ലുബ്​നയുടെ ചോദ്യത്തിന്​ ഉത്തരം വരുന്ന കാലം

ന്യൂയോർക്കിലെ പഠനവും ജീവിതവും കഴിഞ്ഞ്​ റിയാദിൽ തിരിച്ചെത്തിയ കാലം. ലുബ്​ന ഒലയാനോട്​ പിതാവ്​ സുലൈമാൻ ഒലയാൻ ചോദിച്ചു. എന്താ ഇനി പരിപാടി. സൗദിയിലെ ഏതെങ്കിലും ബാങ്കിൽ ജോലി നേടണമെന്നായിരുന്നു ലുബ്​നയുടെ ആഗ്രഹം. പക്ഷെ പിതാവ്​ മനസിൽ ചിലത്​ കരുതി വെച്ചിരുന്നു. ഒലയാൻ ഫിനാൻസിങ്​ കമ്പനിയുടെ ചുക്കാൻ ഭാവിയിൽ മകളുടെ കൈകളിലാവും ഭദ്രമായിരിക്കുക എന്ന്​. അദ്ദേഹം മക​ളോട്​  പറഞ്ഞു ‘ത​​​​െൻറ എകസിക്യുട്ടീവ്​ അസിസ്​റ്റൻറ്​ രാജി സമർപ്പിച്ചിരിക്കയാണ്​. നാളെ മുതൽ നീ ആ ചുമതല ഏറ്റെടുക്കണം’.

സൗദി ബിസിനസ്​ മേഖലയിൽ തല ഉയർത്തി നിൽക്കുന്ന ആഗോള സ്വകാര്യ നിക്ഷേപക കമ്പനി ഉടമയും മകളും തമ്മിൽ  ഇൗ സംഭാഷണം നടന്നത് 1983^ലായിരുന്നു. 35 വർഷം പിന്നിടു​േമ്പാൾ ആ മകൾ ഇന്ന്​ ലോകത്തിലെ  വ്യവസായ ഭൂമികയിലെ തിളങ്ങുന്ന പെൺമുദ്രയാണ്​. പതിനാറായിരത്തിലധികം ജീവനക്കാരുള്ള ഒലയാൻ ഗ്രൂപി​​​​െൻറ ചീഫ്​  എക്​സിക്യൂട്ടീവ്​ ഒാഫീസർ. റിയാദിലാണ്​ കമ്പനിയുടെ ആസ്​ഥാനം. വേൾഡ്​ ഇകണോമിക്​ ഫോറത്തിലെ സ്​ഥിരം പ്രഭാഷക. ഫോർബ്​സ്​, ഫോർച്യൂൺ, ടൈം മാഗസിനുകൾ ലോകത്തെ ബിസി​നസ്​ മേഖലയിൽ ഏറ്റവും സ്വാധീന ശക്​തിയുള്ള വ്യക്​തിത്വമായി തെരഞ്ഞെടുക്കപ്പെട്ട വനിത. സൗദിയിൽ വനിതകൾ വലിയ പദവികളിൽ ​േപായിട്ട് സാധാരണ തൊഴിൽ മേഖലയിൽ പോലും എത്താത്ത കാലത്ത്​ ഉന്നത പദവികൾ കൈകാര്യം ചെയ്​ത്​ വിമർശകരെ പോലും വിസ്​മയിപ്പിച്ച ചരി​ത്രമാണിവരുടേത്​.  

സ്​ത്രീകൾ തൊഴിൽ മേഖലയിലേക്ക്​ കടന്നു വരണമെന്നായിരുന്നു അക്കാലത്തു തന്നെ അവരുടെ ശക്​തമായ അഭിപ്രായം.  സൗദിയിൽ ജോലി തേടുന്നവരിൽ 84 ശതമാനവും സ്​ത്രീകളാണ്​ എന്നാണ്​ ജനറൽ അതോറിറ്റി ഫോർ സ്​റ്റാറ്റിസ്​റ്റിക്​സി​​​​െൻറ പുതിയ കണക്ക്​. അതിശയകരമായ മാറ്റത്തി​​​​െൻറ കാലമാണിവിടെ.  ജനസംഖ്യയുടെ അൻപത്​ ശതമാനം വരുന്ന സ്​ത്രീകളുടെ സംഭാവനയില്ലാതെ സമൂഹത്തിന്​ എങ്ങനെ പ​ുരോഗമിക്കാനാവുമെന്ന ല​ുബ്​ന ഒലയാ​​​​െൻറ ചോദ്യത്തിന്​ ഉത്തരം വരുന്ന കാലമാണ്​ സൗദിയിൽ.  നിലവിൽ 500 ഒാളം വനിതകൾ ഒലയാൻ ഗ്രൂപിൽ ജോലി ചെയ്യുന്നുണ്ട്​. കൂടുതൽ അവസരങ്ങൾ സ്​ത്രീകൾക്ക്​ വേണ്ടി അവർ മാറ്റിവെക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. 65 ാം വയസിലും സൗദിയുടെ അന്താരാഷ്​ട്ര മുഖമാണ്​ ലുബ്​ന ഒലയാൻ.

Loading...
COMMENTS