കാൽവിരലിലെ വർണങ്ങൾ

  • കൈവിരലുകളുടെ അഭാവത്തിൽ കാലുകൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ സൃഷ്​ടിച്ച് കലയുടെ കാൽപനിക ലോകം ത​​ന്‍റേതു കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് 31കാരിയായ പാലക്കാട് പുതുക്കോടി സ്വദേശി ഉല്ലു...

kulsu
ഉമ്മു കുൽസു

ഒരു കരിയിലക്കാറ്റിനെപ്പോലും താങ്ങാൻ കഴിയാത്ത കൂരക്കുള്ളിൽ ഇരുകൈയുമില്ലാതെയായിരുന്നു അവളുടെ ജനനം. അപ്പക്കാട്ട് മുഹമ്മദ് ഹനീഫി​​​​െൻറയും ഉമൈബയുടെയും ഇളയമകളായി സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി അവൾ വളർന്നു. കൈകൾ ഇല്ലായിരുന്ന അവൾക്ക് കാലിനും നേരിയ വൈകല്യമുണ്ടായിരുന്നു. എന്നാല്‍, വിധി സമ്മാനിച്ച തളർച്ചയുടെ മുന്നിൽ തങ്ങളുടെ പൊന്നുമോളെ തളച്ചിടാൻ ഹനീഫയും ഉമൈബയും തയാറായിരുന്നില്ല. സ്നേഹത്തോടെ ചേർത്തു നിർത്തി അവൾക്ക് ‘ഉമ്മു കുൽസു’ എന്ന പേരുനൽകി. ജീവിത വഴിത്താരകളിൽ ഒത്തിരി ദുരിതങ്ങൾ അനുഭവിച്ചായിരുന്നു അവളുടെ വളർച്ച.

എന്നാലിന്ന്​ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും  ‘ഉല്ലു’വിനെ ലോകം അറിയുകയും കേൾക്കുകയും ചെയുന്നു. ഇന്നവൾ വർണങ്ങൾ വിരിയുന്ന ചിത്രങ്ങളുടെ ലോകത്താണ്. ആത്മവിശ്വാസത്തി​​​​​െൻറ ചിറകിലേറി കൈവിരലുകൾക്ക് പകരം കാൽവിരലുകൾക്ക് ചായം നൽകി വർണങ്ങളുടെ കൂട്ടുകാരിയായി അവൾ മുന്നേറി. ചിത്രം വരക്കുന്നതിന് പുറമെ പാട്ടുപാടുകയും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുകയും ചെയ്യുന്നു അവൾ. മനസ്സിൽ കുന്നോളം ആഗ്രഹം കാത്തു സൂക്ഷിക്കാതെയുള്ള ഉല്ലുവി​​​​​െൻറ ലോകത്തിലേക്ക്...

വർണങ്ങൾ വിരിയുന്ന കാൽവിരലുകൾ 
കൈവിരലുകളുടെ അഭാവത്തിൽ കാലുകൾകൊണ്ട് നയന മനോഹരമായ ചിത്രങ്ങൾ സൃഷ്​ടിച്ച് കലയുടെ കാൽപനികലോകം ത​​േൻറതുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് 31കാരിയായ പാലക്കാട് പുതുക്കോടി സ്വദേശി ഉല്ലു. നിമിഷ നേരങ്ങൾകൊണ്ട് മനോഹര ചിത്രങ്ങൾ അവളുടെ കാൽവിരലുകളിൽ നിറയും. മനസ്സിൽ ചിത്രം വിരിയുന്നതും ചായം മുക്കുന്നതും വരയുമെല്ലാം ഒരേ വേഗതയിൽ. ചിത്രരചനയുടെ ബാല്യപാഠങ്ങൾ ഉല്ലുവിന് പകർന്നുനൽകാൻ  അറിവുള്ള ആരുമുണ്ടായിരുന്നില്ല അവളുടെ വീട്ടിൽ. എന്നിട്ടും ഉല്ലു തീർക്കുന്നത് മനോഹരമായ ചിത്രങ്ങൾ. കൈവിരലിനു പകരം കാൽവിരലുകൾ  സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. കലയുടെയും കരകൗശലവസ്​ത​ു നിർമാണത്തി​​​​​െൻറയും മനോഹരചാരുത ത​​​​​െൻറ പാദസ്പർശങ്ങളാൽ ധന്യമാക്കുകയായിരുന്നു അവൾ. 

Ummu Kulsu
കാൽവിരലുകൾ കൊണ്ട് ചിത്രംവരക്കുന്ന ഉമ്മു കുൽസു
 


സ്‌കൂള്‍ ജീവിതത്തില്‍ സഹപാഠികള്‍ക്കിടയിലെ നടത്തം ഒരു പ്രയാസമായി തോന്നിയ നിമിഷം രണ്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച്  സ്‌കൂളിനോടു വിടപറഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കടം തോന്നിയ ഒരുദിവസം കൂടിയായിരുന്നു അതെന്ന് ഉല്ലു പറയുന്നു. ശരീരത്തി​​​​​െൻറ അവശതകള്‍ വല്ലാതെ വേദനിപ്പിച്ചപ്പോഴും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഹൃദയവുമായി ജീവിതനിയോഗങ്ങളോട് പോരടിക്കുകയായിരുന്നു ഇത്രയും കാലം. ഒരിക്കല്‍ ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കായി ബന്ധപ്പെട്ട വകുപ്പില്‍ എത്തിയതായിരുന്നു. അപേക്ഷയില്‍ കുല്‍സു തന്നെ ഒപ്പുവെക്കണമെന്ന് അധികൃതര്‍ വാശിപിടിച്ചു. ഇതോടെ കുല്‍സു ഉമ്മയുടെ കൈയില്‍നിന്നു താഴെയിറങ്ങി തറയില്‍ ഇരുന്നു.

പിന്നെ അധികൃതര്‍ ​െവച്ചുനീട്ടിയ കടലാസില്‍ ത​​​​​െൻറ വലതുകാലില്‍ പേന പിടിച്ച് ഒപ്പുചാര്‍ത്തിക്കൊടുത്തു. അത് പിന്നീട്​ കുല്‍സുവി​​​​​െൻറ ജീവിതത്തില്‍ ഒരു നാഴികക്കല്ലായി മാറി. പിന്നീട് ഒരിക്കലും അവൾ ആരുടെയും മുന്നിൽ തലതാഴ്ത്തി നിന്നിട്ടില്ല. തുടർന്ന്, അവളുടെ മനസ്സിലെ സ്വപ്‌നങ്ങള്‍ക്ക്​ പതിയെ ചിറകു മുളക്കാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ കണ്ണില്‍ കണ്ട കടലാസു തുണ്ടുകളില്‍ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാലുകള്‍കൊണ്ട് കോറിയിട്ടു. അങ്ങനെ പതുക്കെപ്പതുക്കെ ചായങ്ങളും പേപ്പറുകളും അവളുടെ ജീവിതത്തിലെ സുപ്രധാനഭാഗമായി മാറി. ധാരാളം ചിത്രരചന മത്സരങ്ങളിലും എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

ഒപ്പം ചലിച്ച  ഉപ്പയും ഉമ്മയും
ജീവനുതുല്യം സ്നേഹിച്ച മകളെ തങ്ങളുടെ കഷ്​ടപ്പാടും ദുരിതങ്ങളും ഒന്നും അറിയിക്കാതെയാണ് വളർത്തിയത്. വൈകല്യത്തെ അതിജീവിച്ച അവളുടെ ജീവിതം മാതാപിതാക്കൾക്ക് എന്നും സന്തോഷം പകരുന്നതായിരുന്നു. ചിത്രരചനയോട് മകളുടെ അതിയായ സ്നേഹം തിരിച്ചറിഞ്ഞ പിതാവ് മുഹമ്മദ് ഹനീഫ പിന്നീടങ്ങോട്ട് വിവിധ തരത്തിലുള്ള കളറുകളും പെന്‍സിലും പേനയും വെള്ളക്കടലാസുകളും പതിവായി അവൾക്ക് വാങ്ങിനൽകി. അവളുടെ ആവശ്യങ്ങൾ അറിഞ്ഞു നിറങ്ങൾ വാങ്ങിനൽകി. വരയില്‍ കാലുകള്‍ കൊണ്ട് മാന്ത്രികം തീര്‍ക്കുന്ന ഉല്ലു ഇതിനകം നൂറുകണക്കിനു ചിത്രങ്ങള്‍ക്കു നിറങ്ങള്‍ പകര്‍ന്നിട്ടുണ്ട്. ഉല്ലുവി​​​​​െൻറ വര്‍ണസ്വപ്‌നങ്ങള്‍ക്കു പ്രചോദനം നല്‍കിയിരുന്ന പിതാവ് മൂന്നുവര്‍ഷം മുമ്പ്​ അവരോട് വിടപറഞ്ഞു.

Ummu Kulsu

പിതാവി​​​​​െൻറ മരണത്തോടെ നിറം മങ്ങിയ സ്വപ്‌നങ്ങള്‍ക്ക് ഉത്തേജനം നല്‍കി കൂടെനിന്നത് ഉമ്മയും സഹോദരങ്ങളുമാണ്. ഉമ്മ ഉമൈബയും അവളുടെ അഗ്രഹങ്ങൾക്ക് ഒപ്പം പിന്തുണയുമായി കൂടെനിന്നു. ഭക്ഷണം നൽകുന്നതും വീട്ടിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതും ഉമൈബയാണ്‌. ആകാശവും ഭൂമിയും ജീവജാലങ്ങളും പ്രകൃതിയും ഉള്‍പ്പെടെ 100ലധികം ചിത്രങ്ങളാണ് ഈ പെണ്‍കുട്ടി വരച്ചുകൂട്ടിയത്. ചിത്രരചനയില്‍ കാര്യമായ പരിശീലനമൊന്നും നേടാത്ത ഉല്ലുവിന് മൗത്ത് പെയിൻറിങ്ങി​​​​​െൻറ പ്രാഥമിക പാഠം നല്‍കിയത് ഗ്രീന്‍ പാലിയേറ്റിവ് ചെയര്‍മാന്‍ ജസ്ഫര്‍ ആണ്. ഗ്രീൻ പാലിയേറ്റിവ് ചിത്രങ്ങൾ നോക്കിവരക്കാൻ ഒരു മൊബൈൽ ഫോൺ വാങ്ങി നൽകുകയും താജയെന്ന ചിത്രകാരനെ  സഹായത്തിന് എത്തിക്കുകയും ചെയ്തു.

കരകൗശല നിർമാണത്തിലും മുന്നിൽ 
കാൽവിരലുകൾ കൊണ്ട് ചിത്രങ്ങൾ തീർക്കുന്നതിനൊപ്പം ഉല്ലു കരകൗശല നിര്‍മാണത്തിലും മുന്നിലായിരുന്നു. നിരവധി കരകൗശല വസ്തുക്കള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ടി.വി ചാനലുകളിലെ ഷോകളില്‍നിന്നാണ് ഉല്ലു ഇതിനുള്ള ആശയം സ്വായത്തമാക്കിയതെന്ന് പറയുന്നു. ചിത്രരചനക്കും കരകൗശല നിര്‍മാണത്തിനും പുറമെ ഒരു പാട്ടുകാരി കൂടിയാണെന്നു പരിമിതികള്‍ക്കിടയിലും ഈ പെണ്‍കുട്ടി തെളിയിക്കുന്നു. യാത്രകള്‍ ഇഷ്​ടപ്പെടുന്ന പെണ്‍കുട്ടി കൂടിയാണ് ഉല്ലു. ഇതിനകം പല യാത്രകളും ചെയ്തിട്ടുണ്ട്. കരകൗശലനിർമാണത്തിൽ ഇനിയും ഒത്തിരി മുന്നോട്ടുപോകുവാൻ ആഗ്രഹിക്കുന്നതായി ഉല്ലു പറഞ്ഞു. ‘ഉല്ലുവി​​​​​െൻറ പേനകൾ’ എന്ന പരിസ്‌ഥിതി പേനകൾ നിർമിച്ചുനൽകുന്ന ജോലിയും ഉല്ലു ചെയ്യുന്നുണ്ട്. ഗ്രീന്‍ പാലിയേറ്റിവ് അംഗവും  അല്‍അമീന്‍ കോളജ് ബി.ടെക്​ വിദ്യാര്‍ഥിനിയുമായ തസ്‌ലീനയെന്ന സുഹറയാണ് ഉല്ലുവി​​​​​െൻറ എല്ലാ പ്രവർത്തങ്ങൾക്കും മുന്നിൽ നിൽക്കുന്നതും സഹായങ്ങൾ ഒരുക്കുന്നതും.  

ഉല്ലുവി​​​​​െൻറ സുഹറ
ഉല്ലുവി​​​​​െൻറ നല്ലൊരു സഹോദരിയായി മാറിയിരിക്കുകയാണ് തസ്‌ലീനയെന്ന സുഹറ. ഉല്ലുവി​​​​​െൻറ ജീവിതത്തിലേക്ക് ത​​​​​െൻറ കടന്നുവരവിനെ കുറിച്ച് സുഹറ പറയുന്നത് ഇങ്ങനെ: ഹയർ സെക്കൻഡറിക്ക് പഠിക്കുന്ന സമയത്ത്​ എ​​​​​െൻറ കൂട്ടുകെട്ടിൽ ഉള്ള സുഹൃത്തുക്കൾക്കൊക്കെ എന്നേക്കാൾ പൊക്കമുണ്ടായിരുന്നു. തമാശക്കാണെങ്കിൽ പോലും അവരെന്നെ ചില സമയങ്ങളിൽ കളിയാക്കിയത് മനസ്സിനെ ഏറെ മുറിപ്പെടുത്തിയിരുന്നു. ആ സമയത്ത്​ എന്നേക്കാൾ ഉയരം കുറഞ്ഞ ഒരു സ്ത്രീയെ ഞാൻ കണ്ടു. അവരുടെ രണ്ടു കാലുകളും രണ്ട് ഉയരത്തിലായിരുന്നു. ആ സ്ത്രീ ബസിൽ കയറാനും മറ്റും കഷ്​ടപ്പെടുന്നത് ഞാൻ നിത്യവും കാണുമായിരുന്നു. പിന്നീട് എ​​​​​െൻറ ആലോചനകൾ ഉല്ലുവി​​​​​െൻറ ജീവിതത്തെക്കുറിച്ച് ആയിരുന്നു. അതിൽ പിന്നെ എന്നേക്കാൾ ഉയരം കുറഞ്ഞവരോട് കൂട്ടുകൂടാൻ എനിക്ക് വലിയ താൽപര്യമായിരുന്നു.  ഒരുനാൾ ഞാൻ  ഉല്ലുവി​​​​​െൻറ മൂത്ത സഹോദരിയുടെ കല്യാണ തലേന്ന് മൈലാഞ്ചി ഇടുവാൻ അവരുടെ വീട്ടിൽ എത്തിയിരുന്നു.

Ummu Kulsu
ഉമ്മു കുൽസുവും സുഹറയും
 


കാലുകൊണ്ട് ഉള്ളി നേരാക്കുന്ന ഇരുകൈകളില്ലാത്ത, കുട്ടികളുടെ ശബ്​ദമുള്ള, ഇത്തിരി പൊക്കക്കാരിയായ ഒരു സ്ത്രീ. കല്യാണ പെണ്ണിന് മൈലാഞ്ചി ഇട്ടുകൊടുക്കുമ്പോൾ എ​​​​​െൻറ മുഖത്തുനോക്കിയ ഉല്ലുവി​​​​​െൻറ നിഷ്കളങ്ക മുഖം എനിക്കിന്നും ഓർമയുണ്ട്. അന്ന് ആ നിഷ്കളങ്കതക്ക് സഹതാപത്തി​​​​​െൻറ നോട്ടമായിരുന്നു ഞാൻ സമ്മാനിച്ചതെന്ന് സുഹറ പറയുന്നു. പക്ഷേ, ആ വീട്ടിലെ ഓരോരുത്തരും എന്നോട് കാണിക്കുന്ന കളങ്കമില്ലാത്ത സ്നേഹം ഒരു കാന്തിക ശക്തിയെന്നപോൽ എന്നെ അവരിലേക്ക് ആകർഷിച്ചു. അവിടെവെച്ച് ഉല്ലുവി​​​​​െൻറ ചിത്രങ്ങളും കാണാൻ ഇടയായി. പിന്നീട് ഉല്ലുവി​​​​​െൻറ ഓരോ മികവുറ്റ കഴിവുകൾ കണ്ടപ്പോൾ അതിനു മതിയായ പ്രോത്സാഹനവും അംഗീകാരവും കിട്ടുന്നില്ലെന്ന് മനസ്സിലായപ്പോൾ ഉല്ലുവിനെ ഞാൻ എ​​​​​െൻറ സുഹൃത്തുക്കൾക്ക് നേരിട്ടും സോഷ്യൽ മീഡിയ വഴിയും പരിചയപ്പെടുത്തിത്തുടങ്ങി. അങ്ങനെ പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ആ കുടുംബത്തിലേക്ക് വെളിച്ചം വീശിത്തുടങ്ങി. സുഹറയുടെ അടുപ്പവും സാന്നിധ്യവും തന്നിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് ഉല്ലു പറയുന്നു.
 

Ummu Kulsu
ഉമ്മു കുൽസുവി​​​​​െൻറ വീട്ടിലെത്തിയ ഗ്രീൻ പാലിയേറ്റിവ് അംഗങ്ങൾ
 


ഉല്ലുവിന് വീടൊരുക്കാം 
ചിത്രരചനയുടെ ലോകത്ത്  നിറസാന്നിധ്യമായ ഉല്ലുവും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീട് തകർച്ചയുടെ വക്കിലാണ്. ശക്തമായൊരു കാറ്റടിച്ചാൽ നിലംപൊത്താറായ വീട്ടിലാണ് ഇന്നും താമസം. കൂട്ടിന് ഉമ്മയും രണ്ടു സഹോദരിമാരുമുണ്ട്. അടച്ചുറപ്പുള്ള വീടെന്ന വലിയൊരു സ്വപ്നം മാത്രമേ ഇന്ന് ഉല്ലുവി​​​​​െൻറ മനസ്സിലുള്ളൂ. ഗ്രീൻ പാലിയേറ്റിവ് അടക്കം പല സംഘടനകളും നല്ലൊരു വീടിനായി രംഗത്തുണ്ട്. സഹോദരിയുടെ ജോലിയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോൾ ഇവരുടെ ജീവിതം മുന്നോട്ടുനീങ്ങുന്നത്.

ഏറെ പേടിയോടെയാണ് രാപ്പകലുകൾ ഈ വീട്ടിനുള്ളിൽ ഈ ചിത്രകാരി കഴിച്ചുകൂട്ടുന്നത്. ഉല്ലുവിനും കുടുംബത്തിനും ഉല്ലുവി​​​​​െൻറ പേരിലുള്ള രണ്ടര സ​​​​െൻറ്​ സ്ഥലത്തും അടച്ചുറപ്പുള്ള ഒരു കൊച്ചുവീട് വേണം. ഉല്ലുവും കുടുംബവും എങ്ങനെ കഴിയുമെന്ന് ചിന്തിക്കാനുള്ള മനസ്സ് സമൂഹത്തിന് ഉണ്ടാകാതിരിക്കില്ല. പ്രതീക്ഷയോടെ ഉല്ലു കാത്തിരിക്കുന്നു. 

Loading...
COMMENTS