അഭിമുഖത്തിന് പോകുന്ന മകന്റെ കോട്ട് നേരെയാക്കി, മുടി ചീകി അച്ഛൻ; ശ്രദ്ധേയമായി കരുതലും സ്നേഹവും
text_fieldsപ്രയാഗ്‌രാജ്: അഭിമുഖത്തിന് പോകുന്ന മകനെ ഒരുക്കുന്ന അച്ഛന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമീഷൻ ആസ്ഥാനമായ പ്രയാഗ്‌രാജിലെ സരസ്വതി ഭവന് മുന്നിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭിമുഖത്തിന് തൊട്ടുമുമ്പ് മകന്റെ കോട്ട് ശരിയാക്കുകയും പോക്കറ്റിൽനിന്ന് ചീപ്പ് എടുത്ത് മുടി ചീകിക്കൊടുക്കുകയും ചെയ്യുന്ന അച്ഛനാണ് വിഡിയോയിൽ.
മകന്റെ മുടി ചീകിയശേഷം അച്ഛൻ പോക്കറ്റിൽനിന്ന് ചെറിയൊരു പൊതി പുറത്തെടുക്കുന്നതും അതിലുള്ള മധുരപലഹാരം മകന് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മകൻ അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് അഭിമുഖത്തിനായി പോകുന്നത്.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ മാതാപിതാക്കളുടെ പിന്തുണയും സ്നേഹവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായി. മത്സരപരീക്ഷകളിലെ വിജയത്തിന് പിന്നിൽ ഉദ്യോഗാർഥിയുടെ കഠിനാധ്വാനത്തിനൊപ്പം കുടുംബത്തിന്റെ പിന്തുണയും നിർണായകമാണെന്ന അഭിപ്രായം ഉയർന്നു.
പ്രയാഗ്‌രാജിലെ യു.പി.പി.എസ്.സി ആസ്ഥാനത്ത് നിലവിൽ യു.പി.പി.സി.എസ് 2025 പരീക്ഷയുടെ അഭിമുഖമാണ് നടക്കുന്നത്. മെയിൻ പരീക്ഷ വിജയിച്ച 2,297 ഉദ്യോഗാർഥികളെയാണ് അഭിമുഖത്തിനായി വിളിച്ചിരിക്കുന്നത്. വിവിധ തസ്തികകളിലായി 812 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 28നാണ് അഭിമുഖ നടപടികൾ ആരംഭിച്ചത്. ഒക്ടോബർ 24 വരെ അഭിമുഖം തുടരും. സരസ്വതി ഭവനിൽ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് നടപടികൾ. ഇതിനിടെയാണ് അഭിമുഖത്തിന് മകനെ തയാറാക്കുന്ന അച്ഛന്റെ സ്നേഹപ്രകടനം കാമറയിൽ പതിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

