അടക്കം ചെയ്യേണ്ട, ദഹിപ്പിക്കണ്ട, മൃതദേഹത്തെ ജൈവവസ്തുവാക്കി മാറ്റും; മനുഷ്യശരീരം സംസ്കരിക്കാന്‍ പുതിയ മാർഗവുമായി ന്യൂ സൗത്ത് വേയിൽസ്
text_fieldsസിഡ്നി: മരണാനന്തരചടങ്ങുകൾക്കായി പുതിയൊരു മാർഗം പരീക്ഷിക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. പരമ്പരാഗതമായ സംസ്കാരച്ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഹ്യൂമൻ കമ്പോസ്റ്റിങ് അഥവാ ടെറമേഷൻ എന്ന പ്രക്രിയ വഴി സംസ്കാരം നടത്താൻ ഭരണകൂടം അനുമതി നൽകും. മനുഷ്യശരീരത്തെ പ്രകൃതിദത്തമായ ജൈവവസ്തുവാക്കി മാറ്റുന്ന പ്രക്രിയയാണ് ടെറമേഷൻ.
പ്രത്യേകമായി സജ്ജീകരിച്ച സ്ഥലങ്ങളിൽ വച്ച് ജൈവപ്രക്രിയയിലൂടെ മൃതദേഹത്തെ മണ്ണിന് സമാനമാക്കി മാറ്റിയെടുക്കും. ഇതിന് പരിമിതമായ സ്ഥലവും വിലയും മാത്രമേ ആവശ്യമുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ മനുഷ്യശരീരം സംസ്കരിക്കുന്നതിനാൽ പദ്ധതി ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം, സംസ്കാരം പൂർത്തിയായ ശേഷം ലഭിക്കുന്ന ജൈവവസ്തു കുടുംബങ്ങൾക്ക് കൈമാറും. പിന്നാലെ നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ സാഹചര്യങ്ങളിൽ ഇത് തോട്ടങ്ങളിലും വൃക്ഷങ്ങൾക്കും ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ. ഈ വസ്തുവിനെ സാധാരണ മണ്ണിന് തുല്യമായി കാണാനാകില്ലെന്നും വിദഗ്ധർ പറയുന്നു. ബന്ധപ്പെട്ട ചട്ടപ്രകാരവും മാർഗനിർദേശപ്രകാരവുമായിരിക്കും ഇത് നടപ്പാക്കുക.
വ്യക്തിയുടെ താൽപര്യത്തിനനുസരിച്ചായിരിക്കും ടെറമേഷൻ പ്രക്രിയ. മൃതദേഹം ഈ രീതിയിൽ സംസ്കരിക്കുന്നതിന് നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. അമേരിക്കയിലെ ചില പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സംസ്കാരച്ചടങ്ങുകൾക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതോടൊപ്പം പരമ്പരാഗത സംസ്കാരരീതികൾക്ക് പകരം പരിമിതമായ സാഹചര്യത്തിൽ സംസ്കാരം നടത്താം. അതേസമയം, സമൂഹമാധ്യമങ്ങളിൽ ടെറമേഷൻ പ്രക്രിയയെക്കുറിച്ച് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്.

