ഫോട്ടോഗ്രഫിയിൽ വിസ്മയമായി തിരുവേഗപ്പുറയിലെ ഡോക്ടർ ദമ്പതികൾ
text_fieldsഡോ. ശ്രീകുമാറും പത്നി ഡോ. മീരാ ശ്രീകുമാറും
പട്ടാമ്പി: തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും വിസ്മയമാവുകയാണ് തിരുവേഗപ്പുറയിലെ ഡോക്ടർ ദമ്പതികളായ ഡോ.എം.എസ്. ശ്രീകുമാറും പത്നി ഡോ. മീര ശ്രീകുമാറും. വന്യജീവി ഫോട്ടോഗ്രഫിയിലാണ് ഡോ. ശ്രീകുമാറിന് താൽപര്യമെങ്കിൽ തെരുവ് ജീവിതം പകർത്തുന്നതിലാണ് ഡോ. മീരയുടെ ജാഗ്രത.
തിരുവേഗപ്പുറയിലെ ജനകീയ ഡോക്ടറായ ഡോ. ശ്രീകുമാർ ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സൂപ്രണ്ടാണ്. വർഷങ്ങളായി വന്യജീവി സങ്കേതങ്ങളിലൂടെയും നഗരങ്ങളിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും നടത്തിയ യാത്രകളിൽ ഡോ. ശ്രീകുമാർ പകർത്തിയ ചിത്രങ്ങൾ അദ്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും പ്രകൃതിയുടെയും വൈവിധ്യമാർന്ന ദൃശ്യാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തത്.
വന്യജീവികളുടെ സ്വഭാവം, പ്രകൃതിയുടെ സൗന്ദര്യം, മനുഷ്യരുടെ ജീവിതത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങൾ എന്നിവയെല്ലാം വിനിമയം ചെയ്യുന്നതാണ് ചിത്രങ്ങൾ. നിരവധി ഫോട്ടോഗ്രഫി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ഡോ. ശ്രീകുമാർ വന്യജീവി ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്യജീവി സങ്കേതങ്ങളിലൂടെയുള്ള യാത്രകളിൽ പ്രകൃതിയുടെയും വന്യജീവികളുടെയും അപൂർവ കാഴ്ചകൾ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഫോട്ടോമ്യൂസ്, ഇമേജ് എന്നീ ഫോട്ടോഗ്രഫി കൂട്ടായ്മകളിലെ അംഗമാണ്.
അഞ്ചു വർഷമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമാണ് ഡോ. മീര ശ്രീകുമാർ. യാത്രകളിലൂടെ കണ്ടെത്തുന്ന തെരുവുജീവിതവും പ്രകൃതിദൃശ്യങ്ങളും മനുഷ്യരുടെ ജീവിതനിമിഷങ്ങളും പകർത്തുന്നതിലാണ് മീര ശ്രീകുമാറിന്റെ വൈദഗ്ധ്യം. തെരുവുകളിലെ സ്ത്രീ ജീവിതമാണ് അവരുടെ ക്യാമറക്കണ്ണിന് ഏറെ പ്രിയങ്കരം

