മകന്റെ ഓർമകൾ ചിത്രമതിലിലെ വർണങ്ങളാക്കി ദമ്പതികൾ
text_fieldsയുവചിത്രകാരന് അര്ജുന് കെ. ദാസിന്റെ ഓർമക്കായി ബേക്കലിൽ ഒരുക്കിയ ചിത്രമതിൽ
ബേക്കൽ: വർണങ്ങള്‍ വാരിവിതറിയ ഒരു ചിത്രമതിലിൽ അവൻ ഇത്തവണയും പുനർജനിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ആ അച്ഛനും അമ്മയും മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് ഇങ്ങനെയാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ യുവചിത്രകാരന് അര്ജുന് കെ. ദാസിന്റെ ഓർമക്കായാണ് പിതാവ് മോഹന്‍ദാസിന്റെയും മാതാവ് കരുണയുടെയും നേതൃത്വത്തില്‍ ബേക്കല്‍ ബീച്ചിലെ ചുവരുകളില്‍ ചിത്രമതില്‍ അടയാളപ്പെടുത്തിയത്.
അഹമ്മദാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥികളായ അർജുന്റെ സുഹൃത്തുക്കളും പത്തോളം ചിത്രകാരന്മാരുമാണ് വർണമതില്‍ സാക്ഷാത്കരിച്ചത്. നാല് ദിവസമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2015 ജൂണ്‍ 20നാണ് സിക്കിമിലെ ഗാംഗ്ടോക്കില്വെച്ച് അർജുന് മരിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും ജന്മദിനമായ മേയ് രണ്ടിന് എല്ലാവരും ഒത്തുകൂടും. അർജുന് അതുവരെ വരച്ചുതീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ നടന്നത്.
കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, കോഴിക്കോട്, ഗാംഗ്ടോക്ക് എന്നിവിടങ്ങളില്‍ അർജുന്റെ ചിത്രങ്ങളുമായി ഇവരെത്തി. ചിത്രകാരന്മാരുടെ സംഗമവും കുട്ടികള്‍ക്കുള്ള മത്സരങ്ങളുമെല്ലാം അർജുന് ദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ കേന്ദ്രങ്ങളില്‍ ചിത്രമതില്‍ ഒരുക്കുകയാണ്. കോഴിക്കോട് സരോവരം പാര്‍ക്കിലും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തും ഇത്തരം ചിത്രമതില്‍ ഒരുക്കിയിരുന്നു.
ബേക്കല്‍ ബീച്ച് പാര്‍ക്കിലെ ചിത്രമതില്‍ ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അശ്വമേധം ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് മുഖ്യാതിഥിയായിരുന്നു. ലളിതകല അക്കാദമി സെക്രട്ടറി എബി എന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, ബി.ആര്.ഡി.സി എം.ഡി പി. ഷിജിന്, അനസ് മുസ്തഫ, ബാലൻ പടിയൂർ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

