എന്റെ പട്ടിണി മാറ്റിയ ഉത്സവം
text_fieldsഓരോ പെരുന്നാൾ എത്തുമ്പോഴും എന്റെ നാവിൽ നിറയുന്നത് നീലഗിരി ബിരിയാണിയുടെ ചൂടുള്ള രുചിയാണ്. ചെറുവത്തൂരിനടുത്ത് കൈതക്കാട്ടുള്ള നീലഗിരി ലത്തീഫിന്റെ കുടുംബത്തിലെ ബിരിയാണിയാണ് ജീവിതത്തിൽ ഞാൻ ആദ്യമായി കഴിച്ച ബിരിയാണി. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയശേഷം ചെറുവത്തൂർ റെയിൽേവ സ്റ്റേഷനു സമീപത്തുള്ള നീലഗിരി ഹാർഡ് വെയേഴ്സിൽ തൊഴിലാളിയായി. ആവശ്യക്കാർ എത്തുമ്പോൾ സാധനങ്ങൾ എടുത്തുകൊടുക്കുക എന്നതാണ് പ്രധാന ജോലി. അതിനിടെ എത്തിയ പെരുന്നാൾദിനത്തിൽ കട ലീവാണെങ്കിലും കൈതക്കാട്ടെ അവരുടെ വീട്ടിലെത്താൻ നിർദേശമുണ്ടായി.
പഴയ സൈക്കിൾ ചവിട്ടിയാണ് അന്നത്തെ പ്രധാന യാത്ര. നീലഗിരി കുടുംബത്തിലെത്തിയപ്പോൾ ലത്തീഫ്ക്ക, ഔക്കർക്ക, ഹുസൈൻക്ക, റിയാസ്ക ഇവരെല്ലാം വീട്ടുപടിക്കലുണ്ടായിരുന്നു. എന്നെ കണ്ടയുടൻ കൈപിടിച്ച് വിളമ്പിവെച്ച ബിരിയാണിക്കു മുന്നിൽ കൊണ്ടിരുത്തി. കോഴി, ആട്, ബീഫ് ബിരിയാണികൾ. എന്റെ ജീവിതത്തിൽ ആദ്യമായി ബിരിയാണി തിന്നാൻ പോകുന്നു. ആദ്യം മണം മുക്കിലേക്ക് വലിച്ചുകയറ്റി. പിന്നെ ഒന്നും ശ്രദ്ധിച്ചില്ല. തീറ്റയോട് തീറ്റ. ഇടക്ക് വിശന്ന് പട്ടിണികിടന്ന് പൈപ്പുവെള്ളം കുടിച്ച് വയർ നിറച്ച നാളുകൾ ഓർമ വന്നു. പിന്നെ ഒരു വറ്റ് ഇറങ്ങിയില്ല.
ആ കുടുംബത്തിലെ കുട്ടികൾ ചുറ്റുംകൂടി. അവർക്ക് കുറെ തമാശകളും മിമിക്രിയുമൊക്കെ കാണിച്ചപ്പോൾ കുടുംബത്തിലെ പ്രിയങ്കരനായി. പിന്നീട് വന്ന എല്ലാ പെരുന്നാളിനും എനിക്കുള്ള ഭക്ഷണം അവർ മാറ്റിവെക്കാറുണ്ട്. ആ കുടുംബത്തിനൊപ്പം ചില പെരുന്നാൾ യാത്രകൾപോലും നടത്തിയിട്ടുണ്ട്.
പെയിന്റിങ് തൊഴിലാളിയായിരുന്ന കാലത്ത് ഏറെ പ്രിയപ്പെട്ട ഒരുപാട് സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. പെയിന്റടിച്ച വീടുകളിൽനിന്നുള്ള സൗഹൃദം ഇന്നും കൊണ്ടുനടക്കുന്നുണ്ട്. അവരിൽ ചിലർ പരിചയപ്പെട്ട നാൾ മുതൽതന്നെ പെരുന്നാൾ അടക്കമുള്ള വിശേഷദിവസങ്ങളിൽ വീട്ടിൽ അതിഥിയായി വിളിക്കാറുണ്ട്. നാളുകൾക്കിപ്പുറം പല സന്ദർഭങ്ങളിൽ പല ഭക്ഷണങ്ങൾ കഴിക്കാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും വിശന്നുവലഞ്ഞകാലത്ത് വിളമ്പിത്തന്ന പെരുന്നാളിലെ നീലഗിരി ബിരിയാണിയുടെ രുചിതന്നെയാണ് ഏതിനെക്കാളും ഇപ്പോഴും നാവിൽ തുളുമ്പിവരുന്നത്. ഓരോ പെരുന്നാളും എന്റെ പട്ടിണി മാറ്റുന്ന ഉത്സവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

