Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവിലാപം മറന്ന...

വിലാപം മറന്ന പെണ്‍കുട്ടി

text_fields
bookmark_border
ASHNA_PHOTO-P
cancel

കടും മഞ്ഞനിറത്തിൽ കണിക്കൊന്ന പൂക്കൾ നിറഞ്ഞ പാതയിലാണ്​ അവളെ കണ്ടത്​. അതിജീവനത്തിനിടയിൽ വിലാപം മറന്ന പെൺകുട്ടിയെയും ശിഖരങ്ങൾ വെട്ടിമാറ്റ​െപ്പട്ടിട്ടും പൂക്കാതിരിക്കാനാവാത്ത വിഷുക്കൊന്ന​യെയും ഒന്നിച്ചു ക​ണ്ട​​പ്പോൾ തികച്ചും യാദൃച്ഛികമായി തോന്നി. കടലോളം ആഴത്തിൽ വിധി കൊണ്ടു ചെന്നെത്തിച്ചപ്പോഴും ഹിമാലയത്തോളം ഉയരത്തിൽ പിച്ചവെച്ചു കയറിയവളാണ്​ അസ്​ന. മലയാളികൾക്ക്​ അസ്നയെ പ്രത്യേകിച്ച്​ പരിചയപ്പെടുത്തേണ്ടതില്ല. നിലവിളികള്‍ക്ക് വിലയില്ലാത്ത കലാപ രാഷ്​ട്രീയത്തി​​​​െൻറ ആക്രമണങ്ങളെ ശപിക്കുേമ്പാൾ മലയാളത്തിലെ ഒാരോ അമ്മയും ഒരുവട്ടമെങ്കിലും അറിഞ്ഞ്​ പ്രാർഥിച്ചിട്ടുണ്ടാകും ഇവൾക്കായി. ശുഭപ്രതീക്ഷയുടെ പ്രതിരൂപം, കണ്ണൂരി​​​​െൻറ ദുഖഃപുത്രി, ജീവിക്കുന്ന രക്തസാക്ഷി, വിശേഷങ്ങളേറെയാണ്​ അസ്​നക്ക്​. ഇതിനൊക്കെയപ്പുറം ഇനി അസ്​ന ഡോക്​ടറാണ്​. ഡോക്​ടർ അസ്​ന... 


ജീവിതത്തെ ഇത്രമേൽ സ്‌നേഹിക്കുന്ന മറ്റൊരാളെ കണ്ടെത്താൻ പ്രയാസമാണ്​. പലരും ചോദിച്ചിട്ടുണ്ടത്രെ വേദനകൾക്ക്​ അവധി നൽകി എ​ങ്ങനെ പുഞ്ചിരിക്കാനാവുന്നെന്ന്​?

ചെറുപ്രായത്തിൽ ശരീരത്തി​​​​െൻറ ഭാഗമായ കൃത്രിമക്കാലിൽ കൂട്ടുകാർക്കൊപ്പം പാഞ്ഞെത്താനും കളിക്കാനും കഴിയാത്ത കാലം തൊട്ട്​ പലർക്കും തന്നോട്​ തോന്നിയ സഹതാപത്തിൽനിന്ന്​ രക്ഷനേടാനാണ്​ ഇൗ പുഞ്ചിരിയെന്ന്​ അസ്​നയുടെ പക്ഷം. തന്നെയോർത്ത്​ നെറ്റിചുളിക്കുന്ന മുഖങ്ങൾക്കും സഹതാപക്കണ്ണുകൾക്കും നൽകാനുള്ള സമ്മാനമാണ്​ പുഞ്ചിരി. മനസ്സ്​​ വിചാരിക്കുന്നിടത്തേക്ക്​ ശരീരത്തെ എത്തിക്കാനും ഗതിവേഗത്തിൽ നടക്കാനും ഉയരങ്ങൾ താണ്ടാനും അസ്​ന പഠിച്ചത്​ മുറിവിലെ പഴുപ്പും വേദനയും മറന്നുകൊണ്ടാണ്​. അതുകൊണ്ടുതന്നെയാണ്​ വിഷുക്കണിപോലെ അത്​ ആരുടെയും കണ്ണിൽനിന്ന്​ മായാത്തതും. ഒാണത്തെക്കാൾ അസ്​നക്ക്​ ഇഷ്​​ടം വിഷുവാണ്​. കാരണമെന്താണെന്ന്​ ചോദിച്ചപ്പോൾ മറുപടി പുഞ്ചിരി മാത്രമായി. വരൾച്ച വകവെക്കാതെ അതിജീവനത്തി​​​​െൻറ പൂക്കൾപേറുന്ന കർണികാരങ്ങളെ സ്​നേഹിക്കുന്നതിനാലാകാം ഇൗ ഇഷ്​ടം​.

​​ഇത്തവണ എം.ബി.ബി.എസ്​ വിജയത്തി​​​​െൻറ രൂപത്തിൽ വിഷുക്കൈനീട്ടം നേരത്തേ ലഭിച്ചെന്നാണ്​ അസ്​ന പറയുന്നത്​. ജീവിതത്തിലാദ്യമായി വിഷുവിന്​ വീട്ടിൽ എത്താനാകാത്തതി​​​​െൻറ കുഞ്ഞുവിഷമവും അസ്​ന മറച്ചുവെച്ചില്ല. ഒാർമവെച്ച നാളുമുതൽ ചെറുവാ​ഞ്ചേരിയിലെ വീട്ടിൽ വിഷുപ്പുടവയും കൈനീട്ടവും സന്തോഷവുമായി അസ്​നയുണ്ട്​. എത്രതന്നെ വർണം വിതറിയാലും അപ്രതീക്ഷിതമായെത്തുന്ന പടക്ക ശബ്​ദത്തിൽ അസ്​ന ഞെട്ടുന്നുണ്ട്​. വലതു​ കാൽമുട്ടിന്​ താഴെ ശൂന്യത വരുത്തിയ 2000ത്തിലെ ഒാർമകളിലും ഇതേ മുഴക്കമുണ്ട്​. സെപ്​റ്റംബർ 27ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി പ്രവർത്തകരുടെ ബോംബേറിലാണ്​ അസ്​ന കണ്ണൂരി​​​​െൻറ ദുഃഖപുത്രിയാകുന്നത്​.

പൂവത്തൂർ എൽ.പി സ്കൂളിൽ ഒരുക്കിയ ബൂത്തിന്​ സമീപത്തെ വീട്ടുമുറ്റത്ത് അനിയൻ ആനന്ദിനൊപ്പം കളിച്ചുകൊണ്ടിരിക്കു​േമ്പാഴാണ്​ പുറത്ത്​ സംഘർഷമുണ്ടാകുന്നത്​. ഇതിലുൾപ്പെട്ട ഒരുകൂട്ടർ ഒാടിക്കയറിയത്​ അസ്​നയുടെ വീട്ടിലേക്കാണ്​. അസ്​നയെയും അനിയനെയും കൂട്ടി അമ്മ ശാന്ത വീട്ടിലേക്ക്​ കയറാൻ ശ്രമിക്കുന്നതിനിടെയിലാണ്​ എതിരാളികളെ ഇല്ലാതാക്കാനായി കൈവിട്ടുവന്ന ബോംബ്​ അസ്​നയുടെ ​കാലിൽ വീണ്​ പൊട്ടിയത്​. ആനന്ദിനും ശാന്തക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. എന്താണ്​ സംഭവിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത പ്രായത്തിലാണ്​ അസ്​നക്ക്​ കാൽ നഷ്​ടമാകുന്നത്​. എന്തു പറഞ്ഞായിരിക്കും ആ അമ്മ മകളെ സമാധാനിപ്പിച്ചിട്ടുണ്ടാവുക എന്നോർത്ത്​ വിഷമിക്കാത്ത രക്ഷിതാക്കൾ അന്ന്​ കേരളത്തിലുണ്ടാകില്ല. പിന്നീടിങ്ങോട്ട്​ ആശുപത്രിയും മരുന്നുകളുമായിരുന്നു അസ്​നക്ക്​ കൂട്ട്​. മൂന്നുമാസം എറണാകുളം സ്​പെഷാലിറ്റി ആശുപത്രിയിൽ. കൃത്രിമക്കാലിൽ ജീവിതത്തിലേക്കുള്ള രണ്ടാം പിച്ചവെപ്പ്​. പിന്നീടിങ്ങോട്ട്​ ചെറുതും വലുതുമായ നിരവധി ആശുപത്രിവാസങ്ങൾ. വളർച്ചയുടെ ഒാരോ ഘട്ടത്തിലും കൃത്രിമക്കാലും മാറ്റേണ്ടിവരും. പിന്നീട്​ പൊരുത്തപ്പെടലുകളുടെ ഘോഷയാത്രയായി ജീവിതം മാറി.

ഡോക്​ടറാക്കിയ ആശുപത്രിവാസം

മൂന്നുമാസത്തെ ആശുപത്രിവാസമാണ്​ കുഞ്ഞു അസ്​നയെ ഡോക്​ടറാക്കിയത്​. എറണാകുളത്തെ ചികിത്സയിൽ ഒാരോ ദിനവും തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം മരുന്നിലും ഡോക്​ടർമാരിലുമാണ്​. വേദനയറിയിക്കാതെ സൂചിവെക്കുന്ന ഡോക്​ടർമാരെയും രോഗി കരയു​േമ്പാൾ പിടയുന്ന ഹൃദയങ്ങളും അസ്​ന കണ്ടു. വേദനകൊണ്ട്​ കരയുന്ന കുഞ്ഞു അസ്​നയോട്​ മോൾക്ക്​ പഠിച്ച്​ വലിയ ഡോക്ടറാക​ണ്ടേന്ന്​ സ്​പെഷാലിറ്റി ആശുപത്രിയിലെ എം.ഡി ഡോ. രാജപ്പൻ ആശ്വസിപ്പിക്കു​േമ്പാൾ അദ്ദേഹവും വിചാരിച്ചുകാണില്ല ഇൗ കുട്ടി എം.ബി.ബി.എസ്​ നേടുമെന്ന്​. ഇന്നും ആ സ്​നേഹം അസ്​ന സൂക്ഷിക്കുന്നുണ്ട്​ ഇവരോട്​. ആ സ്​നേഹത്തി​​​​െൻറ പലിശ സഹിതം തിരിച്ചുനൽകി അസ്​നയുടെ ഒാരോ നേട്ടവും അവരും ആഘോഷമാക്കുന്നു. ഒാരോ വിജയത്തിലും അസ്​നയെ തേടി എറണാകുളത്തുനിന്ന്​ കത്തുകളെത്തും.

ആശംസകളായും അഭിനന്ദനങ്ങളായും. ആശുപത്രി പി.ആർ.ഒ രാജേട്ടൻ, ഡോ. ചെറിയാൻ... സ്​നേഹത്തി​​​​െൻറ പട്ടികകൾ അങ്ങനെ നീളുന്നു. ആശുപത്രി വിട്ടതോടെ അസ്​ന സ്​കൂളിൽ പോയിത്തുടങ്ങി. ആരാവണമെന്ന സ്​കൂളി​െല പതിവുചോദ്യങ്ങളിലെല്ലാം ഡോക്​ടറാകണമെന്ന ഉത്തരം അസ്​ന ഉറപ്പിച്ചുപറഞ്ഞു. സമൂഹത്തോട്​ തനിക്ക്​ പറയാനുള്ളതെല്ലാം സ്​റ്റെതസ്​കോപ്പിലൂടെയാണെന്ന്​ അസ്​ന പറയു​േമ്പാൾ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്​​. സർക്കാർ സർവിസിൽ ജോലിചെയ്യണം. പണം വാങ്ങിയുള്ള ചികിത്സക്ക്​ താൽപര്യമില്ല. ത​ന്നെ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവന്ന ‘ദൈവത്തി​​​​െൻറ തൊഴിലിൽ’ വെള്ളം ചേർക്കാൻ​ അസ്​ന ഇഷ്​ടപ്പെടുന്നില്ല. ​പഠനത്തിൽ ഒാരോ വേളയിലും സഹായവുമായെത്തിയ ഫോറൻസിക് ഡിപ്പാർട്​​മ​​​െൻറ്​ അധ്യാപകൻ​ ഡോ. സുജിത്, മെഡിക്കൽ കോളജ്​ ഒാഫിസിലെ ജീവനക്കാർ, മറ്റ്​ അധ്യാപകർ, സുഹൃത്തുക്കൾ...

ജീവിതത്തിൽ നന്മ പകുത്തവർ ഏറെയാണ്​.​ ആഗ്രഹങ്ങൾ ഇനിയുമുണ്ട്​​. ഹൗസ്​ സർജൻസി നന്നായി ചെയ്യണം, പി.ജി എടുക്കണം. സർജറിയാണ്​ അസ്​നക്ക്​ താൽപര്യം. നല്ലൊരു സർജനാകണം. സ്​കൂൾ ആയാലും പരീക്ഷയായാലും അസ്​നയുടെ ഒാരോ യാത്രയിലും കൂട്ടിന്​ അച്ഛൻ നാണുവുമുണ്ടായിരുന്നു. മെഡിക്കൽ കോളജിലെത്തിയപ്പോഴും അതിന്​ മാറ്റമുണ്ടായില്ല. ത​​​​െൻറ വേദനയിൽ ഒപ്പമുണ്ടായിരുന്ന മുഴുവൻ​ േപരെയും കൂടെക്കൂട്ടി ചേർത്തുനിർത്തണം​ അസ്​നക്ക്​.  

അവരോട്​ പൊറുക്കില്ല


അക്രമ രാഷ്​ട്രീയത്തി​​​​െൻറ കൊടിപിടിക്കുന്നവരോട്​ അസ്​നക്ക്​ വെറുപ്പാണ്​. തന്നെ ഇൗ അവസ്ഥയിലാക്കിയവരോട്​ പൊറുക്കാൻ ആകുകയുമില്ല. മജ്ജയും മാംസവും രാഷ്​ട്രീയത്തിനായി ഹോമിക്കപ്പെടുന്ന ഇൗ കെട്ട കാലം മാറണം. ഇനിയെങ്കിലും ഒരാൾപോലും രാഷ്​ട്രീയത്തി​​​​െൻറ പേരിൽ കൊല്ലപ്പെടാനോ വേദനി​ക്കാനോ പാടില്ലെന്ന്​ അസ്​നക്ക്​ നിർബന്ധമുണ്ട്​. വീണ്ടും ഇത്തരം വാർത്തകൾ കേൾക്കു​േമ്പാൾ അന്ന്​ അനുഭവിച്ച അതേ വേദന തിരിച്ചുവരും. എന്താണ്​ നമ്മുടെ നാട്​ മാറാത്തതെന്ന്​ അസ്​ന ചോദിക്കു​േമ്പാൾ അതിലെല്ലാമുണ്ട്​. പരാതിയും പരിഭവവും നിസ്സഹായാവസ്ഥയുമെല്ലാം. പൂമ്പാറ്റകളെയും പൂക്കളെയും കളർപെൻസിലുകളെയും മാത്രം സ്വപ്​നം കണ്ടിരുന്ന പെൺകുട്ടിയുടെ ബാല്യംതന്നെ പിഴുതെടുത്ത രാഷ്​ട്രീയത്തിൽ അവൾക്ക്​ വിശ്വാസമില്ല. പലപ്പോഴും വിങ്ങി തുടങ്ങിയതോടെയാണ്​ ചോരയുടെ നിറവും മണവുമുള്ള രാഷ്​ട്രീയത്തോടുള്ള ഭയം  അകല്‍ച്ചയായി പരിണമിച്ചത്​.

ഇന്നും കാലിൽ അൾസർ ബാധിച്ച്​ വേദന തിന്നു​​േമ്പാൾ അസ്​ന ശപിക്കാറുണ്ട്​. ഇൗ ലോകത്തെ, കൊടികൾ ജീവനെടുത്ത പലരുടെയും സ്വപ്​നങ്ങളെക്കുറിച്ച്​ പരിതപിക്കാറുണ്ട്​. ഒക്കെയും മാറുമെന്നുതന്നെയാണ്​ വിശ്വാസവും. ‍സ്നേഹശൂന്യമായ ജീവിതം വസന്തമില്ലാത്ത വർഷം പോലെയാണെന്ന്​ വിശ്വസിക്കുന്നവളാണ്​ അസ്​ന. അതെ, എല്ലാം നിമിഷങ്ങളാണ്​... കറുപ്പും ചുവപ്പും വെളുപ്പും കലർന്ന നിമിഷങ്ങൾ. അതേ നിറത്തിലുള്ള ഒാർമകൾ. ഒളിമങ്ങാതെ സൂക്ഷിക്കുന്ന ചിരികൾ. മറക്കാനിഷ്​ടപ്പെടുന്ന ഉപ്പുനിറമുള്ള ചാലുകൾ. നല്ല നിമിഷങ്ങൾ പ്രതീക്ഷിച്ച്​, നിഴലിലെ വെളിച്ചങ്ങൾ തേടിയാണ്​ ഇനിയും അസ്​നയുടെ യാത്ര. അതിജീവനത്തിനിടയിൽ പ്രതീക്ഷയുടെ തുരുത്തുകൾക്ക്​ അവസാനമില്ലല്ലോ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asnavishu 2018dr AsanaAsna Kannur
News Summary - DR Asna on Vishu Memories-Vishu 2018
Next Story