Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightആ ഒരു റിയാല്‍ മതി,...

ആ ഒരു റിയാല്‍ മതി, ബാബുവിന് തണലൊരുക്കാൻ 

text_fields
bookmark_border
gc-babu
cancel
camera_alt??.?? ????

ജി. ചന്ദ്രബാബു എന്ന ജി.സി ബാബുവിന് ഇത് വൃതശുദ്ധിയുടെ കാലം. മസ്കറ്റ് ഹെയ്‌ലിലെ തെരുവുകളില്‍ സൈക്കിൾ ചവിട്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായി ഓടിപ്പായുന്ന ഈ മലയാളിയുടെ ജീവിതം ഒമാനികള്‍ക്ക് അത്ഭുതമാണ്. നോമ്പെടുക്കുന്ന അനേക ഇസ് ലാം മതവിശ്വാസികളോട് ഐക്യദാർഢ്യമെന്നോണമാണ് ജി.സി ബാബു റമദാന്‍ ഒന്നു മുതല്‍ വ്രതമെടുക്കുന്നത്. മനുഷ്യരെ മതവും ജാതിയും നോക്കി മാര്‍ക്കിടുന്ന കാലത്ത് കൂടിയാണിത് സംഭവിക്കുന്നത്. 

ഇരുപത്തിയഞ്ച് വര്‍ഷമായി സ്വദേശികള്‍ക്ക് പോലും കൗതുകമാണ് ബാബു. തന്‍റെ ഇരുചക്ര സൈക്കിളില്‍ മരുഭൂമിയില്‍ കിലോമീറ്ററുകൾ ബാബു കറങ്ങും. അതില്‍ ഏറിയ യാത്രകളും മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. മസ്‌കറ്റില്‍ വെച്ച് വാഹന അപകടത്തില്‍ മരിച്ച വെള്ളറട സ്വദേശി കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തെ സഹായിച്ചതാണ് ബാബുവിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം. 

മരിച്ച കൃഷ്ണന്‍കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് മുതല്‍ അദ്ദേഹത്തിനുള്ള ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കാന്‍ ശ്രമിച്ചതും കൃഷ്ണന്‍കുട്ടിയുടെ രണ്ടു പെണ്‍കുട്ടികളെയും കെട്ടിച്ചയച്ചതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങായി നിന്നു അദ്ദേഹം. ഈ അനുഭവത്തിന്‍റെ സാഫല്യത്തില്‍ നിന്നാണ് മറ്റുള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരലും കഴിയുന്ന സഹായങ്ങള്‍ ചെയ്യലുമാണ് തന്‍റെ ജീവിത ദൗത്യമെന്ന് ബാബു തിരിച്ചറിയുന്നത്. 

gc-babu

തുടക്കത്തില്‍ സ്വന്തം ശമ്പളത്തില്‍ നിന്നെടുത്താണ് മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിയിരുന്നത്. കുടുംബത്തിനയക്കേണ്ട കാശ് പലപ്പോഴും വെട്ടിചുരുക്കേണ്ട അവസ്ഥ. വിയര്‍പ്പിന്‍റെ വിലയുടെ ഒരു തരി നിരാലംബരായ മറ്റുള്ളവര്‍ കൂടി മാറ്റിവെക്കുകയാണെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചുപോയ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒറ്റക്ക് ചെയ്യേണ്ട കാര്യങ്ങളല്ല തന്‍റെ മുമ്പിലുള്ളത്. സമാനമനസ്‌കരുടെ കൈതാങ്ങുണ്ടെങ്കില്‍ പ്രവാസ ലോകത്ത് ജീവകാരുണ്യ രംഗത്ത് ഒട്ടേറെ ചെയ്യാനുണ്ടെന്ന തിരിച്ചറിവാണ് 'തണല്‍' എന്ന ജീവകാരുണ്യ സംഘടനക്ക് രൂപം നല്‍കാന്‍ ബാബുവിന് പ്രേരണയായത്. 

'ഒരു മാസം ഒരു റിയാല്‍ തരൂ...' ഇതാണ് ജി.സി ബാബുവിന് മറ്റുള്ളവരോടുള്ള അപേക്ഷ. മാസം ഒരു റിയാല്‍ പലയാളുകളില്‍ നിന്നാകുമ്പോള്‍ വലിയ തുകയാകും. ഇരുണ്ടു മൂടിയ ജീവിത ദുരന്തത്തെ അപ്രതീക്ഷതമായി പേറേണ്ടി വന്ന ഒരുപാട്  ജീവനുകള്‍ക്ക് ബാബുവിന്‍റെ പ്രവര്‍ത്തനം തണലാണ്. ജീവിതയാത്ര പൂര്‍ത്തിയാക്കാനാകാതെ മറുനാട്ടില്‍ മരണമടയുന്ന പ്രവാസി മലയാളികളും മാറാരോഗത്താല്‍ വീടിന്‍റെ നാലു ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെടുന്ന നിത്യരോഗികളും ഇതില്‍പെടുന്നു. ഇതുവരെ 143 കുടുംബങ്ങള്‍ക്ക്‌ കൈതാങ്ങാവാന്‍ ഈ കൊച്ചു മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ക്കായി. 

അന്ധകാരം മുറ്റിനില്‍ക്കുന്നിടത്ത് കത്തിജ്വലിക്കുന്ന സൂര്യനാകാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ്ങിന്‍റെ വെളിച്ചമെങ്കിലും പകരാന്‍ എല്ലാവര്‍ക്കും കഴിയും. ഓരോരുത്തരും തന്‍റെ ചുറ്റുമുള്ള ഇരുളടഞ്ഞ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളാവാന്‍ തയാറായാല്‍ ലോകം തന്നെ നന്നാകുമെന്ന് ബാബു തന്‍റെ അനുഭവങ്ങളെ മുന്‍നിറുത്തി സാക്ഷ്യപ്പെടുത്തുന്നു. 

gc-babu

പ്രവാസത്തിന്‍റെ നോവുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം തുഴയാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായിട്ടും സ്വന്തമെന്ന് പറയാനൊന്നും ബാബു സമ്പാദിച്ചിട്ടില്ല. തന്‍റെ ഏറ്റവും വലിയ സമ്പാദ്യം നിരവധി പേരുടെ കണ്ണീരുതുടക്കാനായതാണ്. യുവത്വം കാന്‍സറെടുത്ത കൊല്ലം സ്വദേശി ശ്രീലതയും മനസില്‍ വലിയ സ്വപ്‌നങ്ങളുമായി മറുനാട്ടിലെത്തി ഒന്നിനുമാകാതെ തിരിച്ചു പോരേണ്ടി വന്ന തമിഴ്‌നാട് സ്വദേശി ശാന്തിരാജും തുടങ്ങി അനേകം പേര്‍ക്ക് ജി.സി ബാബു സ്വന്തക്കാരനാണ്. ആരുമില്ലാത്തവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന മനഃസംതൃപ്തി മറ്റേതൊരു സമ്പാദ്യത്തേക്കാളും വലുതാണ്. അവരുടെ മനസിന്‍റെ അടിത്തട്ടില്‍ നിന്ന് വരുന്ന പ്രാര്‍ഥനകളാണ് തന്‍റെ ജീവിതയാത്രയിലെ പാഥേയമെന്ന് ബാബു വിശ്വസിക്കുന്നു. 

ആനപ്പാറ ഗോവിന്ദന്‍-രാജമ്മ ദമ്പതികളുടെ മകനായ ജി.സി ബാബു എട്ടാം വയസില്‍ തുടങ്ങിയതാണ് ഈ അദ്ധ്വാനം. കര്‍ഷകനായ അച്ഛനോടൊത്ത് പാടത്ത് പണിയെടുത്തു. പള്ളിക്കൂടത്തില്‍ പഠിക്കേണ്ട കാലത്ത് പാടത്തെ ചേറിലും ചെളിയിലും പറമ്പിലെ മണ്ണിലും മല്ലിട്ടു ജീവിക്കാനായിരുന്നു വിധി. ചൂളപ്പണിയും ബീഡി തെറുപ്പും മാത്രമല്ല മേസ്തിരിപണിയും കപ്പലണ്ടിക്കച്ചവടവും നടത്തി. 

തുച്ഛമായ കൂലിക്ക് നാട്ടുന്‍പുറത്തെ ജോലികള്‍ ചെയ്തു പോന്നിരുന്ന ജി.സി ബാബു 21ാം വയസ്സിലാണ് പ്രവാസ ജീവിതം തുടങ്ങിയത്. സൗദി അറേബ്യയിലെ ദമാമിനടുത്ത് ജറാറയിലായിരുന്നു ആദ്യകാല പ്രവാസ ജീവിതം. ദുരനുഭവങ്ങള്‍ സമ്മാനിച്ച ആ കാലഘട്ടം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുനീര് പൊടിയും. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ സിമന്‍റ് ചുമടെടുത്തത് ശരീരത്തോടൊപ്പം മനസും തളര്‍ന്നു. അവധിക്കു ശേഷം ഒമാനിലെ മസ്‌കറ്റിലേക്കായിരുന്നു രണ്ടാം പ്രവാസം. മസ്‌കറ്റിലും കാത്തിരുന്നത് പട്ടുമെത്തയായിരുന്നില്ല. ഒന്‍പതു മാസം പണിയെടുത്തിട്ടും ചില്ലിക്കാശ് പോലും ശമ്പളം കിട്ടിയില്ല. സൂര്യനെക്കാള്‍ ചൂടുള്ള ജീവിത യാഥാർഥ്യത്തോട് സ്വയം തോന്നുന്ന സ്‌നേഹമാണ് ഏതൊരു പ്രവാസിയെയും അറബു നാട്ടിലെ കൊടുംചൂടില്‍ പിടിച്ചു നിര്‍ത്തുന്നത്. 

gc-babu

അതിനിടക്കാണ് ഭാര്യ ആദ്യ മകള്‍ക്ക് ജന്മം നല്‍കുന്നത്. കടിഞ്ഞൂണ്‍ പേറ്റുനോവില്‍ ആശ്വാസവാക്കറിയിക്കാന്‍ ഭര്‍ത്താവ് അടുത്തുണ്ടാവണമെന്നാണ് ഏതൊരു ഭാര്യയുടെയും ആഗ്രഹം. ഗള്‍ഫിലെ തൊഴിൽ പ്രശ്‌നങ്ങള്‍ക്കിടിയില്‍ നിന്ന് ഓടിയെത്താന്‍ തന്‍റെ ഭര്‍ത്താവിന് ആവില്ലെന്നറിയാമെങ്കിലും ഗള്‍ഫ് മണക്കുന്ന പുത്തനുടുപ്പെങ്കിലും കൊടുത്തയക്കുമെന്ന് ഭാര്യ വിചാരിച്ചു കാണണം. ഒന്‍പതു മാസം നയാപൈസ കൂലികിട്ടാത്ത തനിക്കെങ്ങിനെ ഉടുപ്പ് വാങ്ങാനാവുമെന്ന് പറയുമ്പോൾ ബാബുവിന്‍റെ കണ്ണുനിറഞ്ഞു.

ആദ്യത്തെ കണ്‍മണിക്ക് ഉടുപ്പുവാങ്ങാന്‍ കഴിയാതെ പോയതിന്‍റെ നിരാശ ബാബു ഇപ്പോള്‍ തീര്‍ക്കുന്നത് 'ഒരു റിയാല്‍, ഒരു തണല്‍' എന്ന തന്‍റെ പരിപാടിയിലൂടെ അനേകം പേര്‍ക്ക് അന്നവും ഉടുപ്പും മരുന്നിനും വക നല്‍കുന്നതിലൂടെയാണ്. സ്വന്തം കൈ കൊണ്ട് പാചകം ചെയ്ത് നല്‍കുന്ന പൊടിയരിക്കഞ്ഞിയും തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് തന്‍റെ റൂമിൽ സൗകര്യമൊരുക്കിയും ഈ മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വന്‍സന്നാഹങ്ങളോടെ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളില്‍ നിന്ന്് തികച്ചും വേറിട്ട് നില്‍ക്കുന്നു.

പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്നു കൊണ്ട് പരമാവധി പേര്‍ക്ക് തണലൊരുക്കാന്‍ കഴിയുന്നുവെന്നാണ് മറ്റുള്ളവരില്‍ നിന്ന് ബാബുവിനെ വേറിട്ടു നിര്‍ത്തുന്നത്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഇടക്ക് നാട്ടില്‍ വരും. മൂന്നു വര്‍ഷത്തെ പ്രവാസ നിക്ഷേപം ഒന്നിനും തികയാതെ വരുമ്പോള്‍ പലരില്‍ നിന്നും പണം കടം വാങ്ങിയാണ് നാട്ടിലെത്തിയിരുന്നത്. തിരിച്ചു മസ്‌കറ്റിലേക്കു ടിക്കറ്റെടുക്കാനും പണം കടം വാങ്ങുകയാണ് പതിവ്. പ്രവാസ ജീവിതത്തിലെ ആദ്യത്തെ 10  വര്‍ഷം ഇങ്ങനെയായിരുന്നു. ചെറിയ വരുമാനത്തില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തിയതു കൊണ്ടാകും പിന്നീടങ്ങോട്ടുള്ള ജീവിത സാഹചര്യങ്ങള്‍ ബാബുവിന് അനുകൂലമായി. 

gc-babu

ഒമാന്‍റെ അനുഗ്രഹീത ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന് അസുഖം വന്നപ്പോള്‍ മതപണ്ഡിതരെ വരുത്തി മുസ് ലിം ആചാര പ്രകാരമുള്ള പ്രാർഥന തന്‍റെ മുറിയില്‍ നടത്തിച്ചിരുന്നു അദ്ദേഹം. ഒമാന്‍റെ ദേശീയ ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതില്‍ സൈക്കിള്‍ റാലി അടക്കമുള്ള പരിപാടികള്‍ നടത്തി വരുന്നതിലും ഉത്സാഹിയാണ് അദ്ദേഹം. അംഗീകാരങ്ങള്‍ക്ക് പിറകെ പോവാനിഷ്ടപ്പെടാത്ത പ്രകൃതക്കാരനാണ് ബാബു. ഒമാനിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലടക്കം ബാബുവിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാർത്തകള്‍ വന്നിട്ടുണ്ട്.  

മണ്ണിന്‍റെ മണവും പട്ടിണിയുടെ രുചിയും പകര്‍ന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് പരുവം കൊണ്ടതാണ് ഈ സുകൃത ജന്‍മം. പ്രവാസം മതിയാക്കണമെന്ന് പല തവണ ആലോചിച്ചതാണെങ്കിലും കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ പുണ്യം ജീവിതത്തിലറിഞ്ഞ ബാബുവിന് മസ്‌കറ്റ് വിട്ട് പോവുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കാനാവുന്നില്ല. ഈ മണ്ണിനെ അത്രക്ക് മനസോട് ചേര്‍ത്ത പ്രവാസിയാണ് അദ്ദേഹം. 

കണ്ണീര് കുടിച്ചു വളര്‍ന്നവര്‍ക്കേ മറ്റുള്ളവരുടെ മുഖത്തെ വിഷമങ്ങള്‍ മനസിലാക്കാനാവുകയുള്ളു. കണ്ണീരില്‍ കുതിര്‍ന്ന കസവുതട്ടങ്ങളെ പ്രതീക്ഷയുടെ കരക്കെത്തിച്ചതിന്‍റെ പുണ്യമാണ് തങ്ങളുടെ ജീവിതമെന്ന് ബാബുവിന്‍റെ ഭാര്യ ഡി. ലൈലയും വിശ്വസിക്കുന്നു. മക്കള്‍ അശ്വതിയും അഞ്ജലിയും അശ്വതിയുടെ ഭര്‍ത്താവ് അരുണും ഏക പേരക്കുട്ടി ശിവാനിയും ഗള്‍ഫ് മതിയാക്കി വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് വിളിക്കുമ്പോഴും ഇനിയും ആരെയൊക്കെയോ സഹായിക്കാന്‍ ബാക്കിയുണ്ടെന്ന ഉള്‍വിളിയാണ് ബാബുവിനെ പിടിച്ചു നിർത്തുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social workermalayalam newsG.C BabuMuscat NRIAnapparaLifestyle News
News Summary - Life of Muscat NRI and Social Worker G.C Babu in Anappara -Lifestyle News
Next Story