ദിശയേതുമില്ലാതെ ഒഴുകുന്ന നിള 

  • പെ​യി​ന്‍റ്​ ചെ​യ്യു​ന്ന​തി​ന് വി​ര​ൽ, ടൂ​ത്ത് ബ്ര​ഷ്, ക​ത്തി, തു​ണി എ​ന്നി​വയിൽ ഏതും ഉപയോഗിക്കുന്ന കലാകാരിയാണ് നി​ള സ്റ്റേ​സി ജോ​ണ്‍സ്

Nila Stacy Jones
നി​ള സ്റ്റേ​സി ജോ​ണ്‍സ് (ഫോ​ട്ടോ: ദി​ലീ​പ് പു​ര​ക്ക​ല്‍)

അ​തി​ര്‍വ​ര​മ്പു​ക​ള്‍ മാ​യ്​ച്ച്​ ച​ട്ട​ക്കൂ​ടു​ക​ള്‍ പൊ​ളി​ച്ച്​ അ​ന​ന്ത വി​ഹാ​യ​സ്സില്‍ പാ​റു​ന്ന​താ​ണ് എ​ട്ടു​വ​യ​സ്സുകാ​രി നി​ള​ക്ക് ചി​ത്ര​ര​ച​ന. കാ​ന്‍വാ​സു​ക​ള്‍ക്കൊ​പ്പം ഉ​റ​ങ്ങു​ക​യും ഉ​ണ​രു​ക​യും ക​ളി​ക്കു​ക​യും ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന നി​ള സ്റ്റേ​സി ജോ​ണ്‍സി​ന് വ​ര​യാ​ണ് സ​ര്‍വ​വും. സ്വ​പ്‌​ന​ലോ​ക​ത്ത് സ​ഞ്ച​രി​ക്കു​ന്ന ഈ ​കു​രു​ന്ന്, ത​​ന്‍റെ സ്വ​പ്‌​ന​ങ്ങ​ളെ കാ​ന്‍വ​ാസി​ലേ​ക്ക് പ​ക​ര്‍ത്തു​ക​യാ​ണ്. അ​തി​ന് പ്ര​ത്യേ​ക സ​മ​യ​മോ കാ​ല​മോ ഇ​ല്ല. വ​ര​ച്ചു തു​ട​ങ്ങു​ന്ന ചി​ത്രം മു​ഴു​മിപ്പി​ക്ക​ണ​മെ​ന്നു​മി​ല്ല. ചി​ല​പ്പോ​ള്‍ ആ​ഴ്ച​ക​ള്‍ക്കുശേ​ഷം വീ​ണ്ടും ആ​രം​ഭി​ച്ചെ​ന്നും വ​രാം. എ​ല്ലാ ദി​വ​സ​വും വ​ര​ക്കു​മെ​ങ്കി​ലും കാ​ന്‍വാ​സി​ൽ വ​ല്ല​പ്പോ​ഴുമേ വ​ര​ക്കാ​റു​ള്ളൂ. കാ​ന്‍വാ​സി​ല്‍ വ​ര​ക്കു​ന്ന​ത് തീ​ര്‍ക്കാ​ന്‍ ഒ​രു മാ​സംവ​രെ സ​മ​യ​മെ​ടു​ത്തെ​ന്നും വ​രാം.  

Nila Stacy Jones
നി​ളയുടെ ചിത്രങ്ങൾ
 


ജ​ല​ച്ഛാ​യം, കാ​ര്‍ട്ടൂ​ണ്‍, പെ​ന്‍സി​ല്‍ ഡ്രോ​യി​ങ് എ​ന്നി​ങ്ങ​നെ വ​ക​തി​രി​വൊ​ന്നും നി​ള​ക്കി​ല്ല. പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​ന് ബ്ര​ഷ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മി​ല്ല. എ​ന്താ​ണോ ല​ഭ്യ​മാ​യ​ത്, അ​താ​ണ് നി​ള ചി​ത്ര​ര​ച​ന​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ത് വി​ര​ലു​ക​ളാ​കാം, ടൂ​ത്ത് ബ്ര​ഷ്, ക​ത്തി, തു​ണി എ​ന്നി​വ​യു​മാ​കാം. അ​ക്രി​ലി​ക്, ഓ​യി​ല്‍ എ​ന്നി​വ​യാ​ണ് ചാ​യ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പ്ര​ഷ്യ​ന്‍ ബ്ലൂ ​ക​യ​റിവ​രാ​റു​ണ്ട്. നി​ള​യു​ടെ വാ​ക്കു​ക​ളി​ല്‍ പ​റ​ഞ്ഞാ​ല്‍ സ്വ​പ്‌​ന​ങ്ങ​ളാ​ണെ​ല്ലാം. അ​വ​യെ കാ​ന്‍വാ​സി​ലേ​ക്ക് പ​ക​ര്‍ത്താ​ന്‍ എ​ന്താ​ണ് ഉ​ത​കു​ന്ന​ത് അ​ത് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ര​ണ്ടാ​ഴ്ച മാ​ത്രം പോ​യ ശേ​ഷം നി​ള സ്‌​കൂ​ളി​നോ​ട് വി​ടപ​റ​ഞ്ഞു. സ്‌​കൂ​ള്‍ ത​നി​ക്ക് പ​റ്റി​യ ഇ​ട​മ​ല്ല എ​ന്നാ​ണ് നി​ള മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. അ​വ​ളു​ടെ ഇ​ഷ്​ടം അ​താ​ണെ​ങ്കി​ല്‍ അ​ങ്ങ​നെ​യാ​ക​ട്ടെ​യെ​ന്ന് മാ​താ​പി​താ​ക്ക​ളും പ​റ​ഞ്ഞു. 

Nila Stacy Jones
അ​മ്മ അ​നു​പ​മ ശ​ശി​ധ​ര​നാ​ണ് കൊ​ച്ചി​യി​ലെ വീ​ട്ടി​ലി​രു​ന്ന് മ​ല​യാ​ള​വും ക​ണ​ക്കു​മെ​ല്ലാം പ​ഠി​പ്പി​ക്കു​ന്ന​ത്. കാ​ര്‍ട്ടൂ​ണ്‍ സി​നി​മ​ക​ള്‍ ക​ണ്ടും  ആ​പ്പു​ക​ള്‍ ശേ​ഖ​രി​ച്ചും ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ഏ​റെ​ക്കു​റെ വ​ശ​ത്താ​ക്കി. ഇ​ൻറ​ര്‍ സെ​ക്ഷ്വാ​ലി​റ്റി​യു​ടെ ക​ഥ പ​റ​യു​ന്ന നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന ‘ഏ​ക’ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്രി​ന്‍സ് ജോ​ണ്‍ ആ​ണ് നിളയുടെ പിതാവ്​. മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം എ​വിടെയെ​ങ്കി​ലും യാ​ത്ര ​പോ​കു​ക​യാ​ണെ​ങ്കി​ല്‍ നി​ള ത​​ന്‍റെ കാ​ന്‍വ​ാസ് കൈ​യില്‍ ക​രു​തും. ചി​ല​പ്പോ​ള്‍ യാ​ത്ര​യി​ല്‍ കാ​ണു​ന്ന​ത് സ്ഥ​ല​കാ​ല​ഭേ​ദമ​ന്യേ വ​ര​ക്കും. 

മ​റ്റു ചി​ല​പ്പോ​ള്‍ ഒ​ഴി​ഞ്ഞ കാ​ന്‍വാ​സു​മാ​യാ​ണ് മ​ട​ക്കം. ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ പോ​യി ചി​ത്ര​ര​ച​ന പ​ഠി​ക്കാ​ന്‍ നി​ള​ക്ക് താ​ല്‍പ​ര്യ​മി​ല്ല. ഏ​തെ​ങ്കി​ലും ഒ​രു അ​ധ്യാ​പ​ക​ന്‍റെ ​കീ​ഴി​ല്‍ ചി​ത്ര​ര​ച​ന പ​ഠി​ച്ചാ​ല്‍, പ​ഠി​പ്പി​ക്കു​ന്ന ആ​ളു​ടെ സ്വാ​ധീ​നം നി​ള​യു​ടെ ചി​ത്ര​ത്തി​ലും ക​ട​ന്നുകൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ ​ഉ​ദ്യ​മ​ത്തി​ന് മാ​താ​പി​താ​ക്ക​ളും പ്രേ​രി​പ്പി​ച്ചി​ല്ല. എ​ന്തെ​ങ്കി​ലും സം​ശ​യം ആ​രോ​ടെ​ങ്കി​ലും ചോ​ദി​ക്ക​ണ​മെ​ങ്കി​ല്‍ കൊ​ച്ചി​യി​ലെത​ന്നെ ക​ലാ​കാ​ര​നാ​യ ഡെ​സ്മ​ണ്ട് ട്രി​ബേ​റ​യോ​ടാ​ണ് ചോ​ദി​ക്കുക. അ​ദ്ദേ​ഹ​വും ചി​ത്ര​ക​ലാ സ്‌​കൂ​ള്‍ ക​യ​റാ​ത്ത ക​ലാ​കാ​ര​നാ​ണ്.  സ്വ​ന്ത​മാ​യി സ്വ​പ്‌​ന​ങ്ങ​ളും ലോ​ക​വു​മു​ള്ള നി​ള​യു​ടെ ചി​ന്താ​ധാ​ര​ക​ളെ വെ​ട്ടി​യൊ​രു​ക്കി അ​തി​​ന്‍റെ സ്വ​ത്വ​ത്തെ ന​ശി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന തി​രി​ച്ച​റി​വാ​ണ് മാ​താ​പി​താ​ക്ക​ളെ ഇ​ങ്ങ​നെ ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. 

Nila Stacy Jones

മൂ​ന്നാം വ​യ​സ്സില്‍ നി​ള വ​ര​ക്കാ​ന്‍ തു​ട​ങ്ങി. 2015ല്‍ ​ആ​റു വ​യ​സ്സുള്ള​പ്പോ​ള്‍ കൊ​ച്ചിയിലെ  കേ​ര​ള ല​ളി​തക​ല അ​ക്കാ​ദ​മി ദ​ര്‍ബാ​ര്‍ ഹാ​ള്‍ ആ​ര്‍ട്ട് സെ​ന്‍റ​റി​ല്‍ ആ​ദ്യ പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ചു. 2016ല്‍ ​കോ​ഴി​ക്കോ​ട് ആ​ർട്ട്​ ഗാ​ല​റി​യി​ലും 2017ല്‍ ​ഫോ​ര്‍ട്ട് കൊ​ച്ചി ബ​ല്ലാ​ര്‍ഡ് ബം​ഗ്ലാ​വ് ആ​ർട്ട്​ സ്‌​പേ​സ് ഗാ​ല​റി​യി​ലും 2017ല്‍  ​വീണ്ടും കൊ​ച്ചി ല​ളി​തക​ല അ​ക്കാ​ദ​മി ദ​ര്‍ബാ​ര്‍ ഹാ​ളി​ലും പ്ര​ദ​ര്‍ശനം സം​ഘ​ടി​പ്പി​ച്ചു. 15000 മു​ത​ല്‍ 50000 രൂ​പ​വ​രെ വി​ല​ക്കാ​ണ് ചി​ത്ര​ങ്ങ​ള്‍ വി​റ്റുപോ​കു​ന്ന​ത്.
Nila Stacy Jones
80ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ കാ​ന്‍വാ​സി​ല്‍ വ​ര​ച്ച​ത്. വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ മും​ബൈ, ഡ​ല്‍ഹി, കൊ​ൽക്കത്ത എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നി​ള​യും മാ​താ​പി​താ​ക്ക​ളും. മൗ​ത്ത് ഷ​ട്ട് ആ​ര്‍മി മാ​ന്‍, സ്‌​നോ മാ​ന്‍എ ​ന്നി​വ​യാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ള്‍. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ര്‍ക്ക്‌​ഷോ​പ്പു​ക​ളി​ലും നി​ള പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ബി​നാ​ലെ സ​മ​യ​ത്ത് വി​ദേ​ശ ചി​ത്ര​കാ​ര​ന്‍മാ​രു​മാ​യി ചേ​ർന്ന്​ പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. എ​പ്പോഴും ഒ​രേ ദി​ശ​യി​ലേ​ക്ക് ഒ​രേ വ​ഴി​യി​ലൂ​ടെ ഒ​ഴു​കു​ക​യാ​ണ് നി​ള ന​ദി​യെ​ങ്കി​ല്‍ ദി​ശ​യോ വ​ഴി​യോ ഇ​ല്ലാ​തെ ഒ​ഴു​കു​ക​യാ​ണ് നി​ള എ​ന്ന ക​ലാ​കാ​രി. മ​റ്റാ​രും സ​ഞ്ച​രി​ക്കാ​ത്ത വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു നീ​ങ്ങാ​ന്‍ ഈ ​കു​ഞ്ഞു​ പാ​ദ​ങ്ങ​ള്‍ക്ക് ക​രു​ത്തേ​കാ​ന്‍ മാ​താ​പി​താ​ക്ക​ളും ഒ​പ്പ​മു​ണ്ട്. 

Loading...
COMMENTS