കുരുന്നുകളുടെ സമ്പാദ്യത്തിൽ സഹപാഠിക്കൊരു ആട്ടിൻകുട്ടി
text_fieldsനെയ്യശ്ശേരി എസ്.എൻ.സി.എം എൽ.പി സ്കൂളിലെ വിദ്യാർഥികൾ പെട്ടിയിൽ പണം നിക്ഷേപിക്കുന്നു
തൊടുപുഴ: ജീവകാരുണ്യം, മൃഗപരിപാലനം, കൃഷി പാഠങ്ങൾ കുട്ടികൾക്ക് പകർന്നുനൽകുകയാണ് നെയ്യശ്ശേരി എസ്.എൻ.സി.എം എൽ.പി സ്കൂൾ. ഓരോ നാണയത്തുട്ടും വലിയൊരു സഹായമായി മാറുന്നതിന്റെ നന്മനിറഞ്ഞ കാഴ്ച. അതുവഴി നിർധനരായ സഹപാഠികൾക്ക് കൈത്താങ്ങും കരുതലുമാകാൻ ഇവർ സന്തോഷത്തോടെ കൈകോർക്കുന്നു.
നഴ്സറി വിഭാഗത്തിൽ ഉൾപ്പെടെ 113 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ, സഹാനുഭൂതിയുടെയും സഹജീവിസ്നേഹത്തിന്റെയും മൂല്യങ്ങൾ ചെറുപ്പത്തിൽതന്നെ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ചൊവ്വാഴ്ചയും ജീവകാരുണ്യദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇതിനായി ആദ്യം സ്കൂളിൽ ഒരു പെട്ടി സ്ഥാപിച്ചു.
ചൊവ്വാഴ്ചകളിൽ രണ്ട് രൂപയിൽ കുറയാത്ത തുക ഓരോ വിദ്യാർഥിയും ഇതിൽ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് വാങ്ങുന്ന ആട്ടിൻകുട്ടിയെ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു നിർധന വിദ്യാർഥിക്ക് നൽകും. വിദ്യാർഥിയുടെ വീട്ടിൽ വളർത്തുന്ന ആടിനുണ്ടാകുന്ന ഒരു കുഞ്ഞിനെ സ്കൂളിന് കൈമാറണം. ഇതിനെ മറ്റൊരു കുട്ടിക്ക് നൽകും.
ഈ അധ്യയനവർഷത്തിന്റെ ആരംഭത്തിലാണ് ‘അശരണർക്ക് ഒരു കൊച്ചു കൈത്താങ്ങ്’ പദ്ധതിക്ക് കീഴിൽ ‘എവരി റ്റ്യൂസ്ഡെ ടു റുപ്പീസ് ചലഞ്ച്’ എന്ന പേരിൽ കുട്ടികളിൽനിന്ന് സംഭാവന സ്വീകരിച്ച് തുടങ്ങിയത്. അധ്യാപകൻ സി.എം. സുബൈർ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു.
പദ്ധതി പ്രകാരം ആദ്യ ആട്ടിൻകുട്ടിയെ അടുത്തുതന്നെ നടക്കുന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ കൈമാറും. കൂടുതൽ തുക ലഭിച്ചാൽ ഒന്നിലധികം ആട്ടിൻകുട്ടിയെ നൽകും. അടുത്തവർഷം മറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്ത് പദ്ധതി വിപുലീകരിക്കാൻ ഉദ്ദേശ്യമുണ്ടെന്ന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി പറഞ്ഞു. ഇതോടൊപ്പം ‘അമ്മക്കൊരു അടുക്കളത്തോട്ടം, സ്കൂളിനൊരു പച്ചക്കറിത്തോട്ടം’ പദ്ധതിയുമുണ്ട്.
സ്കൂളിൽനിന്ന് വിതരണം ചെയ്യുന്ന വിത്ത് ഉപയോഗിച്ച് മികച്ച അടുക്കളത്തോട്ടം ഒരുക്കുന്ന ഒരു അമ്മക്ക് പ്രശസ്തിപത്രവും കാഷ് അവാർഡും നൽകും. ഇതോടൊപ്പം കുട്ടികൾ സ്കൂളിലും പച്ചക്കറിത്തോട്ടം ഒരുക്കും.