സംഗീതം ഇവർക്ക് കുടുംബ കാര്യം
text_fieldsഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിൽ ചെൈമ്പ സംഗീതോത്സവത്തിൽ സന്ദീപ്
കച്ചേരി നടത്തുന്നു. സഹോദരി പുത്രൻ വാസുദേവൻ മൃദംഗവും മകൾ ആര്യ വയലിനും വായിക്കുന്നു
പാലക്കാട്: കർമംകൊണ്ട് വിവിധ േമച്ചിൽപുറങ്ങളിലാണെങ്കിലും സംഗീതം ഇവർക്ക് ജീവവായുവാണ്. സംഗീത വഴികളിൽ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഓങ്ങല്ലൂർ എരണ്ടപുറത്തുകാട് മന സന്ദീപിനും സഹോദരങ്ങൾക്കും മറ്റും സംഗീതവഴിതന്നെയാണ് ഏറെ പ്രിയം.
ശാസ്ത്രീയ സംഗീതമാണ് തന്റെ വഴിയായി സന്ദീപ് തെരഞ്ഞെടുത്തതെങ്കിൽ മകൾ ആര്യ സന്ദീപും സഹോദരി സിന്ധുവും വയലിനിസ്റ്റുകളാണ്. മൂത്ത സഹോദരി സന്ധ്യയുടെ മകൻ വാസുദേവൻ മൃദംഗ വാദകനും. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ സന്ദീപ് ചേലക്കര ഗവ. പോളിടെക്നിക്കിലെ അധ്യാപകനാണ്.നിരവധി വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ച സന്ദീപ് തന്റെ വിദ്യാർഥികളെയടക്കം സംഗീത കച്ചേരികൾക്ക് പരിശീലിപ്പിക്കുന്നുമുണ്ട്. അത്തിപ്പറ്റ രവിയുടെ കീഴിൽ കഥകളി സംഗീതവും പഠിച്ചു വരുന്നുണ്ട്.
ഇപ്പോൾ സംഗീതകച്ചേരികൾ സന്ദീപിന് കുടുംബ കാര്യം കൂടിയാണ്. സംഗീത വേദികളിൽ പക്കമേളം ഒരുക്കുന്നത് വയലിനിസ്റ്റായ മകൾ ആര്യയും മൃദംഗം വായിക്കുന്നത് സഹോദരിപുത്രനായ വാസുദേവനുമാണ്. ആര്യ സന്ദീപ് കഴിഞ്ഞവർഷം ദേശീയതലത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളുടെ കലോത്സവത്തിൽ വയലിനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഗീതത്തിൽ ആര്യയുടെ ഗുരു അച്ഛൻ സന്ദീപ് തന്നെയാണ്. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ആര്യ.
സംസ്ഥാന കലോത്സവത്തിൽ മൃദംഗവാദനത്തിൽ എ ഗ്രേഡും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻറർസോൺ കലോത്സവത്തിൽ മൂന്നാം സ്ഥാനവും നേടിയ വാസുദേവൻ വടക്കാഞ്ചേരി വ്യാസ കോളജിൽ മൂന്നാംവർഷ ഫിസിക്സ് ബിരുദ വിദ്യാർഥിയാണ്. വാസുദേവന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നതും അമ്മാവൻ സന്ദീപ് തന്നെയാണ്.ഇടയ്ക്കയും സോപാനസംഗീതവും കഥകളി സംഗീതവും ചെണ്ടയും പരിശീലിക്കുന്നുണ്ട്.
ശാസ്ത്ര പ്രചാരകനും റിട്ട. അധ്യാപകനുമായ മധുവിന്റെയും ജി.എച്ച്.എസ്. വല്ലപ്പുഴയിലെ ഫിസിക്സ് അധ്യാപിക സന്ധ്യയുടെയും മകനാണ് വാസുദേവൻ.ഓങ്ങല്ലൂർ എരണ്ടപ്പുറത്തുകാട് നാരായണൻ നമ്പൂതിരിയുടെയും രാധാ അന്തർജനത്തിന്റെയും മകനാണ് സന്ദീപ്. ഭാര്യ സൗമ്യ പ്രശസ്ത തിമില കലാകാരൻ നാരായണൻ നമ്പൂതിരിയുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

