Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightറോയിയുടെ 'മംഗള'വനം

റോയിയുടെ 'മംഗള'വനം

text_fields
bookmark_border
റോയിയുടെ മംഗളവനം
cancel
ഇത് രണ്ടുപേരുടെ സ്നേഹത്തിന്റെ കഥയാണ്. പരസ്പരം വിട്ടുപിരിയാൻ പറ്റില്ലെന്ന ശാഠ്യത്തിൽനിന്ന രണ്ടുപേരുടെ സ്നേഹബന്ധത്തിന്റെ കഥ. ‘മംഗള’യും റോയിയും ഒന്നിച്ചിട്ട് ആറുവർഷത്തോളമായി. അതിനിടെ പിണക്കങ്ങളും ഇണക്കങ്ങളും ഏറെയുണ്ടായി. എങ്കിലും അവളകന്നു പോയപ്പോൾ പിരിയാൻ വയ്യെന്നു പറഞ്ഞ് റോയി വീണ്ടും അവൾക്കു പിന്നാലെ ചെന്നു...

കാടും നാടും തമ്മിലുള്ള അതിർവരമ്പുകൾ മായുകയും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പതിവാകുകയും ചെയ്യുന്ന കാലത്ത് അസാധാരണമായ ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ഇടുക്കി തേക്കടിയിലെ പെരിയാർ കടുവാസങ്കേതം. അമ്മക്കടുവ ഉപേക്ഷിച്ച മംഗള എന്ന കടുവക്കുട്ടിയും അതിനെ വളർത്താൻ വനംവകുപ്പ് നടത്തിയ അശ്രാന്ത പരിശ്രമവും അവളെ സ്വന്തം മകളെപ്പോലെ വളർത്തുന്ന റോയ് എന്ന വനംവകുപ്പ് വാച്ചറുമൊക്കെ ചേർന്ന് സഹജീവിസ്നേഹത്തിന്‍റെ പുതുചരിതം കുറിക്കുകയാണ് ഇവിടെ.

അമ്മക്കടുവ ഉപേക്ഷിച്ച കുഞ്ഞ്

2020 നവംബർ 20. തേക്കടി റേഞ്ചിലെ മംഗളാദേവി ക്ഷേത്രപരിസരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരായ വിശ്വനാഥനും ബിജുവും ജോലിയിലേർപ്പെട്ടിരിക്കുന്നു. അവിടെ ആ സമയം ഒരു കിണറിനടുത്ത് അസാധാരണമായി ശബ്ദം കേട്ടു. കരിങ്കുരങ്ങുകൾ വല്ലാത്ത രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്നു. ചിലത് ചാടി ഓടുന്നു. കാടിനെ അറിയുന്ന ഇരുവർക്കും പെട്ടെന്ന് കാര്യം പിടികിട്ടി. അവിടെ വന്യജീവികളുടെ സാന്നിധ്യം ഇരുവരും ഉറപ്പിച്ചു. ശബ്ദമുണ്ടാക്കാതെ മെല്ലെ ഇരുവരും സ്ഥലത്തെത്തി നോക്കുമ്പോൾ കാണുന്നത് രണ്ടരക്കിലോ മാത്രം തൂക്കമുള്ള ഒരു കടുവക്കുഞ്ഞ്.

കണ്ണുകളിൽ ഭയം നിഴലിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ഇരുവരും വിവരം പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസർ എ.പി. സുനിൽ ബാബുവിനെ അറിയിച്ചു. കടുവ സങ്കേതത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണ് ഒരു കടുവക്കുഞ്ഞിനെ ഒറ്റക്ക് കാണുന്നത്. കുഞ്ഞിനെ നിരീക്ഷിക്കാൻ കർശന നിർദേശം നൽകിയ അദ്ദേഹം അതിനെ തൊടരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചു.

പിറ്റേദിവസം ഉദ്യോഗസ്ഥർ നോക്കുമ്പോൾ കുഞ്ഞ് സമീപത്തെ പുൽമേട്ടിലാണ് നിൽക്കുന്നത്. അമ്മക്കടുവ വരുമെന്ന പ്രതീക്ഷയുള്ളതിനാലും സുരക്ഷിതനാണെന്നതിനാലും തിരികെ മടങ്ങാൻ തുടങ്ങുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം ആ കടുവക്കുഞ്ഞും ചെറുചുവടുകൾവെച്ച് അവരുടെ ഓഫിസിലേക്കെത്തി. ഒരു മാസത്തോളം വനംവകുപ്പ് ജീവനക്കാരടക്കം അമ്മക്കടുവക്കായി തിരച്ചിൽ തുടർന്നെങ്കിലും കുഞ്ഞിനെ തേടി അമ്മ വന്നില്ല. കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചുപോയതാണെന്ന നിഗമനത്തിലേക്ക് വനംവകുപ്പ് ഒടുവിൽ എത്തിച്ചേർന്നു. തുടർന്ന് ഫീൽഡ് ഡയറക്ടറായ അനൂപ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ഓപറേറ്റിങ് പ്രൊസീജിയർ വഴി കടുവക്കുഞ്ഞിന്‍റെ സംരക്ഷണത്തിനായുള്ള നടപടികൾ ആരംഭിച്ചു.

കുഞ്ഞു മംഗളയുടെ അതിജീവനം

മംഗള ദേവിയിൽനിന്ന് ലഭിച്ചതിനാൽ കടുവക്കുഞ്ഞിന് പേരിടാൻ അധികം ചിന്തിക്കേണ്ടിവന്നില്ല. അവർ എല്ലാവരും ചേർന്ന് ആ കുടുവക്കുഞ്ഞിനെ പേരുചൊല്ലി വിളിച്ചു ‘മംഗള...’ കടുവക്കുഞ്ഞിനെ കണ്ടെത്തുമ്പോൾ അതിന് കാഴ്ചയുടെ പരിമിതിയും പിൻകാലുകൾക്ക് തളർച്ചയുമുണ്ടായിരുന്നതായി വനംവകുപ്പ് അധികൃതർ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ, ചികിത്സ ഒരുക്കേണ്ടതുണ്ടെന്ന് അധികൃതർ ഉറപ്പിച്ചു. ഇതിനായി പെരുവന്താനം താന്നിക്കപ്പാറയിൽ റോയി എന്ന താൽക്കാലിക വാച്ചറെയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കുട്ടനെയും ചുമതലപ്പെടുത്തി.

ആദ്യം പാലാണ് കുടിക്കാൻ മംഗളക്ക് കൊടുക്കാൻ ശ്രമിച്ചത്. എന്നാൽ, മടി കാട്ടിക്കൊണ്ടിരുന്നു. പ്ലേറ്റിൽ നൽകിയ പാൽ കുടിക്കാതിരുന്നപ്പോൾ ആശങ്കയായി. പിന്നെ നിപ്പിൾ ഉപയോഗിച്ച് ഓരോ തുള്ളിയായി പാൽ നൽകിയത് കടുവക്കുഞ്ഞ് കുടിച്ചുതുടങ്ങി. വനംവകുപ്പിന്‍റെ വെറ്ററിനറി ഓഫിസർമാർ മംഗളയുടെ ചികിത്സ ഏറ്റെടുത്തു. മംഗള പതിയെ പതിയെ ഇറച്ചിക്കഷണങ്ങൾ കഴിച്ചുതുടങ്ങി. തണുപ്പ് മാറ്റാൻ കാർഡ് ബോർഡ് പെട്ടിയിൽ കമ്പിളി വിരിച്ച് റോയിയും കുട്ടനും മംഗളക്ക് കൂട്ടിരുന്നു. തണുപ്പ് വർധിച്ചതോടെ മംഗളയിലെ കുന്നിൽനിന്ന് കരടിക്കവലയിലേക്ക് താമസം മാറി.


മംഗളക്കൊപ്പം നിഴലുപോലെ റോയി ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഒരു മുറിയിൽ റോയിയും മംഗളയും ഒരേ കൂരക്കുതാഴെയാണ് കഴിഞ്ഞത്. രണ്ടു കണ്ണുകൾക്കും കാഴ്ച കുറവുള്ളതിനാൽ കാട്ടിൽ സ്വയം ഇരതേടാൻ കഴിയുന്ന രീതിയിലായിരുന്നില്ല മംഗള. തളർന്നുപോയ പിൻകാലുകളെ ശക്തിപ്പെടുത്താനും റോയി ഒരു മാർഗം കണ്ടെത്തി. പഴയ ഫ്രിഡ്ജിന്റെ വാതിൽ മാറ്റി അതിൽ വെള്ളം നിറച്ച് മംഗളയെ നീന്താൻ പഠിപ്പിച്ചു. ദിവസവും മൂന്നുനേരം നീന്തലിൽ പരിശീലനം നടത്തി. കടുവക്കുഞ്ഞിന്‍റെ പരിമിതികളെ ഒന്നൊന്നായി റോയി എന്ന ചെറുപ്പക്കാരൻ തന്‍റെ വെല്ലുവിളിയായി ഏറ്റെടുത്ത് പരിപാലിക്കുന്നത് ഒപ്പമുള്ളവർക്കും അത്ഭുതമായിരുന്നു.

പെണ്ണേ എന്ന് വിളിപ്പേര്; മുരളിക്കൊണ്ട് വിളികേൾക്കൽ

ഇതിനോടകം റോയിയുമായി മംഗളക്ക് വലിയ ആത്മബന്ധമായിരുന്നു. റോയി ‘പെണ്ണേ...’ എന്നാണ് മംഗളയെ വിളിക്കുന്നത്. വിളികേട്ടാൽ ഉടൻ മുരളിക്കൊണ്ട് അവൾ ഓടി അടുത്ത് വരും. കാലിന് ശക്തി ലഭിക്കാനായി രാവിലെയും വൈകീട്ടും രണ്ടാൾക്കും ഒരു നടത്തമുണ്ട് കാട്ടിലൂടെ. റോയിക്കൊപ്പം കാലടിപ്പാടുകൾ പിൻതുടർന്ന് മിടുക്കിയായി മംഗളയും പിന്നാലെ കൂടും. ആ നടപ്പിൽ താൻ പറയുന്നതെല്ലാം മംഗളക്ക് മനസ്സിലാകാറുണ്ടെന്നും അവൾ എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കും മനസ്സിലായിട്ടുണ്ടെന്നും റോയി പറയുന്നു. റോയിയുടെ സാന്നിധ്യം മംഗളക്കെപ്പോഴും ഊർജമായിരുന്നു. റോയിയുടെ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടാൽ ദൂരെനിന്നുതന്നെ അവൾ ഓടിയെത്തും. റോയി എത്തുന്നതും കാത്ത് ദൂരേക്ക് നോക്കിനിൽക്കും.

ഒരിക്കൽ റോയി അത്യാവശ്യമായി ഒരു അവധിയിൽ പോകേണ്ട സാഹചര്യം വന്നു. ഈ സമയം മറ്റൊരു വാച്ചർ ഭക്ഷണം നൽകി. ആദ്യ ദിവസം കഴിച്ചു. പിറ്റേ ദിവസം ആ ഭക്ഷണം ശ്രദ്ധിച്ചതുപോലുമില്ല. അടുത്ത ദിവസവും ഇതാവർത്തിച്ചു. പിന്നീട് റോയി തിരികെയെത്തി ഭക്ഷണം നൽകിയപ്പോൾ മാത്രമാണ് മംഗള കഴിക്കാൻ കൂട്ടാക്കിയത്. ചിലപ്പോൾ ഒന്ന് കനപ്പിച്ച് പറഞ്ഞാൽപോലും മംഗളക്ക് അത് വിഷമമുണ്ടാക്കുന്നുണ്ടെന്ന് റോയ് പറയുന്നു. അൽപസമയം പിണങ്ങി മാറിനിൽക്കും. നിമിഷങ്ങൾക്കകം പഴയപോലെയാകും. മൂന്നുവർഷത്തോളം നീണ്ട തീവ്രപരിചരണത്തിനൊടുവിൽ കാലിനേറ്റ പരിക്ക് പൂർണമായും ഭേദമായി. അതി ദുർബലയായിരുന്ന ആ കുഞ്ഞു മംഗള വളർന്ന് കരുത്തുറ്റ ഒരു പെൺകടുവയായി മാറി.

മംഗളക്കായി ഒരു ‘വന’മൊരുങ്ങി

മനുഷ്യ സംരക്ഷണയിൽ വളരുമ്പോഴും കാട്ടിലേക്ക് തിരികെ പോകാൻ പ്രാപ്തയാക്കുന്ന വിധത്തിൽ സാഹചര്യമുണ്ടാക്കാൻ മംഗളയെ കരടിക്കവലയിൽനിന്ന് കൊക്കരകണ്ടത്തേക്ക് മാറ്റാൻ തീരുമാനംവന്നു. അപ്പോഴേക്കും മംഗളയുടെ ഭാരം 45 കിലോയിലേക്കെത്തിയിരുന്നു. മംഗളക്ക് വളരാനായി കാടിനുള്ളിൽതന്നെ 2.78 ഹെക്ടർ വിസ്തൃതിയിൽ ഒരു സ്വാഭാവിക വനസാഹചര്യം അധികൃതർ ഒരുക്കി. ഇന്ന് മംഗളക്ക് 170 കിലോ തൂക്കം വരും. മംഗളയെ കാട്ടിലേക്കുതന്നെ തിരിച്ചയക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനകൾക്കിടെയാണ് രണ്ട് കണ്ണുകളിലും തിമിരം ബാധിച്ചതായി കണ്ടെത്തുന്നത്. കാഴ്ച തിരിച്ചുകിട്ടാനുള്ള മരുന്നിന് വില ഏറെ കൂടുതൽ. ഒടുവിൽ അമേരിക്കയിൽനിന്ന് മരുന്നെത്തിച്ചു.

രാത്രിയും പകലുമില്ലാതെ കൃത്യമായ ഇടവേളകളിൽ കണ്ണിൽ മരുന്നൊഴിക്കാനെത്തുന്നതും റോയിയാണ്. വിദഗ്ധ പരിശോധനയിൽ കണ്ണിന്‍റെ കൂടുതൽ ചികിത്സക്കായി മംഗളയെ തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ ഒടുവിൽ തീരുമാനം വന്നു. ഇനിയും വൈകിയാൽ കണ്ണിന്‍റെ കാഴ്ച കൂടുതൽ മോശമാകുമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണ പറയുന്നത്. എന്നാൽ, ഈ തീരുമാനത്തിൽ നെഞ്ചുലഞ്ഞുപോയത് റോയിയുടെതായിരുന്നു. മംഗളയുടെ നല്ല ഭാവിക്കായതുകൊണ്ട് സങ്കടമുണ്ടെങ്കിലും പിരിയാൻ റോയി മാനസികമായി തീരുമാനിച്ചു. മംഗള കാട്ടിൽ ജീവിക്കേണ്ടവളാണ്. പെട്ടെന്നുണ്ടാകുന്ന ഒരു പറിച്ചുനടൽ അവളെ ദോഷകരമായി ബാധിക്കുമോ എന്ന ആധിയായിരുന്നു റോയിക്ക്.


കുഞ്ഞുങ്ങളെ വളർത്തുന്നതിനേക്കാൾ കരുതൽ നൽകിയാണ് റോയി മംഗളയെ വളർത്തിയത്. മംഗളയെ മറ്റൊരിടത്താക്കി മടങ്ങുന്നതിനെക്കറിച്ച് റോയിക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. മംഗളയെ വേർപിരിയാൻ കഴിയാത്തതിനാൽ വനംവകുപ്പ് അനുവാദം നൽകുകയാണെങ്കിൽ മംഗളയെ പരിചരിക്കാൻ താൽക്കാലികമായി പോകാനുള്ള സന്നദ്ധത റോയി അധികൃതരെ അറിയിച്ചു. എന്നാൽ, അവിടെ താമസ സൗകര്യങ്ങളടക്കം നോക്കേണ്ടിവരുന്നത് താൽക്കാലിക ജീവനക്കാരനായ റോയിക്ക് വെല്ലുവിളിയായിരുന്നു. ഇത് അധികൃതരെ റോയി അറിയിക്കുകയും ചെയ്തു.

ഒടുവിൽ മംഗളക്ക് കൂട്ടായി റോയിയും

റോയിയുടെ മനോവിഷമം അധികൃതർക്കും പ്രയാസമുണ്ടാക്കി. ആശങ്കകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ റോയിയെത്തേടി ആ സന്തോഷകരമായ വാർത്ത എത്തി. മംഗളക്ക് റോയിയോടുള്ള വൈകാരികമായ അടുപ്പം പരിഗണിച്ച്, അവളെ പുതിയ സാഹചര്യങ്ങളുമായി ഇണക്കിയെടുക്കാൻ അദ്ദേഹത്തിന്‍റെ സേവനം രണ്ടു മാസത്തേക്ക് സുവോളജിക്കൽ പാർക്കിന് വിട്ടുനൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇത് റോയിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. അവൾ കാട്ടിൽ ഓടിക്കളിക്കുന്നത് കാണുന്നതാണ് തന്‍റെയും ആഗ്രഹം. തൽക്കാലം മംഗളക്കൊപ്പം തുടരാമല്ലോ എന്നാണ് റോയി ചിന്തിച്ചത്. അതേസമയം, കാട്ടിലെ നിയമങ്ങളോ രീതികളോ ഒന്നും മംഗളക്കറിയാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. വേട്ടയാടി പിടിക്കുന്ന മൃഗത്തെ എങ്ങനെ കഴിക്കണമെന്നു പോലും അവൾക്കറിയില്ലെന്ന് റോയി പറയുന്നു. അങ്ങനെയുള്ളപ്പോൾ കാട്ടിലേക്ക് വിട്ടാൽ മംഗളയുടെ അതിജീവനമെങ്ങനെയാകും എന്നത് വനംവകുപ്പിനെയും അലട്ടുന്നുണ്ട്. തൃശൂരിലെ പരിചരണം മാത്രമല്ല മംഗളക്കൊപ്പം ജീവിതകാലം മുഴുവനും കഴിയാൻ തയാറാണെന്ന നിലപാടിലാണ് റോയിയിപ്പോൾ.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerEnvironmentpet animalLifestyle
News Summary - Roy and his tiger kids
Next Story