നടുവിൽ മുറ്റത്ത്
text_fieldsഇത് നടുവിൽമുറ്റം. 23 കുടുംബങ്ങളുള്ള വയനാട്ടിലെ ഒരു ഗ്രാമം. ഇവിടെയുള്ളവരുടെ ശരാശരി ആയുർദൈർഘ്യം 100 ആണ്. ലഹരിയില്ലാത്ത ഇടം. ചുറ്റും വനം, ശുദ്ധമായ വായു, വെള്ളം, കൃഷിയിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തത, കഠിനാധ്വാനം, ചിട്ടയായ ജീവിതം, എല്ലാത്തിലുമുപരി നല്ല മനസ്സുകൾ... ഇതെല്ലാമാണ് നടുവിൽ മുറ്റത്തെ രഹസ്യങ്ങൾ
ഒരോ മഴക്കാലവും പച്ചപുതപ്പിക്കുന്ന കൊടും വനത്തിനുള്ളിലൂടെ ഏറെദൂരം നടന്നാൽ നടുവിൽ മുറ്റത്തെത്താം. വയനാടിന്റെ വശ്യമനോഹാരിത വഴിഞ്ഞൊഴുകുന്ന കുഞ്ഞുഗ്രാമം. ഒരു നാടുതന്നെ രൂപപ്പെട്ടത് നടുവിൽമുറ്റം തറവാട്ടിൽനിന്നാണ്. കാട്ടാനകളും കരടിയും പുലിയും പന്നിയുമെല്ലാം പകൽപോലും സ്വൈരവിഹാരം നടത്തുന്ന വനത്തിലൂടെയല്ലാതെ വളയമ്പാടിയിലെ ഈ ഗ്രാമത്തിലെത്താനാകില്ല. സ്വയംപര്യാപ്തതക്ക് പേരുകേട്ട നാടുകൂടിയാണിത്.
23 കുടുംബങ്ങളിലെ 114 അംഗങ്ങൾ ചേർന്ന വലിയ തറവാട്. താമസം വെവ്വേറെ വീടുകളിലാണെങ്കിലും നടുവിൽമുറ്റം തറവാട് കേന്ദ്രീകരിച്ചാണ് ഇവരുടെ ജീവിതവും ജീവനോപാധികളും. 500 വർഷമെങ്കിലും പഴക്കമുണ്ടെന്ന് കാരണവർതന്നെ സാക്ഷ്യപ്പെടുത്തുന്ന ഇവിടെയുള്ളവരുടെ ശരാശരി ആയുർദൈർഘ്യം 100 ആണ്. ചുറ്റും വനം, ശുദ്ധമായ വായു, അതിനേക്കാൾ ശുദ്ധമായ വെള്ളം, സ്വന്തമായ കൃഷിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത, ജൈവവളങ്ങൾ മാത്രമുപയോഗിച്ചുള്ള കൃഷി, കഠിനാധ്വാനം, ചിട്ടയായ ജീവിതം, എല്ലാത്തിലുമുപരി നല്ല മനസ്സ്.
ഇതെല്ലാം നടുവിൽമുറ്റം തറവാട്ടിലെ അംഗങ്ങളുടെ ദീർഘായുസ്സിന്റെ വലിയ കാരണങ്ങളാണ്. ഭക്ഷ്യ ആവശ്യത്തിന് നെല്ലും പച്ചക്കറികളുമെല്ലാം തലമുറകളായി സ്വയം കൃഷി ചെയ്യുകയാണിവർ. 80 കഴിഞ്ഞ കാരണവർപോലും ഇന്നും പാടത്തും വരമ്പത്തും സൂര്യോദയം മുതൽ അസ്തമയം വരെ കഠിനാധ്വാനിയാണ്. 11 ഏക്കർ വയലും 10 ഏക്കർ കരയുമുള്ള നടുവിൽമുറ്റം തറവാട്ടിൽ അടുത്ത കാലത്തായി ഓരോ കുടുംബത്തിനും ഭൂമി വീതിച്ചു നൽകിയിട്ടുണ്ട്. ഓരോ കുടുംബവും വ്യത്യസ്ത കൃഷികൾ ചെയ്യുമ്പോൾ നെല്ലും കപ്പയും വാഴയും പച്ചക്കറികളുമെല്ലാം ഇവിടെ യഥേഷ്ടം വിളയുന്നു. ഇവിടെതന്നെയാണ് കുടുംബങ്ങൾക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ മുഴുവനും തയാറാക്കുക. തോട്ടത്തിൽ കാപ്പിയും കുരുമുളകുമെല്ലാമുണ്ട്. ആവശ്യം കഴിഞ്ഞ് ബാക്കിയാകുന്നവ വിൽപനക്കെത്തിക്കുകയും ചെയ്യും. മുമ്പ് ഇവിടത്തുകാർ കന്നുകാലികളെ വളർത്തിയിരുന്നു. എന്നാൽ, വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ഇവയെ കൊന്നുതിന്നാൻ തുടങ്ങിയതോടെ അവയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടായി. നിരവധി കന്നുകാലികൾ വന്യമൃഗങ്ങൾക്ക് ഇരയായതോടെ അവയെ വളർത്തുന്നതും നിർത്തി.
മുറുക്കും മദ്യവുമില്ലാത്ത നാട്
കുറിച്യ തറവാടുകളിലെല്ലാം സ്ഥിരമായി കണ്ടുവരുന്ന വെറ്റിലയും പുകയിലയും കൂട്ടിയുള്ള മുറുക്കുപോലും നടുവിൽ മുറ്റത്ത് അന്യമാണ്. ലഹരി ഉപയോഗം ഇല്ലതന്നെ. വൈകുന്നേരം ആറു മണി ആകുമ്പോഴേക്കും മുഴുവൻ അംഗങ്ങളും വീടണയും. ചിലപ്പോൾ വന്യമൃഗങ്ങളിൽനിന്നും കാർഷിക വിളകൾ രക്ഷിക്കാൻ രാത്രി ഏറുമാടങ്ങളിൽ കാവലിരിക്കും. കാൻസർപോലെ മാരകരോഗങ്ങളുള്ള ഒരാൾപോലും കുടുംബത്തിലില്ലെന്ന് കാരണവരായ രാമൻ പറയുന്നു. ഷുഗറും പ്രഷറും തുടങ്ങി ജീവിതശൈലി രോഗങ്ങളെല്ലാം ഇവർക്ക് ഇന്നും അന്യമാണ്.
കാര്യമായ രോഗങ്ങളൊന്നും തറവാട്ടിലെ അംഗങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ല. 102 വയസ്സുള്ള തേയിയമ്മപോലും പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റിനിർത്തിയാൽ മറ്റു രോഗങ്ങളൊന്നുമില്ലാതെ ഇന്നും കുടുംബത്തിലുണ്ട്. മായവും രാസവളങ്ങളും കലരാത്ത ഭക്ഷണവും അധ്വാനവും ഇവരുടെ ആരോഗ്യം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പ്രായം ചെന്നവർപോലും പാടത്തിറങ്ങി രാവിലെ മുതൽ കൃഷിപ്പണികളിൽ സജീവമാകും. ആവശ്യത്തിന് നെല്ല് സ്ത്രീകൾതന്നെയാണ് കുത്തിയെടുക്കുന്നത്. ഇതെല്ലാം ഇവരുടെ ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും രഹസ്യമാണെന്ന് കാരണവർ അടിവരയിടുന്നു.
ആഘോഷങ്ങൾ പൊടിപൊടിക്കും
പതിയെ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന തിറയുത്സവം പക്ഷേ നടുവിൽ മുറ്റം തറവാട്ടിലെ വലിയ ആഘോഷങ്ങളിലൊന്നാണ്. മൂന്നു വർഷം തുടർച്ചയായി തിറയുത്സവം നടത്തിയാൽ പിന്നെ അടുത്ത മൂന്നുവർഷം ഉത്സവം ഉണ്ടാവില്ലെന്നതാണ് ഇവിടത്തെ രീതി.
ധനുമാസത്തിൽ 26നാണ് ചടങ്ങുകൾ നടക്കുക. പാരമ്പര്യമായി തിറ കെട്ടുന്നവർ ദേവരൂപം ധരിച്ച് ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ഭക്തർക്ക് അനുഗ്രഹം നൽകുകയും ചെയ്യും. കുട്ടികൾ ഒരു മാസത്തോളം വ്രതമെടുത്ത് ഉത്സവത്തിൽ സജീവ സാന്നിധ്യമാകും. പുറത്തേക്ക് വിവാഹം കഴിച്ചയച്ചവരടക്കം എത്തുന്ന വലിയ സംഗമങ്ങളാണ് തിറ ഉത്സവം. അതിന് പുറമെ ഉറക്കമില്ലാത്ത രാത്രികൾ കൂടിയാണ് ഈ കാലം. കാലങ്ങളായി കുടുംബത്തിൽ അലിഞ്ഞുചേർന്ന വികാരംകൂടിയായ തിറയുത്സവം ഭക്തിയോടൊപ്പം, കൂടിച്ചേരലിന്റെ സന്തോഷംകൂടി നടുവിൽ മുറ്റം തറവാട്ടിന് പകർന്നുനൽകുന്നുണ്ട്. തറവാട് ഉണ്ടായ കാലം മുതൽ ആരാധിക്കുന്ന മുനിയെയും മലക്കാരിയെയും ഇന്നും ഒരു കുറവും വരുത്താതെ അവർ ആരാധിച്ചുപോരുന്നു. മലക്കാരിയും തെയ്യവും പൂജയുമെല്ലാം കൃത്യമായി തുടർന്ന് പോകുന്നുണ്ട് ഈ തറവാട്ടിൽ.
ആയുധങ്ങളുമായി വനത്തിൽ കയറി മൃഗങ്ങളെ വേട്ടയാടുന്നതുൾെപ്പടെ വലിയ ആചാരവും ചടങ്ങുകളുമായിരുന്നു കുറിച്യ തറവാടുകൾക്ക് തുലാ പത്ത്. കാലവും നിയമവും മാറിയതോടെ വേട്ടയാടാൻ അനുവാദമില്ലാതായി. നടുവിൽ മുറ്റം തറവാട്ടിലും ഇത്തരം ചടങ്ങ് പഴയ കാരണവർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. പുതിയ നിയമങ്ങൾ വന്നതോടെ ആയുധങ്ങളുമായി വനത്തിൽ കയറുന്ന ചടങ്ങ് മാത്രമായി ചുരുക്കേണ്ടിവന്നു. 23 കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുടെയും ജനനവും മരണവും വിവാഹങ്ങളുമെല്ലാം തറവാട് കേന്ദ്രീകരിച്ച് വലിയ ചടങ്ങുകളായാണ് നടക്കുക.
ജീവിതം കാട്ടാനകൾക്ക് മുന്നിൽ
മൂന്നു മക്കളുടെ അമ്മയായ നടുവിൽമുറ്റം തറവാട്ടിലെ വിജിതയുടെ ജീവിതം മുഴുവൻ കാട്ടാനക്കു മുന്നിലാണ്. വനം വകുപ്പിന്റെ ഗേറ്റ് കടന്ന് പിന്നെയും ഒന്നര കിലോ മീറ്റർ ദൂരം നടന്നു വേണം നടുവിൽമുറ്റം തറവാട്ടിലെത്താൻ. മൂത്ത രണ്ടു മക്കളും കൽപറ്റ ഐ.ടി.ഐയിലാണ് പഠനം. ഏറ്റവും ഇളയത് 10ാം ക്ലാസിലും. വാഹന സൗകര്യമുള്ള സ്ഥലത്തെത്തണമെങ്കിൽ മൂന്നു കിലോമീറ്ററാണ് തറവാട്ടിൽനിന്ന് നടക്കാനുള്ളത്. കൽപറ്റയിൽ പഠിക്കുന്ന മക്കളെ രാവിലെ ഏഴു മണിക്ക് മുമ്പ് പറഞ്ഞയക്കണം. കാട്ടാനകളും പുലിയും നിറഞ്ഞ വനത്തിനുള്ളിലൂടെ ഓരോ ദിവസവും ശ്വാസം അടക്കിപ്പിടിച്ചാണ് വിജിത മക്കളെ വനം വകുപ്പിന്റെ ഗേറ്റ് വരെ കൊണ്ടുവിടുക.
പല ദിവസങ്ങളിലായി ഇവർ കാട്ടാനയുടെ മുന്നിൽ പേടിച്ചരണ്ട് നിലവിളിക്കാൻ പോലുമാകാതെ വിറച്ചു നിന്നിട്ടുണ്ട്. നിലവിളിച്ചാൽതന്നെ കൊടും വനത്തിനുള്ളിൽ കാട്ടുമൃഗങ്ങളല്ലാതെ ആരു കേൾക്കാൻ! മൂത്ത രണ്ടുപേരെയും കൊണ്ടുവിട്ടാൽ തിരിച്ചുവീട്ടിലെത്തി എട്ടു മണിയാകുമ്പോൾ എസ്.എസ്.എൽ.സിക്കു പഠിക്കുന്ന ഇളയ മകളെയും കൂട്ടി വീണ്ടും ഒന്നര കിലോമീറ്റർ നടന്ന് ഗേറ്റ് കടത്തിവിടണം. വൈകുന്നേരം മൂവരും തിരിച്ചെത്തുക മൂന്ന് സമയത്താണ്. ഇങ്ങനെ കുറഞ്ഞത് അഞ്ചുനേരം വനത്തിനുള്ളിലൂടെ കിലോ മീറ്ററുകൾ ജീവൻ പണയംവെച്ച് നടന്നാലേ വിജിതയുടെ ഒരു ദിവസം പൂർത്തിയാകൂ. ഇത് ഈ ഗ്രാമത്തിലെ ഓരോരുത്തരുടെയും ജീവിതമാണ്.
തറവാട് കാരണവർ രാമൻ
ആശുപത്രിയിലോ മറ്റ് ആവശ്യങ്ങൾക്കോ പുറത്തുപോയി തിരകെ വീട്ടിലെത്താൻ വൈകുന്ന വരെ ടോർച്ചും ആനകളെ ഓടിക്കാൻ ശബ്ദമുണ്ടാക്കാനുള്ള പാത്രവുമെടുത്ത് തറവാട്ടിൽനിന്ന് കൂട്ടമായി വനത്തിനുള്ളിലൂടെ പോയാണ് തിരികെ കൊണ്ടുവരിക. സർക്കാറുകൾക്കും ജനപ്രതിനിധികൾക്കുമെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ ഗ്രാമത്തിന്റെ കാര്യത്തിൽ ശ്രദ്ധ. കാട്ടാനകളുടെയും കരടിയുടെയും പുലിയുടെയും ഇടയിലൂടെ ജീവൻ പണയം െവച്ച് മക്കളെ ഓരോ ദിവസം കൊണ്ടുപോകുമ്പോഴും ഇവരെയെല്ലാം പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്നത് മാത്രമാണ് വിജിത അടക്കമുള്ളവരുടെ ചിന്ത. വളയമ്പാടിയിലെ കുട്ടികൾക്ക് പ്രൈമറി സ്കൂളിൽ പോകാൻപോലും മൂന്നു കിലോ മീറ്റർ സഞ്ചരിക്കണം. അതും വന മേഖലയിലൂടെ. കാട്ടാനക്കും പുലിക്കും കരടിക്കും കാട്ടുപന്നിക്കും പുറമെ ചെന്നായകൂടി പ്രദേശത്ത് എത്തിയത് കുട്ടികളെയും രക്ഷിതാക്കളെയും കൂടുതൽ ഭീതിയിലാക്കുകയാണ്.
എല്ലാവർക്കും അവഗണന
23 കുടുംബങ്ങളുള്ള നടുവിൽമുറ്റം തറവാടിന് പുറമെ സമീപത്തായി ഏഴു കുടുംബങ്ങളുള്ള ഉന്നതിയും ഉണ്ട്. എന്നാൽ, വൈദ്യുതിപോലും ഈ പ്രദേശത്ത് എത്തിയിട്ട് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വനപാതയിലൂടെ നടന്നല്ലാതെ പുറത്തേക്ക് പോകാൻ ഇവർക്ക് വഴിയില്ല. തകർന്ന ഫെൻസിങ്ങുകളും കുണ്ടും കുഴിയുമായ റോഡും വർഷങ്ങളായി വളയാമ്പാടിക്കാരുടെ ജീവൻ തുലാസിലാക്കുകയാണ്. മഴയൊന്ന് പെയ്താൽ വാഹനങ്ങൾ ഇവിടേക്ക് വരില്ല. അത്രമാത്രം കുണ്ടും കുഴിയും നിറഞ്ഞതാണ് റോഡുകൾ. കാട്ടാനക്കൂട്ടങ്ങൾക്ക് നടുവിലൂടെ വാഹനമോടിക്കാൻ ആരും ധൈര്യപ്പെടാത്തതിനാൽ അസുഖം വന്നാൽപോലും രാത്രി കൊണ്ടുപോകാനും ഇവിടത്തുകാർക്ക് മാർഗമില്ല.
റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പ് എൻ.ഒ.സി നൽകാൻ തയാറാണെങ്കിലും ഫണ്ട് നൽകാൻ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് പ്രധാന പ്രശ്നം. സ്ഥലം എം.എൽ.എ മന്ത്രികൂടിയായിട്ടും എസ്.ടി ഫണ്ട് പോലും റോഡിന് വകയിരുത്താൻ കഴിഞ്ഞിട്ടില്ല. റോഡ് കോൺക്രീറ്റ് ചെയ്യാൻ 50 ലക്ഷമെങ്കിലും ആവശ്യമാണെന്നും ഗ്രാമപഞ്ചായത്തിന് ഇത്രയും ഫണ്ട് കണ്ടെത്തുക അസാധ്യമാണെന്നുമാണ് ജനപ്രതിനിധിയായ കാഞ്ഞിരത്തിനാൽ ജയിംസ് പറയുന്നത്. ജില്ല പഞ്ചായത്തും ഇക്കാര്യത്തിൽ നിസ്സംഗതയാണ് പുലർത്തുന്നത്. വന്യമൃഗങ്ങളിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമായിട്ടും ഫെൻസിങ് നന്നാക്കാനും വർഷങ്ങളായിട്ടും വനം വകുപ്പ് തയാറായിട്ടില്ല.
കഴിവുറ്റ താരങ്ങളുണ്ടിവിടെ
അസൗകര്യങ്ങൾക്ക് നടുവിലും നാടിന് അഭിമാനമായി കായികരംഗത്തെ നിരവധി ട്രോഫികൾ ഈ മുറ്റത്തെത്തിയിട്ടുണ്ട്. ആർച്ചറിയിൽ സംസ്ഥാനത്തും ദേശീയതലത്തിലും മാറ്റുരച്ച മികച്ച താരങ്ങൾ നടുവിൽമുറ്റത്തുണ്ട്. പരിശീലനത്തിന് ഒട്ടും സൗകര്യമില്ലാതിരുന്നിട്ടും ദേശീയതലത്തിൽപോലും ആർച്ചറി മത്സരങ്ങളിൽ ഈ തറവാട്ടിൽനിന്ന് പങ്കാളിത്തമുണ്ടായി. കായിക താരങ്ങള്ക്ക് ഉയർച്ചയുടെ പടവുകൾ താണ്ടാൻ മികച്ച പരിശീലനം അത്യന്താപേക്ഷിതമാണ്. എന്നാൽ അത്തരം പരിശീലനത്തിനുള്ള സൗകര്യമൊന്നും ഈ ഗ്രാമത്തിലെ വിദ്യാർഥികൾക്ക് ലഭിക്കാറില്ല. വന്യമൃഗങ്ങളെ പേടിച്ച് നേരത്തേ വീട്ടിലെത്തേണ്ടത് കാരണം വൈകുന്നേരങ്ങളിൽ സ്കൂളിൽ നടക്കുന്ന പരിശീലനത്തിലും ഇവർക്ക് പങ്കെടുക്കാൻ കഴിയാറില്ല.
പൂക്കോട് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രത്യു മോഹൻ ദേശീയതലത്തിൽ ആർച്ചറി മത്സരത്തിൽ പങ്കെടുത്തത്. പ്രത്യുഷ മോഹനാകട്ടെ സംസ്ഥാനതല ആർച്ചറി മത്സരത്തിൽ പങ്കെടുത്ത് മികച്ച നിലവാരം പുലർത്താനും കഴിഞ്ഞു. ഈ തറവാട്ടിൽ തന്നെയുള്ള വിപഞ്ചിക കഴിഞ്ഞ വർഷം ഷോട്ട്പുട്ടിൽ സംസ്ഥാനതലത്തിലും മത്സരിച്ചു. 40കാരിയായ വിജിത നേരത്തേ ആർച്ചറിയിൽ ദേശീയതല മത്സരത്തിൽ ഉൾെപ്പടെ പങ്കെടുത്തിരുന്നു. മികച്ച പരിശീലനം ലഭിച്ചാൽ മികച്ച താരങ്ങളെ സംഭാവന ചെയ്യാൻ നടുവിൽമുറ്റം തറവാട്ടിന് സാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

