Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightകുട്ടികളുടെ വാശി കാരണം...

കുട്ടികളുടെ വാശി കാരണം അടി കൊടുത്തും വഴക്ക് പറഞ്ഞും മടുത്തോ? എങ്കിലിതാ കുട്ടികളെ മെരുക്കാൻ ചൈനയിൽ നിന്നും പുതിയ അടവ്

text_fields
bookmark_border
കുട്ടികളുടെ വാശി കാരണം അടി കൊടുത്തും വഴക്ക് പറഞ്ഞും മടുത്തോ? എങ്കിലിതാ കുട്ടികളെ മെരുക്കാൻ ചൈനയിൽ നിന്നും പുതിയ അടവ്
cancel

കുട്ടികളുടെ വാശിയും അനുസരക്കേടും മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. പൊതു ഇടങ്ങളിലും വീട്ടിലും നിയന്ത്രിക്കാനാകാത്ത വാശികൾ കുട്ടികൾ കാണിക്കുന്നത് സാധാരണമാണ്. ഇതിനെ പൊതുവേ മാതാപിതാക്കൾ നേരിടുന്നത് കുട്ടികളെ വഴക്ക് പറഞ്ഞും അടി കൊടുത്തുമൊക്കെയാണ്. എന്നാൽ ഇന്നത്തെ മാതാപിതാക്കൾ ഈ രീതിയെ ഒഴിവാക്കി പുതിയ രീതി പിന്തുടരുകയാണ്. ചൈനയിലെ മാതാപിതാക്കൾക്കിടയിൽ വലിയ തോതിൽ പ്രചാരത്തിലുള്ള ‘റിവേഴ്സ് പാരന്റിങ്’ രീതിയാണ് മിക്ക ആളുകൾ പിന്തുടരുന്നത്.

കുട്ടികളെ ശകാരിക്കുന്നതിന് പകരം അവരുടെ സ്വഭാവത്തിനനുസരിച്ച് നീങ്ങുകയും സ്വന്തം പ്രവർത്തികളുടെ പ്രത്യാഘാതങ്ങൾ അവർ തന്നെ അനുഭവിച്ച് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണുകയും, അവരെ സ്വന്തം അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ രീതിക്ക് പുതു തലമുറയിലെ മാതാപിതാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

എന്താണ് റിവേഴ്സ് പാരന്റിങ്?

പരമ്പരാഗതമായി മാതാപിതാക്കൾ കുട്ടികൾക്ക് നിർദേശങ്ങൾ നൽകുന്ന രീതിക്ക് പകരം ഇവിടെ റോളുകൾ മാറുന്നു. 2022ൽ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ നടന്ന ഒരു സംഭവമാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. കഠിനമായ തണുപ്പുള്ള സമയത്ത് കനം കുറഞ്ഞ വസ്ത്രം ധരിച്ച് പുറത്തുപോകണമെന്ന് വാശിപിടിച്ച മകളെ അമ്മ തടഞ്ഞില്ല. പകരം അവൾ ആഗ്രഹിച്ച വസ്ത്രം ധരിച്ച് പുറത്തേക്ക് പോകാൻ അനുവദിച്ചു. തണുപ്പ് അസഹനീയമായപ്പോൾ കുട്ടിക്ക് തന്നെ കാര്യം മനസ്സിലാകുകയും ഉടൻ തിരികെ വരികയും ചെയ്തു. ഈ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മാതാപിതാക്കൾ ഈ രീതി പരീക്ഷിക്കാൻ തുടങ്ങിയത്. ഈ രീതി പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്.

ഭാവമാറ്റം (Role Reversal): ചിലപ്പോൾ മാതാപിതാക്കൾ കുട്ടികളെപ്പോലെ പെരുമാറും. മാതാപിതാക്കൾ തങ്ങളുടെ നിസ്സഹായാവസ്ഥയോ സങ്കടമോ കുട്ടികളോട് പങ്കുവെക്കുമ്പോൾ കുട്ടികൾ അവരെ ആശ്വസിപ്പിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും പഠിക്കും. അതോടൊപ്പം കുട്ടികളിൽ കരുണയും സഹായിക്കാനുള്ള മനോഭാവം വളർത്താനും സഹായിക്കും.

അനുഭവിച്ച് പഠിക്കൽ (Consequence Experience): ഒരു കാര്യം ചെയ്യരുത് എന്ന് നൂറുവട്ടം പറയുന്നതിന് പകരം അത് ചെയ്താൽ ഉണ്ടാകുന്ന ഫലം സുരക്ഷിതമായ സാഹചര്യത്തിൽ നേരിട്ട് അനുഭവിക്കാൻ കുട്ടിയെ അനുവദിക്കുന്നു. ഉദാഹരണത്തിന് തണുപ്പുള്ളപ്പോൾ കോട്ട് ഇടില്ലെന്ന് വാശിപിടിക്കുന്ന കുട്ടിയെ തണുപ്പിന്റെ കാഠിന്യം അനുഭവിക്കാൻ അനുവദിക്കുന്നതിലൂടെ അവർ സ്വയം പാഠം പഠിക്കും.

പ്രതിഫലനം (Mirrored Response): കുട്ടി വാശിപിടിച്ച് നിലത്ത് കിടന്ന് കരയുകയാണെങ്കിൽ മാതാപിതാക്കളും ശാന്തമായി അതുപോലെ തന്നെ ചെയ്യുക. ഇത് കാണുന്ന കുട്ടിക്ക് തന്റെ പെരുമാറ്റം എത്രത്തോളം അരോചകമാണെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കുന്നു.

എന്തുകൊണ്ട് ഈ മാറ്റം?

ചൈനയിലെ മില്ലേനിയൽ മാതാപിതാക്കൾ വളർന്നത് കടുത്ത അച്ചടക്കമുള്ള സാഹചര്യങ്ങളിലായിരുന്നു. അവിടെ ചോദ്യം ചെയ്യലുകൾക്കോ സംവാദങ്ങൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടെ മക്കൾ അങ്ങനെയല്ല വളരേണ്ടതെന്ന് ഇവർ ആഗ്രഹിക്കുന്നു. പരസ്പര ബഹുമാനത്തിലും തുറന്ന സംഭാഷണങ്ങളിലും അധിഷ്ഠിതമായ ഒരു ബന്ധമാണ് ഇവർ ലക്ഷ്യമിടുന്നത്.

ഗുണങ്ങളും വെല്ലുവിളികളും

കുട്ടികളിൽ ഉത്തരവാദിത്തബോധം വളർത്താനും മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാക്കാനും ഈ രീതി സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും ഇത് പ്രയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നിയന്ത്രണം വേണം: കുട്ടികളെ കണ്ണുമടച്ച് അനുകരിക്കുന്നത് വിപരീതഫലം നൽകാം. പരിഹാസമല്ല മറിച്ച് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

പ്രായം പ്രധാനം: ഏഴു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഈ രീതി കൂടുതൽ ഫലപ്രദമാണ്. മുതിർന്ന കുട്ടികൾക്ക് കൂടുതൽ യുക്തിസഹമായ വിശദീകരണങ്ങളാണ് വേണ്ടത്.

അധികാരം നഷ്ടപ്പെടരുത്: മാതാപിതാക്കൾ കുട്ടികളെപ്പോലെ പെരുമാറുമ്പോഴും തങ്ങളാണ് വഴികാട്ടികൾ എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാകണം.

കഠിനമായ ശിക്ഷകൾ നൽകുന്നതിനേക്കാൾ കുട്ടികൾക്ക് അവരുടെ തെറ്റുകൾ സ്വയം ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് ഈ രീതിയുടെ ഗുണം. ഇത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസികമായ അടുപ്പം വർധിപ്പിക്കാൻ സഹായിക്കും. ശാസനയേക്കാൾ അനുഭവങ്ങളിലൂടെ പാഠം പഠിക്കുന്നതാണ് മക്കളെ നല്ല രീതിയിൽ വളർത്താൻ നല്ലതെന്ന് ചൈനീസ് മാതാപിതാക്കൾ വിശ്വസിക്കുന്നു. മലയാളികൾക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു രീതിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParentingMental HealthChildrenDisadvantagesLifestyle
News Summary - What is reverse parenting? Why are Chinese couples choosing a 'different' parenting strategy
Next Story