Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightചക്കക്കൂട്ട്

ചക്കക്കൂട്ട്

text_fields
bookmark_border
james-joseph
cancel
camera_alt?????? ????????

ചക്ക കീറിമുറിച്ച്​ വായിലിടുന്നതിന്​ പകരം അത്​ പാക്ക്​ ചെയ്​ത്​ സിഡ്​നിയിലെ ലബോറട്ടറിയിലേക്കയക്കു​േമ്പാൾ ഇയാളുടെ തലക്ക്​ വെളിവില്ലേയെന്ന്​ സംശയിച്ച​വരേറെയാണ്​. എന്നാൽ, അത്​ പ്രമേഹരോഗികൾക്ക്​ ഉത്തമമാണെന്ന്​ തെളിയിക്കുന്ന പരിശോധന റിപ്പോർട്ടുമായി എത്തിയപ്പോൾ തൊടിയിൽ ചീഞ്ഞുനാറുന്ന ചക്കയെ നോക്കി ഇവരൊക്കെ തലയിൽ കൈവെച്ചു. ചക്കയെ കേരളത്തി​​​െൻറ ഒൗദ്യോഗിക ഫലമായി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിന്​ പിന്നിൽ എറണാകുളം ജില്ലയിലെ പിറവത്ത്​ ജനിച്ച്​ ആലുവയിൽ താമസമാക്കിയ ജയിംസ്​ ജോസഫ്​ മൂലക്കാട്ടി​​​െൻറ പ്രയത്​നമേറെയുണ്ട്​. പച്ചച്ചക്കയുടെ ചുള ഉണക്കിയെടുത്ത്​ പാക്ക്​ ചെയ്​തും ചക്കച്ചുള പൊടിച്ചെടുത്ത്​ വൻ നഗരങ്ങളിലെത്തിച്ചും 150ലധികം വിഭവങ്ങൾ ഇതുകൊണ്ടുണ്ടാക്കാമെന്ന്​ പഠിപ്പിച്ച്​ നക്ഷത്ര ഹോട്ടലുകളുടെ മെനുവിൽ വൈവിധ്യംനിറച്ചും ഇദ്ദേഹം മലയാളിയുടെ ചക്കയോടുള്ള മനോഭാവം തന്നെ മാറ്റിമറിച്ചു.

അച്ഛ​​​െൻറ കത്തും മൈ​ക്രോസോഫ്​റ്റി​​​െൻറ കവാടവും
മൂന്നാം വയസ്സിൽ അമ്മ മരിച്ചപ്പോൾ ജയിംസി​​െൻറ കുട്ടിക്കാലം അമ്മാവനും അധ്യാപകനുമായിരുന്ന ഫിലിപ്പി​​​െൻറ വീട്ടിലായിരുന്നു. ബാങ്കുദ്യോഗസ്​ഥനായ മൂലക്കാട്ട്​ ജോസഫി​​െൻറ ആറുമക്കളിൽ ഇളയവൻ​ പഠനത്തിൽ മിടുക്കനായിരുന്നു. തിരുവനന്തപുരം എൻജിനീയറിങ്​ കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന്​ ചേർന്ന ജയിംസിന്​ അവസാനവർഷം അച്ഛനയച്ചൊരു കത്തു കിട്ടി, കൂടെ കുറച്ചുപണവും. ആ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: ‘‘എ​​​െൻറ കൈയിൽ ബാക്കിയുള്ള പണം മുഴുവൻ ഇതോടൊപ്പം അയക്കുകയാണ്​. പണം നീ കണ്ടമാനം കളയില്ലെന്ന്​ എനിക്ക്​ വിശ്വാസമുണ്ട്​. ഇതുപയോഗിച്ച്​ നിനക്ക്​ പഠനം പൂർത്തിയാക്കാം. ഇനി പണം ആവശ്യമാകുംമുമ്പ്​ നിനക്കൊരു ജോലി കണ്ടെത്താനാകുമെന്ന്​ എനിക്കുറപ്പുണ്ട്​’’. അത്​ അച്ഛനയച്ച അവസാന കത്തായിരുന്നു. അവസാന പരീക്ഷയുടെ തലേന്ന്​ സ്​കൂട്ടറപകടത്തിൽ പിതാവ്​ മരിച്ച വാർത്തയാണ്​ ജയിംസിനെ തേടിയെത്തിയത്​. അങ്ങ​​​െന കൂട്ടുകാരെല്ലാം പരീക്ഷ വിജയിച്ചപ്പോൾ ജയിംസ്​ മാത്രം തോറ്റു.

Chakka
ചക്കപ്പൊടി കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങൾ (കടപ്പാട്​: jackfruit365.com)
 


ആറുമാസം കഴിഞ്ഞ്​ തോറ്റ വിഷയം എഴുതിയെടുത്ത്​ മെക്കാനിക്കൽ എൻജിനീയർ പട്ടവുമായി 1993ൽ ഡൽഹിയിലേക്ക്​ വണ്ടികയറി. വൈകാതെ വാഹന ഉപകരണങ്ങൾ നിർമിക്കുന്ന ചെറിയൊരു കമ്പനിയിൽ ജോലിക്കുകയറി. തൊട്ടടുത്തവർഷം 3M എന്ന ബഹുരാഷ്​ട്ര കമ്പനിയുടെ വിൽപന വിഭാഗത്തിലെത്തി. അതിനിടെയാണ്​ ‘എങ്ങനെ ഒരു ​േഗ്ലാബൽ മാനേജറാകാം’ എന്ന ലേഖനം വായിക്കുന്നത്​. ഇതിലെ വരികൾ വല്ലാതെ അലട്ടിയപ്പോൾ ജോലിയുപേക്ഷിച്ച്​ ബ്രിട്ടനിലെ വാർവിക്​ സർവകലാശാലയിൽ ബിസിനസ്​ മാനേജ്​മ​​െൻറ്​ കോഴ്​സിന്​ ചേർന്നു. ഇത്​  പൂർത്തിയാക്കിയശേഷം ചെന്നൈയിൽ ഫോർഡ്​ കമ്പനിയിൽ ജീവനക്കാരനായി. 1999ൽ അമേരിക്കയിൽ ​i2 ടെക്​നോളജീസിലെത്തി. അവിടെനിന്നാണ്​ മാർക്കറ്റിങ്ങി​​​െൻറ സാധ്യതകളിലേക്ക്​ തിരിഞ്ഞത്​. 2002ൽ ഇംഗ്ലണ്ടിലേക്ക്​ ട്രാൻസ്​ഫർ വാങ്ങിപ്പോയ ജയിംസ്​ രണ്ടുവർഷത്തിന്​ ശേഷം മൈക്രോസോഫ്​റ്റി​​​െൻറ മാർക്കറ്റിങ്​ വിഭാഗത്തിലെത്തി. 2007ൽ ബംഗളൂരുവിലേക്ക്​ സ്​ഥലംമാറ്റം വാങ്ങി. തൊട്ടടുത്ത വർഷം എക്​സിക്യൂട്ടിവ്​ എൻഗേജ്​മ​​െൻറ്​ ഡയറക്​ടറായി സ്​ഥാനക്കയറ്റം ലഭിച്ചതോടെ വിവിധ നഗരങ്ങളിലേക്കുള്ള തുടർച്ചയായ യാത്ര തുടങ്ങി. ഇത്​ ജീവിതത്തിലെ വിലപ്പെട്ട സമയമേറെ കവർന്നതോടെയാണ്​ കേരളത്തിലെ വീട്ടിലിരുന്ന്​ ഇതേ ജോലി ചെയ്​തുകൂടേയെന്ന ചിന്ത വന്നത്​. ഇതിനായി ആറുമാസത്തെ പ്രത്യേകാനുമതി വാങ്ങി.

പെർഫോമൻസ്​ കുറഞ്ഞാൽ തിരിച്ചുവരണമെന്ന നിബന്ധനയിലായിരുന്നു അനുമതി. അങ്ങനെ ആലുവപ്പുഴയോരത്ത്​ ജയിംസ്​ ഒരു ഫ്ലാറ്റ്​ വാങ്ങി. അതിലൊരു മുറിയിൽ ഒാഫിസുമൊരുക്കി. മൈ​​േക്രാസോഫ്​റ്റ്​ കമ്പനിയിലെ മികച്ച ജീവനക്കാരനുള്ള എക്​സലൻറ്​ അവാർഡിനർഹനായെന്ന അമ്പരപ്പിച്ച വാർത്തയും ഇതിനിടെ അമേരിക്കയിൽനിന്നെത്തി. ആറുമാസം പരീക്ഷണാടിസ്​ഥാനത്തിൽ ​േകരളത്തിലെത്തിയ ജയിംസ്​ മൂന്ന്​ കൊല്ലം വീട്ടിലിരുന്ന്​ ജോലി തുടർന്നു. അതിനിടെ കൊച്ചിയിൽ നടന്ന വ്യവസായികളുടെ സമ്മേളനത്തിൽ ജോലിയുടെ വൈവിധ്യം വെളിപ്പെടുത്തിയപ്പോൾ വേദിയിലുണ്ടായിരുന്ന ഇൻഫോസിസ്​ കമ്പനി മേധാവി ക്രിസ്​ ഗോപാലകൃഷ്​ണൻ ഒരുപദേശവുമായെത്തി. ‘അനുഭവങ്ങൾ പുസ്​തകമാക്കണം, നാട്ടിൽ മടങ്ങിയെത്തണമെന്ന ആഗ്രഹവുമായി വിദേശത്ത്​ കഴിയുന്ന ഒരുപാടുപേർക്ക്​ അതൊരു വഴികാട്ടിയാകും’. ഇതിലൽപം കാര്യമുണ്ടെന്ന്​ തോന്നിയപ്പോൾ 2012 ഒക്​ടോബർ ഒന്നിന്​ മൈക്രോസോഫ്​റ്റിലെ ജോലി രാജ​ിവെച്ച്​ പുസ്​തകമെഴുത്ത്​ തുടങ്ങി. വൈകാതെ ‘ഗോഡ്​സ്​ ഒാൺ ഒാഫിസ്​’ എന്ന പേരിൽ അക്ഷരക്കൂട്ടിറങ്ങി. വിദേശത്ത്​ ജോലി ചെയ്യുന്നവർക്ക്​ മാത്രമല്ല, നാട്ടിലുള്ളവർക്കും ഇക്കഥ പ്രചോദനമായതോടെ ‘ദൈവത്തി​​​െൻറ സ്വന്തം ഒാഫിസ്​’ എന്ന പേരിൽ മലയാളം പതിപ്പുമെത്തി.

Chakka

പറമ്പിലൊരു പ്ലാവ്​
അധ്യാപക ജീവിതത്തിനിടെ ആയുർവേദ ഗ്രന്​ഥങ്ങൾ വായിച്ച്​ ചികിത്സ നിർദേശിക്കുന്ന നാട്ടുകാരുടെ പ്രിയ ‘ഡോക്​ടർ’ ആയിരുന്നു ജയിംസി​​​െൻറ അമ്മാവൻ ഫിലിപ്പ്​. പറമ്പിലൊരു ​പ്ലാവുണ്ടെങ്കിൽ 10 വർഷം ആയുസ്സ്​ കൂടുമെന്ന്​ ഇദ്ദേഹം പഠിപ്പിച്ചപ്പോൾ തുടങ്ങിയതാണ്​ പ്ലാവിനോടും ചക്കയോടുമുള്ള കമ്പം. ആലുവ പുഴയുടെ തീരത്തിരുന്ന്​ എഴുത്ത്​ തുടങ്ങിയപ്പോഴാണ്​ ചക്കയിൽ വീണ്ടും കണ്ണുടക്കിയത്​. ഉരുളക്കിഴങ്ങും പനീറും ഉപയോഗിച്ച്​ വിഭവങ്ങളേറെ ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട്​ ചക്കകൊണ്ടുമായിക്കൂടെന്ന ചിന്ത വരുന്നത്​ അങ്ങനെയാണ്​. ​​േഗ്ലാബൽ മാനേജറാവുക എന്ന പഴയമോഹം ഇതോടെ പൊടിതട്ടിയെടുത്തു. ‘വർഷം മുഴുവൻ ചക്ക തിന്നാൻ എന്തുണ്ട്​​ മാർഗം’ എന്ന മകളുടെ ചോദ്യം പുതിയൊരു ആശയത്തി​​​െൻറ തുടക്കമായിരുന്നു. ജനുവരി മുതൽ ജൂൺ വരെ നീളുന്ന സീസണിൽ 600 കോടി രൂപയുടെ ചക്കയാണ്​ കേരളത്തിൽ മാത്രം പാഴാകുന്നതെന്ന്​ ജയിംസ്​ അന്വേഷിച്ചറിഞ്ഞു. 

വിറ്റമിനുകളും ധാതുക്കളും കൊണ്ട്​ സമ്പന്നമായ ചക്കയോടുള്ള മലയാളിയുടെ മനോഭാവം മാറ്റുകയും വർഷം മുഴുവൻ ലഭ്യമാക്കുകയും ചെയ്​താൽ വൻ കച്ചവട സാധ്യതയുണ്ടെന്ന ബോധ്യമുണ്ടായതോടെ വർഷത്തിൽ എല്ലാ ദിവസവും ചക്ക ലഭ്യമാക്കുന്നതിനുള്ള മാർഗവും കണ്ടെത്തി. നിർജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനം കുറച്ചെടുത്തു. ഒപ്പം ‘ജാക്ക്​ഫ്രൂട്ട്​ 365’ എന്ന പേരിൽ 2013ൽ പുതിയ ബ്രാൻഡുമെത്തി. ഫ്രീസ്​ ഡ്രൈ എന്ന സാ​േങ്കതികവിദ്യ ഉപയോഗിച്ച്​ ചക്കച്ചുള തണുപ്പിച്ചശേഷം ഉണക്കി പാക്കറ്റിലാക്കി വിപണിയിലിറക്കി. ഒരു രാസവസ്​തുവും ചേർക്കാതെ ഒരുവർഷം വരെ കേടാകാതെ നിൽക്കുന്ന ഇത്​ ചെറുചൂടുള്ള വെള്ളത്തിൽ 10 മിനിറ്റ്​ വെച്ചാൽ പഴയ ചക്കച്ചുളയാകും. ഉണക്കിയ ചക്കയുടെ പൊടിയും വൈകാതെ വിപണിയിലെത്തിച്ചു. ഉൽപന്നങ്ങളൊരുക്കാനുള്ള യന്ത്രസാമഗ്രികൾ മെക്കാനിക്കൽ എൻജിനീയർ കൂടിയായ ജയിംസ്​ സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു. ചക്കപ്പൊടിക്കും യന്ത്രങ്ങൾക്കും പേറ്റൻറും സ്വന്തമാക്കി.

Chakka

ആവശ്യത്തിന്​ ചക്കയെത്തിക്കാൻ പാറ​ശ്ശാല മുതൽ ഇടുക്കി വരെ ആളുകളുമുണ്ടായി. മലയാളിയുടെ മനോഭാവം മാറ്റിയെടുക്കുകയായിരുന്നു അടുത്തലക്ഷ്യം. ഇതിനായി ചക്കവിഭവങ്ങളൊരുക്കാൻ തുടങ്ങി. പഴുത്ത ചക്കയിൽനിന്ന്​ ഹൽവയും കേക്കും ജാമും പുഡിങ്ങും ശീതളപാനീയവും സ്​ക്വാഷും ​െഎസ്​ക്രീമുമെല്ലാം പിറവിയെടുത്തപ്പോൾ പച്ചയിൽനിന്ന്​ ചക്ക മഞ്ചൂരിയനും പോറിഡ്​ജും റവിയോളിയും എന്തിനേറെ, ബിരിയാണി വരെയുണ്ടായി. ചക്കപ്പൊടി അപ്പത്തിലും ചപ്പാത്തിയിലും വടയിലും പിസ്സയിലും ബർഗറിലു​മെല്ലാം രുചിക്കൂട്ടായി. അങ്ങനെ രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവിൽവരെ ചക്കയെ ജയിംസ്​ എത്തിച്ചു. ഉൽപന്നങ്ങളുടെ പാക്കറ്റിൽ 10 വിഭവങ്ങളുടെ റസിപ്പികളും ഉൾപ്പെടുത്തി. ആമസോൺ വഴിയുള്ള ഒാൺലൈൻ വിൽപനക്ക്​ പുറമെ ഇൗസ്​റ്റേൺ ഗ്രൂപ്പി​​​െൻറ സഹകരണത്തോടെ കേരളത്തിലെ 4000 കടകളിലും മെ​ട്രോകളിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിലും ഗൾഫിലുമെല്ലാം ​ജാക്ക്​ഫ്രൂട്ട്​ 365 ഉൽപന്നങ്ങളെത്തി. 

ചക്കരുചിക്കപ്പുറം
ശ്രീലങ്കൻ മെഡിക്കൽ ജേണലിൽനിന്നാണ്​ പച്ചച്ചക്കക്ക്​ പ്രമേഹത്തെ പ്രതിരോധിക്കാനാവുമെന്ന സൂചന ലഭിക്കുന്നത്​. ഇതിനിടെ ഒരു അനുഭവവുമുണ്ടായി. 2014ലെ ഇൗസ്​റ്ററിന്​ ഭാര്യവീട്ടിൽ വിരുന്നെത്തിയപ്പോൾ രണ്ട്​ അതിഥികൾ കൂടിയുണ്ടായിരുന്നു. കൂത്താട്ടുകുളത്തെ വികാരിയച്ചൻ ഫാദർ തോമസും അദ്ദേഹത്തി​​​െൻറ മഹാരാഷ്​ട്രയിൽനിന്നെത്തിയ സുഹൃത്തും. ആറുവർഷമായി പ്രമേഹത്തിന്​ ഇൻസുലിനെ ആശ്രയിക്കുന്ന ഫാദർ രണ്ടുതവണ ചക്കപ്പുഴുക്ക്​ കഴിച്ച്​ ഇൻസുലിൻ കുത്തിവെച്ചയുടൻ കുഴഞ്ഞുവീണ അനുഭവം പങ്കുവെച്ചു. ഇതോടെ​ പ്രമേഹരോഗികൾക്ക്​ പച്ചച്ചക്ക ഗുണകരമാണെന്ന സംശയം ബലപ്പെട്ടു. 2015ൽ ജാക്ക്​ഫ്രൂട്ട്​ പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ ത​​​െൻറ വാദങ്ങൾ ഉന്നയിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന പാറശ്ശാല സരസ്വതി ഹോസ്​പിറ്റലിലെ ഡോക്​ടർ അജയകുമാർ പിന്തുണച്ചെത്തി. മൂന്ന്​ മാസം രോഗികളിൽ ഇതുമായി ബന്ധപ്പെട്ട്​ പഠനം നടത്തിയിട്ടുണ്ടെന്നും 80 ശതമാനം പേരുടെയും ഇൻസുലി​​​െൻറ അളവ്​ കുറക്കേണ്ടി വന്നെന്നുമായിരുന്നു ഇദ്ദേഹത്തി​​​െൻറ അവകാശവാദം.

Chakka

ത​​​െൻറ വാദത്തി​​​െൻറ ആധികാരികത തെളിയിക്കാൻ ജയിംസ്​ ചക്ക കവറിലാക്കി ആസ്​​​ട്രേലിയയിലെ സിഡ്​നിയിലുള്ള ലാബിലേക്കയച്ചു. മാർച്ച്​ 31ന്​ പരിശോധന റിപ്പോർട്ട്​ പുറത്തുവിട്ടു. അരി, ഗോതമ്പ്​ തുടങ്ങിയവയിലുള്ളതി​​​െൻറ പകുതി ​​ൈഗ്ലസെമിക്​ ലോഡ്​ മാത്രമേ ചക്കയിലുള്ളൂവെന്നായിരുന്നു കണ്ടെത്തൽ. ചോറോ ചപ്പാത്തിയോ തിന്നാൽ ഉണ്ടാകുന്ന ഷുഗറി​​​െൻറ അംശത്തി​​​െൻറ പകുതിമാത്രമേ പച്ചച്ചക്ക കഴിച്ചാൽ ഉണ്ടാകൂവെന്നും ഇതിലൂടെ ഇൻസുലി​​​െൻറ അളവ്​ കാല​ക്രമേണ കുറക്കാമെന്നും അദ്ദേഹം പറയുന്നു. പഴുത്ത ചക്കയിലുണ്ടാകുന്നതി​​​െൻറ അഞ്ചിലൊന്ന്​ ഷുഗർ മാത്രമേ പച്ചച്ചക്കയിലുണ്ടാകൂവെന്നും ഇതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ കഴിച്ചാൽ വേഗത്തിൽ വയർ നിറയുന്നത്​ പ്രമേഹരോഗികൾക്ക്​ ഗു​ണ​ക​ര​മാ​ണെ​ന്നും ഇ​ദ്ദേ​ഹം സ​മ​ർ​ഥി​ക്കു​ന്നു. പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക്​ പ്ര​ഭാ​ത​​ഭ​ക്ഷ​ണ​ത്തി​ൽ ഉ​ണ​ക്കി​യ ച​ക്ക​യു​ടെ ​പൊ​ടി ചേ​ർ​ത്തു ന​ൽ​കി​യാ​ൽ രു​ചി​​ഭേ​ദ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ വ​യ​ർ നി​റ​ക്കാ​നാ​വു​മെ​ന്ന നിഗമനത്തിൽ ഉ​ൽ​പ​ന്ന​ത്തി​െ​ൻ​റ പ​ര​സ്യ​വാ​ച​കം ഇ​ങ്ങ​നെ​യാ​യി, ‘വ​യ​ർ നി​റ​ക്കാ​നും ച​ക്ക, ഷു​ഗ​ർ കു​റ​ക്കാ​നും ച​ക്ക’.

ചക്കപ്പൊടിയിലെ കലാം സ്​പർശം
ജയിംസ്​ ചക്കപ്പൊടി വിപണിയിലിറക്കു​േമ്പാൾ അതിനൊരു പ്രേരകശക്​തിയുണ്ടായിരുന്നു. മുൻ രാഷ്​ട്രപതി ഡോ. എ.പി.ജെ. അബ്​ദുൽ കലാം. അതിനു പിന്നിലൊരു കഥയുണ്ട്​. ജയിംസ് എഴുതിയ ഗോഡ്​സ്​ ഒാൺ ഒാഫിസ്​ എന്ന പുസ്​തകത്തി​​​െൻറ ആദ്യ കോപ്പി പ്രസാധകരായ പെൻഗ്വിൻ ബുക്​സ്​ കൈമാറിയത്​ കലാമിനായിരുന്നു. പുസ്​തകം വായിച്ചുതീർന്നപ്പോൾ മൈ​േക്രാസോഫ്​റ്റിൽനിന്ന്​ രാജിവെച്ച്​ ചക്കക്കൊപ്പം കൂടിയയാളെ ഒന്ന്​ കാണണമെന്ന്​ മോഹം. വൈകാതെ ജയിംസിനെ തേടി കലാമി​​​െൻറ മെയിലെത്തി. തന്നെ കാണാൻ ഒാഫിസിലെത്തിയ ജയിംസിനോട്​ സംശയം പങ്കുവെച്ചു. എന്തുകൊണ്ട്​ മൈ​േക്രാസോഫ്​റ്റ്​ വിട്ട്​ ചക്ക ബിസിനസ്​​? പ്രമേഹം നിയന്ത്രിക്കാൻ കഴിയുമെന്ന്​ അവകാശപ്പെടുകയും ഇതിനെ സാധൂകരിക്കുന്ന ശ്രീലങ്കൻ ജേണലിലെ ലേഖനം കാണിക്കുകയും ചെയ്​തപ്പോൾ അതിശയിച്ച കലാം എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്​തെന്ന്​ മാത്രമല്ല, ഉൽപന്നങ്ങൾക്കായി കാമ്പയിനിനിറങ്ങാമെന്നും ഉറപ്പുനൽകി. ത​​​െൻറ ആത്​മകഥയായ ‘വിങ്​സ്​ ഒാഫ്​ ഫയറി’​​​െൻറ ആദ്യ പതിപ്പി​​​െൻറ ഒരു കോപ്പി ഒപ്പിട്ടുനൽകി യാത്രയാക്കു​േമ്പാൾ കലാം ഒരുപദേശംകൂടി നൽകി, ‘ചക്കപ്പുഴുക്ക്​ പതിവായി കഴിച്ചാൽ മടുപ്പുണ്ടാക്കും, ഇതിനിടയാക്കാതെ എങ്ങനെ ആളുകളെക്കൊണ്ട്​ കഴിപ്പിക്കണമെന്ന്​ പഠിക്കണം’. ഇത്​ ജയിംസിനെ ഇരുത്തി ചിന്തിപ്പിച്ചു. ഇതിൽനിന്നാണ്​ ചക്കപ്പൊടിയുടെ പിറവി​. ആ ഉൽപന്നം ആഗോളവിപണിയിൽ വരെ എത്തിയപ്പോൾ ഇതു​കാണാൻ കലാം ഉണ്ടായില്ലെന്ന സങ്കടമേ ജയിംസിനുള്ളൂ.

Chakka

ജാക്ക്​ഫ്രൂട്ട്​ അംബാസഡർ
മൈക്രോസോഫ്​റ്റി​​​െൻറ പടിയിറങ്ങിയ ശേഷം കോർപറേറ്റ്​ കമ്പനികളുടെ വാഗ്​ദാനങ്ങളൊന്നും ജയിംസിനെ മോഹിപ്പിച്ചിട്ടില്ല. ആലുവ പുഴയോരത്തുനിന്ന്​ അടിക്കുന്ന കാറ്റി​െനാപ്പം പഴുത്ത ചക്കയുടെ ഗന്ധംകൂടി എന്നും ലഭിച്ചിരുന്നെങ്കിലെന്ന വലിയ മോഹമാണ്​ എന്നും ഉള്ളിലുള്ളത്​. ചക്കക്കും ചക്കയുൽപന്നങ്ങൾക്കും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായിരുന്നു ജാക്ക്​ഫ്രൂട്ട്​ പ്രമോഷൻ കൗൺസിലി​​​െൻറ 2016ലെ ‘ജാക്ക്​ഫ്രൂട്ട്​ അംബാസഡർ’ അവാർഡ്​. കർണാടക അഗ്രികൾചറൽ യൂനിവേഴ്​സിറ്റിയുടെ ആദരവും തേടിയെത്തി. 2013ലെ ടയ്​കോൺ കേരള എൻറർപ്രണർ അവാർഡ്​ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ വേറെയും. കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഡയബറ്റിക്​ അസോസിയേഷ​​​െൻറ 50ാം വാർഷിക സമ്മേളനത്തിൽ ഉൾപ്പെടെ നിരവധി വേദികളിൽ കണ്ടെത്തലുകൾ അവതരിപ്പിച്ചപ്പോൾ അമ്പരന്നിരുന്നവർ ഏറെയാണ്​. ഇന്ന്​ ആഗോളവിപണികളിലടക്കം ജയിംസി​​​െൻറ ചക്കക്കൂട്ടുകൾ എത്തിക്കഴിഞ്ഞു. ഒരുകാലത്ത്​ മലയാളിയുടെ പട്ടിണി മാറ്റിയ ഉൽപന്നം പിന്നീട്​ ആർക്കും വേണ്ടാതായപ്പോൾ അതിനെ തീൻമേശകളിൽ തിരിച്ചെത്തിക്കുക എന്നതായിരുന്നു ജയിംസി​​​െൻറ ദൗത്യം. അത്​ സർക്കാർ കൂടി ഏറ്റെടുത്തതോടെ ചക്ക പറമ്പിൽനിന്ന്​ പഞ്ചനക്ഷ​ത്ര പദവിയിലെത്തിയതി​​​െൻറ നിർവൃതിയിലാണിദ്ദേഹം. പാതയോരങ്ങൾ മുതൽ പച്ചക്കറി കടകളിൽ വരെ ചക്ക വിൽപനക്കെത്തിയ സ്​ഥിതിക്ക്​ ഇനി അയ്യേ ചക്ക എന്നല്ല, ആഹാ ചക്ക എന്ന്​ ധൈര്യമായി പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:james joseph moolakkattujackfruit 365Microsoft DirectorLifestyle News
News Summary - Ex-Microsoft Director james joseph moolakkattu Returned to India to Put Jackfruit Products -Lifesttyle News
Next Story