ചുമരുകൾ ചരിത്രം വരക്കുന്നു

  • പ്രശസ്ത ചിത്രകാരിയും ലളിതകലാ അക്കാദമി മെംബറുമായ ഒറ്റപ്പാലം സ്വദേശി ശ്രീജ പള്ളത്തിന്‍റെ ജീവിതത്തിലൂടെ...

sreeja-pallam
ശ്രീജ പള്ളം വരച്ച ചിത്രങ്ങളോടൊപ്പം

കാടി​ന്‍റെ മൗനത്തിനുമ്മ നല്‍കി, മലകളെ വാരിപ്പുണര്‍ന്ന് പാത്രക്കടവും കടന്ന് മണ്ണാര്‍ക്കാട് സമതലങ്ങളിലേക്ക് ധിറുതിയില്‍ പോകുന്ന കുളിരി​ന്‍റെ പേരാണ് കുന്തിപ്പുഴ. ഈ പുഴയുടെ തെളിഞ്ഞ മനസ്സാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. മഴക്കാടുകളെ രണ്ടാക്കി പകുത്ത്​ ഒഴുകുന്ന പുഴയുടെ തീരത്ത് ഉയര്‍ന്നു വന്ന അവരുടെ ജൈവികമായ ഊരുകളുടെ കരുതലാണ് അട്ടപ്പാടിയുടെ സൗന്ദര്യം. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഈ സൗന്ദര്യത്തെ ചിത്രങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഒരുകൂട്ടം കലാകാരന്‍മാര്‍. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തി​ന്‍റെ പച്ചയായ ജീവിതം അടയാളപ്പെടുത്താന്‍ കാര്യമായ ചലനങ്ങള്‍ ഒരു ഭാഗത്തുനിന്നും ഇത്രയും കാലം എന്തുകൊണ്ട് ഉണ്ടായില്ല എന്നത് കൗതുകമാണ്.

അട്ടപ്പാടിയിലെ 12 സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്ത മഹാശിലായുഗ തെളിവുകളെന്ന് കരുതാവുന്ന ശവക്കല്ലറകള്‍, കുടക്കല്ലുകള്‍, നന്നങ്ങാടികള്‍, വീരക്കല്ലുകള്‍ തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അട്ടപ്പാടിയുടെ ജനവാസചരിത്രം മനസ്സിലാക്കാന്‍ എളുപ്പമാണ്. മഹാശിലായുഗത്തിലെ കുടക്കല്ലുകള്‍ക്ക് 3000 വര്‍ഷത്തിലധികം പഴക്കമുണ്ടാകേണ്ടതാണ്. അട്ടപ്പാടിയില്‍നിന്ന് അഞ്ച് കുടക്കല്ലുകൾ ഇപ്പാള്‍ ക​െണ്ടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അട്ടപ്പാടിയിലെ  ജനവാസത്തിന് ചുരുങ്ങിയത് മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയാമെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഇതിന് ആവശ്യമാണ്. 

sreeja pallam
അഗളി എൽ.പി സ്​കൂളിന്‍റെ ചുവരുകളിലെ ചിത്രങ്ങൾ
 


അട്ടപ്പാടിയുടെ തനിമകള്‍ മായ്ച്ച്​ കോണ്‍ക്രീറ്റ് കാടുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഊരുകളെ പോലും കീഴടക്കിയാണ് ഇവയുടെ കുതിപ്പ്. കേരളത്തിലെ ഏറ്റവും വലിയ കുടിയേറ്റ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് അട്ടപ്പാടി. ആദിവാസികളുടെ ആവാസ, ഭക്ഷണ, സാംസ്കാരിക, സാമൂഹിക മേഖലകളിലെല്ലാം ഈ കടന്നുകയറ്റം പ്രകടമാണ്. ഭക്ഷണ സാധനങ്ങള്‍ക്കായി ആദിവാസികള്‍ കടകളിലെത്തുന്ന കാലത്തെ നോക്കി മഴക്കാടുകള്‍ കരയുന്നുണ്ടാകും. ഏകദേശം 135ലധികം ഇലക്കറികള്‍ ഉപയോഗിച്ചിരുന്നവരാണ് ആദിവാസികള്‍. 15 വര്‍ഷം മുമ്പ് ഇവിടെ എത്തുമ്പോള്‍ ഊരുകളില്‍ ധാന്യങ്ങള്‍ ചാക്കുകളിലാക്കി സൂക്ഷിച്ചുവെച്ചത് കണ്ടിരുന്നു. വറുതിയുടെ കാലത്തേക്കുള്ള കരുതലായിരുന്നു അവ.

ആ കാലത്തൊന്നും നാടിനെയും നാട്ടുകാരെയും ആദിവാസികള്‍ക്ക് ആശ്രയിക്കേണ്ടതില്ലായിരുന്നു. എന്നാല്‍, ഇന്ന് അതിനെല്ലാം മാറ്റം വന്നു. ഒരു ചരിത്രം പോലും ബാക്കിവെക്കാത്ത വിധത്തില്‍ അവസാനിക്കുകയാണോ അട്ടപ്പാടി ആദിവാസികളുടെ ജീവിതമെന്ന ഭീതി പലഭാഗത്തും നില നില്‍ക്കുമ്പോഴാണ്, അവരുടെ പച്ചയായ ജീവിതം ചിത്രങ്ങളായി അഗളി എല്‍.പി സ്കൂളി​ന്‍റെ ചുവരുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ബി.ആര്‍.സിയാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷ കേരളമാണ് ഇതിനാവശ്യമായ ഫണ്ടുകള്‍ ക​െണ്ടത്തിയത്. പ്രോജക്​ട്​ ഡയറക്ടര്‍ കുട്ടികൃഷ്ണ​ന്‍റെ പിന്തുണയും ആവോളം ലഭിച്ചു. 

പ്രശസ്ത ചിത്രകാരിയും ലളിതകലാ അക്കാദമി മെംബറുമായ ഒറ്റപ്പാലം സ്വദേശി ശ്രീജ പള്ളമാണ് അട്ടപ്പാടിയുടെ ഗോത്രജീവിതം അതിമനോഹരമായി വരച്ചത്. നിര്‍ദേശങ്ങള്‍ നൽകാനും വരക്കാനും നിറങ്ങള്‍ തെരഞ്ഞെടുക്കാനും സാജന്‍ സിന്ധു, ഹംസ മാളിക എന്നിവരുണ്ടായിരുന്നു. വരക്കാന്‍ വന്നപ്പോഴാണ് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് മനസ്സിലായതെന്ന് ശ്രീജ ടീച്ചര്‍ പറഞ്ഞു. തനിക്കുമുമ്പ് പലരും ഇ​േതറ്റെടുത്തെങ്കിലും പ്രോജക്ട് വിഭാവനം ചെയ്യുന്ന നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.

sreeja pallam

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഗോത്ര സമൂഹത്തിനുള്ളതുപോലെ (ഗോണ്ട്, വാര്‍ളി) ചിത്രകലയില്‍ ഒരു പാരമ്പര്യവും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ക​െണ്ടത്തിയിട്ടില്ല. ഇത്തരത്തിലുള്ള രീതി വരയില്‍ കൊണ്ടു വന്നാലും കേരളത്തിലെ ചിത്രകലയിലെ ദൃശ്യ ബോധക്കുറവ് കാരണം ഇവ ജനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നില്ല. ചുറ്റുപാടുകളോടും പ്രകൃതിയോടും വൈകാരികമായി സംവദിച്ചാണ് ഗോത്രജനത ജീവിക്കുന്നത്. തീർത്തും റിയലിസ്​റ്റിക് ചിത്രങ്ങളായാല്‍ വേണ്ടത്ര ശക്തി പകര്‍ന്നു നല്‍കില്ലെന്ന് തോന്നി. 

ഗോത്ര സമൂഹത്തി​ന്‍റെ ജീവിതരീതിയും ഭാഷയും സംസ്കാരങ്ങളും മലയാളി മനസ്സില്‍നിന്ന്​ തികച്ചും വ്യത്യസ്തമാണ്. ഈ  തനിമ ഉണ്ടാവണമെങ്കില്‍ സാധാരണ സ്കൂളില്‍ വരക്കുന്ന ചിത്രങ്ങളില്‍നിന്ന്​ വ്യത്യസ്തമാകണം. ഒരു എല്‍.പി സ്കൂള്‍ ആകുമ്പോള്‍ പൂർണമായും റിയലിസ്​റ്റിക് രീതി കൈവിടാനും കഴിയില്ല. കുട്ടികള്‍ക്ക് വിദ്യാലയം ഒരു രണ്ടാം വീടായി തോന്നണം. തങ്ങളുടെ വിലമതിക്കാനാവാത്ത പൈതൃകം അവര്‍ തിരിച്ചറിയണം. കുട്ടിക്ക് അപരിചിതത്വം തോന്നരുത്. ഒപ്പംതന്നെ സമാനമല്ലാത്തത് ആയിരിക്കണം. തീര്‍ത്തും പുതുമയുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കണം.

sreeja pallam

അതുകൊണ്ടുതന്നെ വരകൊണ്ടുള്ള ആശയാവിഷ്​കാരം ഒരു വെല്ലുവിളിതന്നെയായിരുന്നു. എവിടെ തിരഞ്ഞിട്ടും ഒരു മാതൃകയും ക​െണ്ടത്താനുമായില്ല. 15 വര്‍ഷമായി അട്ടപ്പാടിയില്‍ അധ്യാപികയും ആദിവാസി കുട്ടികള്‍ പഠനരംഗത്ത് അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ‘അഗെ ദ് നായാഗ’ (മാതൃഭാഷ) എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്ത സിന്ധു സാജനും ആദിവാസി ഗോത്ര അധ്യാപകന്‍ രംഗന്‍ മാഷും രവിയേട്ടനുമൊക്കെ പറഞ്ഞു തന്ന കാര്യങ്ങളും എ​ന്‍റെ കുറച്ചനുഭവങ്ങളും ഭാവനയുമൊക്കെ ചേർത്തായിരുന്നു തുടക്കം ശ്രീജ ടീച്ചര്‍ പറഞ്ഞു.

ഭാഷ, വേഷം, ആചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ മൂന്ന് വിഭാഗങ്ങളും വ്യത്യസ്തമാണ്. അട്ടപ്പാടിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം പൂര്‍ത്തിയാക്കുക എന്നത്​ ശ്രമകരമായ കാര്യമാണെങ്കിലും ഇനിവരുന്ന തലമുറക്കായി കരുതിവെക്കാന്‍ പറ്റിയ വലിയ നിധി തന്നെയാണ് ഈ ചിത്രങ്ങള്‍. ഇതിനു ചുക്കാന്‍ പിടിച്ച ബി.ആര്‍.സി ചരിത്രത്തോട് കാട്ടിയത് വലിയ നീതിയാണ്.

Loading...
COMMENTS