മലപ്പുറത്തെ അക്ഷയപാത്രം

  • ബാക്കിയാവുന്ന ഭക്ഷണം പാഴാകാതെ പട്ടിണിക്കാരിലെത്തിക്കുന്ന മലപ്പുറത്തെ അക്ഷയപാത്രം പദ്ധതി നല്ല മാതൃകയാണ്

12:05 PM
17/08/2017
malappuram akshayapatrath
‘അക്ഷയപാത്രം’ ഫ്രീസറില്‍ നിന്ന് ഭക്ഷണമെടുക്കുന്നയാള്‍

വിവാഹ ചടങ്ങുകളിലും മറ്റും ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ മലപ്പുറം നഗരസഭ ആരംഭിച്ച അക്ഷയപാത്രം പദ്ധതി അനുകരണീയ മാതൃകയാണ്. ബാക്കിയാവുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് ലഭിക്കുംവിധം പൊതുസ്ഥലത്ത് ഫ്രീസറില്‍ കേടാവാതെ സൂക്ഷിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി നഗരസഭ പരിധിയിലെ കോട്ടപ്പടിയിലും കുന്നുമ്മലിലുമായി നാല് ഫ്രീസറുകളാണ് സ്ഥാപിച്ചത്.

വിവാഹ ചടങ്ങുകളിലും മറ്റും വലിയ തോതില്‍ ഭക്ഷണം ബാക്കിയായി കുഴിച്ചു മൂടുന്ന അവസ്ഥയാണ് അക്ഷയപാത്രം പദ്ധതിയെക്കുറിച്ച് ആലോചിക്കാനിടയാക്കിയതെന്ന് നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു. ഒട്ടേറെയാളുകളിന്ന് ഫ്രീസറില്‍ ഭക്ഷണം കൊണ്ടുവെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയാവുന്നത് കൂടാതെ ഇപ്പോള്‍ അക്ഷയപാത്രത്തിലേക്കു തന്നെയായി ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നവരുമുണ്ട്.

സ്കൂള്‍ കുട്ടികള്‍ പദ്ധതിയേറ്റെടുത്ത് പൊതിച്ചോറുകളും എത്തിക്കുന്നു. വഴിയാത്രക്കാരും കൂലിപ്പണിക്കാരും തെരുവില്‍ കഴിയുന്നവരുമൊക്കെയായി ഒട്ടേറെപ്പേരിന്ന് അക്ഷയപാത്രത്തില്‍ നിന്ന് വിശപ്പടക്കുന്നുണ്ട്. ഇതുകൂടാതെ ‘ഫുഡ് ഓണ്‍ വാള്‍’ എന്ന പദ്ധതിയും മലപ്പുറത്ത് നടക്കുന്നുണ്ട്. നഗരസഭ പരിധിയിലെ 64 ഹോട്ടലുകളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയില്‍ വ്യക്തികളുടെ സംഭാവനക്ക് അനുസൃതമായി ഫുഡ് കൂപ്പണുകള്‍ ഹോട്ടലില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. ആവശ്യക്കാര്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാനാവും. 

COMMENTS