Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമഴവിൽപീലി നിവർത്തി...

മഴവിൽപീലി നിവർത്തി മാളവിക

text_fields
bookmark_border
malavika-ravi-menon
cancel

മലയാളത്തിന്‍റെ ഒരനുഗൃഹീത കലാകാരിയുടെ മികവുറ്റ പ്രകടനംകൊണ്ട് ധന്യമായി റിയാദിന്‍റെ സാംസ്കാരിക നഭസ്സ്. തെന്ന ിന്ത്യയിലെതന്നെ കേളികേട്ട നർത്തകിയും മോഹിനിയാട്ട വേദിയിലെ യുവതാരവുമായ മാളവികാ രവി മേനോനാണ് പ്രവാസത്തിന്‍റെ കുളിരിൽ കേരളത്തിന്‍റെ തനത് കലയുമായെത്തിയത്. നാട്യശാസ്ത്രത്തിലെ ലാസ്യവും ശൃംഗാരവും ചേർന്ന ഭാവരസങ്ങളിൽ മനോഹര മായ ചുവടുകൾകൊണ്ട് അനുവാചകരുടെ ഹൃദയത്തിൽ താളംചവിട്ടുകയായിരുന്നു. പ്രശസ്ത നർത്തകിയും ബാലസാഹിത്യകാരൻ പി. നരേന് ദ്രനാഥിന്‍റെ മകളുമായ വിനീത നെടുങ്ങാടിയുടെ മുതിർന്ന ശിഷ്യയായി ഒരു ദശകത്തിലേറെയായി പരിശീലനത്തിലാണവർ. കഠിനപരി ശ്രമത്തിന്‍റെയും സമർപ്പണത്തിന്‍റെയും പേരു കൂടിയാണ് മാളവിക രവി മേനോൻ.

റിയാദിൽ ജനിച്ചു വളർന്ന മാളവിക 10ാം ക് ലാസ് പൂർത്തിയാക്കി നൃത്തത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് തുടർ വിദ്യാഭ്യാസം നാട്ടിലേക്ക് പറിച്ചുനട്ടത്. ​ പ്രഫഷനൽ കലാകാരിയായി തന്‍റെ പഴയ തട്ടകത്തിലെത്താൻ കഴിഞ്ഞ ആഹ്ലാദത്തിലായിരുന്നു മാളവിക. ഇടശ്ശേരിയുടെ ‘പൂതപ്പാട ്ടും’ കാവാലം നാരായണപ്പണിക്കരുടെ ‘കറുകറെ’ എന്ന കവിതയുമായിരുന്നു അവർ അവതരിപ്പിച്ചത്.

malavika-ravi-menon
കോട്ടക്കൽ മധു കഥകളി പദക്കച്ചേരി അവതരിപ്പിക്കുന്നു


അമ്മയും മകനും തമ്മിലുള്ള ഗാഢവും തീവ്രവുമായ സ്നേഹബന്ധത്തിന്‍റെ രംഗാവിഷ്കാരമായിരുന്നു പൂതപ്പാട്ട്. നങ്ങേലി തന്‍റെ മകൻ ഉണ്ണിയോട് കാണിക്കുന്ന വാത്സല്യത്തിന്‍റെ ആഴവും പരപ്പും ആർദ്രമായി അവർ വരച്ചുകാണിച്ചു. ഒപ്പം മലഞ്ചെരുവിലെ പാറക്കെട്ടിനു പിറകെ ഒളിച്ചിരിക്കുന്ന പൂതത്തിന്‍റെ രൗദ്രതയും. കാവാലത്തിന്‍റെ ‘കറുകറെ’... മഴ വരുമ്പോൾ മയിൽ അതിനെ സ്വീകരിക്കുന്നതിന്‍റെ നയനാനന്ദ കാഴ്​ചയുടെ അനാവരണമായിരുന്നു. മയിലിന്‍റെ നടനകാന്തിയുള്ള നടത്തവും മയൂരനൃത്തവും ദൃശ്യചാരുതയുള്ള മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. കൃത്യമായ പദചലനങ്ങൾ, നവരസങ്ങളിൽ ലയം തീർത്ത ഭാവപ്പകർച്ചകൾ, ഉടലിന്‍റെ സൂക്ഷ്മമായ വിന്യാസം... അടക്കവും ഒതുക്കവും ഒത്തുചേർന്ന മോഹിനിയുടെ ചുവടുകൾ കരഘോഷത്തോടെയാണ് എല്ലാവരും ഏറ്റുവാങ്ങിയത്.

പുണെ ഐ.എൽ.എസ് ലോ കോളജിൽനിന്ന്​ നിയമ ബിരുദം നേടിയെങ്കിലും നാട്യകല അഭിനിവേശം കാരണം നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നൃത്തകലയിൽ കൂടുതൽ അന്വേഷണം നടത്താനും അതുവഴി സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരിയാകാനുമുള്ള തീവ്രാഭിലാഷമാണ് അവരെ ‘യങ് ഇന്ത്യ ഫെലോഷിപ്പി’ന് അർഹയാക്കിയത്. ദൂരദർശൻ കലാകാരികൂടിയായ മാളവിക നിരവധി സ്​റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്.
അഞ്ചു വയസ്സുള്ളപ്പോൾ ശാലിനി പവിത്രന്‍റെ ശിക്ഷണത്തിൽ റിയാദിലാണ്​ ഭരതനാട്യത്തിൽ പരിശീലനം ആരംഭിക്കുന്നത്. പിന്നീട് പ്രീതി രാജേഷിന്‍റെ കീഴിൽ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പരിശീലനം തുടർന്നു. മോഹിനിയാട്ടത്തോടുള്ള കടുത്ത ഭ്രമമാണ് ഗുരു വിനീത നെടുങ്ങാടിയിലെത്തിച്ചത്.

പുരുഷ ദൃക്കുകളെ രമിപ്പിക്കുകയും അധികാര പർവങ്ങളോട് വിധേയപ്പെടുകയും ചെയ്യുക എന്നതായിരുന്നു മോഹിനിയാട്ടത്തിന്‍റെ മൗലിക ലക്ഷ്യമായി നിർവചിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് പുതിയ വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഈ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നു. കലാ സാംസ്കാരിക വിനിമയത്തിലും സമകാലിക വിമർശനത്തിലുമെല്ലാം സംവാദാത്മകമായി ഇടപെടാൻ മോഹിനിയാട്ടത്തിന് സാധിക്കുന്നുണ്ട്. വെറും വിനോദോപാധി എന്നതിലപ്പുറം സാമൂഹിക മാറ്റത്തിനും മാനുഷിക വികാരങ്ങളുടെ തീവ്രത പങ്കുവെക്കാനും ഈ മാധ്യമം കരുത്ത് നേടിയിരിക്കുന്നു. പുതുവായനക്കും വ്യാകരണത്തിനുമുള്ള പഠന ഗവേഷണങ്ങളിലാണ് താനിപ്പോഴുള്ളതെന്ന് മാളവിക പറഞ്ഞു.

malavika-ravi-menon

വേഷവിധാനങ്ങളിലും പുതിയ ഉൾക്കാഴ്ചയുള്ള പരിവർത്തനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഗ്രാമീണ കന്യകക്ക് ചേർന്ന പവാട (skirt costume) യായിരുന്നു മുൻകാലങ്ങളിലെ വേഷം. ഇപ്പോൾ തറ്റുടുക്കുന്നതുകൊണ്ട് പദചലനങ്ങളുടെ ലാവണ്യവും ശിൽപഭംഗിയും കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിയുന്നു. ഇത് ആസ്വാദനത്തെയും ആശയവിനിമയത്തെയും കൂടുതൽ ഗ്രാഹ്യവും ലളിതവുമാക്കുന്നുമെന്ന് അവർ പറഞ്ഞു. പുതുതലമുറയിലുള്ളവർ ഇത്തരം മാറ്റങ്ങളെ വളരെ പോസിറ്റിവായാണ് കാണുന്നതെന്ന്​ അവർ പറയുന്നു.

റിയാദിലെ ‘അൽ-നാഇമി’ ഗ്രൂപ്പിലെ സെക്​ഷൻ മാനേജർ രവി മേനോൻ പിതാവാണ്. നാലു വർഷം മുമ്പ് ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അമ്മ ശോഭാ മേനോൻ അധ്യാപികകൂടിയാണ്. അനുജൻ ദേവദത്തൻ 10ാം ക്ലാസിൽ പഠിക്കുന്നു. ‘ഇൻറർനാഷനൽ ഇന്ത്യൻ കൾചറൽ ഫോറം’ ഒരുക്കിയ ‘മധുരവം’ പരിപാടിയിൽ പങ്കെടുക്കാനാണ് മാളവിക റിയാദിലെത്തിയത്. സംഗീതജ്ഞനായ കോട്ടക്കൽ മധുവിന്‍റെ നേതൃത്വത്തിലുള്ള കഥകളി സംഘത്തിന്‍റെ പദക്കച്ചേരിയായിരുന്നു ‘മധുരവം’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenDancerartistMalavika Ravi MenonLifestyle News
News Summary - Artist Malavika Ravi Menon -Lifestyle News
Next Story