‘സ്നേഹിത’ ഇതുവരെ ചേർത്തുപിടിച്ചത് 3682 പേരെ
text_fieldsപത്തനംതിട്ട: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കരുതലേകാൻ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച ജെൻഡർ ഹെൽപ് ഡെസ്ക് ‘സ്നേഹിത’ ഇതുവരെ ചേർത്തുപിടിച്ചത് 3682 പേരെ. 2017-18ൽ ആരംഭിച്ച സ്നേഹിതയിൽ ഗാർഹികപീഡനം, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പോക്സോ കേസുകൾ, വയോധികരുടെ പ്രശ്നങ്ങൾ അടക്കം 3682 പരാതികളാണ് ഇതുവരെ ലഭിച്ചത്. കുട്ടികളുമായി മാത്രം ബന്ധപ്പെട്ട 465 പരാതികളാണ് എട്ടുവർഷത്തിനിടെ സ്നേഹിത ഹെൽപ് ഡെസ്കിൽ ലഭിച്ചത്.
ഗാർഹിക അതിക്രമം -373, പോക്സോ -45, വയോധികരുടെ പ്രശ്നം -193, താൽക്കാലിക സംരക്ഷണം -382, മറ്റ് വിഷയങ്ങൾ -486 എന്നിങ്ങനെയാണ് മറ്റ് പരാതികൾ. ഇതിൽ ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ 1738 പേർക്ക് കൗൺസലിങ്ങും നൽകി. പരാതികളിൽ 1603 നേരിട്ട് ലഭിച്ചപ്പോൾ 2079 കേസുകൾ ഫോൺ വഴിയാണ് റിപ്പോർട്ട് ചെയ്തത്.
വനിത ശിശുവികസന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് 24 മണിക്കൂറുമുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്കിന്റെ പ്രവർത്തനം. വിവിധ പ്രശ്നങ്ങള്‍ നേരിട്ട് സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരമാവധി മൂന്നു ദിവസംവരെ താല്‍ക്കാലിക അഭയം നല്‍കും.
പുനരധിവാസം ആവശ്യമായ കേസുകളിൽ വിവിധ വകുപ്പുകളും എന്‍.ജി.ഒകളുമായി ചേര്‍ന്ന് ആവശ്യമായ തുടർനടപടി സ്വീകരിക്കും. ജില്ലയിലെ കൗമാരക്കാരായ വിദ്യാർഥികൾക്ക് വ്യക്തിപരവും പെരുമാറ്റപരവും കുടുംബപരവും പഠനപരവുമായ പ്രശ്നങ്ങൾ പരിഹാരമൊരുക്കാൻ സഹായിക്കാൻ സ്നേഹിതയുടെ സേവനം വ്യാപിപ്പിക്കൻ സ്നേഹിത @സ്കൂളും ആരംഭിച്ചിരുന്നു. ജില്ലയിലാകെ 12 സ്കൂളുകളിൽ സ്നേഹിത സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന കുടുംബപ്രശ്നങ്ങളിൽ കാൺസലിങ്, മാനസികപിന്തുണ എന്നിവ നൽകുന്നുമുണ്ട്. കുടുംബശ്രീയും ആഭ്യന്തര വകുപ്പും സംയുക്തമായി ഡിവൈ.എസ്.പി ഓഫിസുകളായ തിരുവല്ല, റാന്നി, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലും പന്തളം, കൊടുമണ്‍ പൊലീസ് സ്റ്റേഷനുകളിലുമായി ഏഴ് സ്നേഹിത പൊലീസ് സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ സെന്ററുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റർ പ്രവര്‍ത്തനം തുടങ്ങിയത് അടൂര്‍ ഡിവൈ.എസ്.പി ഓഫിസിലായിരുന്നു.
‘സാന്ത്വനമിത്ര’യിൽ ആദ്യഘട്ടം 20 പേർ
പത്തനംതിട്ട: ജില്ലയിലെ കിടപ്പുരോഗികൾക്ക് പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച ‘സാന്ത്വനമിത്ര’ പദ്ധതിയിൽ പങ്കാളികളായവർക്കുള്ള പരിശീലനം പൂർത്തിയായി. ആദ്യഘട്ടത്തിൽ വള്ളിക്കോട്, അരുവാപ്പുലം, പ്രമാടം, മലയാലപ്പുഴ, മൈലപ്ര എന്നീ സി.ഡി.എസുകളിൽനിന്നുള്ള 20 പേർക്കാണ് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം നൽകിയത്.
പത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം, ഓമല്ലൂർ, പ്രമാടം, വള്ളിക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ഇവിടങ്ങളിലെ നഴ്സുമാർ, ഫിസിയോതെറപ്പിസ്റ്റുകൾ തുടങ്ങിയവർ നേതൃത്വം നൽകി. വയോജന പരിചരണം, രോഗീ പരിപാലനം, ഭിന്നശേഷിക്കാരായവർക്ക് പ്രത്യേക പരിചരണം, പ്രസവശുശ്രൂഷയും ശിശു പരിപാലനവും തുടങ്ങിയ സേവനങ്ങളാണ് സാന്ത്വനമിത്ര മുഖേന ലഭ്യമാക്കുക. പദ്ധതിയുടെ ഭാഗമായി കോന്നി എം.ആർ.സിയുടെ നേതൃത്വത്തിൽ പ്രധാന കാൾ സെന്റർ പ്രവർത്തിക്കും. പന്തളം, ഇരവിപേരൂർ, പറക്കോട്, പുളിക്കീഴ് എന്നിവിടങ്ങളായി ഉപകാൾ സെന്ററുകളും തുറക്കും.
വിളിക്കാം
ജില്ലയിൽ പന്തളത്താണ് ജെൻഡർ ഹെൽപ് ഡെസ്ക് ‘സ്നേഹിത’ പ്രവർത്തിക്കുന്നത്. പന്തളം മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തിൽ നേരിട്ട് എത്തിയോ ഫോണിലൂടെയോ പരാതി നൽകാം. ഫോൺ: 04734 250244, ടോൾഫ്രീ: 1800 425 12 44, മൊബൈൽ: 8547549665
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

