അൽഐനിന്‍റെ മലയാളി ഡോക്ടർ

  • അൽ​െഎനിൽ ആദ്യ ക്ലിനിക് തുടങ്ങുകയും പിന്നീട് യു.എ.ഇ സമ്പൂർണ പൗരത്വം നൽകി ആദരിക്കുകയും ചെയ്ത പത്തനംതിട്ട തുമ്പമൺ സ്വദേശി ഡോ. ജോർജ് മാത്യു ഒാർമ്മകൾ പങ്കുവെക്കുന്നു...

george-mathew
ഡോ. ജോർജ് മാത്യു (ചിത്രം: ലതീഷ്​)

“ഇൗ രാജ്യം ഒരിക്കൽ ലോകത്തെ ഏറ്റവും ഉന്നത സ്​ഥാനത്തെത്തും. ആരോഗ്യ രംഗത്തുൾപ്പെടെ ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഏറ്റവും മികച്ച വിദ്യാഭ്യാസവും ചികിത്സയും ഇവിടെ ലഭിക്കും. അപ്പോൾ ഇങ്ങോട്ട്​ തിരിച്ചുവരാൻ ആഗ്രഹിച്ചാൽ നടന്നെന്നുവരില്ല. ഞങ്ങൾക്ക്​ നിങ്ങളെ ഇഷ്​ടമാണ്​’’ -ആ വാക്കുകൾ ഇപ്പോഴും ഡോ. ജോർജ്​ മാത്യുവി​​​​െൻറ കാതിൽ മുഴങ്ങുന്നുണ്ട്​. പറയുന്നത്​ യു.എ.ഇയുടെ രാഷ്​ട്രശിൽപി ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാൻ. 1971​​​​െൻറ തുടക്കത്തിൽ, യു.എ.ഇ എന്ന രാജ്യം പിറക്കുന്നതിനു​ മുമ്പായിരുന്നു ധിഷണാശാലിയും ക്രാന്തദർശിയുമായ ആ മഹാനേതാവി​​​​െൻറ പ്രവചനം. 

വൈദ്യുതിയും റോഡും വെള്ളവുമില്ലാതെ വെറും മണൽപരപ്പായിരുന്ന അൽ​െഎനിലെ ജീവിതവുമായി ​പൊരുത്തപ്പെടാനാക​ാതെ മടങ്ങിപ്പോകാൻ അനുവാദം ചോദിച്ച്​ ചെന്നപ്പോഴായിരുന്നു അബൂദബി ഭരണാധികാരി​യുടെ വാക്കുകൾ. ആ വാക്കുകളിൽ വിശ്വസിച്ച്​ അവിടെ തുടർന്ന ​ഡോക്​ടർ പിന്നീട്​ ശൈഖ്​ സായിദി​​​​െൻറ പ്രവചനങ്ങൾ ഒന്നൊന്നായി പുലരുന്നതിന്​ സാക്ഷിയായി. മറ്റാർക്കും ഉൗഹിക്കാൻപോലുമാകാത്ത മാറ്റങ്ങളാണ്​ അരനൂറ്റാണ്ടു മുമ്പ്​ ശൈഖ്​ സായിദ്​ മുൻകൂട്ടിക്കണ്ടത്​. ‘അദ്ദേഹം പറഞ്ഞാൽ അത്​ നടക്കുമെന്നുറപ്പായിരുന്നു’- പിന്നീട്​ ശൈഖ്​ സായിദി​​​​െൻറ കൈയിൽനിന്ന്​ യു.എ.ഇ പൗരത്വം ലഭിച്ച ​ഡോ. ജോർജ്​ മാത്യു​ പറയുന്നു- അതുപോലൊരു രാഷ്​ട്രനേതാവ്​ ലോക ചരിത്രത്തിലില്ല. അബൂദബിയുടെ കിഴക്കൻ മേഖലയിൽ ഒമാനോട് ചേർന്നുകിടക്കുന്ന അൽ​െഎൻ അന്ന്​ വെറും പൊട്ട മരുഭൂമി. റോഡോ കെട്ടിടങ്ങളോ വൈദ്യുതിയോ ഉദ്യാനങ്ങളോ ഒന്നുമില്ല. ജലത്തിന് കടുത്ത ക്ഷാമം. ഇൗന്തപ്പനകൃഷിയും ആടുവളർത്തലുമായി കുറച്ച്​ അറബികളും പ്രവാസികളും താമസിക്കുന്ന, ചെറിയൊരു അറബ് ഗ്രാമം.  

GeorgeMathew
യു.എ.ഇ രാഷ്​ട്ര പിതാവ്​ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാന് ഒപ്പം ഡോ. ജോർജ് മാത്യു (ഫയൽ ചിത്രം)
 


അവിടേക്കാണ് 51 വർഷം മുമ്പ്  പത്തനംതിട്ട തുമ്പമണിൽനിന്ന് ഡോ. ജോർജ് മാത്യു എത്തുന്നത്. അൽ​െഎനിൽ എത്തുന്നതിനുമുമ്പ് അങ്ങനെയൊരു സ്ഥലപ്പേര് കേട്ടിട്ടുപോലുമില്ലാത്ത ഡോ. ജോർജ് മാത്യുവിന് ഇന്ന് ഇൗ നഗരത്തിലല്ലാതെ ഒരു രാത്രിപോലും നന്നായി ഉറങ്ങാനാവില്ല. അത്രമാത്രം ഇൗ നാടുമായി ഇഴുകിച്ചേർന്നിരിക്കുന്നു ഇൗ മലയാളി. അത് ആരെക്കാളും നന്നായി അറിയാവുന്നത് യു.എ.ഇ ഭരണാധികാരികൾക്കാണ്. അവർ രാജ്യത്തി ​​​െൻറ സമ്പൂർണ പൗരത്വം നൽകിയാണ് അൽ​െഎനി​​​െൻറ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഡോക്​ടറെ ആദരിച്ചത്. വിരലിലെണ്ണാവുന്ന വിദേശികൾക്ക് മാത്രം ലഭിച്ച മഹാഭാഗ്യം.  ജോർജ്​ മാത്യുവിന്​ മാത്രമല്ല ഭാര്യക്കും ഏക മകൾക്കും യു.എ.ഇ പാസ്പോർട്ടാണ്. വീടുവെക്കാനുള്ള സ്ഥലം ഉൾപ്പെടെെയല്ലാം ഇവർക്ക് രാഷ്​ട്രത്തി​​​െൻറ വകയാണ്. തീർന്നില്ല. ഇക്കഴിഞ്ഞ മാർച്ചിൽ അബൂദബിയുടെ പരമോന്നത സിവിൽ ബഹുമതിയായ അബൂദബി അവാർഡും ഡോക്ടറെ തേടിയെത്തി. 

ശൈഖ് സായിദുമായുള്ള ബന്ധവും അടുപ്പവും  ആദരവുമാണ് ഡോക്ടറെ അൽ​െഎൻകാരനാക്കിയത്. ആ കഥ പങ്കുവെക്കുേമ്പാൾ ഡോക്​ടറുടെ കണ്ണുകളിൽ അദ്ദേഹത്തോടുള്ള സ്നേഹം തുളുമ്പിനിന്നു. താൻ സ്വപ്നം കണ്ടപോലെ അൽ​െഎനിനെ വളർത്തിയെടുക്കാനുള്ള ഉദ്യമത്തിൽ രാഷ്​ട്രനായകൻ ജോർജ് മാത്യുവിനെ കൂടെക്കൂട്ടുകയായിരുന്നു. സ്വാഭാവികമായും ആരോഗ്യമേഖലയുടെ കാർമികനായി ഡോ. ജോർജ് മാത്യു. അൽ​െഎനിലെ ആദ്യ ക്ലിനിക് ഒറ്റക്ക് തുടങ്ങിയ അദ്ദേഹം പിന്നീട് ഗൾഫിലെതന്നെ ഏറ്റവും മികച്ച ആശുപത്രികളുള്ള നഗരമാക്കി അൽ​െഎനിനെ മാറ്റി.

Shaikh-Zayed-Mosque
ശൈഖ്​ സായിദ്​ പള്ളി
 


ജോർജ്​ ​മാത്യു ജനിച്ചത്​ മലേഷ്യയിലാണ്​. പിതാവിന്​ അവിടെ എസ്​റ്റേറ്റിലായിരുന്നു ജോലി.  രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്​ ജനിച്ച്​ ആറാം മാസം കുടുംബം പന്തളത്തിനടുത്തുള്ള തുമ്പമണിലെ പടിഞ്ഞാറ്റിടത്ത്​ വീട്ടിലേക്ക്​ തിരിച്ചുപോന്ന​ു. മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്​ 1965ൽ എം.ബി.ബി.എസ്​ കരസ്​ഥമാക്കി. അധികം വൈകാതെ വിവാഹം. ഭാര്യാപിതാവ്​ ബെഞ്ചമിൻ കുവൈത്തിലായിരുന്നു. അങ്ങനെ  1966ൽ മാത്യു ആദ്യം കുവൈത്തിലെത്തി. മരുമകൻ അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോയി ഉപരിപഠനം നടത്തണമെന്നായിരുന്നു ബെഞ്ചമി​​​​െൻറ ആഗ്രഹം. പഠിക്കാൻ ​ കാശ്​ വേണമല്ലോ. അങ്ങനെ ഡോക്​ടർ ബഹ്​റൈനിൽ സർക്കാർ സർവിസിൽ കയറി. അങ്ങനെയിരിക്കു​േമ്പാഴാണ്​  അൽ​െഎനിൽ ഡോക്​ടർമാരെ വേണം എന്ന പരസ്യം കാണുന്നത്​. ശമ്പളം കൂടുതലുണ്ട്​. യു.എ.ഇ എന്ന രാജ്യം പിറന്നിട്ടില്ല.  

കുറച്ച്​ പണം സമ്പാദിച്ച്​ ഉപരിപഠനത്തിന്​ പോകണം എന്ന ഉദ്ദേശ്യത്തോടെ  1967 മേയ്​ 14ന്​ അബൂദബിയിൽ എത്തി. മണലിലാണ്​​ വിമാനമിറങ്ങിയത്​. റൺവേയില്ല. ടെർമിനൽ ഇല്ലാത്തതിനാൽ എമിഗ്രേഷൻ നടപടി വിമാനത്തിനകത്ത്​ തന്നെയാണ്​. പുറത്തിറങ്ങിയപ്പോൾ മുന്നിൽ മണൽപാത. ടാറിട്ട ഒറ്റ റോഡില്ല. ബഹ്​റൈനുമായി താരതമ്യം ചെയ്യു​േമ്പാൾ ഒരു സൗകര്യവുമില്ല. അടുത്ത വിമാനത്തിൽ തന്നെ തിരിച്ചുപോകാമെന്ന്​ ഭാര്യ​േയാട്​ പറഞ്ഞു. ആരോഗ്യ വകുപ്പ്​ ഡയറക്​ടർ ജനറൽ ഇംഗ്ലീഷുകാരനായ ഹോർണി ബ്ലൂ ഇരിക്കുന്ന മുറിയിൽ പോലും എയർ കണ്ടീഷനർ ഇല്ല. ​െഗസ്​റ്റ്​ ഹൗസിലാണ്​ താമസമൊരുക്കിയത്​.  മൂന്നാഴ്​ച മുമ്പ്​ ​േജാർഡനിലെ ഹുസൈൻ രാജാവ്​ വന്ന സമയത്ത്​ നവീകരിച്ച മുറികളിലൊന്നാണ്​ ഡോക്​ടർക്കും ഭാര്യക്കും നൽകിയത്​. ​െഗസ്​റ്റ്​ഹൗസിലെ സൗകര്യം കണ്ടപ്പോൾ ഉടനെ തിരിച്ചുപോകാനുള്ള തീരുമാനം മാറ്റി.

Camel-market-Al-Ain
അൽ​െഎനിലെ ഒട്ടകച്ചന്ത
 


രണ്ടുദിവസം കഴിഞ്ഞൊരു രാവിലെ 11 മണിക്ക് അൽ​െഎനിലേക്ക് പുറപ്പെട്ടു.  മണലിലൂടെയുള്ള കാർ യാത്ര. ചുറ്റും മരുഭൂമി മാത്രം. ചില മരങ്ങളൂം മറ്റുമാണ് ഡ്രൈവറുടെ വഴിയടയാളം.  ഇന്ന് ഒന്നരമണിക്കൂറിൽ എത്താവുന്ന യാത്രക്ക് അന്ന് വേണ്ടിവന്നത് ഒമ്പതു മണിക്കൂറിലേറെ. ഭരണ നേതൃത്വത്തിൽനിന്ന് ആദ്യം ലഭിച്ച നിർദേശം അൽ​െഎനിൽ ഒരു ക്ലിനിക് തുടങ്ങാനായിരുന്നു.  രണ്ടു ഫ്ലാറ്റുകൾ ഡോക്ടർക്ക് അനുവദിച്ചു. ഒന്നിൽ താമസവും മറ്റേതിൽ ക്ലിനിക്കും. സ്വന്തമായി ക്ലിനിക് നടത്തി മുൻപരിചയമില്ലാത്ത ഡോക്ടർ ആദ്യം പരുങ്ങിയെങ്കിലും പിന്നെ രണ്ടും കൽപിച്ചിറങ്ങി. അൽ​െഎനിലെ ആദ്യ സർക്കാർ ക്ലിനിക് യാഥാർഥ്യമായി. സഹായിക്കാൻ രണ്ട്​ നഴ്​സുമാരുണ്ട്​. വില്യംസ്​- മറിയാമ്മ ദമ്പതിമാർ.  ഡോക്ടറും ക്ലിനിക്കും വളരെ പെെട്ടന്ന് പ്രശസ്തമായി. വരുന്ന രോഗികളെയെല്ലാം കുത്തിവെച്ചതാണ് തന്നെ ജനകീയനാക്കിയതെന്ന് ചിരിച്ചുകൊണ്ട് ഡോ. ജോർജ് മാത്യു. ഇൻജക്​ഷൻ നൽകിയാലേ രോഗികൾ താങ്കളെ ഡോക്ടറായി പരിഗണിക്കൂവെന്ന് വില്യംസാണ് പറഞ്ഞുകൊടുത്തത്.

അൽ​െഎനിൽ അന്ന് ആകെ കാൽലക്ഷമാണ് ജനസംഖ്യ. സ്വദേശികൾ 3000ത്തോളം മാത്രം. ബാക്കി ഇറാനികളും പാകിസ്താനികളും ഇന്ത്യക്കാരും. നാടുമായുള്ള ബന്ധം കത്തിലൂടെ മാത്രം. അടിയന്തര കാര്യങ്ങൾക്ക് കമ്പിയില്ലാ കമ്പിയും. ശൈഖ് സായിദിനെ ആദ്യമായി കണ്ടത് ഇപ്പോഴും ഒാർമയിൽ തിളങ്ങിനിൽക്കുന്നു. ഡോക്ടർ അൽ​െഎനിൽ എത്തിയിട്ട് നാലു മാസമായിക്കാണും.  ശൈഖ് സായിദ് ആദ്യം കാണുേമ്പാൾ സംസാരിക്കില്ല. ദീർഘനേരം നോക്കിയിരിക്കും. നിങ്ങളുടെ സ്വഭാവവും കഴിവും മികവുമെല്ലാം അദ്ദേഹം ആ നോട്ടത്തിലൂടെ അളന്നെടുക്കും. ആ ‘പരീക്ഷ’യിൽ ഡോക്ടർ എളുപ്പം ജയിച്ചു. 
അൽ​െഎനിൽ ഒരു ആശുപത്രി തുടങ്ങാൻ ഡോക്​ട​െറ ചുമതലപ്പെടുത്തി. ഒരു മാസംകൊണ്ട് അൽ​െഎനിലെ ആദ്യ സർക്കാർ ആശുപത്രി 15 കിടക്കയുമായി തുറന്നു. 1969ൽ. അക്കാലത്താണ് അൽ​െഎനിൽ വസൂരി പടരുന്നത്. വല്ലാത്ത കാലമായിരുന്നു അത്. നിരവധി പേർ മരിച്ചു. 40 കിടക്കകളുള്ള ഒരു ആശുപത്രികൂടി തുടങ്ങാൻ ശൈഖ് സായിദ് ഉത്തരവിട്ടു.

award-abudhabi
അബൂദബി അവാർഡ് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനിൽ നിന്ന് ഡോ. ജോർജ് മാത്യു സ്വീകരിക്കുന്നു
 


വൈദ്യുതിയും വെള്ളവുമില്ലാത്തത് പ്രശ്നമായി തുടരുകയാണ്. വീട്ടിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെ  ചെറിയ അരുവിയിൽ പോയി രാത്രിയാണ് കുളി. കുടിക്കുന്നതും ആ വെള്ളംതന്നെ. ഇതിനിടെ ജോർജ് മാത്യുവിന് ബിരുദാനന്തര ബിരുദത്തിന് ചേരാനുള്ള ആഗ്രഹം കലശലായി. അങ്ങനെ അൽ​െഎൻ വിടാൻ തീരുമാനിച്ചു. 1971 ലെ ഒരു പകൽ ശൈഖ് സായിദിനെ കണ്ട് കാര്യം പറഞ്ഞു. 10 മിനിറ്റോളം അദ്ദേഹം ഒന്നും പറഞ്ഞില്ല. പിന്നീട്​ പറഞ്ഞ വാചകങ്ങളാണ്​ ലേഖനത്തി​​​​െൻറ തുടക്കത്തിൽ ഉദ്ധരിച്ചത്​, ഡോക്ടറുടെ ജീവിതം തന്നെ മാറ്റിമറിച്ച വാക്കുകൾ.

അക്ഷരംപ്രതി ശരിയായ പ്രവചനമായി മാറി അത്​. എണ്ണ കുഴിച്ചെടുക്കാൻ തുടങ്ങിയതോടെ അബൂദബിയും അൽ​െഎനും പച്ചപിടിച്ചു. ഏഴ്​ എമിേററ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാഷ്​ട്രം പിറന്നു. പിന്നെ ഒരു കുതിപ്പായിരുന്നു. അൽ​െഎനിൽ തുടരാനുള്ള തീരുമാനം അറിയിച്ച ഡോക്ടറെ അപ്പോൾ തന്നെ ജില്ല മെഡിക്കൽ ഡയറക്ടറാക്കി. ഒമാൻ, സൗദി, ദുബൈ അതിർത്തിവരെയും അബൂദബിയുടെ പകുതിയുമുൾപ്പെടുന്നതാണ് അൽ​െഎൻ ജില്ല. അവിടെ ആരോഗ്യ മേഖല മുഴുവൻ ഡോക്ടർക്കു കീഴിലായി. 1981ൽ 420 കിടക്കകളുള്ള തവാം ആശുപത്രിയും അതിനോടനുബന്ധിച്ച് മെഡിക്കൽ കോളജും തുടങ്ങി. ഗൾഫിലെ തന്നെ ഏറ്റവും മികച്ച  ആശുപത്രികളിലൊന്നാണിത്. 700 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ഇപ്പോൾ നടന്നുവരുന്നു.

Larshad
അൽ​െഎൻ ആകാശദൃശ്യം
 


2004വരെ മെഡിക്കൽ ഡയറക്ടർ തസ്തികയിൽ തുടർന്നു. പിന്നീട് ശൈഖ് സായിദി​​​െൻറ പൂർണ ചെലവിൽ ഇംഗ്ലണ്ടിൽ പോയി ഉപരിപഠനം നടത്തി. ഏക മകൾ മരിയം പ്രിയ ജോർജ് മാത്യുവി​​​െൻറ  പഠിപ്പ് കഴിഞ്ഞപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ഡോക്ടർ തീരുമാനിച്ചതാണ്. അതിനായി ബംഗളൂരുവിൽ നല്ലൊരു വീടുവെച്ചു. കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങി. അപ്പോഴാണ് ശൈഖ് സായിദ് ഡോ. ജോർജ് മാത്യുവിന് യു.എ.ഇ പൗരത്വം നൽകാൻ നിർദേശിക്കുന്നത്. യു.എ.ഇ പാസ്പോർട്ട് മാത്രമായിരുന്നില്ല അത്. സ്വദേശിക്ക് ലഭിക്കുന്ന എല്ലാ അവകാശവും ആനുകൂല്യങ്ങളുമടങ്ങിയ പൂർണ പൗരത്വം. അത്യപൂർവ ഭാഗ്യമാണത്. അതിന് എത്രയോ മുമ്പുതന്നെ ഡോക്ടർ ശരിക്കുമൊരു അൽ​െഎൻകാരനായിരുന്നു. ഇൗ നഗരത്തി​​​െൻറ ആത്മാവും ഒാരോ മുക്കുമൂലയും സ്വദേശികളെ േപാലെ ഹൃദിസ്ഥമാണ് ഡോക്ടർക്ക്. 

26ാം വയസ്സിൽ ഇവിടെ വന്നതാണ്. ഇപ്പോൾ 78 വയസ്സായി. ലോകത്ത് ഏതു രാജ്യത്ത് പോയാലും അൽ​െഎനിൽ തിരിച്ചെത്തിയാലേ ഡോക്ടർക്ക് മനസ്സമാധാനത്തോടെ ഉറങ്ങാനാകൂ. ഇവിടത്തെ മണ്ണും അന്തരീക്ഷവുമെല്ലാമായി അത്രയധികം ഇഴുകിപ്പോയി. ഒന്നര മണിക്കൂർ അകലെയുള്ള ദുബൈയിൽ പോയാൽപോലും പെെട്ടന്ന് തിരിച്ചുപോരും. നാലു വർഷം മുമ്പ്​ അമ്മ മരിച്ചപ്പോഴാണ്​ അവസാനമായി നാട്ടിൽപോയത്​​. അതിന്​ രണ്ടു വർഷം മുമ്പ്​ പിതാവും മരിച്ചു. ശൈഖ് സായിദിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പാഠം മനുഷ്യത്വമായിരുന്നെന്ന്  ഡോക്ടർ പറയുന്നു. 

Larshad

1971ൽ ആദ്യ ആശുപത്രി തുറന്നപ്പോൾ ശൈഖ് സായിദ്  സന്ദർശിക്കാനെത്തി. പോകാൻ നേരത്ത്​ അടുത്തു വിളിച്ചിരുത്തി പറഞ്ഞു. എ​​​െൻറ മണ്ണിൽ ഒരാളും, അത്​ നാട്ടുകാരനായാലും വിദേശിയായാലും കഷ്​ടപ്പെടരുത്. പണക്കാരനോ പാവപ്പെട്ടവനോ എന്ന് നോക്കരുത്. ആ ഉപദേശം ഇതുവരെ പാലിച്ചിട്ടുണ്ട്. ത​​​​െൻറ സ്വാധീനമുപയോഗിച്ച് ഒരുപാടു പേരെ സഹായിച്ചു. മൂവായിരത്തോളം പേർക്ക്​ ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. കൂലിക്കാരൻ മുതൽ ഡോക്ടർമാർ വരെ അതിലുണ്ട്. ഇപ്പോഴും നൽകുന്നു. ഇപ്പോഴും ഡോക്ടർ അൽ​െഎൻ ആരോഗ്യ മേഖലയിൽ സജീവമാണ്. 

രാജകുടുംബത്തിന്‍റെ ആരോഗ്യ കാര്യങ്ങൾ നോക്കുന്നത്  ഡോക്ടറാണ്. അൽ​െഎൻ ഗവർണറുടെ വൈദ്യ ഉപദേശകനാണ്. സ്വദേശികളെപോലെ തനത് അറബി നന്നായി സംസാരിക്കുന്ന ഡോക്ടറെ യു.എ.ഇ പൗരന്മാർക്കും ശൈഖ് കുടുംബത്തിനുമെല്ലാം  ഇഷ്​ടമാണ്, ആദരവാണ്. കോളജിൽ പഠിക്കുേമ്പാൾ പഠന​െത്തക്കാൾ സ്പോർട്സിലും കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും താൽപര്യം കാണിച്ചത് തനിക്ക് ഏറെഗുണം ചെയ്തെന്നാണ് ഡോക്ടർ പറയുന്നത്. പ്രവാസലോകത്ത് വിവിധ രാജ്യക്കാരും തരക്കാരുമായ ജനങ്ങളുമായി എളുപ്പം ഇടപഴകാൻ സാധിച്ചത് ഇതു കാരണമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ ടീമുകളിലുണ്ടായിരുന്നു. നാടക നടനും പ്രസംഗകനുമായിരുന്നു. ആറന്മുള പൊന്നമ്മയൊക്കെ ഡോക്ടർക്കൊപ്പം അഭിനയിച്ചവരാണ്. കേരള കൗമുദി പത്രാധിപർ കെ. ബാലകൃഷ്​ണനുമൊപ്പം നിരവധി പ്രസംഗവേദികൾ പങ്കിട്ടിട്ടുണ്ട്. ആ ജീവിതമാണ് ഇവിടെ അതിജീവനത്തിന് സഹായിച്ചത്. കായിക മേഖലയോടുള്ള താൽപര്യം ഡോക്ടർ അൽ​െഎനിലും പുറത്തെടുത്തു.

george-mathew

ഇന്ത്യൻ സോഷ്യൽ സെ​ൻററിന്‍റെ പേരിൽ ഫുട്ബാൾ, ക്രിക്കറ്റ് ടീമുകളുണ്ടാക്കി. ഭാര്യ വൽസ ജോർജ് മാത്യുവും സാമൂഹികരംഗത്ത് സജീവമായി. അൽ​െഎനിലെ ആദ്യ ഇന്ത്യൻ വനിത അസോസിയേഷൻ രൂപവത്കരിച്ചത് അവരാണ്. മകൾക്ക്​ അൽ​െഎൻ ഗവർണറുടെ ഒാഫിസിലാണ്​ ജോലി. ജീവിതം ഇങ്ങനെയെല്ലാമാകുമെന്ന് ഒരിക്കലും കരുതിയതല്ല. എല്ലാം ദൈവനിശ്ചയം. ഇനി അൽ​​െഎൻ വിട്ട്​ വേറെ എവിടെയും പോകണ്ട. മറ്റൊരിടത്തും ഇൗ സന്തോഷം കിട്ടില്ല’- ഡോ. ജോർജ് മാത്യു പറഞ്ഞു നിർത്തി.
(ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ‘മരുഭൂമിയെ പ്രണയിച്ചവർ’ എന്ന പുസ്തകത്തിലെ ഒരു അധ്യായം)

Loading...
COMMENTS