Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_right22ാംവയസ്സിലെ ആശയം...

22ാംവയസ്സിലെ ആശയം യാഥാർഥ്യമാക്കുന്നത് 800 കോടി ചെലവിൽ; സ്വപ്ന പദ്ധതികളിലേക്ക് ഫൈസൽ കൊട്ടികോളൻ നടന്ന വഴികളിലൂടെ...

text_fields
bookmark_border
22ാംവയസ്സിലെ ആശയം യാഥാർഥ്യമാക്കുന്നത് 800 കോടി ചെലവിൽ; സ്വപ്ന പദ്ധതികളിലേക്ക് ഫൈസൽ കൊട്ടികോളൻ നടന്ന വഴികളിലൂടെ...
cancel

തെൻ പെണ്ണെ ആറിനെ ചെഞ്ചായമണിയിച്ച് സൂര്യൻ മടങ്ങാനൊരുങ്ങുമ്പോഴാണ് തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ചിക്കപൂവത്തിയിലുള്ള ഇരുളർ കോളനിയിലെത്തുന്നത്. അവിടെ ചുറ്റും കൂടിയിരിക്കുന്ന കൊച്ചുകുട്ടികൾക്ക് നടുവിൽ അമ്മു ഇരിപ്പുണ്ട്; വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട്. ക്ലാസ് അൽപം നേരത്തേ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അമ്മു. കാരണം, പിറ്റേന്ന് രാവിലെ അവൾക്ക് അൽപം ദൂരെയുള്ള സ്കൂളിൽ പഠിക്കാൻ പോകേണ്ടതാണ്.

'പത്താം ക്ലാസിൽ പഠനം നിർത്തിയതാണ് ഞാൻ. രണ്ടുവർഷം മാതാപിതാക്കളെ ജോലിയിൽ സഹായിച്ചും മറ്റും കഴിഞ്ഞു. അതിനിടെയാണ് എന്റെ കോളനിയിലെ കുട്ടികളെ പഠിപ്പിക്കാനുള്ള അവസരമൊരുങ്ങുന്നത്. പഠനത്തോടുള്ള അവരുടെ താൽപര്യം കണ്ടപ്പോൾ എനിക്കും തുടർന്നു പഠിക്കണമെന്ന് ആഗ്രഹമുണ്ടായി. ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളക്കുശേഷം ഞാൻ പ്ലസ് വൺ വിദ്യാർഥിയായിരിക്കുകയാണ്'- അറിവിന്റെ പാതയിലേക്ക് തിരികെ വന്ന കഥ പറയുമ്പോൾ അമ്മുവിന്റെ മുഖത്തുവിരിഞ്ഞ ചിരിയിലും ആ കണ്ണുകളിലും ഒരേ തിളക്കം.

ആ തിളക്കത്തിന് കാരണക്കാരായ രണ്ടുപേർ ഇവിടെ കേരളത്തിലുണ്ട്. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ (എഫ്.എസ്.എഫ്) സാരഥികളായ ഫൈസൽ കൊട്ടിക്കോളനും ഭാര്യ ഷബാനയും. ഗ്രാമീണ വികസനവും സ്ത്രീശാക്തീകരണവുമെല്ലാം ലക്ഷ്യമിട്ട് എഫ്.എസ്.എഫ് നടപ്പാക്കുന്ന കൃഷ്ണഗിരി െഡവലപ്മെന്റ് പ്രോജക്ടിന്റെ (കെ.ഡി.പി) ഭാഗമായ മെന്ററിങ് കേന്ദ്രത്തിലെ ട്യൂട്ടറാണ് 17കാരിയായ അമ്മു. കൃഷ്ണഗിരി ജില്ലയിലെ ആറ് ബ്ലോക്കുകളിലെ 20 ഇരുളർ കോളനികളിലാണ് കെ.ഡി.പി മെന്ററിങ് കേന്ദ്രങ്ങൾ നടത്തുന്നത്. അതിൽ 12 ഇടത്തും അതേ സമുദായത്തിൽപെട്ടവർ തന്നെയാണ് മെന്റർമാർ എന്ന പ്രത്യേകതയുമുണ്ട്.

'ജിമ്മി'ൽ (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ്) ജംബോ വിമാനത്തിലെത്തി, ബെൻസ് കാറുകളുടെ അകമ്പടിയോടെ 'മാസ് എൻട്രി' നടത്തിയ പ്രവാസി വ്യവസായി എന്ന ഇമേജിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് സാധാരണക്കാരന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നയാൾ എന്നു കേൾക്കുന്നതാണ്. ആരും തമ്മിൽ വ്യത്യാസമില്ല എന്നു തിരിച്ചറിയപ്പെടുന്നിടത്ത് ലോകത്തെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ബിസിനസുകാരൻ അല്ലേയല്ല, ഒരു ആത്മീയ വ്യക്തിയാണ്. ജീവിതത്തിൽ വ്യക്തമായ ദർശനവും കാഴ്ചപ്പാടും ഉള്ളയാൾ' -യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയടക്കം സുഹൃദ് വലയത്തിലുള്ള ഫൈസൽ തന്നെ സ്വയം അടയാളപ്പെടുത്തുന്നതിങ്ങനെ.

അവധിയെടുക്കാതെ ജോലി ചെയ്തത് ഒമ്പതു വർഷം

ദുബൈയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച 1995 മുതൽ 2004 വരെ താൻ ഒരു ദിവസം പോലും അവധിയെടുത്തിരുന്നില്ലെന്ന് ഫൈസൽ പറയുന്നു. ഇന്നും അപൂർവമായേ അവധിയെടുക്കാറുള്ളൂ. അങ്ങനെ അവധിയെടുക്കാതെ ജോലി ചെയ്യുന്നതിനുള്ള ഊർജം താൻ സന്തോഷത്തിലൂടെയാണ് ആർജിക്കുന്നതെന്നും ഫൈസൽ പറയുന്നു.

സന്തോഷമാണ് അതിനുള്ള ആത്മവിശ്വാസം പകരുന്നത്. 30 വർഷമായി ഈ ഊർജം ലഭിക്കുന്ന രീതിയിലുള്ള ദിനചര്യയാണ് ഫൈസൽ പിന്തുടരുന്നതും. 30 വർഷമായി യോഗ ജീവിതത്തിന്റെ ഭാഗമാണ്. പുലർച്ച അഞ്ചിന് എഴുന്നേൽക്കും. തുടർന്ന് വായന, ടെന്നിസ്, ഓട്ടം എന്നിവക്ക് സമയം കണ്ടെത്തും.


വേദാന്ത അക്കാദമിയിലെ എ. പാർഥസാരഥിയുടെ The Fall of The Human Intellect ആണ് പതിവായി വായിക്കുന്ന പുസ്തകം. അതിനുശേഷമാണ് യോഗ. താൻ ഒന്നുമല്ലെന്നും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനുംവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ബോധ്യമുണ്ടായാൽ ഒരിക്കലും ജീവിതം ബോറടിക്കില്ലെന്നാണ് ഫൈസലിന്റെ അഭിപ്രായം.

'എന്താണ് ഈ ലോകത്ത് തന്റെ റോൾ എന്ന് അവനവൻ തിരിച്ചറിയണം. ലോകത്ത് ഏറ്റവും അസന്തുഷ്ടൻ ഏറ്റവും കൂടുതൽ കാശുള്ളവനാണെന്നാണ് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. പണത്തിനുവേണ്ടിയുള്ള ഓട്ടത്തിലാണ് എല്ലാവരും. കാറൊക്കെ നമ്മൾ പതിവായി അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോകും. പക്ഷേ, നമ്മുടെ ശരീരത്തിനെ, മനസ്സിനെ അത് ചെയ്യാറില്ല. ഓട്ടം നിന്നാൽ പൈസയുടെ വരവ് കുറയുമെന്ന പേടി മൂലമാണത്' -ഫൈസൽ പറയുന്നു.

1983ൽ കണ്ട സ്വപ്നം സഫലമാകുമ്പോൾ...

22ാം വയസ്സിൽ മനസ്സിൽ കുടിയേറിയ ഒരു ആശയം 800 കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഫൈസൽ. 30 ഏക്കറിൽ സ്വയംപര്യാപ്തമായൊരു 'സന്തോഷത്തിന്റെ കേന്ദ്ര'മാണ് കോഴിക്കോടിനടുത്ത് ചേലേമ്പ്രയിൽ ഫൈസൽ ചെയർമാനായ കെഫ് ഹോൾഡിങ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. പൂർണമായും സ്വയംപര്യാപ്തമായ ലോകത്തിലെ ആദ്യ സമഗ്ര സുഖാരോഗ്യകേന്ദ്രമാണിത്. 'ആരോഗ്യ പരിപാലനത്തിലുപരി ആളുകളെ സന്തോഷത്തിലേക്കു നയിക്കുന്ന ഒരു കേന്ദ്രമായാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്.

കാശുണ്ടെങ്കിൽ സന്തോഷം കിട്ടും എന്ന അബദ്ധ ധാരണ മാറ്റുകയാണ് ലക്ഷ്യം. എന്നെ സംബന്ധിച്ച് ജീവിതവിജയം എന്നുപറയുന്നത് സന്തോഷം ആർജിക്കലാണ്. ദൈവം സമ്മാനിച്ച വായു, ജലം, സൂര്യൻ, മണ്ണ് എന്നിവയിലൂടെ സ്വയംപര്യാപ്തമായി പ്രവർത്തിക്കുംവിധമാണ് ഈ കേന്ദ്രത്തിന്റെ ഡിസൈൻ. പൂർണമായും സൗരോർജത്തിലാണ് പ്രവർത്തനം. ഒരു തുള്ളിവെള്ളം പോലും പാഴാകാതെ സംരക്ഷിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇവിടത്തെ മണ്ണിൽതന്നെ വിളയിച്ചെടുക്കുന്നു.

എയർ കണ്ടീഷനറുകൾ ഇല്ലാതെ റേഡിയന്റ് കൂളിങ്ങിനായി വായുവും ഉപയോഗിക്കുന്നു. ദൈവം നമ്മുടെയുള്ളിൽതന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പിന്നെ നമ്മൾ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും മലിനമാക്കില്ല. ഇതാണ് സുഖാരോഗ്യത്തിന്റെ ശരിയായ അർഥം' -ഫൈസൽ പറയുന്നു. പോണ്ടിച്ചേരിക്കടുത്ത് ഓറോവിലിൽ ഗുരു അരബിന്ദോ ഘോഷിന്റെ ആശയങ്ങളിൽ ആകൃഷ്ടയായ ഫ്രഞ്ച് വനിത മിറ അൽഫാസ സ്ഥാപിച്ച ആശ്രമം 1983ൽ സന്ദർശിച്ചപ്പോൾ അവിടെയുള്ള, ഇന്ത്യയിലെ ആദ്യ സ്വയംപര്യാപ്ത പട്ടണം കണ്ടപ്പോഴാണ് ഈ ആശയം ഫൈസലിന്റെ മനസ്സിലുദിച്ചത്. അതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. രണ്ടാംഘട്ടം 2023 മാർച്ചിൽ പൂർത്തിയാകും. 2024ഓടെയാണ് പൂർണമായും സജ്ജമാകുക.

ഒരേക്കർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഫിൽട്ടേഡ് പൂൾ, അതിനുള്ളിൽ ഫ്ലോട്ടിങ് യോഗ സെന്റർ, ഫാമിലെ ആയിരത്തോളം ചെടികൾക്കും മരങ്ങൾക്കുമെല്ലാം ബാർകോഡ്, ഒരുകോടി ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ളസംഭരണി, വിവിധ രാജ്യങ്ങളിലെ രുചികൾ സംയോജിപ്പിച്ചുള്ള കേരളത്തിലെ ഏറ്റവും വലിയ മൾട്ടി കുസീൻ റസ്റ്റാറൻറ്സ് തുടങ്ങി പ്രത്യേകതകൾ ഏറെയുണ്ടിവിടെ. ഭിത്തിനിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഇ.പി.എസ് പാനലുകൾക്ക് ഉള്ളിലൂടെയും തറയിലൂടെയും കൂളിങ് പൈപ്പുകളും വായുസഞ്ചാരത്തിനുള്ള പൈപ്പുകളും കടത്തിവിട്ടാണ് റേഡിയന്റ് കൂളിങ് സാധ്യമാക്കിയിരിക്കുന്നത്. പ്രദേശത്തെ നീരുറവകളും അത് ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവും കണ്ടെത്തി സന്തുലിതമായി നിലനിര്‍ത്തുന്ന അക്വിഫെര്‍ സംവിധാനത്തിലൂടെ പ്രതിവർഷം നാലുകോടി ലിറ്റർ വെള്ളമാണ് സംഭരിക്കപ്പെടുക.

നാലു വർഷംകൊണ്ട് സമീപ പ്രദേശത്തെ ജലക്ഷാമവും പരിഹരിക്കപ്പെടും. രണ്ടു ഘട്ടത്തിലായി 130 മുറികളും ആയുർവേദം, തിബത്തൻ സുഖചികിത്സ, പ്രകൃതിചികിത്സ, ആത്മീയ ക്ഷേമം തുടങ്ങിയവയുടെയൊക്കെ സംയോജിത രീതിയിലുള്ള ആരോഗ്യപരിപാലനകേന്ദ്രവും യോഗ, ധ്യാനം, ഹീലിങ്, സ്പോർട്സ് റീഹാബിലിറ്റേഷൻ സംവിധാനങ്ങളുമെല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്.

രണ്ടാം ഘട്ടത്തിൽ ഓപറേഷൻ തിയറ്റർ, ഐ.സി.യു തുടങ്ങിയ ചികിത്സസൗകര്യങ്ങളുമൊരുക്കും. മെയ്ത്ര ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും അത്യാധുനിക ചികിത്സരീതികളുടെയും സേവനവും ലഭ്യമാക്കും. 'ഒരു കുടക്കീഴിലെ റീഹാബിലിറ്റേഷൻ, സ്വയംപര്യാപ്ത അന്തരീക്ഷം എന്നിവയെല്ലാം സന്തോഷത്തിലേക്കാണ് നയിക്കുക. ലോകത്ത് എവിടെയും ഇല്ലാത്ത സംഭവങ്ങൾ ഉയർത്തിക്കാട്ടിയാലേ ശ്രദ്ധിക്കപ്പെടുകയുള്ളൂ. അതെല്ലാമൊരുക്കി കോഴിക്കോടിനെ ലോകമാപ്പിൽ ഇടംപിടിപ്പിക്കുകയാണ് എന്റെ മറ്റൊരു ലക്ഷ്യം' -ഫൈസൽ പറയുന്നു.

പണം കണക്കുകൂട്ടാറില്ല

'ഐ ഡോണ്ട് കാൽക്കുലേറ്റ് മണി' (ഞാൻ പണം കണക്കുകൂട്ടാറില്ല) എന്ന മുഖവുരയോടെയാണ് ഫൈസൽ തന്റെ ബിസിനസ് മേഖലയിലെ യാത്ര പറഞ്ഞുതുടങ്ങിയത്. കോഴിക്കോട്ടെ പി.കെ. വ്യവസായ ഗ്രൂപ്പിന്റെ ഉടമ പി.കെ. അഹമ്മദിന്റെ മകനായ ഫൈസല്‍ കോഴിക്കോട് സെന്റ് ജോസഫ്‌സിലെയും മലബാര്‍ ക്രിസ്ത്യന്‍ കോളജിലെയും പഠനത്തിനുശേഷമാണ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സിവില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നത്. 1987ല്‍ ബി.ടെക് പൂര്‍ത്തിയാക്കിയശേഷം മണിപ്പാലില്‍നിന്നുതന്നെ എം.ബി.എയും കരസ്ഥമാക്കി.

ഷികാഗോയില്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് ചേരാൻ '89ല്‍ അമേരിക്കയിലേക്ക് പറന്നു. എം.ടെക് വിജയകരമായി പൂര്‍ത്തിയാക്കി ന്യൂജഴ്‌സിയില്‍ ഒരു കമ്പനിയില്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. '92ല്‍ നാട്ടിലേക്കു മടങ്ങിയെത്തിയപ്പോഴായിരുന്നു മംഗലാപുരത്തെ വ്യവസായ പ്രമുഖനും സാമൂഹിക-സാമുദായിക നേതാവുമായിരുന്ന ബി. അഹമ്മദ് ഹാജി മുഹ്യിദ്ദീനിന്റെ മകൾ ഷബാനയുമായുള്ള വിവാഹം.

'95ല്‍ കുടുംബവുമൊത്ത് അവധിയാഘോഷിക്കാന്‍ ദുബൈയിലേക്ക് പറന്നതാണ് ഫൈസലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ദുബൈയിലെ ഒരു സ്റ്റീല്‍ സ്‌ക്രാപ് പ്രോസസിങ് ഫാക്ടറി സന്ദർശിച്ചപ്പോഴാണ് നാട്ടില്‍ കുടുംബ ബിസിനസിന്റെ ഭാഗമായ സ്റ്റീല്‍ ഫാക്ടറിക്കാവശ്യമായ ഉരുക്കുകഷണങ്ങള്‍ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ ടണ്ണിനു 10 ഡോളര്‍ കുറവാണ് അവിടെയെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ കുറഞ്ഞനിരക്കിൽ പിതാവിന്റെ ഫാക്ടറിയിലേക്ക് സ്റ്റീല്‍ സ്‌ക്രാപ് ലഭ്യമാക്കാൻ അജ്മാനില്‍ അല്‍ അഹമ്മദി ജനറല്‍ ട്രേഡിങ് എന്ന പേരില്‍ ബിസിനസ് തുടങ്ങി.

രണ്ടു ലക്ഷം രൂപയായിരുന്നു പ്രാരംഭ മൂലധനം. അജ്മാനില്‍നിന്നു കുറഞ്ഞ നിരക്കിനു വാങ്ങുന്ന ഉരുക്കുകഷണം നാട്ടിലേക്കു കയറ്റുമതി ചെയ്തായിരുന്നു തുടക്കം. 10 ഡോളറിന്റെ നേട്ടത്തില്‍ 60 ശതമാനം പിതാവിനു നല്‍കിയപ്പോള്‍ 40 ശതമാനം സ്വന്തം ലാഭമാക്കി മാറ്റി. പതിയെ, ഇന്ത്യയിലെ മറ്റു സ്റ്റീല്‍ കമ്പനികള്‍ക്കും സ്‌ക്രാപ് വില്‍ക്കാന്‍ തുടങ്ങി.

അതുവരെയുണ്ടാക്കിയ ലാഭവും പിതാവില്‍നിന്നു ലഭിച്ച സഹായവും കൂട്ടിച്ചേര്‍ത്ത് '97ല്‍ യു.എ.ഇയില്‍ എമിറേറ്റസ് ടെക്‌നോ കാസ്റ്റിങ് (ഇ.ടി.സി) എന്ന സ്വന്തം സ്റ്റീല്‍ ഫാക്ടറിക്ക് തുടക്കംകുറിച്ചു. റിഫൈനറികള്‍ക്ക് ആവശ്യമായ സ്റ്റീല്‍ വാല്‍വുകള്‍ ഗള്‍ഫില്‍ ആരും ഉൽപാദിപ്പിക്കുന്നില്ലെന്ന സാധ്യതയാണ് ഫൈസൽ ആദ്യം തിരിച്ചറിഞ്ഞത്. പക്ഷേ, അതിന്റെ വിൽപന അത്ര എളുപ്പമായിരുന്നില്ല. യൂറോപ്പിലെയും അമേരിക്കയിലെയും കമ്പനികളാണ് ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ക്ക് വാൽവുകള്‍ സപ്ലൈ ചെയ്തിരുന്നത്. വെല്ലുവിളി ഏറ്റെടുത്ത് റിഫൈനറികള്‍ക്കുള്ള വാല്‍വുകളുടെ ഘടകങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഫൈസലിന്റെ സ്റ്റീല്‍ ഫാക്ടറിയും വികസനത്തിന്റെ പാതയിലായി. ആദ്യ 10 വര്‍ഷത്തിനിടെ രണ്ടു പ്ലാന്റുകള്‍കൂടി തുടങ്ങി. ഇതോടെ, സ്റ്റീല്‍ വാല്‍വ് കാസ്റ്റിങ് രംഗത്ത് ലോകത്തിലെതന്നെ ഏറ്റവും വലിയ ഉൽപാദകരായി ഇ.ടി.സി മാറി.

വാല്‍വുകളുടെ ഘടകങ്ങള്‍ നിര്‍മിച്ചായിരുന്നു തുടക്കമെങ്കിലും 2007ഓടെ വാല്‍വുകള്‍ തന്നെ ഉൽപാദിപ്പിക്കാന്‍ ആരംഭിച്ചു. അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികള്‍ നല്‍കിയിരുന്ന വാല്‍വുകളെക്കാള്‍ 30-40 ശതമാനം കുറഞ്ഞ വിലയ്ക്ക് വാല്‍വുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയതോടെ, ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ ഫൈസലിനെ തേടിയെത്തി.

ഇതിനിടെ, കെഫ് എന്ന പേരില്‍ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് ഇ.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ അതിനു കീഴിലാക്കി. ദുബൈ ഹോള്‍ഡിങ് പങ്കാളിത്തത്തിന് താൽപര്യം കാണിച്ചതോടെ 2008ല്‍ 13.5 കോടി ഡോളറിന് 45 ശതമാനം ഓഹരി വിറ്റു. സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയിട്ടും ഇ.ടി.സി വിപണി മേധാവിത്വം നിലനിര്‍ത്തി. ദുബൈ ഹോള്‍ഡിങ് ഓഹരി വില്‍ക്കാൻ തീരുമാനിച്ചപ്പോഴാണ് അമേരിക്കയിലെ ടൈകോ കമ്പനി 75 ശതമാനം ഓഹരി സ്വന്തമാക്കിയത്. 2011ലായിരുന്നു അത്. 2012ല്‍ ഇ.ടി.സി ഉള്‍പ്പെടെ ടൈകോയുടെ വാല്‍വ് ബിസിനസ് പൂര്‍ണമായി അമേരിക്കയിലെ പെന്റയര്‍ എന്ന കമ്പനിക്കു വിറ്റു. ഒന്നര പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത വ്യവസായ സംരംഭം തന്റേതല്ലാതായെങ്കിലും 35 കോടി ഡോളര്‍ (ഏതാണ്ട് 2200 കോടി രൂപ) ഫൈസലിന് സ്വന്തമായി.

ആ സമയത്താണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന് (എഫ്.എസ്.എഫ്) ഇരുവരും രൂപം നൽകുന്നത്. കോഴിക്കോട് നടക്കാവ് ഗേൾസ് വി.എച്ച്.എസ്.എസ് നവീകരണ പദ്ധതിയായിരുന്നു എഫ്.സി.എഫിൻ്റെ ആദ്യ ദൗത്യം. വീട്, ആശുപത്രി, ഹോട്ടല്‍, സ്‌കൂള്‍ എന്നിവയൊക്കെ റോബോട്ടിക്‌സിന്റെയും യന്ത്രവത്കരണത്തിന്റെയും സഹായത്തോടെ ഫാക്ടറിയില്‍ നിര്‍മിച്ചു സൈറ്റിലെത്തിച്ച് അസംബിള്‍ ചെയ്യുന്ന സാങ്കേതികവിദ്യയായ പ്രീ ഫാബ്രിക്കേറ്റഡ് കണ്‍സ്ട്രക്ഷനെ കുറിച്ച് ഫൈസൽ കൂടുതൽ പഠിക്കുന്നത് ഇക്കാലത്താണ്.

തുടർന്നാണ് 2012ൽ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കെഎഫ് ഇന്‍ഫ്ര തുടങ്ങുന്നത്. കെഫ് ഇന്‍ഫ്ര വണ്‍ എന്ന പേരില്‍ കൃഷ്ണഗിരിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫ്‌സൈറ്റ് പ്രീ ഫാബ്രിക്കേറ്റഡ് മാനുഫാക്ചറിങ് സമുച്ചയവും 2016ൽ യാഥാർഥ്യമായി. രൂപകല്‍പന, എന്‍ജിനീയറിങ് നിര്‍മാണം, കൂട്ടിയോജിപ്പിക്കല്‍, പ്രോജക്ട് മാനേജ്‌മെന്റ് സൊല്യൂഷന്‍സ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ സംയോജിത ഓഫ് സൈറ്റ് നിര്‍മാണ പാര്‍ക്കായിരുന്നു ഇത്. 2018ൽ സോഫ്റ്റ് ബാങ്ക് സഹകരണത്തോടെ ജപ്പാനീസ് മൾട്ടി നാഷനൽ കമ്പനി കെ.ഇ.എഫ് ഇൻഫ്ര സ്വന്തമാക്കിയതോടെ ഈ ബിസിനസിൽ നിന്നെല്ലാം ഫൈസൽ പിന്മാറി. എങ്കിലും അമേരിക്ക, ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപമുണ്ട് കെഫ് ഇൻവെസ്റ്റ്മെന്റിന്.

10 കൊല്ലം, 200 കോടിയുടെ സഹായം

2011ൽ കോടികൾ കൈയിൽ വന്നപ്പോൾ ഫൈസലും ഷബാനയും ഒരുമിച്ച് തീരുമാനിച്ചതാണ് അതിലൊരു വിഹിതം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നീക്കിവെക്കണമെന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 കൊല്ലത്തിനിടെ 200 കോടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ എഫ്.എസ്.എഫിന് കഴിഞ്ഞു. എഫ്.എസ്.എഫ് നടക്കാവ് സ്കൂളിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾ പിന്നീട് കേരളത്തിലെ 956 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കപ്പെട്ടു.

ഇപ്പോൾ ഉഗാണ്ടയിലും കാസർകോട് അടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും നിരവധി സ്കൂളുകളുടെ നവീകരണം ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. ഗ്രാമീണ മേഖലയുടെ വികസനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടാണ് എഫ്.എസ്.എഫ് കൃഷ്ണഗിരി ഡവലപ്മെന്റ് പ്രോജക്ട് (കെ.ഡി.പി) ആവിഷ്കരിച്ചത്. കൃഷ്ണഗിരി എണ്ണെഗൊല്ലു പഞ്ചായത്തിലെ എട്ട് ഗ്രാമങ്ങളാണ് കെ.ഡി.പിക്ക് കീഴിൽ വരുന്നത്. ഇവിടുത്തെ വ്യക്തി ശുചിത്വ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, സർക്കാർ ക്ഷേമപദ്ധതികളിൽ ചേർക്കൽ, തയ്യൽ മെഷീൻ വിതരണം, തുണിബാഗ് നിർമ്മാണ പരിശീലനം, 20 കോളനികളിൽ മെന്ററിങ് സെന്റർ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് കെ.ഡി.പിയിലുടെ ഫൗണ്ടേഷൻ ആവിഷ്കരിച്ച് നടപ്പാക്കിയിരിക്കുന്നത്.

ഷബാന നൽകുന്ന പിന്തുണയാണ് ബിസിനസ് രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഫൈസലിന് കരുത്താകുന്നത്. 'സമ്പത്തിന്റെ ഒരു ഭാഗം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിന് ചെലവഴിക്കണമെന്നുള്ളത് ഞങ്ങളുടെ തുടക്കം മുതലുള്ള തീരുമാനമാണ്. ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഞങ്ങൾ ചെയ്യുന്നത് ഹൃദയത്തോടുചേർത്തു വെച്ചിട്ടുള്ള ചില മൂല്യങ്ങൾ നടപ്പാക്കലാണ്'- കെഫ് ഹോൾഡിങ്സിന്റെ വൈസ് ചെയർമാൻ കൂടിയായ ഷബാന പറയുന്നു.

പെൺമക്കളായ സോഫിയയും സാറയും ദുബൈയിൽ യുവജനങ്ങൾക്കായി 'പോസ്' എന്ന വെൽനസ് സെന്റർ നടത്തുന്നുണ്ട്. മകൻ സകരിയ ഫൈസൽ അഹമ്മദ് ദുബൈ ഇൻഡസ്ട്രിയൽ പാർക്കിൽ പെട്രോൾ കാർ ഇലക്ട്രിക് കാറിലേക്ക് പരിവർത്തനം ചെയ്യുന്ന ബിസിനസ് നടത്തുന്നു. ഇളയ മകൾ സെറീന യു.കെയിൽ വിദ്യാർഥിയാണ്. ഇമാസ് അലിയാണ് മരുമകൻ. മുന്നോട്ടുവെക്കുന്ന ആശയങ്ങളൊക്കെ നടക്കുമോ എന്ന് ചോദിക്കുന്നവരോട് ഫൈസലിന് പറയാനുള്ളത് ഇതാണ്-

'കോടിക്കണക്കിന് ഡോളറുകൾ കൈയിൽ വരുമ്പോഴുള്ളതിനേക്കാൾ സന്തോഷം എനിക്കുണ്ടാകുന്നത് കുട്ടികൾ ആത്മവിശ്വാസത്തോടെ സ്വന്തം സ്വപ്നങ്ങളെ കുറിച്ച് പറയുന്നത് കേൾക്കുമ്പോളാണ്. ഒരിക്കൽ നടക്കാവിൽ പഠിക്കുന്ന ഒരു പെൺകുട്ടി എന്നോടുപറഞ്ഞത് അവൾക്ക് ബയോ സയന്റിസ്റ്റ് ആകണമെന്നാണ്. ഒരു ബസ് പോർട്ടറുടെ മകളാണ് അവൾ. അന്നെനിക്ക് ഉറപ്പായി, മറ്റുള്ളവരുടെ ജീവിതസ്വപ്നങ്ങളെ മാറ്റിമറിക്കൽ സാധ്യമാണെന്ന്...' കൃഷ്ണഗിരിയിലെ അമ്മുവിനെ പോലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് നിറമേകുന്നതും ഫൈസലിൻ്റെയും ഷബാനയുടെയും ഈ ആത്മവിശ്വാസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Faizal Shabana FoundationFaizal Kottikollon
News Summary - Realizing the idea at a cost of Rs 800 crore; here is faizal kottikollon's journey to dream projects
Next Story