കാഴ്​ചയും കേൾവിയും ഒരുമിക്കുന്ന ഇടങ്ങൾ

അസ്സലാം. പി
19:13 PM
20/03/2019
jawed-aslam

വരയും സംഗീതവും  കലയുടെ ഇരുരൂപകങ്ങളെങ്കിലും ഒരേദിശയിൽ സഞ്ചരിക്കുന്നവയാണ്. ഭൗതികതയാൽ പ്രചോദിപ്പിക്കുന്നതും അല്ലാത്തതുമായ ചോദനകളെ നിറത്തിലും ഈണത്തിലും പൊതിഞ്ഞ് കാഴ്ചയും കേൾവിയുമായി ഇവ മുന്നിലെത്തിക്കുന്നു. സ്വയം തൃപ്തിപെടുന്നതിനൊപ്പം മറ്റുള്ളവരെ കൂടി അപ്പോഴവ സ്വാധീനിക്കുന്നു. ആശയങ്ങളെ അനുഭവിപ്പിക്കാൻ ചിത്രകലയും സംഗീതവുംപോലെ ലളിതമായ മറ്റേതു കലയുണ്ട്! ഇരു മാധ്യമങ്ങളും ഒരുപോലെ ഉപയോഗിക്കുന്നവരെ കുറിച്ചാകട്ടെ ചിത്രകല, സംഗീതം എന്ന വിഭജനം പോലും അപ്രസക്തമാണ്. സംഗീതജ്ഞനും ചിത്രകാരനുമായ ജാവേദ് അസ്​ലമി​​െൻറ സംഗീത - ചിത്ര ജീവിതങ്ങൾ അത്തരമൊന്നാണ്. അതിർവരമ്പുകളില്ലാതെ ഇവ പരസ്പരം ലയിച്ചു ചേർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളിൽ പലയിടങ്ങളിലായി ഒരു പാട്ടി​​െൻറ ചേലും ശീലുമുണ്ട്.

സംഗീത വഴിയിലെ ഇരുളും വെളിച്ചവും തന്നെയാണ് ജാവേദി​​െൻറ ചിത്രങ്ങളുടെ പ്രമേയം. ഏറെ പ്രസക്തമായ ‘പാഷൻ’, ‘നൈറ്റ് പാർട്ടി’, ‘തെരുവ് ഗായകർ’, ‘ഡെത്ത്’ തുടങ്ങിയ ചിത്രങ്ങൾ ഇത്തരം ജീവിതങ്ങളിലൂടെ സൂക്ഷ്മമായി കടന്നുപോകുന്നു. ജാവേദി​​െൻറ ഇഷ്​ട വാദ്യോപകരണമായ സിത്താറി​​െൻറ സാന്നിധ്യം മിക്ക ചിത്രങ്ങളിലും കാണാം. ‘പാഷൻ’ എന്ന  ചിത്രത്തിൽ സിത്താറി​​െൻറ അഭൗമ ലഹരിയിൽ കൂട്ടുകൂടിയിരിക്കുന്ന പാട്ടുകാർ കാഴ്ചക്കാർക്കും ആനന്ദം പകരും. ഏറെ ഇരുളാർന്നതെന്ന് പൊതുസമൂഹം കരുതുന്ന പുറംജീവിതങ്ങളിൽ സംഗീതം നൽകുന്ന നിർവൃതി എത്രയെന്ന് സൂചിപ്പിക്കുന്നതാണ് ‘തെരുവ് ഗായകർ’ എന്ന ചിത്രം. ആത്മാവ് നഷ്​ടപ്പെടുന്ന സംഗീതത്തി​​െൻറ സൂചകമായി ‘കഫൻപുടവ’ അണിഞ്ഞ സിത്താർ ‘ഡെത്ത്’ എന്ന ചിത്രത്തിൽ മരിച്ചുകിടക്കുന്നു.
ഓയിൽ, അക്രിലിക് മീഡിയത്തിലുള്ള ജാവേദി​​െൻറ രചനാരീതി ചിത്രങ്ങളുടെ വലുപ്പംകൊണ്ടും നിറങ്ങളുടെ പ്രത്യേകത കൊണ്ടും ശ്രദ്ധിക്കപ്പെടും. ഒരേ ആശയങ്ങൾ പല ചിത്രങ്ങളുടെ പരമ്പരയായി വരക്കുന്നതും വ്യത്യസ്തം. മലപ്പുറം എ.ആർ നഗർ സ്വദേശി ജാവേദ് അസ്​ലം സ്കൂൾ പഠനകാലത്തുതന്നെ ഹാർമോണിയത്തിൽ വൈദഗ്​ധ്യം നേടിയിരുന്നു. തിരൂരങ്ങാടി ഒാറിയൻറൽ സ്​കൂളിലെ പഠനകാലം ചി​ത്രകലയിൽ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിക്കൊടുത്തു. ഡൽഹിയിലെ ജാമിഅ മില്ലിയയിൽ ഫൈൻ ആർട്സിൽ ഡിഗ്രി എടുക്കാനായി എത്തിച്ചേർന്നതോടെ സംഗീതത്തോടും നിറങ്ങളോടുമുള്ള അഭിനിവേശത്തിന്​ പുതിയ രൂപവും ഭാവവും വന്നു.

javed-asslam
ജാവേദ് അസ്​ലമി​​െൻറ ചിത്രം ‘നൈറ്റ്​പാർട്ടി’
 

ചിത്രകലപഠനത്തിനൊപ്പം സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറി​​െൻറ ശിഷ്യനും ലോകമെമ്പാടും  ഇന്ത്യൻ സംഗീതത്തെ കൊണ്ടെത്തിച്ചവരിൽ ഒരാളുമായ പണ്ഡിറ്റ് ഗൗരവ് മജുൻദാറിനു കീഴിൽ ജാവേദ് സിത്താർ അഭ്യസിക്കാൻ തുടങ്ങി. ഫൈൻ ആർട്​സിൽ മാസ്​റ്റർ ഡിഗ്രിക്കും ജാമിഅയിൽ തുടർന്നു. ഇരു വിഭാഗത്തിലും പഠനം പൂർത്തിയായെങ്കിലും ഡൽഹി വിട്ടില്ല. ആർട്ട്​ ഗാലറികളും ഹിന്ദുസ്​ഥാനിയും സിത്താറും പഠിച്ച മൈഹർ ഖരാനയും ജാവേദിനെ മഹാനഗരത്തിൽ പിടിച്ചുനിർത്തി. സംഗീതവും ചിത്രകലയുമായി ജാവേദ്​ ഡൽഹിയുടെ ഭാഗമായി. ചിത്രകാരിയും ഡിസൈനറുമായ ശബ്​നത്തെ കണ്ടുമുട്ടിയതും ജീവിതസഖിയാക്കിയതും ഡൽഹിയിൽവെച്ചുതന്നെ. സിനിമാ​േട്ടാഗ്രഫിയിലും കൈവെച്ച ജാവേദ്​ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ്​ അബ്​ദുറഹ്​മാനെ കുറിച്ച്​ ഡോക്യുമ​െൻററി ചെയ്​തിട്ടുണ്ട്​. ദേശീയ പുരസ്​കാര ജേതാവ്​ വിനോദ്​ മങ്കരയുടെ പുതിയ സിനിമയിൽ ഒരു വേഷവും ജാവേദിനുണ്ട്​. 

ഗസൽ, സൂഫി ഗാനശാഖക്ക്​ കേരളത്തിൽ അടുത്തിടെ ലഭിച്ച വൻ സ്വീകാര്യതയാണ്​ ഡൽഹി ഖരാനകളിൽനിന്ന് ജാവേദിനെ നാട്ടിലേക്ക്​ തിരികെ കൊണ്ടുവന്നത്​. ഹാർമോണിയവും സിത്താറും ഒരുപോലെ വഴങ്ങുന്ന ജാവേദ് ഇപ്പോൾ ഗസൽ, സൂഫീ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.  ഡൽഹിയിൽ തുടക്കമിട്ട ‘മെഹ്ഫിലെ സമാ’ എന്ന ഖവാലി സംഘത്തി​​െൻറ അമരക്കാരനും ഇദ്ദേഹം തന്നെ. 
രാജ്യത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദർശനം നടത്തിയ  ജാവേദ് നവംബറിൽ ഖത്തറിൽ രാജ്യാന്തര പ്രദർശനത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുകയുണ്ടായി. ഖത്തറിലേക്ക് ക്ഷണിക്കപ്പെട്ട മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു ജാവേദ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് ഫെസ്​റ്റുകളിൽ ഒന്നായ വേൾഡ് ആർട്ട്​ ദു​ൈബയിലും അടുത്തമാസം ഇന്ത്യയെ പ്രതിനിധാനംചെയ്​ത്​ ഇൗ കലാകാരനുണ്ടാകും. നിറങ്ങൾ സംഗീതംപോലെ ലോകം ചുറ്റട്ടെ.                                           l

Loading...
COMMENTS