മലബാർ രുചിയുടെ ലോക ബ്രാൻഡ് അംബാസഡർ

  • ഫൈവ് സ്​റ്റാർ ഹോട്ടലായ താജിലൂടെ മലബാറിലെ രുചികൾ ലോകത്തെത്തിച്ച ഷെഫ് കോഴിക്കോട്ട് വേങ്ങേരി സ്വദേശിനി ആബിദ റഷീദിന്‍റെ വിശേഷങ്ങൾ...

Chef ABIDA RASHEED
ഷെഫ് ആബിദ റഷീദ് (ചിത്രം: ബൈജു കൊടുവള്ളി)

രുചിക്കൂട്ടുകള്‍ തേടി താജ്
ആബിദയുടെ പാചകപ്പെരുമ അറിഞ്ഞാണ് രുചിക്കൂട്ടുകള്‍ തേടി താജ് ഗ്രൂപ് ഉൾപ്പെടെ പലരും ആബിദയെ തേടിയെത്തുകയും താജ് ഗ്രൂപ്പിന്‍റെ കൺസൽട്ടൻസിയായി പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തത്. ഈ അവസരം ആബിദാത്താക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. 40ഒാളം വിഭവങ്ങളുള്ള ഒരു റെസിപ്പി അവർ പുറത്തിറക്കുകയും ചെയ്‌തു.

ഇതോടെ, ഇന്ത്യയിലെ എല്ലാ താജ് ഹോട്ടലുകളിലേയും ഷെഫുമാർക്കും മലബാർ വിഭവങ്ങൾ പാചകം ചെയ്യുന്നത് പഠിപ്പിച്ചുനൽകാൻ ആറുവർഷക്കാലം താജിനൊപ്പം ഉണ്ടായിരുന്നു. ഭീകരാക്രമണം നടന്ന മുംബൈ താജ് ഹോട്ടലിലെ ഷെഫുമാർക്ക് 2007ൽ മലബാരി വിഭവങ്ങൾ പാകം ചെയ്യുന്നതിനുള്ള പരിശീലനം നൽകാനും സാധിച്ചു. തനിക്ക് ലഭിച്ച വലിയൊരു അംഗീകാരം കൂടിയായിരുന്നു അതെന്ന് ആബിദ പറയുന്നു. ഇന്നും ഫ്രീലാൻസായി ഫൈവ്​ സ്​റ്റാർ ഹോട്ടലുകളിൽ പോകുന്നുണ്ട്. 

ബിസിനസ്​ ആവശ്യത്തിനായി ഭര്‍ത്താവിനൊപ്പം നടത്തിയ യാത്രകളാണ് രുചിയുടെ പുതുമകളെ ആബിദക്ക് പരിചയപ്പെടുത്തിയത്. എവിടെപ്പോയാലും അവിടത്തെ ഭക്ഷണം രുചിക്കുക എന്നത് ഇരുവരുടേയും ഒരു ശീലമായി മാറുകയായിരുന്നു. ആ യാത്രകളില്‍ ആബിദ പരിചയിച്ച രുചികളാണ് കോഴിക്കോട്ടുകാരുടെ തീൻമേശയിൽ പലപ്പോഴും നിറഞ്ഞിരുന്നത്. രണ്ടുവർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടു. എട്ടുവയസ്സ് മുതല്‍ തുടങ്ങിയ പാചകപരീക്ഷണങ്ങള്‍ 56ലെത്തിയിട്ടും അതേ താൽപര്യത്തോടെ ഇന്നും തുടരുകയാണ്.

Chef ABITHA RASHEED

പരമ്പരാഗത മലബാര്‍ വിഭവങ്ങളെ പുതുതലമുറക്ക്​ പരിചയപ്പെടുത്തിക്കൊടുക്കുകയെന്നത് പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. പുതിയ വിഭവങ്ങൾ പരീക്ഷിച്ചുനോക്കുകയെന്നതും ഒരു ഹരമാണ്. ‘‘നമ്മള്‍ വളരെ ഫാസ്​റ്റാണ്. നമ്മുടേതായ സംസ്‌കാരവും ഭക്ഷണവും എല്ലാം വേഗം മറക്കുന്നു. കൊല്‍ക്കത്തയും ഡല്‍ഹിയും പോലുള്ള വലിയ നഗരങ്ങളില്‍പോലും അവര്‍ അവരുടെ ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ അതെല്ലാം മറക്കുന്നു. രുചികളങ്ങനെ പൊയ്‌പ്പോകാന്‍ പാടില്ല’’ -ആബിദ പറയുന്നു.

കുടുംബം നൽകിയ കൈപ്പുണ്യം
കോഴിക്കോട് കൊയപ്പത്തൊടി കുടുംബത്തിലെ ആയിശ-ആദം ദമ്പതികളുടെ മകളാണ്. വലിയ കുടുംബമായതിനാൽ എന്നും ആഘോഷമായിരുന്നു വീട്ടിൽ. ഈ വേളകളിലൊക്കെ വിഭവസമൃദ്ധമായ ധാരാളം ഭക്ഷണങ്ങളാണ് അടുക്കളയിൽ ഒരുക്കുക. കുടുംബത്തിലെ എല്ലാവർക്കും പാചകം വളരെ ഇഷ്​ടമായിരുന്നു. അങ്ങനെയാണ് താനും ഈ രംഗത്തേക്ക് വരുന്നത്. ഉമ്മയുടെ സഹോദരി ആമിനയിൽനിന്നുമാണ് പാചകം ആദ്യമായി പഠിക്കുന്നത്. ഉമ്മുമ്മ കുഞ്ഞാത്തുമ്മക്കും  പാചകം പഠിപ്പിക്കാൻ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ കുട്ടിക്കാലം മുതല്‍തന്നെ പാചകത്തോട് പെരുത്തിഷ്​ടമായി. എട്ടുവയസ്സ് മുതല്‍ തുടങ്ങിയ പാചക പരീക്ഷണങ്ങള്‍ 56ലെത്തിയിട്ടും അതേ താൽപര്യത്തോടെ തെല്ലും പിന്നോട്ടില്ലാതെ തുടരുകയാണ്. 

Chef ABITHA RASHEED

മക്കളും ഉമ്മയുടെ പാതയിൽ സജീവമായി രംഗത്തുണ്ട്. മൂത്തമകൾ ആയിഷയും ഭര്‍ത്താവ് ഷമീനും ‘ടേക്ക് വേ’ കോഫി ഷോപ് നടത്തുകയാണ്. രണ്ടാമത്തെ മകൾ ഫാത്തിമ ഇവൻറ്​ മാനേജ്‌മ​​​​​െൻറ്​ നടത്തുന്നു. മൂന്നാമത്തെ മകൾ നഫീസ ബേക്കിങ്​ രംഗത്തും സജീവമായി നിൽക്കുകയാണ്. പാചകം കൂടാതെ 32 വർഷമായി വസ്ത്രവ്യാപാര രംഗത്തും ആബിദ സജീവമാണ്. കോഴിക്കോട് ടാഗോർ ഹാളിന് സമീപം ‘സാരീസ് സെല്ലേഴ്സ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. പലഹാരങ്ങൾ ഉൾപ്പെടെ 550ഓളം വിവിധ വിഭവങ്ങളുടെ അപൂർവ രസക്കൂട്ടുകളാണ്​ ആബിദയുടെ കൈയിലുള്ളത്​.

തേടിയെത്തുന്ന വിദേശികൾ
വിദേശികളെ മലബാറിലേക്ക് ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്. വിദേശികളെ ഇവിടത്തെ ഭക്ഷണരീതികളും പാചകക്കൂട്ടുകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മത്സ്യവിഭവങ്ങളെയാണ് കൂടുതലായും വിദേശികളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അവർക്കൊപ്പം ഹാർബറിൽനിന്ന് മത്സ്യം വാങ്ങി വീട്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പാകം ചെയ്യുന്നതാണ് രീതി. യു.കെ, യു.എസ്‌.എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമാണ് ആബിദയുടെ വീട്ടിൽ പാചകം പഠിക്കാൻ എത്തുന്നത്. വിദേശത്ത് നടത്തിയ ഫുഡ് ഫെസ്​റ്റിവലുകളിലൂടെയാണ് ആബിദയുടെ കൈപ്പുണ്യം ലോകം അറിയുന്നതും ആബിദയെ ഇപ്പോൾ തേടിയെത്തുന്നതിനും പിന്നിൽ. യൂറോപ്, സൗദി, ഖത്തർ, ദുബൈ, സ്വീഡൻ തുടങ്ങിയയിടങ്ങളിലെ ഫുഡ് ഫെസ്​റ്റിവലുകളിൽ പങ്കെടുത്തിട്ടുമുണ്ട്.

Loading...
COMMENTS