പ്രായം തടസ്സമായില്ല; 77ാം വയസ്സിൽ ബിരുദധാരികളായി മമ്മൂട്ടിയും രമണിയും
text_fieldsമമ്മൂട്ടി, രമണി ടീച്ചർ
പെരിങ്ങത്തൂർ: 77ാം വയസ്സിൽ ചരിത്രത്തിൽ ബിരുദധാരികളായി മാറിയ സന്തോഷത്തിലാണ് പെരിങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം പ്ലസൻറ് വില്ലയിൽ മമ്മൂട്ടിയും അണിയാരത്തെ വലിയ പറമ്പത്ത് രമണിയും. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഇവർ കണ്ണൂർ സർവകലാശാലയുടെ ബി.എ ഹിസ്റ്ററി പരീക്ഷയിലാണ് അറുപത് ശതമാനത്തിലധികം മാർക്കോടെ വിജയം കൊയ്തത്. രണ്ടുപേരും ഒന്നിച്ചാണ് ബിരുദക്ലാസിൽ പഠിച്ചത്. വിദ്യാഭ്യാസത്തിന്റെ ഔപചാരിക കാലഘട്ടം പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറിവ് നേടാനുള്ള അടങ്ങാത്ത ആഗ്രഹം കൈവിടാതെയാണ് ഇരുവരും പഠനം തുടർന്നത്. വലിയ ആത്മവിശ്വാസത്തോടെയാണ് നിരവധി ചെറുപ്പക്കാർക്കൊപ്പം പരീക്ഷയെഴുതിയത്.
കൂത്തുപറമ്പ് അക്കാദമി കോളജിലെ അധ്യാപകൻ പവിത്രന്റെ ചില സിലബസ് ടിപ്പുകളും ചിട്ടയായ പഠനവും ഇവർക്ക് പ്രചോദനമായി. പ്രധാനമായും ഞായറാഴ്ചകളിലായിരുന്നു ക്ലാസ്. മമ്മൂട്ടി എസ്.എസ്.എൽ.സി പഠനശേഷം പോളിടെക്നിക്കിൽ പഠിച്ചശേഷം ജോലിക്കായി വിദേശത്തേക്ക് പോയി. ദീർഘകാലം കുവൈത്ത് ടെലി കമ്യൂണിക്കേഷനിൽ ജോലിചെയ്തതിനുശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. പഠിക്കണമെന്ന ആഗ്രഹത്തിൽ തുടർസാക്ഷരതാപദ്ധതിയിൽ ചേർന്നു. നല്ല മാർക്കോടെ പ്ലസ് ടു പാസായി. ഭാര്യ ജമീലയും അഞ്ച് മക്കളും പഠനത്തിന് പൂർണ പിന്തുണ നൽകി. 2025ൽ ഇഗ്നോയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിരുന്നു.
കഴിഞ്ഞതവണ എൽഎൽ.ബി പ്രവേശനപരീക്ഷയെഴുതി ജയിച്ചു. മൂവാറ്റുപുഴ കോളജിൽ ചേരാനായി ഫീസടച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഇപ്പോൾ ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയിൽ ഡിസ്റ്റൻസായി എം.എ ഇംഗ്ലീഷിന് അഡ്മിഷനെടുത്തിട്ടുണ്ട്. അണിയാരത്തെ വലിയപറമ്പത്ത് രമണി ടീച്ചർ ചൊക്ലി ഉപജില്ലയിലെ ഒളവിലം നോർത്ത് എൽ.പി സ്കൂളിൽനിന്ന് 2004ലാണ് വിരമിച്ചത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹത്തിൽ തുടർസാക്ഷരതാ പദ്ധതിയിൽ ചേർന്നു. മികച്ച വിജയം കൈവരിച്ച് പ്ലസ് ടു വിജയിച്ച രമണിക്ക് പാനൂർ നഗരസഭയുടെ ആദരവും ലഭിച്ചു.
ബിരുദപഠനം മൂന്നാം സെമസ്റ്ററിലെത്തിയപ്പോൾ കടുത്ത പനി വന്ന് മാസങ്ങളോളം വിശ്രമിക്കേണ്ടിവന്നു. പരീക്ഷയെഴുതാൻ കഴിയാതെവന്നപ്പോൾ സർവകലാശാല പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകി പിഴയടച്ച് വീണ്ടും പഠനവഴിയിലെത്തി. എല്ലാ സെമസ്റ്ററുകളുമെഴുതിയാണ് ബിരുദം നേടിയത്. ഭർത്താവ് പരേതനായ പരപ്പയിൽ വാസുമാസ്റ്റർ. നാല് ആൺ മക്കളും കുടുംബവും പഠനത്തിന് എല്ലാ പിന്തുണയും നൽകി. ഇനി ബിരുദാനന്തര ബിരുദത്തിന് ചേരണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

