രുചിപ്പെരുമയുമായി ആനവണ്ടി റസ്റ്റാറൻറ്
text_fieldsഫഹാഹീൽ: കേരളീയതയുടെ ഗൃഹാതുരതയുണർത്തുന്ന രീതിയിൽ കെ.എസ്.ആർ.ടി.സിയുടെ മാതൃകയിൽ തക്കാര റസ്റ്റാറൻറിന്റെ ഫഹാഹീൽ ഒൗട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഉദ്ഘാടനം നിർവഹിച്ചു. രുചിമേളവുമായി ആനവണ്ടി കുവൈത്തിലേക്ക് എന്ന ടാഗ്ലൈനിൽ തുറന്ന സെൻറർ ഒാടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അകത്തെ വിഡിയോ വാളിലേക്ക് നോക്കിയാൽ കേരളത്തിലെ റോഡിലൂടെ ആനവണ്ടിയിൽ യാത്ര ചെയ്യുന്ന പ്രതീതിയാണുള്ളത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തട്ടുകടയും ബുക്ക് സ്റ്റാളുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കാഴ്ചയിൽ മാത്രമല്ല രുചിഭേദങ്ങളിലും കേരളത്തനിമ അപ്പാടെ ഒരുക്കിയിട്ടുണ്ട്. കേരള വിഭവങ്ങൾ സിസിലിയർ രീതിയിൽ തനതായ രുചിയിൽ വിളമ്പുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഒരേസമയം, 250ഒാളം ആളുകളെ ഉൾക്കൊള്ളുന്ന ഹാളും ഒരുക്കിയിട്ടുണ്ട്. 35ഒാളം പേർക്ക് ഇരിക്കാവുന്ന പ്രോജക്ടറും സ്ക്രീനും അടങ്ങുന്ന മീറ്റിങ് റൂം അനുബന്ധമായി ഉണ്ട്. കാറ്ററിങ് സൗകര്യവും അഞ്ച് പേരിൽ കൂടുതൽ ആളുകൾ ആവശ്യക്കാരുണ്ടെങ്കിൽ ഒാഫിസുകളിൽ ഭക്ഷണം എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് വ്യത്യസ്ത മെനു ഇതിനായി ഉണ്ട്.
ഉദ്ഘാടന ചടങ്ങിൽ തക്കാര ചെയർമാൻ ഹമൂദ് അൽ ഫദ്ലി, മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ്, ഡയറക്ടർമാരായ അഷ്റഫ് അയ്യൂർ, സലീം, മാനേജർ തംജീദ്, ഒാപറേഷൻസ് മാനേജർ ഷാഫി, ഷെഫ് ബാബു, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പെങ്കടുത്തു.
