മികവിൽ തിളങ്ങി ദുബൈയിലെ 77 ശതമാനം സ്കൂളുകൾ
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും നൽകുന്നതായി പരിശോധനാ ഫലം. 77 ശതമാനം സ്കൂളുകളും ‘ഗുഡ്’ വിഭാഗത്തിലോ അതിനേക്കാൾ മികച്ചതായോ ആണ് രേഖപ്പെടുത്തപ്പെട്ടത്. കോവിഡിനു മുമ്പ് അവസാനമായി 2018-19 കാലത്ത് സമ്പൂർണ പരിശോധന നടത്തിയപ്പോൾ ഇത് 70 ശതമാനമായിരുന്നു.
എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ)യാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. അടുത്ത അക്കാദമിക് വർഷത്തിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന സമയത്ത് പുറത്തുവിട്ട റിപ്പോർട്ട് രക്ഷിതാക്കൾക്ക് സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഉപകാരപ്പെടുന്നതാണ്. ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളും പ്രകടമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ആകെ 199 സ്കൂളുകളിലാണ് പരിശോധന നടത്തിയത്. ഇവയിൽ ആറു സ്കൂളുകൾ പുതുതായി ആരംഭിച്ചവയാണ്. 20 സ്കൂളുകൾ വളരെ മികച്ചതായി(ഔട്സ്റ്റാൻഡിങ്) തെരഞ്ഞെടുക്കപ്പെട്ടു. 39 എണ്ണം വളരെ നല്ലത്(വെരി ഗുഡ്), 84 എണ്ണം നല്ലത്(ഗുഡ്) എന്നീ വിഭാഗങ്ങളിലാണ് എത്തിയത്. കൂടാതെ 55 സ്വീകാര്യം(ആക്സപ്റ്റബ്ൾ) എന്ന നിലയിലും തിരഞ്ഞെടുത്തു. ദുർബലം(വീക്) എന്ന തരത്തിൽ വിലയിരുത്തിയത് ഒരു സ്കൂൾ മാത്രമാണ്. ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിൽ 84 ശതമാനം സ്കൂളുകളും നല്ലതോ മികച്ചതോ ആയാണ് റേറ്റ് ചെയ്യപ്പെട്ടത്.
32 ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിലാണ് പരിശോധന നടന്നത്. മൊത്തത്തിൽ മുൻകാലത്തെ അപേക്ഷിച്ച് 25 സ്കൂളുകൾ റേറ്റിങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. 39,795 വിദ്യാർഥികൾക്ക് നല്ല മാറ്റത്തിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്കൂളിനുമുള്ള സംഗ്രഹ റിപ്പോർട്ടുകളും വിശദമായ പരിശോധനാ റിപ്പോർട്ടുകളും ഈ മാസം കെ.എച്ച്.ഡി.എ വെബ്സൈറ്റിൽ ലഭ്യമാകും.
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നാണ് ഈ വർഷത്തെ പരിശോധന ഫലം കാണിക്കുന്നതെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കറാം പറഞ്ഞു. ഇത് അധ്യാപകരുടെയും സ്കൂളുകൾക്ക് നേതൃത്വം നൽകുന്നവരുടെയും സമർപ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അടയാളമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഉൾപ്പെടാൻ സഹായിച്ചതിന് മുഴുവൻ വിദ്യാഭ്യാസ സമൂഹത്തോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.