മറിമായമില്ലാത്ത രുചിപ്പുര

  • കിഴക്കി​ന്‍റെ വെനീസിൽ മായമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടൽ

മായം കലരാത്ത ഭക്ഷണവുമായി ആലപ്പുഴയിലൊരു ​ഹോട്ടലുണ്ട്​...
ആലപ്പുഴ വഴി പോകുമ്പോൾ ‘ലച്ച് ഹോട്ടലിൽ’ കയറാൻ മറക്കരുത്, എന്നു പറഞ്ഞാൽ അതെന്താ അത്ര വലിയ സംഭവമാണോ ആ ഹോട്ടൽ...? എന്നായിരിക്കും അടുത്ത ചോദ്യം. വായിൽ വെള്ളമൂറുന്ന രുചിക്കൂട്ടുകളുടെ ധാരാളിത്തത്തെക്കുറിച്ചായിരിക്കും രുചിപ്രേമികൾ ഒാർക്കുക...

അത്ര വലിയ സംഭവമൊന്നുമല്ല, ലച്ച് ഹോട്ടൽ. അത്ര ചെറിയ സംഭവവുമല്ല...

ആലപ്പുഴ നഗരത്തിൽ മുല്ലയ്ക്കൽ വാടയ്ക്കനാലി​​​​​​ന്റെ തെക്കേ കരയിൽ ജില്ലാ കോടതി പാലത്തിനും വൈ.എം.സി.എ പാലത്തിനുമിടയിൽ പുന്നപ്ര-വയലാർ സ്മാരകത്തിനടുത്താണ് ലച്ച് ഹോട്ടൽ. ഒറ്റ നോട്ടത്തിൽ ഒരു ചെറിയ സാദാ ഹോട്ടൽ. കയറിച്ചെല്ലുന്ന വഴിയിലെ പച്ച പെയിൻറടിച്ച ഒരു ബോർഡാണ് ആദ്യം ശ്രദ്ധയിൽ പെടുക.

‘No Artificial Ingredients
No Artificial Colour
No Artificial Food Additives..’
എന്ന് ആ ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്..

ഹോട്ടലിനകത്തു കയറിയാൽ അതിലും കൗതുകം തോന്നുന്ന ചില വാചകങ്ങളാവും നമ്മളെ സ്വാഗതം ചെയ്യുക.
‘കൃത്രിമമായ ചേരുവകളോ,നിറങ്ങളോ രുചിക്കൂട്ടുകളോ ഞങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നില്ല. പായ്ക്കറ്റിൽ ലഭിക്കുന്ന മുളക്, മല്ലി, മഞ്ഞൾ, കുരുമുളക് പൊടി ഒന്നും ഉപയോഗിക്കുന്നില്ല...’

മറ്റൊരു ബോർഡിൽ ‘ചായ, കാപ്പി, പുളിശ്ശേരി, മോര് ഇവ ശുദ്ധമായ പശുവിൻ പാലിൽ തയാറാക്കപ്പെട്ടത്’ എന്നും കാണാം...

ലച്ച്​ ഹോട്ടലിനുള്ളിലെ ബോർഡ്​
 

ഇതൊന്നും വെറും അവകാശവാദമല്ല എന്നതിന് തെളിവാണ് രാവിലെ ആറ് മുതൽ രാത്രി എട്ടു മണിവരെ ‘ലച്ച് റസ്റ്ററൻറി’ൽ നേരമൊഴിയാതെ വന്നു കൊണ്ടിരിക്കുന്ന സ്ഥിരം കസ്റ്റമേഴ്സ്. രാവിലെ ആറ് മണിക്ക് തുറന്നാൽ ചൂടു തട്ടുദോശ, മസാല ദോശ, പോറോട്ട, ചപ്പാത്തി, കടലക്കറി, ബീഫ് റോസ്റ്റ്, ബീഫ് കറി, മുട്ട റോസ്റ്റ്, ചമ്മന്തി, സാമ്പാർ തുടങ്ങിയ തനി നാടൻ വിഭവങ്ങൾ നിരക്കും.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉൗണിനുള്ള നേരമാകും. അതും നാടൻ വിഭവങ്ങൾ. കുടമ്പുളിയിട്ട നല്ല കുട്ടനാടൻ മീൻകറി, സാമ്പാറ്, പുളിശ്ശേരി, പച്ചക്കറി തോരനുകൾ, മീൻ പൊരിച്ചത്. ബീഫ് ഫ്രൈയും കക്കയിറച്ചി തോരനും സ്പെഷ്യലായുണ്ടാവും.

മീൻ കറിയുടെയും  മീനി​​​​​​ന്റെയും കാര്യത്തിലാണ് മറ്റൊരു കൗതുകം. വില സ്ഥിരതയില്ലാത്ത ഒരിനമാണ് മീൻ. അന്നന്നത്തെ മാർക്കറ്റ് വിലയ്ക്കനുസരിച്ചായിരിക്കും പൊരിച്ച മീനി​​​ന്റെയും കറിയുടെയും വില. വിലവിവര പട്ടികയിൽ നോക്കിയാൽ ഇത് വ്യക്തമാകും. ചില ദിവസം മീൻ കറിക്ക് 40 രൂപയാണെങ്കിൽ അടുത്ത ദിവസം 45 ആകും. വില തീരെ കുറവുള്ള ചാകരക്കാലത്താണെങ്കിൽ പിന്നെയും വില കുറയും. കക്കയിറച്ചിയുടെ വിലയിൽ വലിയ മാറ്റങ്ങൾ ഇല്ല. 30രൂപ തന്നെ. ഇത്രയൊക്കെ കൂട്ടി ഒന്ന് ഉണ്ടുകളയാം എന്നു കരുതുന്നവർ ഒന്നരയ്ക്കുള്ളിൽ എത്തിയിരിക്കണം. ഇല്ലെങ്കിൽ വല്ല ഇടക്കാലാശ്വാസവും കഴിച്ച് നല്ലൊരു ചായയും കുടിച്ച് സലാം പറയാം.

ഒാരോ ദിവസവും മീൻ വിഭവങ്ങളുടെ വില മാറിക്കൊണ്ടിരിക്കും
 

ഉച്ചയ്ക്ക് മൂന്നു മണിയോടെ ഹോട്ടലിന് വേറൊരു മുഖമാണ്. നല്ല നാടൻ ദോശയും കടുകിട്ട് വറുത്ത ഒന്നാന്തരം ചമ്മന്തിയും കഴിക്കാനായി മാത്രം ദൂരെ നിന്നുപോലും ആളുകളെത്തും. മിക്കവരും സ്ഥിരം കസ്റ്റമേഴ്സ്. കൂട്ടത്തിൽ നല്ലൊരു മുളകുചമ്മന്തിയും. പരിപ്പുവട, രസവട, ഉഴുന്നുവട, പഴംപൊരി തുടങ്ങിയവയൊക്കെയാണ് വിഭവങ്ങൾ. ഇതൊന്നുമല്ല ഇവിടുത്തെ മാസ്റ്റർപീസ് ഐറ്റം. ഉണ്ണിയപ്പമാണ്. അതിന് നേരത്തെ ബുക്ക് ചെയ്ത് വരുന്നവരായിരിക്കും കൂടുതൽ. നഗരത്തിലെ ഒാഫീസുകളിൽ എന്തെങ്കിലും പരിപാടികളുണ്ടെങ്കിൽ അവർ നേരത്തേകാലത്തേ ഒാർഡർ നൽകിയിട്ടുണ്ടാവും. പിന്നെ നമ്മൾ ഉണ്ണിയപ്പമെന്നും പറഞ്ഞ് ചെന്നിട്ട് കാര്യമുണ്ടാവില്ല. വൈകിട്ട് നഗരത്തിൽനിന്ന് വീടുകളിലേക്ക്  ഉണ്ണിയപ്പവും വാങ്ങി മടങ്ങിപ്പോകുന്ന ഉദ്യോഗസ്ഥരാണ് ഇൗ സ്പെഷ്യൽ ഉണ്ണിയപ്പത്തി​​​​ന്റെ സ്ഥിരം കസ്റ്റമേഴ്സിൽ അധികവും.

തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്ന 101 ആവർത്തിച്ച എണ്ണയിലല്ല ലച്ച് ഹോട്ടലിൽ പാചകം. അന്നന്നത്തെ ആവശ്യത്തിനുള്ള എണ്ണ അടുത്ത ദിവസം ഉപേയാഗിക്കില്ല. ഒാരോ ദിവസവും പുതിയ എണ്ണയിലാണ് പാചകം.

മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എണ്ണയിൽ പൊരിക്കുന്ന പലഹാരങ്ങൾ നമുക്കൊക്കെ ഇഷ്ടമാണെങ്കിലും അതുണ്ടാക്കുന്ന എണ്ണയെക്കുറിച്ച് പേടിപ്പെടുത്തുന്ന അനുഭവമാണ് മിക്കപ്പോഴും അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്ന 101 ആവർത്തിച്ച എണ്ണയിലല്ല ലച്ച് ഹോട്ടലിൽ പാചകം. അന്നന്നത്തെ ആവശ്യത്തിനുള്ള എണ്ണ അടുത്ത ദിവസം ഉപേയാഗിക്കില്ല. ഒാരോ ദിവസവും പുതിയ എണ്ണയിലാണ് പാചകം.

കൃത്രിമമായ രുചികേളാ നിറക്കൂട്ടുകളോ പാക്കറ്റ് പൊടികളോ ഒക്കെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന പേടി കൂടാതെ ഇൗ ചെറിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാം. കച്ചവടത്തിൽ മായം കലരാതെ സൂക്ഷിക്കുന്ന ഇൗ ഹോട്ടലിന്‍റെ ഉടമസ്ഥൻ ഒരു ചെറുപ്പക്കാരനാണ്. അടുക്കളയിലും കസ്റ്റമേഴ്സിനുമൊക്കെ ഇടയിലായി ഒാടിനടക്കുന്ന ഒരു ചെറുപ്പക്കാരൻ. സുരേഷ്. അദ്ദേഹത്തിന്‍റെ ഭാര്യ മിനി സുരേഷും ഒപ്പമുണ്ടാകും.

ലച്ച്​ ഹോട്ടൽ ഉടമ സുരേഷ്​
 

ആറു​ പതിറ്റാണ്ടായി സുരേഷി​​​​​​​ന്റെ അച്ഛൻ നടത്തിവന്ന ‘കനാൽ വ്യൂ’ ഹോട്ടലി​​​​​​ന്റെ തുടർച്ചയാണ്​ ലച്ച്​ ഹോട്ടൽ. അച്ഛ​​ന്റെ മരണശേഷം ഹോട്ടൽ, സുരേഷാണ്​ നടത്തിവരുന്നത്​. മൂന്നു വർഷം മുമ്പ്​ മകൾ ലക്ഷ്​മിയുടെ ഒാമനപ്പേരിൽ ‘ലച്ച്​ ഹോട്ടൽ’ എന്ന്​ നാമകരണം ചെയ്​ത്​ കുറച്ചപ്പുറത്തേക്ക്​ മാറ്റി സ്​ഥാപിച്ചപ്പോഴും അച്ഛൻ പഠിപ്പിച്ച കച്ചവടത്തിലെ നേരും നെറിയും രുചിക്കൊപ്പം സുരേഷും കാത്തുപോരുന്നു. നല്ലൊരു വായനക്കാരനും കൂടിയാണ്​ ബിരുദധാരിയായ സുരേഷ്​. കച്ചവടത്തി​​​​​​​ന്റെ ഇടനേരങ്ങളിൽ പുസ്​തകങ്ങളും ആനുകാലികങ്ങളുമാണ്​ സുരേഷി​​​​​​ന്റെ ചങ്ങാതിമാർ. വർഷം തോറും മായമില്ലാത്ത ഇൗ രുചിക്കൂട്​ തേടിവരുന്ന ചില വിദേശചങ്ങാതിമാരുമുണ്ട്​ സുരേഷിന്​. ജർമനിയിൽ നിന്നും പതിവായി ആലപ്പുഴ സന്ദർശിക്കുന്ന കൂപ്പറും ലിൻഡയുമാണ്​ അവരിലൊരു​ കൂട്ടർ.

അടുത്ത തവണ ആലപ്പുഴയ്​ക്ക്​ വരുമ്പോൾ മായവും മറിമായവുമില്ലാത്ത ഭക്ഷണം കഴിക്കാൻ ​ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും സുരേഷി​​​​​​​ന്‍റെ ലച്ച്​ ഹോട്ടൽ ഒഴിവാക്കരുത്​.

Loading...
COMMENTS