ഓണത്തിന് മുമ്പേ പ്രകൃതിയുൽപന്നങ്ങളില് പൂക്കാലം തീര്‍ത്ത് ഷാഹിന
text_fieldsകിഴിശ്ശേരി: ഓണക്കാലത്തെ പൂവസന്തത്തിനു കാത്തുനില്‍ക്കാതെ എക്കാലവും കൗതുകമുണര്‍ത്തുന്ന പ്രകൃതി സൗഹൃദ പൂക്കാലം തീര്‍ത്ത് കിഴിശ്ശേരി സ്വദേശിനി അങ്ങാടിപ്പറമ്പില്‍ ഷാഹിന ബഷീര്‍ ശ്രദ്ധേയയാകുന്നു. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ഏത് വസ്തുവിലും പൂക്കള്‍ വിരിയിക്കും ഷാഹിന. ഒറ്റനോട്ടത്തില്‍ വാഴ് വസ്തുക്കളെന്നു പറഞ്ഞു ശ്രദ്ധിക്കപ്പെടാതെ പോകുന്ന വസ്തുക്കളില്‍ തീര്‍ക്കുന്ന പൂക്കളുടെ പൊലിമ നവ്യാനുഭവമാണ് കാഴ്ചക്കാര്‍ക്ക് പകരുന്നത്.
പൂക്കള്‍ക്ക് ആസ്വാദകരും ആവശ്യക്കാരുമേറുമ്പോള് ഷാഹിനക്കിത് ജീവിതമാര്ഗവുമാകുന്നു. പുല്ല്, മുള, ഇലകള്‍, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി പ്രകൃതിയില്‍നിന്ന് എന്ത് ലഭിച്ചാലും ഷാഹിന അതില്‍ പൂക്കാലം വിരിയിക്കും. മൂപ്പെത്തിയ പുല്ലുകളും ഉണങ്ങിപ്പാകമായ വസ്തുക്കളും മൂപ്പെത്തിയ കായ്കളുമെല്ലാം തിരഞ്ഞു കണ്ടുപിടിച്ചാല്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് സ്വതസിദ്ധമായ ശൈലിയില്‍ പൂച്ചെണ്ടുകളും പൂക്കൂടകളും ഒരുക്കും. ഈ കലാവിരുതേറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരിയും സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ആദിത്യയും കൂടെയുണ്ടാകും.
കാഴ്ചപരിമിതര്‍ക്ക് മുളകള്‍ കൊണ്ട് അലങ്കാര വസ്തുക്കളുണ്ടാക്കാന്‍ പരിശീലനം നല്‍കുന്നുണ്ട് ഷാഹിന. അത്തരം കുട്ടികളെയും കൂട്ടി പലതരം പ്രദര്‍ശന-വിപണന മേളകളില്‍ പങ്കെടുക്കണമെന്നതും ഷാഹിനയുടെ ആഗ്രഹമാണ്. കുടുംബശ്രീ വഴിയാണ് ഷാഹിന ആദ്യം പൂക്കളുടെ വിപണി തിരിച്ചറിഞ്ഞത്.
പിന്നീട് കുടുംബശ്രീ മേളകളില്‍ സ്ഥിരം സാന്നിധ്യമായി. തുടര്‍ന്ന് സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന മേളകളിലും അവസരം ലഭിച്ചു തുടങ്ങി. വര്‍ഷത്തില്‍ ഇത്തരത്തിലുള്ള എട്ടോ പത്തോ മേള മതി ഒരു വര്‍ഷത്തേക്കുള്ള വരുമാനം കണ്ടെത്താനെന്ന് കലാകാരിയുടെ അനുഭവ സാക്ഷ്യം. ഡല്‍ഹി ഉള്‍പ്പെടെ കേരളത്തിന് പുറത്തും ധാരാളം വേദികള്‍ ഇവരെ തേടിയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

