അനുഭവക്കുറിപ്പ്; പകച്ചുപോയ അമ്മ മനസ്സ്
text_fieldsപതിവായി വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്ന ഹൈപ്പർ മാർക്കറ്റിന്റെ മുന്നിൽ തേൻ വില്പനക്കാരായ അറബികളുടെ കുഞ്ഞു ഷോപ്പ് ഉണ്ട്.പലപ്പോഴും ഞാനും പിള്ളേരും സാധനങ്ങൾ വാങ്ങാൻ ഹൈപ്പർ മാർക്കറ്റിൽ പോയാൽ ആ തേൻ വില്പനക്കാരന്റെ ഷോപ്പിന്റെ മുന്നിലൂടെ ആണ് തിരികെ വരുന്നത്.അപ്പോൾ തേനിനെക്കാൾ മധുരമുള്ള ഒരു ചിരി നൽകികൊണ്ട് അവൻ സലാം ചൊല്ലും.
തിരികെ ഞാനും ഒരു സലാം പറഞ്ഞു മുന്നോട്ട് നടക്കുമ്പോഴേക്കും തേൻ നിറച്ച ഗ്ലാസ് ഭരണിയിൽ നിന്നും അല്പം തേൻ എടുത്തു രുചിച്ചു നോക്കാൻ പറഞ്ഞു അവൻ ഞങ്ങൾക്ക് നേരെ നീട്ടും. തേൻ താല്പര്യമില്ലാത്ത കുട്ടികൾ വേണ്ടെന്ന് പറഞ്ഞു മുന്നോട്ട് നീങ്ങും.ആദ്യമൊക്കെ ഞാനും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമെങ്കിലും സ്നേഹത്തോടെ ഉള്ള അയാളുടെ ക്ഷണം കാണുമ്പോൾ പൊതുവെ
മധുരപ്രിയ കൂടി ആയ ഞാൻ മടി കൂടാതെ വാങ്ങി കഴിക്കും.ഈ അടുത്തിടെ പെരുന്നാൾ വസ്ത്രം വാങ്ങാൻ കുടുംബത്തോടൊപ്പം പോയപ്പോഴും പതിവ് ചിരിയുമായി അയാളെ കണ്ടു. അവൻ ഞങ്ങൾക്ക് ഈദ് മുബാറക്ക് പറഞ്ഞു. കൂട്ടത്തിൽ തേൻ എടുക്കാൻ തുടങ്ങിയപ്പോൾ സമയക്കുറവ് മൂലം അന്ന് വേണ്ടെന്ന് പറഞ്ഞു സലാം നൽകി പിരിഞ്ഞു.
അങ്ങിനെയിരിക്കെ മറ്റൊരു ദിവസം വീട്ടുസാധങ്ങൾ വാങ്ങി വരുന്ന വഴിയിൽ അയാൾ പതിവ് സലാം പറഞ്ഞു. അന്നും അവൻ ഞങ്ങൾക്ക് നേരെ തേൻ നീട്ടി.അതൊരു ബിസിനസ് തന്ത്രം ആണെന്ന് അറിയാമെങ്കിലും സന്തോഷത്തോടെ ഞാൻ വാങ്ങി ആസ്വദിച്ചു കഴിക്കുമ്പോൾ പിന്നിൽ നിന്നും മകളുടെ ഒരു ഉപദേശം.ഇങ്ങിനെ തേൻ വാങ്ങിച്ചു കഴിക്കാൻ തുടങ്ങിയാൽ ഈ അടുത്ത് തന്നെ ആ പയ്യന് ഉമ്മിയോട് പ്രണയം ആവും സൂക്ഷിച്ചോ എന്ന്. ഇത് കേട്ടതും പകച്ചു പോയെന്റെ അമ്മ മനസ്സ്.