ഫോൺ ഉപയോഗിച്ചതിന് വഴക്ക്; ജീവനൊടുക്കാൻ ശ്രമിച്ച 17കാരിക്ക് രക്ഷകരായി പൊലീസ്
text_fieldsഎസ്.ഐ മനോജും ഹോം ഗാർഡ് ജ്യോതിയും
ചടയമംഗലം: ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞെന്നപേരിൽ ജീവനൊടുക്കാൻ ശ്രമിച്ച 17കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ചടയമംഗലം പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മനോജും ഹോം ഗാർഡ് ജ്യോതിയും ചേർന്നാണ് മരണവുമായി മുഖാമുഖം കണ്ട പെൺകുട്ടിക്ക് രക്ഷകരായത്. ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ 17 കാരി കഴിഞ്ഞ ദിവസം പുലർച്ചെ നാലു മണിക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ചൊല്ലി മാതാവ് വഴക്ക് പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് വീട്ടിൽ പ്രശ്നമുണ്ടാവുകയും മാതാവ് ചടയമംഗലം പൊലീസിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ മനോജും ഹോം ഗാർഡു ജ്യോതിയും പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കുട്ടി മുറിയുടെ കതക് അടച്ച നിലയിലായായിരുന്നു. എസ്.ഐ കുട്ടിയോട് കതക് തുറക്കാൻ പറയുകയും പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞു. കതക് തുറക്കാമെന്ന് പെൺകുട്ടി മറുപടിയും പറഞ്ഞു.
മാതാവുമായി എസ്.ഐ സംസാരിച്ചു വിവരങ്ങൾ തിരക്കുന്ന സമയം മുറിക്കുള്ളിൽ എന്തോ ശബ്ദം കേട്ടതിനെ തുടർന്ന് കതകിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് ജനലിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് പെൺകുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
എസ്.ഐയും ഹോം ഗാർഡും ചേർന്ന് കതക് ചവിട്ടിപ്പൊളിച്ചു അകത്തുകയറി ഷാളിൽ ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഷാൾ മുറിച്ചു കട്ടിലിൽ കിടത്തി. ഏഴു മിനിറ്റോളം സി.പി.ആർ നൽകിയശേഷം പൊലീസ് ജീപ്പിൽ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചടയമംഗലം സ്റ്റേഷനിലെ എസ്.ഐ മനോജിന്റെയും ഹോംഗാർഡ് ജ്യോതിയുടെയും ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് പെൺകുട്ടിയുടെ ജീവൻ തിരികെ കിട്ടിയത്. പൊലീസ് സേനയ്ക്കും നാടിനും ഏറെ അഭിമാനമായി മാറിയിരിക്കുകയാണ് മനോജ് എസ്.ഐ യുടെയും ഹോം ഗാർഡ് ജോതിയുടെയും ഈ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

