടങ്ങളുടെ കഥ. ആലംബമറ്റ അലച്ചിലുകളുടെ പൊള്ളല്‍. അരക്ഷിതാവസ്ഥകളില്‍ ചൂഴ്ന്നുപോയ ജീവിതങ്ങളുടെ കഥ. ആ കഥകളെല്ലാം കൂടിച്ചേരുമ്പോള്‍ ‘ശാന്തിനികേതനം’ എന്ന വീടാവുന്നു. ഒച്ചയില്ലാത്ത വിങ്ങലുകളുടെ ഒരു കഥാസമാഹാരം. പാലക്കാട് ചുണ്ണാമ്പുത്തറയിലെ ആ വീട്ടില്‍, ഇത്തരം അനേകം കഥകളെ സമാഹരിച്ചു നിര്‍ത്തുന്നത് ഒരു സാധാരണ സ്ത്രീയാണ്. അസാധാരണമായ ജീവിതം ജീവിക്കുന്ന ഒരു നഴ്‌സ്. റസിയ ബാനു. സി.എൻ.എന്‍ -ഐ.ബി.എന്‍ ചാനല്‍ ദേശീയതലത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സമ്മാനിച്ച ‘റിയല്‍ ഹീറോ അവാര്‍ഡ്’ 2012ല്‍ റസിയ ബാനുവിനെ തേടിയെത്തിയത്, തങ്കമ്മയെ പോലെ അനേകം അമ്മമാര്‍ക്ക് അവര്‍ നല്‍കുന്ന പുതുജീവിതത്തെ മുന്‍നിര്‍ത്തിയാണ്. ആരോരുമില്ലാത്ത 24 മനുഷ്യര്‍ക്കാണ് റസിയ ബാനു അഭയമാവുന്നത്. 

അവരെ ഒന്നു കാണണം എന്ന ആഗ്രഹം മുറുകിയപ്പോഴാണ് അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, കാണാന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ തിരക്കിലായിരുന്നു. ധിറുതിയിൽ പറഞ്ഞുനിര്‍ത്തുന്ന  ഫോണ്‍ കോള്‍ മുറിയുന്നതിന് മുമ്പ്​ കഴിക്കേണ്ടുന്ന മരുന്നുകളെ പറ്റിയോ മരുന്ന് കഴിക്കേണ്ട വിധത്തെ പറ്റിയോ ആരോടോ പറയുന്ന ആശ്വാസ വാക്കിലേക്കോ ഒക്കെ വര്‍ത്തമാനം നീളുന്നത് കേള്‍ക്കാമായിരുന്നു. എന്നിട്ടും ഒരു ദിവസം ശാന്തിനികേതനത്തില്‍ എത്തി. അവിടെ ഇപ്പോള്‍ തങ്കമ്മ ഇല്ല. പക്ഷേ, റസിയ ഉണ്ട്.  

തങ്കമ്മയുടെ കഥ
പാലക്കാട് ജില്ല ആശുപത്രിയില്‍ ഏഴാം വയസ്സില്‍ എത്തിപ്പെട്ടതാണ് തങ്കമ്മ. ആരുടെയോ വീട്ടില്‍ ജോലിക്ക് ആരോ കൊണ്ടുവന്നാക്കി. കടുത്ത ന്യൂമോണിയ വന്നപ്പോള്‍ ആ വീട്ടുകാര്‍ തങ്കമ്മയെ ജില്ല ആശുപത്രിയില്‍ ഉപേക്ഷിച്ചു. രോഗം ഭേദമായ തങ്കമ്മക്ക്​ പിന്നീട് പോകാന്‍ ഇടമൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ജില്ല ആശുപത്രിയില്‍ മാറിമാറി വരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഡോക്​ടര്‍മാരുടെയും വീട്ടില്‍ ജോലി ചെയ്തു. ഉടുക്കാനുള്ളതും ആഹാരവും മാത്രമാണ് കൂലി. ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞ് അധ്വാനിക്കാനുള്ള ശേഷിയും തീര്‍ന്നപ്പോള്‍ വീണ്ടും തങ്കമ്മക്ക്​ പോകാന്‍ ഇടമില്ലാതായി. അങ്ങനെയാണ് അവര്‍ റസിയ ബാനുവില്‍ എത്തിയത്. ശാന്തിനികേതനത്തില്‍ എത്തിയ ആദ്യത്തെ അമ്മ. 

റസിയ ബാനു എങ്ങനെയാണ് തങ്കമ്മയില്‍ എത്തിയത്? എങ്ങനെയാണ് മറ്റനേകം അമ്മമാര്‍ക്കുള്ള ഒരിടമായി ശാന്തിനികേതനം മാറിയത്? ആ കഥ ഒരു ഫിക്​ഷന്‍ പോലെ വിചിത്രമാണ്. ജീവിതം പോലെ അസാധാരണം. ആ കഥ റസിയ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്: ‘ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു ഞാന്‍. അധികം ആരോടും വര്‍ത്തമാനവും ബഹളവും ഒന്നും ഇല്ലാത്തൊരു മിണ്ടാക്കുട്ടി. ചെറുപ്പത്തിലേ ഉമ്മ മരിച്ചു. അതോടെ ഒരു യാഥാസ്ഥിതിക മുസ്​ലിം കുടുംബത്തിലെ പെണ്‍കുട്ടിക്ക് വന്നുചേരാവുന്ന എല്ലാ നിയന്ത്രണങ്ങളും വന്നു. പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂളില്‍ ആണ് പഠിച്ചത്. പഠിത്തം തീരും മുന്നേ വിവാഹം.  അടുത്ത ബന്ധു തന്നെ ആയിരുന്നു കല്യാണം കഴിച്ചത്. എനിക്ക്​ ഇരുപത് വയസ്സാവുമ്പോഴേക്കും അദ്ദേഹം മരിച്ചു.

rasiya-banu
ശാന്തിനികേതനത്തിലെ അമ്മമാർ
 


പിന്നെന്ത് വഴി? റസിയയുടെ മുന്നില്‍ ജീവിതം നീണ്ടു കിടന്നു. ആ ജീവിതത്തെ പൂരിപ്പിക്കാന്‍ അവര്‍ അക്ഷരങ്ങളെ കൂട്ടുപിടിച്ചു. പഠനം തുടങ്ങി. വിവാഹാനന്തരം, രണ്ടാമത് പഠിക്കാനുള്ള വഴി തെളിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നഴ്സിങ് തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. പതിയെ വീട്ടുകാരും ഒപ്പംനിന്നു. എല്ലാം പടച്ചവ​​​​​​​​െൻറ വഴി എന്ന് റസിയ പറഞ്ഞ് ചിരിക്കും. പഠിക്കുമ്പോള്‍ തന്നെ പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങളിലും മറ്റും പ്രവര്‍ത്തിച്ചിരുന്നു. പാവപ്പെട്ട രോഗികളെ വീട്ടില്‍ ചെന്ന് ശുശ്രൂഷിക്കുകയൊക്കെ  ചെയ്യുമായിരുന്നു. പഠിത്തം കഴിഞ്ഞപ്പോള്‍ തന്നെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലിക്ക് കയറി. അവിടെ തന്നെയാണ് ഇപ്പോഴും ജോലി ചെയ്യുന്നത്. ആശുപത്രി മുറികളിലെ രാത്രി ഡ്യൂട്ടികളില്‍നിന്നും വീണു കിട്ടുന്ന പകല്‍ നേരങ്ങളിലാണ് അവര്‍ ശാന്തിനികേതനിലുണ്ടാവുക. അന്നേരമാണ് അമ്മപ്പരിചരണങ്ങള്‍.

എന്തുകൊണ്ട് ശാന്തിനികേതനം?
അതിനുത്തരം റസിയ പറയും: ചെറുപ്പം മുതല്‍ക്ക് എ​​​​​​​​െൻറ കാഴ്ചകളില്‍ പെടുന്നത് മുഴുവന്‍ ദുരിതം പേറുന്ന മനുഷ്യര്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ് ലക്ഷ്യം  എന്നു ശക്തിയായി ഉള്ളില്‍ ആരോ പറയുന്നുണ്ടായിരുന്നു. കുട്ടികളെയോ പ്രായമായവരെയോ സംരക്ഷിക്കണം എന്ന തോന്നല്‍ ശക്തമായി. ജീവിതം മുന്നിലുള്ള കുട്ടികളെ നോക്കണോ, അതോ ജീവിച്ച ജീവിതമേ തീര്‍ന്നുപോയ ആരോരുമില്ലാത്ത പ്രായം ചെന്നവരെ സംരക്ഷിക്കണോ എന്ന തിരഞ്ഞെടുപ്പില്‍ മനസ്സ് അമ്മമാര്‍ക്ക് ഒപ്പം നിന്നു. അങ്ങനെയൊരു ദിവസമാണ് ഒരു വൃദ്ധസദനം എന്ന ആശയം മനസ്സില്‍ വരുന്നത്. റസിയയുടെ നിശ്ചയദാര്‍ഢ്യത്തിനു ഒടുവില്‍ വീട്ടുകാരും സമ്മതം മൂളി. കൈയില്‍ ഒന്നുമില്ല. ചെറിയ ജോലി അല്ലാതെ. ഫോണോ ഫോണ്‍ നമ്പറോ പോലും ഇല്ല.

ഓരോന്നും വന്നുചേരുന്നത് ഓരോ അദ്​ഭുതം പോലെ ആണ്. അക്കാലത്ത് വീട്ടില്‍ ചെന്ന് പരിചരിക്കാറുള്ള ഒരു അമ്മയാണ് ആദ്യമായി ഒരു മോട്ടറോള ഫോണ്‍ കൈയില്‍ വെച്ച് കൊടുത്തത്. അങ്ങനെ നമ്പര്‍ എടുത്തു. വൃദ്ധ സദനം നടത്താന്‍ ആവശ്യമുള്ള ഒരു വാടക വീട് അന്വേഷിച്ച് പിന്നീട് പത്രത്തില്‍ പരസ്യം കൊടുത്തു.  പക്ഷേ, വന്ന ഫോണ്‍കാളുകള്‍  മുഴുവന്‍ സംരക്ഷണം തേടിയുള്ളതായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയില്‍ ഏഴാം വയസ്സില്‍ ആരോ കൊണ്ട് ചെന്നാക്കിയ  തങ്കമ്മ ആണ് ആദ്യം വിളിച്ചത്. അങ്ങനെ തങ്കമ്മ റസിയയുടെ ജീവിതത്തിലെത്തി. റസിയ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം തന്നെ വീട് വാടകക്ക്​  കിട്ടി. ‘2006ലാണ് അത്. എന്ന് സ്വന്തമായി വീട് ഉണ്ടാവുന്നുവോ അന്ന് മാറിത്തന്നാല്‍ മതി എന്ന് പറഞ്ഞ് ഒരു അച്ഛനും അമ്മയും തന്നതാണ് ആ വീട്. അതൊക്കെയാണ് സ്‌നേഹം. ഇന്നും അവര്‍ എനിക്ക് അച്ഛനും അമ്മയും ആണ് ​-റസിയ ഓര്‍ക്കുന്നു. 

അമ്മമാരുടെ വീട്
ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനം. അമ്മമാരെ നോക്കാന്‍ ആളു വേണം. അതിനു കാശു വേണം. ഇതൊന്നുമില്ല. മാത്രമല്ല, മറ്റാരെയെങ്കിലും ജോലിക്കു വെച്ചാല്‍, അവര്‍ നന്നായി പരിചരിക്കണമെന്നില്ല. ആരുമില്ലാത്തവരെയാണ് പരിചരിക്കേണ്ടത്. അവരെ ഇനിയും ദുരിതത്തിലാക്കാന്‍ പറ്റില്ല. അമ്മമാരെ സങ്കടപ്പെടുത്താന്‍ വയ്യ. അതിനാല്‍, എല്ലാ ജോലികളും റസിയ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. ‘‘അന്ന് മൂന്ന് അമ്മമാര്‍ കോമ സ്​റ്റേജില്‍ ആയിരുന്നു. അവരെ കുളിപ്പിച്ചു ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടാണ് ഞാന്‍ പോവുക. തങ്കമ്മ സഹായിക്കുമായിരുന്നു. റുമാറ്റിസ് ആര്‍ത്രൈറ്റിസ് ആയിരുന്നു തങ്കമ്മക്ക്​. പിന്നെ വയ്യായ്കക്ക്​ ഒടുവില്‍ ആ അമ്മ പോയി. ഓരോ അമ്മമാരും പോകുമ്പോള്‍ നെഞ്ച് പറിയുന്ന വേദനയാണ്. കുറച്ചു കൂടി നല്ല സമയത്ത് എനിക്കവരെ കിട്ടിയില്ലല്ലോ എന്നോര്‍ക്കും. ബോംബെ ജാനമ്മയും കുട്ടിമാളു അമ്മയും ഒക്കെ അത് പോലെ ചങ്ക് തന്ന് സ്‌നേഹിച്ചിട്ട് കടന്നു പോയ  അമ്മമാര്‍ ആണ്’’ -റസിയയുടെ സ്വരത്തില്‍ ഓർമകളുടെ കലമ്പല്‍. 

rasiya-banu
ശാന്തിനികേതനത്തിലെ താമസക്കാർക്കൊപ്പം റസി
 


‘‘ഇപ്പോഴും ഞാന്‍ തന്നെ ആണ് ഭക്ഷണം  ഉണ്ടാക്കുക.  വിമല ചോറ് വെക്കും. വിമലയും ഇവിടെ വന്നു ചേര്‍ന്നതാണ്. ചില ആളുകള്‍ പിറന്നാളിനൊക്കെ ഭക്ഷണം എത്തിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പുറമെനിന്ന് ഭക്ഷണം എടുക്കുന്നില്ല. അവരുടെ തിരക്കൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും ചിലപ്പോള്‍ അമ്മമാര്‍ക്ക് വിശക്കും. പ്രായമായവരല്ലേ. പുറത്ത് നിന്ന് കൊണ്ടുവരുന്ന ചോറ് വേവും പാകമാവില്ല. അത് കൊണ്ട് ഞങ്ങള്‍ തന്നെ വെക്കും. എ​​​​​​​​െൻറ അമ്മമാരെ പട്ടിണിക്ക് ഇടാന്‍ ആവില്ല. അതുകൊണ്ട് അവരോട് നേരത്തെ  പറയും . സാധനങ്ങള്‍ ആയോ മറ്റോ എത്തിക്കാന്‍’’ -റസിയയുടെ വാക്കുകള്‍. ഇപ്പോള്‍ ശാന്തിനികേതനത്തില്‍ 24 അമ്മമാര്‍ ഉണ്ട്. ഉറുമ്പ് കൂട്ടിവെക്കുംപോലെ സമ്പാദ്യം കൂട്ടിവെച്ചാണ് ശാന്തിനികേതനം എന്ന അമ്മമാരുടെ സ്വന്തം വീട് യാഥാർഥ്യം ആയത്. ത​​​​​​​​െൻറ ചെറിയ വരുമാനത്തിനൊപ്പം കൂടെനില്‍ക്കുന്ന സ്നേഹമനസ്സുകളെയും റസിയ ഓര്‍ക്കുന്നു. 

നല്ലോണം കുറുമ്പ് ഒക്കെ ഉള്ള കുട്ടികള്‍ ആണ് ഇവര്‍. മിഠായി കിട്ടിയില്ലെങ്കില്‍ ഒക്കെ കരയുന്ന, പരാതി പറയുന്ന കുട്ടികള്‍. ഞാന്‍  ജോലി കഴിഞ്ഞു വരുമ്പോഴേക്കും ചില കുറുമ്പുകള്‍ ഹാജരാവും. പല ജീവിത സാഹചര്യങ്ങളില്‍നിന്ന് വന്ന ആരോരുമില്ലാത്തവര്‍ ആണ് ഈ അമ്മമാര്‍. ജീവിതം കൊടുത്ത മുറിവുകള്‍ അവര്‍ക്ക് വേണ്ടുവോളം ഉണ്ട്. അതിനാല്‍ ആ മുറിവ് അല്‍പമെങ്കിലും ഉണങ്ങാന്‍ ആയാല്‍ ദൈവത്തി​​​​​​​​െൻറ കൃപ. റസിയക്ക്​ ഒരു നേരം ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ പോയാല്‍ അവര്‍ പിണങ്ങും. അവരും കഴിക്കില്ല... ഓരോ അമ്മയുടെയും സ്‌നേഹം ഓരോ വിധം ആണ്​ -അവർ പറയുന്നു. 

24 അമ്മമാരുടെ മകള്‍
മുന്നിലിപ്പോള്‍ റസിയബാനുവുണ്ട്. ഈ അമ്മമാരും. അമ്മമാരെക്കുറിച്ചുള്ള ചോദ്യത്തിന് പതുക്കെ റസിയ മറുപടി തുടരുകയാണ്. നേര്‍ത്ത് മെലിഞ്ഞ ഒരു വെളിച്ചച്ചിറകായി! ഓരോ അമ്മമാരുടെയും അടുത്ത് ചെന്ന് വേണ്ട കാര്യങ്ങള്‍ ചോദിച്ചും ചിലര്‍ക്ക് മിഠായി കൊടുത്തും അവരുടെ ഒരേ ഒരു മകള്‍ ആയി റസിയബാനു ജീവിക്കുന്നു. ‘‘കുട്ടൂ ...മുടി വെട്ടണ്ടേ..വളര്‍ന്നല്ലോ’’ എന്ന്  പറഞ്ഞ് ഇടക്ക്​ റസിയബാനു കുട്ടൂ എന്ന് വിളിക്കുന്ന അമ്മൂമ്മക്കുട്ടിയുടെ വെളുത്ത പഞ്ഞിപോലുള്ള തലമുടിയില്‍  തൊട്ടു. ‘‘കുട്ടിക്കെപ്പളും മുടി വെട്ടലെന്നെ പണി. പറ്റില്യാ, എനിക്ക് മുടി വളര്‍ത്തണം’’ -എന്ന് പറഞ്ഞ് ചിണുങ്ങി  കുട്ടു റസിയയുടെ അരുമക്കുട്ടി ആയി. 

സ്‌നേഹം മാത്രമാണ് ഈ വീടിനെ നിലനിര്‍ത്തുന്നത്. എന്നാല്‍, വിശക്കുന്ന വയറുകള്‍ക്ക് പുലരാന്‍ സ്‌നേഹം മാത്രം പോരാ. ഭക്ഷണവും വേണം. ചികിത്സക്ക്​ മരുന്നുകള്‍ വേണം. നിത്യച്ചെലവുകള്‍ക്ക് വക വേണം. എത്ര കാലം സ്വന്തം അധ്വാനം കൊണ്ട് മുന്നോട്ടു പോവാനാവുമെന്ന് റസിയക്കും അറിയില്ല. കാലം പോവുക തന്നെയാണ്. ഈ അമ്മമാരെ ജീവിപ്പിക്കണം. ഇനിയും എത്താനിരിക്കുന്ന അമ്മമാരെയും ജീവിപ്പിക്കണം. അതിന് റസിയക്ക്​ സഹജീവികളുടെ പിന്തുണ വേണം. അവരൊരിക്കലും അതിന് ആവശ്യപ്പെടില്ലെങ്കിലും, അവിടെ നിന്നിറങ്ങുമ്പോള്‍, ഇക്കാര്യം ലോകത്തോട് പറയാനാണ് തോന്നിയത്. ലോകമേ, ഈ ശാന്തിനികേതനത്തിന് നമ്മുടെ താങ്ങ് വേണം. ഈ അമ്മമാര്‍ ഒറ്റക്കാവാന്‍ പാടില്ല. റസിയബാനുവിനെ പോലെ ചിലര്‍  ജീവിച്ചിരിക്കുന്നതു കൊണ്ട് കൂടിയാണ് ഭൂമി ഇത്ര മനോഹരമായിരിക്കുന്നത്.

Loading...
COMMENTS