ചെറുപ്പത്തിൽ വലിയ പെരുന്നാളും എനിക്ക് ചെറിയ പെരുന്നാളായിരുന്നു
text_fieldsവിവിധ ജാതി-മത വിഭാഗത്തിൽപെട്ടവർ പട്ടിണിയും ദുരിതവുമനുഭവിക്കുന്നുണ്ട്. പട്ടിണി കിടന്നിട്ടുള്ള എനിക്ക് അത് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് ഫലസ്തീനിലൊക്കെ പെരുന്നാൾ ആഘോഷിക്കാൻതന്നെ പറ്റാത്ത അവസ്ഥയിലാണ്. അവർക്കൊക്കെ വേണ്ടി നമുക്ക് പ്രാർഥിക്കാനേ കഴിയൂ
എനിക്ക് ഏഴു വയസ്സുള്ളപ്പോൾ ബാപ്പ മരിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നാടായ തലയോലപ്പറമ്പ് സ്വദേശിയായിരുന്നു ബാപ്പ. ബാപ്പയുടെ മരണശേഷം ഉമ്മ വീടുകളിൽ പോയി പണിയെടുത്താണ് ഞങ്ങളെ പോറ്റിയിരുന്നത്. അതിനാൽ കുട്ടിക്കാലത്തെ വലിയ പെരുന്നാളുകളും എനിക്ക് ചെറിയ പെരുന്നാളുകളായിരുന്നു. അന്ന് റേഷൻഷോപ്പുകളിൽ അരി മാത്രമല്ല, തുണികൾ വരെ കിട്ടുമായിരുന്നു. കാക്കിയും ചന്ദനവും കളറിലുള്ളവ.
അത് സ്കൂൾ യൂനിഫോമിന് ഉപയോഗിച്ചിരുന്നു. ആ കോറത്തുണികൊണ്ട് തയ്ക്കുന്ന വസ്ത്രങ്ങളായിരുന്നു പെരുന്നാൾ പുതുവസ്ത്രങ്ങളും. കാശുള്ളവരുടെ മക്കൾ അന്നും പുറമെനിന്ന് വാങ്ങുന്ന പുളപ്പുള്ള വസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ ആഘോഷിച്ചിരുന്നു. കാണുമ്പോൾ അതു കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചിരുന്നെങ്കിലും അതുകണ്ട് സങ്കടപ്പെടുകയൊന്നും ചെയ്യുമായിരുന്നില്ല. വിധിയായിരിക്കും എന്ന് സമാധാനിക്കുമായിരുന്നു.
അന്നൊക്കെ ബീഫ് കിട്ടണമെങ്കിൽ പെരുന്നാളുകൾ വരണമായിരുന്നു. എസ്.എൻ.ഡി.പി സ്കൂളിൽ നാലാംക്ലാസിലായിരുന്നു അന്ന് പഠിച്ചിരുന്നത്. അഞ്ചാം ക്ലാസിലേക്ക് ജയിച്ചതോടെ കുമരനെല്ലൂർ സ്കൂളിലേക്കു മാറ്റി ചേർത്തതോടനുബന്ധിച്ച് തിരൂരങ്ങാടി യതീംഖാനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ആറാം ക്ലാസ് കഴിഞ്ഞതോടെ ഉമ്മയുടെ കഷ്ടപ്പാട് കണ്ട് പഠിപ്പ് നിർത്തി തിരികെ പോരുകയും ചെയ്തു. അവിടെവെച്ചാണ് മദ്റസ പഠനവും നടന്നത്. അന്ന് 11 വയസ്സേ ഉണ്ടാവുകയുള്ളൂ. തിരികെ എത്തി പിന്നെ ഓരോരോ പണികളിൽ ഏർപ്പെടുകയായിരുന്നു. അതിനിടയിലായിരുന്നു അക്കാലത്തെ പെരുന്നാളുകൾ. അതിനാൽ അന്നൊന്നും പെരുന്നാൾ ആഘോഷിച്ചിരുന്നു എന്നു പറയാൻ വയ്യ. നാളെയെക്കുറിച്ച് ചിന്തയുണ്ടായിരുന്നില്ല. ഇന്ന് എങ്ങനെയെങ്കിലും കഴിഞ്ഞുകൂടണം, അത്രമാത്രം.
ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള നോമ്പ് 26ന് തൊട്ട് അതായത് ഇരുപത്തിയേഴാം രാവ് തൊട്ട് ഞങ്ങൾ പെരുന്നാൾ വരെ സകാത് വാങ്ങാൻ പോകുമായിരുന്നു. കഴിയുമായിരുന്നെങ്കിൽ പെരുന്നാളിന്റെ അന്ന് രാവിലെയും പോകുമായിരുന്നു. ചാക്കുമായിട്ടായിരുന്നു പോക്ക്. അരിയും പൈസയും കിട്ടും. അങ്ങനെ ബീഫ് ഒക്കെ വാങ്ങാനുള്ള കാശ് കിട്ടും. എല്ലാം കൂടി 10-15 രൂപ ലഭിക്കും. കുട്ടികൾക്ക് അതും കുറവായിരിക്കും. പിന്നീട് ഇപ്പോൾ സകാത് കൊടുക്കുന്ന രൂപത്തിലേക്ക് പടച്ചവന്റെ സഹായത്താൽ മാറി. അന്നും കുറഞ്ഞ ശതമാനം അർഹതപ്പെടാത്തവർ സകാത്തും സദക്കയും മറ്റും വാങ്ങി പോയിരുന്നു.
പിന്നെ പെരുന്നാൾ നമസ്കാരത്തിന് പള്ളിയിൽ പോകും. അതുകഴിഞ്ഞാൽ പെരുന്നാൾപടി എന്നു പറയുന്ന കാശ് വാങ്ങാൻ കുട്ടികൾ ബന്ധുക്കളുടെയും മറ്റും അടുക്കലേക്ക് പോകും. പിന്നീട് ഉച്ചഭക്ഷണത്തിന് സമയമാകുമ്പോഴേ വീട്ടിലെത്തിപ്പെടാറുള്ളൂ. അന്നത്തെ പെരുന്നാൾ വിഭവം തേങ്ങാച്ചോറും ബീഫ് കറിയും പരിപ്പുകറിയുമായിരുന്നു. തിരൂരങ്ങാടി യതീംഖാനയിൽ പഠിക്കുന്ന കാലത്ത് അവിടത്തെ ഭക്ഷണങ്ങൾക്ക് പരിധിയുണ്ടായിരുന്നുവെങ്കിലും അവിടെ പെരുന്നാൾ വിഭവങ്ങൾ സമൃദ്ധമായിരുന്നു. ബിരിയാണിയും മറ്റും ഉണ്ടാകുമായിരുന്നു. നോമ്പുകാലത്തായിരുന്നു ഏറ്റവും നല്ല വിഭവങ്ങൾ.
ഇപ്പോൾ മിക്ക പെരുന്നാളുകൾക്കും വീട്ടിൽ ഉണ്ടാകാറില്ല. പല പരിപാടികളുമായി വീടിനു പുറത്തായിരിക്കും. ഇത്തവണ ജൂൺ ഏഴിനാണല്ലോ പെരുന്നാൾ. ആറാം തീയതി വരെയും പരിപാടികളാണ്. പെരുന്നാളുകൾ, ഓണം ഒക്കെ വരുമ്പോൾ ഷൂട്ടിങ് സ്ഥലത്താകുമ്പോൾ അവിടെ ആഘോഷിച്ചിട്ടുണ്ട്. ഒരു പെരുന്നാളിന് സുരാജ് വെഞ്ഞാറമൂട് പെരുന്നാൾ സദ്യ ഒരുക്കിയിട്ടുണ്ട്. മറ്റൊരു പെരുന്നാളിന് അതിന്റെ നിർമാതാക്കൾ പെരുന്നാൾ ഒരുക്കി. മധുരപലഹാരങ്ങളും മറ്റും മാമുക്കോയ അദ്ദേഹത്തിന്റെ വീട്ടിൽനിന്നു കൊണ്ടുവരുകയും ചെയ്തു.
പിന്നെ വ്യത്യസ്തമായ പെരുന്നാൾ കോവിഡ് കാലത്തെ പെരുന്നാളായിരുന്നു. നമസ്കാരത്തിനുപോലും പള്ളിയിൽ പോകാൻ കഴിയാതെ വീട്ടിൽതന്നെയായിരുന്നു പെരുന്നാൾ നമസ്കാരം. എന്നിരുന്നാലും ചാനലുകളിലെ ചില പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ട് സാമ്പത്തിക വിഷമങ്ങൾ ഒന്നും ഉണ്ടായില്ല.
ഇത്തവണത്തെ പെരുന്നാൾ വീട്ടിൽതന്നെയാകണം എന്ന് കരുതുന്നു. അതിനിടയിൽ ഉമ്മ പനിയും മറ്റുമായി ഹോസ്പിറ്റലിലായിട്ടുണ്ട്. അത് പെരുന്നാൾ ആഘോഷങ്ങൾക്ക് മങ്ങലേൽപിക്കുമോ എന്നറിയില്ല. നമ്മൾ പെരുന്നാൾ ആഘോഷിക്കുമ്പോഴും ലോകത്തിന്റെ പല ഭാഗത്തും നിറംകെട്ട പെരുന്നാളുകളാണ്. വിവിധ ജാതി-മത വിഭാഗത്തിൽപെട്ടവർ പട്ടിണിയും ദുരിതവുമനുഭവിക്കുന്നുണ്ട്. പട്ടിണി കിടന്നിട്ടുള്ള എനിക്ക് അത് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് ഫലസ്തീനിലൊക്കെ പെരുന്നാൾ ആഘോഷിക്കാൻതന്നെ പറ്റാത്ത അവസ്ഥയിലാണ്. അവർക്കൊക്കെ വേണ്ടി നമുക്ക് പ്രാർഥിക്കാനേ കഴിയൂ.
തയാറാക്കിയത്: സിദ്ദീഖ് പെരിന്തൽമണ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

