അടുക്കളയില്‍ നൂഡ്ല്‍സ്, പാസ്ത രുചി 

 • പാക്കറ്റുകളിലെ നൂഡ്ല്‍സും പാസ്തയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന പേടിയാണോ? ആരോഗ്യത്തിന് ദോഷകരമല്ലാത്ത ചേരുവകളുമായി വീട്ടില്‍ തന്നെ അവ തയാറാക്കാം...

21:40 PM
30/06/2017

ആധുനിക കാലത്തിന്‍റെ  കാഴ്ചപ്പാടില്‍ കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പുഷ്ടമായി മികച്ച ആരോഗ്യകരമായ ഭക്ഷണമാണ് പാസ്തയും നൂഡ്ല്‍സും. ഏതു പ്രായത്തിനും ഏത് അവസരത്തിനും അനുയോജ്യമായ ഈ ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചുള്ള സോസും ടോപ്പിങ്സും ചേര്‍ത്ത് കഴിക്കാം. അതിനാല്‍തന്നെ ലോകമെമ്പാടും പാസ്തയും നൂഡ്ല്‍സും ആളുകളുടെ പ്രിയ ഭക്ഷണമായതില്‍ അദ്ഭുതമില്ല. നമ്മുടെ നാട്ടിലും പലചരക്കുകടയില്‍ ചെന്നാല്‍ കവര്‍ പാസ്തയും നൂഡ്ല്‍സും ആവശ്യാനുസരണം ലഭിക്കും. ഇന്‍സ്റ്റന്‍റ് നൂഡ്ല്‍സുകള്‍ ഇടക്കുണ്ടാക്കിയ ആരോഗ്യ ആശങ്കകള്‍ ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടു തന്നെ പാക്കറ്റില്‍ വാങ്ങാന്‍ ലഭിക്കുന്ന നൂഡ്ല്‍സിനോടും പാസ്തയോടും അകലം പാലിക്കുന്ന വലിയൊരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന അത്തരം നൂഡ്ല്‍സും പാസ്തയും ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. എന്നു കരുതി രുചികരമായ ഈ വിഭവത്തെ മാറ്റിനിര്‍ത്തേണ്ട. വീട്ടില്‍തന്നെ പാസ്തയും നൂഡ്ല്‍സും എങ്ങനെ ഉണ്ടാക്കാം എന്ന് അറിഞ്ഞാല്‍ പോരേ. അതിനുള്ള വഴിയാണ് ഇത്തവണ പങ്കുവെക്കുന്നത്. 
 

മാവിന്‍റെ  അളവും കുഴക്കുന്നതുമൊക്കെ മനസിലാക്കിയാല്‍ പാസ്തയുണ്ടാക്കുന്നത് കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന വളരെ എളുപ്പമുള്ള ജോലിയാണ്. ഇതിനായി ആകെ വേണ്ട ഉപകരണങ്ങള്‍ റോളിങ് പിന്നും മൂര്‍ച്ചയുള്ള കത്തിയുമാണ്. പാസ്ട്രി കട്ടര്‍ ഉണ്ടെങ്കില്‍ അതുപയോഗിച്ച് വിവിധ ഷെയ്പ്പുകള്‍ കട്ട് ചെയ്തെടുക്കാം. മാവ്, മുട്ട, എണ്ണ, ഉപ്പ് എന്നിവയാണ് നൂഡ്ല്‍സും പാസ്തയും തയാറാക്കുന്നതിലെ പ്രധാന ചേരുവകള്‍. ഗോതമ്പു മാവ് ഉപയോഗിക്കുന്നതിനാണ് എനിക്ക് താല്‍പര്യം. അല്ലെങ്കില്‍ ബ്ലീച്ഡ് മാവോ റാഗിയോ മറ്റ് ഏതെങ്കിലും മാവോ ഉപയോഗിക്കാവുന്നതാണ്. വെജിറ്റേറിയനാണ് താല്‍പര്യമെങ്കില്‍ മാവ് കുഴക്കുന്നതിനൊപ്പം ചേര്‍ക്കുന്ന മുട്ട ഒഴിവാക്കാം. 

ചേരുവകൾ:

 • ബേസിക് പാസ്ത/നൂഡ്ല്‍സ് മാവ് 700 ഗ്രാം
 • മാവ് -450 ഗ്രാം
 • മുട്ട -നാല് എണ്ണം (നന്നായി ബീറ്റ് ചെയ്തത്)
 • നന്നായി പൊടിച്ച റവ -30 ഗ്രാം (സെമോലിന)
 • എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ -ഒരു ടേബ്ള്‍സ്പൂണ്‍
 • ഉപ്പ് -ആവശ്യത്തിന് 
 • വെള്ളം -ആവശ്യത്തിന്

തയാറാക്കുന്നവിധം:

 • വൃത്തിയുള്ള ഒരു മേശയില്‍ മാവും സെമോലിനയും ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പും മുട്ടയും ഓയിലും ചേര്‍ത്ത് നന്നായി ഇളക്കുക. 
 • മാവ് നന്നായി കുഴഞ്ഞു കിട്ടുന്നതുവരെ കൈ ഉപയോഗിച്ച് നന്നായി ചേരുവകള്‍ കുഴക്കണം. ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാവുന്നതാണ്. 
 • മാവിന് നന്നായി ഇലാസ്തികത കൈവരുന്നതുവരെയും സോഫ്റ്റാകുന്നതു വരെയും ഇങ്ങനെ കുഴക്കുന്നത് തുടരണം. 
 • നന്നായി കുഴഞ്ഞ മാവ് പോളിത്തീന്‍ ബാഗ് ഉപയോഗിച്ച് കവര്‍ ചെയ്ത് സെറ്റാകാന്‍ 30 മിനിറ്റ് വെക്കണം. 
 • മാവ് സെറ്റ് ആയതിനു ശേഷം എത്രയും കനം കുറക്കാമോ അത്രയും കുറച്ച് റോള്‍ ചെയ്യുക. ഇത് നൂഡ്ല്‍സ് ആയോ പാസ്തക്കായി മറ്റ് ആകൃതികളിലോ മുറിച്ചെടുക്കാം. 
 • ഇത് ഉണങ്ങുന്നതിനായി മാറ്റിവെക്കാം. ഫ്രീസറില്‍ വെക്കുകയോ സാധാരണ ഊഷ്മാവില്‍ തൂക്കിയിട്ടോ ഉണക്കാവുന്നതാണ്. ഇങ്ങനെ ഉണക്കിയെടുത്ത നൂഡ്ല്‍സ്, പാസ്ത ഉപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങള്‍ തയാറാക്കാം. 

പാസ്തക്ക് രുചിക്കൊപ്പം ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ടൊമാറ്റോ സോസ്. ഇത് വീട്ടില്‍ തയാറാക്കുന്നതെങ്ങനെയെന്ന് കാണാം

ചേരുവകള്‍:

 • ഒലിവ് ഓയില്‍ -രണ്ട് ടേബ്ള്‍ സ്പൂണ്‍
 • പഞ്ചസാര -ഒരു ടീസ്പൂണ്‍
 • ഉള്ളി -ഒരെണ്ണം (നുറുക്കിയത്)
 • തക്കാളി -ഒരു കിലോ (തൊലിയും കുരുവും 
 • കളഞ്ഞ് നുറുക്കിയത്)
 • വെളുത്തുള്ളി -30 ഗ്രാം
 • ഉപ്പ് -സ്വാദനുസരിച്ച്

തയാറാക്കുന്നവിധം:

 • ഒലിവ് ഓയിലില്‍ ഉള്ളി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് നന്നായി വഴറ്റുക. 
 • നുറുക്കിയ തക്കാളി വഴറ്റിയ ഉള്ളിയിലേക്കും വെളുത്തുള്ളിയിലേക്കും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് ഉപ്പും പഞ്ചസാരയും ഇടാം. ആവശ്യമെങ്കില്‍ കുരുമുളക് പൊടി ഉള്‍പ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ക്കാം. ഇത് നന്നായി വേവിച്ചെടുക്കുന്നതോടെ സോസ് തയാര്‍.
 • മറ്റ് പച്ചക്കറികള്‍, ഇറച്ചി, മീന്‍ എന്നിവ ഉപയോഗിച്ചും ഇങ്ങനെ സോസ് തയാറാക്കാവുന്നതാണ്. 

കളര്‍ഫുള്‍ പാസ്ത/നൂഡ്ല്‍സ് എങ്ങനെ തയാറാക്കാം?

പാസ്ത തയാറാക്കുന്നതിനായി മുകളില്‍ പറഞ്ഞ ചേരുവകളില്‍നിന്ന് രണ്ടു മുട്ടകള്‍ ഒഴിവാക്കാം. പകരം 50 മില്ലി ചീര പ്യൂര (അല്‍പം വെള്ളത്തില്‍ ഒരുമിനിറ്റില്‍ താഴെ മാത്രം തിളപ്പിച്ച് മിക്സില്‍ അടിച്ചെടുത്ത് കിട്ടുന്നത്) ചേര്‍ത്താല്‍ പച്ച നിറത്തിലുള്ള പാസ്ത റെഡി. പര്‍പ്ള്‍ കളര്‍ നൂഡ്ല്‍സ് വേണമെങ്കില്‍ ബീറ്റ്റൂട്ട് ഇട്ട് തിളപ്പിച്ച പ്യൂര 50 മില്ലി ചേര്‍ത്താല്‍ മതി. കാരറ്റ് തിളപ്പിച്ച പ്യൂര ചേര്‍ത്താല്‍ മഞ്ഞനിറവും ലഭിക്കും. ബീറ്റ് റൂട്ടും കാരറ്റും നന്നായി വേവിക്കണം.

തയാറാക്കിയത്: ഷെഫ് മുനീര്‍ മംഗലന്‍

COMMENTS